ചുമ്മാ തുള്ളിക്കളിച്ചു നടന്നോ എന്ന് കുട്ടികളെ ശകാരിക്കാന്‍ വരട്ടെ. ചിലപ്പോള്‍ അവര്‍ ഭാവി ഒളിമ്പ്യന്മാരായേക്കും. 2024-ലെ പാരീസ് ഒളിമ്പിക്സില്‍ പുതിയ ഇനമായി ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കപ്പെട്ടവയില്‍ ബ്രേക്ക് ഡാന്‍സുമുണ്ട്. കായികവേദിയില്‍ ബ്രേക്ക് ഡാന്‍സ് മത്സര ഇനമാക്കുന്നതിനെതിരേ അതിശക്തമായ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും, ഒളിമ്പിക്സിനെ കൂടുതല്‍ കലാപരമാക്കുന്നതിനും ന്യൂജന്‍ ആക്കുന്നതിനും ഇത് അത്യാവശ്യമാണെന്ന് സംഘാടക സമിതി ചെയര്മാന് ടോണി എസ്റ്റാന്ക്വെ പറഞ്ഞു.
ബ്രേക്ക് ഡാന്‍സ്, സര്‍ഫിങ്, ക്ലൈംബിങ്, സ്കേറ്റ്ബോര്‍ഡിങ് എന്നിവയാണ് 2024-ല്‍ പുതിയതായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംഘാടക സമിതി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. അന്തിമ തീരുമാനം ഒളിമ്പിക് കമ്മിറ്റിയാണ് എടുക്കേണ്ടത്. 2020 ഡിംസബറിനുള്ളില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം വരും. എന്നാല്‍, നിര്‍ദേശത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നപ്പോള്‍തന്നെ കായികലോകത്തുനിന്ന് വലിയതോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഏപ്രില്‍ ഫൂള്‍ ഇക്കുറി നേരത്തെയാണോ എന്നാണ് ഒരാള്‍ പ്രതികരിച്ചത്. സ്ക്വാഷ് പോലുള്ള ഇനങ്ങളെ പുറത്തുനിര്‍ത്തി ബ്രേക്ക് ഡാന്‍സിന് ഇടം നല്‍കുന്നത് കടുത്ത അനീതിയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ബ്രിട്ടീഷ് ബ്രേക്കിങ് ലീഗിന്റെ ഡയറക്ടര്‍ പാകോ ബോക്സിയെപ്പോലുള്ളവര് നിര്‍ദേശത്തെ സ്വാഗതം ചെയ്തു. ബ്രേക്ക് ഡാന്‍സില്‍ കായികാധ്വാനമുണ്ടെന്നും പുതുതലമുറയ്ക്ക് ഏറെ ആവേശം പകരുന്ന കാര്യമായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രേക്ക് ഡാന്‍സിനെ ഒരു കായികയിനമായി ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തെ മുതല്‍ക്കുണ്ട്. 2018-ലെ യൂത്ത് ഒളിമ്പിക്സില്‍ ആദ്യമായി ഇതിടംപിടിച്ചു. ബംബിള്‍ബീ എന്ന പേരില്‍ മത്സരിച്ച റഷ്യയുടെ സെര്‍ജി ചെര്നിഷേവിനെയാരുന്നു ആണ്‍കുട്ടികളില്‍ ഈയിനത്തില്‍ സ്വര്‍ണം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ 12 പേര് വീതമാണ് മത്സരിച്ചത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിന് പുറമെ, മിക്സഡ് ഇനത്തിലും യൂത്ത് ഒളിമ്പിക്സില്‍ മത്സരമുണ്ടായിരുന്നു.
ഇതാദ്യമായല്ല കലാകാരന്മാര്ക്ക് ഒളിമ്പിക്സില്‍ അവസരം ലഭിക്കുന്നത്. കവിതയെഴുത്ത് ഒരുകാലത്ത് ഒളിമ്പിക് ഇനമായിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? 1912 മുതല്‍ 1948 വരെ കവിതയെഴുത്തിലും മത്സരം നടന്നിരുന്നു. കവിതയുടെ പ്രമേയത്തിന് കായികലോകവുമായി ബന്ധമുണ്ടാകണമെന്നതു മാത്രമായിരുന്നു ഇതില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഇതിന് പുറമെ, ആര്‍ക്കിട്ടെച്ചര്‍, മ്യൂസിക്, പെയിന്റിങ്, ശില്പ നിര്‍മാണം എന്നിവയും ഈ കാലഘട്ടത്തില്‍ ഒളിമ്പിക് മത്സരയിനങ്ങളായിരുന്നു. കലാകാരന്മാര് പ്രൊഫഷണലുകാണെന്ന് വിലയിരുത്തി 1954 ഒളിമ്പിക്സില്‍ ഇവ ഒഴിവാക്കുകയായിരുന്നു.