1 GBP = 94.20 INR                       

BREAKING NEWS

പരീക്ഷയ്ക്ക് പോകുമ്പോള്‍ ഗോപികയെ തടഞ്ഞ് നിര്‍ത്തി സിബി പറഞ്ഞത് ഇഷ്ടമാണ് എന്ന്; അപ്പോള്‍ നീ പോടാ വായി നോക്കി... എന്റെ പിന്നാലെ നടക്കരുത് എന്ന് മറുപടി; മതിലില്‍ കൈ വലിച്ചിടിച്ചും നോട്ടുകള്‍ വലിച്ചു കീറിയും സൈക്കോയുടെ ആക്രോശം; ഞങ്ങള്‍ അവിടെ നിന്നും ഓടി പോകുകയായിരുന്നു; ബസിലിരുന്ന് അവള്‍ കരഞ്ഞു; ഗോപികയുടെ ആത്മഹത്യക്ക് കാരണമായ റോഡിലെ അക്രമം മറുനാടനോട് പറഞ്ഞ് സഹപാഠി; ഭയന്ന് ജീവിതം അവസാനിപ്പിച്ചത് കവിതയും പാട്ടുമായി നടന്ന മിടുമിടുക്കി

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠി. എടത്തല കുഴുവേലിപ്പടിയിലെ കെ.എം.ഇ.എ സ്‌ക്കൂളിലെ ഗോപികയുടെ സഹപാഠിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ച ദിവസം ഉണ്ടായ സംഭവത്തെ പറ്റി മറുനാടനോട് പ്രതികരിച്ചത്. രാവിലെ പരീക്ഷയ്ക്ക് പോകുമ്പോള്‍ പിന്നാലെ എത്തിയ സിബി ഗോപികയെ തടഞ്ഞ് നിര്‍ത്തി ഇഷ്ടമാണ് എന്ന് പറഞ്ഞു. അപ്പോള്‍ നീ പോടാ വായി നോക്കി, എന്റെ പിന്നാലെ നടക്കരുത് എന്നും ഗോപിക പറഞ്ഞു. ഇത് കേട്ടതും കുറേ അസഭ്യ വാക്കുകള്‍ പറയുകയും റോഡരികിലെ മതിലില്‍ കൈ വലിച്ചിടിക്കുകയും ചെയ്തു. ഇതോടെ ഞാന്‍ പേടിച്ചു പോയി. ഗോപിക ഇത് കണ്ട് സ്തംഭിച്ചു നില്‍ക്കുകയായിരുന്നു.

ഉടന്‍ ഗോപികയുടെ പോക്കറ്റിലിരുന്ന നോട്ട്‌സ് എടുത്ത് വലിച്ചു കീറി. നീ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്ത് പേര് എഴുതി വച്ച് നിന്നെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് പറഞ്ഞു. ഞങ്ങള്‍ രണ്ടു പേരും അവിടെ നിന്നും ഓടി പോകുകയായിരുന്നു. ബസിലിരുന്ന് അവള്‍ കരയുകയായിരുന്നു. സ്‌ക്കൂളിലെത്തി പ്രിന്‍സിപ്പാളിനോട് വിവരം പറഞ്ഞു. ഇക്കാര്യം വീട്ടില്‍ പറയണമെന്നും പൊലീസില്‍ പരാതി പെടണമെന്നും മാം പറഞ്ഞു. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് പേടിയായിരുന്നു വീട്ടിലേക്ക് തനിച്ച് പോകാന്‍. അങ്ങനെ അവളുടെ ഒരു കസിന് ചേട്ടനെ വിളിച്ചു വരുത്തി പോകുകയായിരുന്നു. ഞാന്‍ വീട്ടിലെത്തി എന്റെ ബാപ്പയോടും ഉമ്മയോടും വിവരങ്ങള്‍ പറഞ്ഞു. ഉമ്മ അപ്പോള്‍ തന്നെ ഗോപികയുടെ അമ്മയെ വിളിച്ച് വിവരം പറയുകയും വൈകുന്നേരം ഞങ്ങളെല്ലാവരും അവിടെ പോകുകയും ചെയ്തു. അതിന് ശേഷമാണ് അവള്‍ ഇത്തരം ഒരു കടുംകൈ ചെയ്തത്.

അന്ന് രാവിലെ നടന്ന സംഭവത്തോടു കൂടിയാണ് ഇക്കാര്യങ്ങളൊക്കെ ഞങ്ങള്‍ അറിയുന്നത്. അതു വരെ ഞങ്ങള്‍ക്കറിയില്ലായിരുന്നു ഇത്തരം ഒരു ബുദ്ധിമുട്ട് അവള്‍ അനുഭവിക്കുന്നതായി. അവളുടെ വാക്കിലോ പെരുമാറ്റത്തിലോ ഒന്നും അത് പ്രകടമായിരുന്നില്ല. സ്‌ക്കൂളില്‍ പഠനത്തില്‍ വലിയ തരക്കേടില്ലായിരുന്നു. കവിത എഴുതുകയും പാട്ടുപാടുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ യൂത്ത് ഫെസ്റ്റിവലില്‍ കവിതാ പാരായണത്തിന് സമ്മാനവും ലഭിച്ചിരുന്നു. പാട്ട് പാടുകയും കവിത എഴുതുതകയും ചെയ്തിരുന്നതിനാല്‍ സ്‌ക്കൂളില്‍ എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു. ടീച്ചേഴ്‌സിനൊക്കെ വലിയ മതിപ്പായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ല. അന്നത്തെ ദിവസം ഒരുപാട് ആശ്വസിപ്പിച്ചിരുന്നു ഞാന്‍. പക്ഷേ അവള്‍ക്ക് വലിയ ഭയമായിരുന്നു. അവന്‍ എല്ലാം നശിപ്പിക്കും എന്നും പറഞ്ഞിരുന്നു എന്നും സഹപാഠിയായ വിദ്യാര്‍ത്ഥിനി പറഞ്ഞു.

കഴിഞ്ഞ 19 നാണ് കങ്ങരപ്പടി പല്ലാങ്ങാട്ട് വീട്ടില്‍ സാബുവിന്റെയും സിനിയുടെയും മകള്‍ ഗോപിക മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. അയല്‍ വാസിയായ സിബിയുടെ നിരന്തരമായ ശല്യപ്പെടുത്തലും ദേഹോപദ്രവവുമായിരുന്നു ആത്മഹത്യക്ക് പിന്നിലെ കാരണം. ഗോപികയുടെ പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടന്ന ഇയാളെ അവഗണിച്ചതിനാല്‍ കടുത്ത പകയുണ്ടായിരുന്നു. അതിനാല്‍ മിക്കപ്പോഴും ഇയാള്‍ ഗോപികയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് ഗോപിക ആത്മഹത്യ ചെയ്തത്.

കാഞ്ഞങ്ങാട് സ്വദേശിയായ സിബി വാടകയ്ക്കാണ് പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നത്. വാടക വീടിന്റെ ഉടമ ഗോപികയുടെ വീടുമായി അടുത്ത സൗഹൃദമുള്ളയാളാണ്. അതിനാല്‍ ഇയാളെ പറ്റി പരാതി പറയാന്‍ മാതാവ് സിനി വാടക വീടിന്റെ ഉടമയെ കാണാനായി പുറത്തേക്കിറങ്ങി. ഈ സമയമാണ് ഗോപിക വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദോഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീയണച്ച് കളമശേരി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതു കൊണ്ട് തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയില്‍ തുടരുമ്പോഴാണ് ബുധനാഴ്ച രാത്രി 9 മണിയോടെ ഗോപിക മരണത്തിന് കീഴടങ്ങിയത്.

സംഭവം നടന്ന ദിവസം തന്നെ സിബിയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ലഹരി ഉപയോഗിച്ചതിനെതുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. സ്വകാര്യ ബസിലെ തൊഴിലാളിയായ ഇയാള്‍ ലഹരിക്കടിമയാണ്. നാലു വയസുകാരനായ ഗോവിന്ദ് ഗോപികയുടെ സഹോദരനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category