ബംഗളൂരു: മുൻ ഇന്ത്യൻ പേസ് ബൗളർ വിനയ് കുമാർ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. രാജ്യാന്തര മത്സരങ്ങൾ ഉൾപ്പെടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും പടിയിറങ്ങുന്നതായി 37കാരനായ വിനയ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
'അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, എം.എസ്. ധോണി, വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശർമ തുടങ്ങിവർക്കൊപ്പം കളിക്കാൻ കഴിഞ്ഞ കരിയറിലെ അനുഭവങ്ങൾ വിലപ്പെട്ടതാണ്. മുംബൈ ഇന്ത്യൻസിൽ സചിൻ ടെണ്ടുൽകറുടെ അനുഗ്രഹാശിസ്സുകൾക്ക് കീഴിലും കളിക്കാൻ കഴിഞ്ഞു.
കഴിഞ്ഞ 25 വർഷമായി ക്രിക്കറ്റ് ജീവിതത്തിലെ നിരവധി സ്റ്റേഷനുകളിലൂടെ ഓടിക്കൊണ്ടിരുന്ന 'ദാവൺഗരെ എക്സ്പ്രസ്' ഇന്ന് 'റിട്ടയർമെന്റ്' എന്ന സ്റ്റേഷനിൽ എത്തിനിൽക്കുകയാണ്. സമ്മിശ്രമായ വികാരങ്ങളോടെ ആർ. വിനയ് കുമാർ എന്ന ഞാൻ രാജ്യാന്തര മത്സരങ്ങളിൽനിന്നും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽനിന്നും പടിയിറങ്ങിയതായി അറിയിക്കുന്നു.
എടുക്കാൻ എളുപ്പമായിരുന്നില്ല ഈ തീരുമാനമെങ്കിലും എല്ലാ കായികതാരങ്ങളുടെയും ജീവിതത്തിൽ ഇതുപോലെ വിരാമം കുറിക്കേണ്ട ഒരു സന്ദർഭമുണ്ടാകും'- വിരമിക്കൽ പ്രഖ്യാപിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിനയ് വ്യക്തമാക്കി.
കർണാടക ദാവൺഗരെ സ്വദേശിയായ വിനയ് ഒരു ടെസ്റ്റിലും 31 ഏകദിനങ്ങളിലും ഇന്ത്യക്കുവേണ്ടി പന്തെറിഞ്ഞിട്ടുണ്ട്. 99 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 114 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു. 2004 -2005 സീസണിലെ രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കളിച്ചുകൊണ്ടാണ് ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 2007-08 രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമായി വിനയ് കുമാർ. 2009 - 10 രഞ്ജി, ദുലീപ് ട്രോഫിയിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും വിനയ് ആയിരുന്നു.
ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു, കൊച്ചി ടസ്കേഴ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്ക് വേണ്ടി പന്തെറിഞ്ഞു. 2010ലെ ഐപിഎലിൽ വിനയ് 16 വിക്കറ്റ് വീഴ്ത്തി ആ ടൂർണമെന്റിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായി. ഈ പ്രകടനം വിനയിയെ 2010ലെ ട്വന്റി20 ലോകകപ്പിൽ കളിക്കാനുള്ള അവസരം നൽകി. ടൂർണമെന്റിൽ ശ്രീലങ്കയ്ക്കെതിരെ 4 ഓവറിൽ 30 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ആ മത്സരം ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചിരുന്നു
ട്വന്റി20 ലോകകപ്പിനു ശേഷം ഹരാരെയിൽ സിംബാബ്വെക്കെതിരെ തന്റെ ആദ്യ ഏകദിന മത്സരം വിനയ് കളിച്ചു. മത്സരത്തിൽ 51 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.ആ മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചിരുന്നു. പരിക്കേറ്റതിനാൽ അടുത്ത മത്സരത്തിൽ വിനയ്ക്ക് പകരക്കാരനായി അഭിമന്യു മിഥുൻ കളിച്ചു. എന്നാൽ 2010 ഒക്ടോബറിൽ ഇന്ത്യൻ ടീമിൽ വിനയ് തിരിച്ചെത്തി.
ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരെയുള്ള പരമ്പരയിലും വിനയ് കളിച്ചിരുന്നു.വെസ്റ്റിൻഡീസിനെതിരെ കളിച്ച മത്സരത്തിൽ 46 റൺസ് വഴങ്ങി 1 വിക്കറ്റ് നേടി. ഇംഗ്ലണ്ടിനെതിരെ 3 മത്സരങ്ങളിൽനിന്ന് 2വിക്കറ്റ് വീഴ്ത്തി. 2011-12 ൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ വരുൺ ആരോണിനു പകരക്കാരനായി വിനയ് കളിച്ചു.
2019 വരെ ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയുടെ മുന്നണിപ്പോരാളിയായിരുന്ന വിനയ്, കഴിഞ്ഞ രണ്ടു വർഷമായി പോണ്ടിച്ചേരിക്കു വേണ്ടിയാണ് കളത്തിലിറങ്ങിയിരുന്നത്.