1 GBP = 92.70 INR                       

BREAKING NEWS

ഇന്നലെ മരിച്ചതു 563 പേര്‍; പുതിയ രോഗികള്‍ 4324; 30,000 രോഗികളും 2,352 മരണവും ആയി കൊറോണ ചരിത്രത്തിലെ കറുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ബ്രിട്ടനും; പരിശോധന സൗകര്യങ്ങളില്ലാതെ സാധാരണക്കാര്‍ മരണത്തിലേക്ക്; അനേകായിരം മലയാളികളുള്ള ബ്രിട്ടന്‍ സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് നീങ്ങുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ബ്രിട്ടനിലെ കൊറോണാ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസമായ ഇന്നലെ രേഖപ്പെടുത്തിയത് 563 മരണങ്ങളാണ്. മരണ നിരക്കില്‍ തൊട്ടുമുന്‍പത്തെ ദിവസത്തേക്കാള്‍ 48 ശതമാനം വര്‍ദ്ധനവാണ് ഇന്നലെ ദൃശ്യമായത്. ഇത് ബ്രിട്ടനിലെ ഇതുവരെയുള്ള കോവിഡ് 19 മരണസംഖ്യ ഒരൊറ്റ ദിവസം കൊണ്ട് 31 ശതമാനം വര്‍ദ്ധിപ്പിച്ച് 2352 ല്‍ എത്തിച്ചു. 29,474 കൊറോണാ ബാധിതരുമായി ബ്രിട്ടന്‍ യൂറോപ്പിലെ ഏറ്റവുമധികം കൊറോണാ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ അഞ്ചാം സ്ഥാനത്തെത്തി. വെയില്‍സില്‍ ഇന്നലെ 29 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ സ്‌കോട്ട്ലാന്‍ഡില്‍ 16 മരണങ്ങളും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടു മരണവുമാണ് രേഖപ്പെടുത്തിയത്. 486 മരണങ്ങളുമായി ഇംഗ്ലണ്ട് ഏറെ ദൂരം മുന്നിലാണ്. ബാക്കി 11 പേര്‍ ഏത് മേഖലയില്‍ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇത്രയും വലിയൊരു പ്രതിസന്ധി നേരിടാന്‍ ബ്രിട്ടന്‍ തീരെ തയ്യാറെടുത്തിരുന്നില്ല എന്നതാണ് പ്രതിസന്ധിയുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നത്. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന കണക്കുകള്‍ പോലും യഥാര്‍ത്ഥ കണക്കുകളല്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ആശുപത്രികളില്‍ എത്തുന്നവരെ മാത്രം പരിശോധിക്കുക എന്ന ഏറെ വിവാദമുയര്‍ത്തുന്ന നയം കാരണമാണ് യഥാര്‍ത്ഥ രോഗബാധിതരുടെ എണ്ണം ലഭിക്കാത്തത്. മാത്രമല്ല, നേരിയ ലക്ഷണങ്ങള്‍ കാണിച്ച്, വീടുകളില്‍ തന്നെ ഇതിന്റെ ചികിത്സയുമായി ഇരിക്കുന്നവരേയും ഈ കണക്കുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. അതുപോലെ തന്നെയാണ് മരണസംഖ്യയുടെ കാര്യവും. ആശുപത്രികളില്‍ രേഖപ്പെടുത്തുന്ന മരണങ്ങള്‍ മാത്രമേ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുന്നുള്ളു.

വര്‍ദ്ധിച്ചുവരുന്ന രോഗബാധിതരുടെ എണ്ണം ബ്രിട്ടനിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളില്‍ കനത്ത സമ്മര്‍ദ്ദമാണ് ഏല്പിച്ചിരിക്കുന്നത്. രോഗബാധയുമായി എത്തുന്ന എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കുവാന്‍ പോലും ആകാത്ത അവസ്ഥയിലാണ് ഇന്ന് ബ്രിട്ടന്‍. ഇന്നലത്തെ പതിവ് പത്രസമ്മേളനത്തില്‍ ബിസിനസ് സെക്രട്ടറി അലോക് ശര്‍മ്മക്ക് എന്‍ എച്ച് എസ് ജീവനക്കാരുടെ പരിശോധനയുടെ അപര്യാപ്തതയെ കുറിച്ച് ധാരാളം ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. ദിവസേന 10,000 പരിശോധനകള്‍ മാത്രം നടത്തുന്ന ബ്രിട്ടനില്‍ ഇതുവരെ കേവലം 2000 ആരോഗ്യപ്രവര്‍ത്തകരെ മാത്രമേ പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളു. പരിശോധനാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്ന് പറഞ്ഞൊഴിഞ്ഞതല്ലാതെ, അത് ഏതുവിധത്തില്‍ നടപ്പാക്കുമെന്ന കാര്യം അദ്ദേഹം പറഞ്ഞില്ല.

രാജ്യത്തെ മൊത്തം പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ രോഗവ്യാപനത്തെ കാര്യക്ഷമമായി തടയാനാകു എന്ന അവസ്ഥയില്‍ പരിശോധനാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറാകാത്തത് ആശങ്കയുണര്‍ത്തുന്നുണ്ട്. ബ്രിട്ടനില്‍ ഒരു ദിവസം പരിശോധിക്കുന്നത് കേവലം 10,000 പേരെ മാത്രമാണ്. ജര്‍മ്മനിയില്‍ ഒരു ദിവസം 1,00,000 പരിശോധനകള്‍ നടക്കുന്നിടത്താണ് ബ്രിട്ടന്‍ കേവലം പതിനായിരം പേരെ പരിശോധിക്കുന്നത് എന്നോര്‍ക്കണം. യൂറോപ്പില്‍ കോവിഡ് 19 എന്ന രോഗത്തെ കുറേയെങ്കിലും കാര്യക്ഷമമായി നേരിടാന്‍ കഴിഞ്ഞിട്ടുള്ളത് ജര്‍മ്മനിക്ക് മാത്രമാണ്. ഇപ്പോഴും മൂന്നക്കത്തില്‍ ഒതുങ്ങുന്ന മരണസംഖ്യതന്നെ അതിന് തെളിവാണ്. വ്യാപകമായ പരിശോധനകള്‍ ഏര്‍പ്പെടുത്തിയതാണ് ജര്‍മ്മനിയെ ഈ മഹാവിപത്തിനെ നേരിടാന്‍ പ്രാപ്തമാക്കിയത് എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യവുമാണ്. എന്നിട്ടും ബ്രിട്ടനില്‍ ഇക്കാര്യത്തില്‍ ഒരു മുന്‍നടപടികളും ഉണ്ടാകാത്തത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തുന്നുണ്ട്.

ഇതിനിടയില്‍ പുറത്തുവന്ന ഇമ്പീരിയല്‍ കോളേജിന്റെ ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഓരോ 37 ബ്രിട്ടീഷുകാരിലും ഒരാള്‍ക്ക് കൊറോണബാധിച്ചിട്ടുണ്ടാകാം എന്നാണ്. അതായത് ഉദ്ദേശം 1.8 ദശലക്ഷം കൊറോണാ രോഗികള്‍ ബ്രിട്ടനില്‍ ഉണ്ടാകാനിടയുണ്ട് എന്ന് സാരം. ഇത് സത്യമാണെങ്കില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത്, ലോക ചരിത്രത്തില്‍ ഇതുവരെ കാണാത്ത വലിയൊരു ദുരന്തമായിരിക്കും എന്നതില്‍ സംശയമൊന്നുമില്ല. തിരിച്ചറിയപ്പെടാത്ത രോഗബാധിതരുണ്ടാകുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കും എന്നതിനാല്‍ ഏത് നിമിഷവും പൊട്ടാവുന്ന ഒരു ബോംബായി മാറിയിരിക്കുകയാണ് ഇന്ന് ബ്രിട്ടന്‍.  മറ്റൊരു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചത്, യഥാര്‍ത്ഥ മരണനിരക്ക്, സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ 24% അധികമായിരിക്കും എന്നാണ്. ആശുപത്രികള്‍ക്ക് പുറത്തുള്ള മരണങ്ങള്‍ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

രോഗബാധിതരുടെ എണ്ണത്തിലും, മരണസംഖ്യയിലും വന്ന അഭൂതപൂര്‍വ്വമായ വര്‍ദ്ധനയില്‍ നിരാശപ്പെടേണ്ടതില്ല എന്നാണ് ഒരു പകര്‍ച്ചവ്യാധി വിദഗ്ദനായ പ്രൊഫസര്‍ കീത്ത് നീല്‍ പറയുന്നത്. ഇത്, പകര്‍ച്ചവ്യാധി ചാപത്തില്‍ വരുന്ന സ്വാഭാവികമായ വളര്‍ച്ചയാണ് ഒരാഴ്ച്ച മുന്‍പ് പ്രഖ്യാപിച്ച ലോക്ക്ഡൗണും, അതിനും ഒരാഴ്ച്ച മുന്‍പ് പ്രഖ്യാപിച്ച വര്‍ക്ക് ഫ്രം ഹോം പോലുള്ള നടപടികളും ഫലവത്താകുവാന്‍ ഒന്നുരണ്ട് ആഴ്ച്ചകള്‍ എടുക്കും. അത് പ്രവര്‍ത്തനമാരംഭിച്ചു എന്നു തന്നെ കരുതാം. ഉടനെ തന്നെ രോഗ വ്യാപനത്തിന്റെ തോത് ഒരു രോഗിയില്‍ നിന്നും 2.62 പേര്‍ക്ക് എന്നത് 0.62 എന്നാകാന്‍ സാധ്യതയുണ്ട്.

വളരെ ദുഃഖകരമായ ഒരു ദിവസമാണ് ഇന്നലെ കടന്നു പോയത് എന്നു പാരഞ്ഞ ബോറിസ് ജോണ്‍സണ്‍, പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും രോഗത്തെ പിടിച്ചുകെട്ടാന്‍ കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും ഉറപ്പ് പറഞ്ഞു. കൊറോണയ്ക്ക് ചികിത്സയില്‍ കഴിയുന്ന അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ കൂടിയാണ് രാജ്യത്തോട് സംസാരിച്ചത്.

ഇതിനിടയില്‍, ഏകദേശം 5,50,000 ത്തോളം വരുന്ന എന്‍ എച്ച് എസ് ജീവനക്കാരില്‍ 2,000 പേരെ മാത്രമാണ് ഇതുവരെ കോവിഡ് 19 പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളത്. അതായത് ധാരാളം പേര്‍ ഇനിയും ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. പരിശോധന പൂര്‍ത്തിയായാല്‍ ഇവരില്‍ 85% പേര്‍ക്കും തിരിച്ചുവരാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പരിശോധനാ സംവിധാനങ്ങളുടെയും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും അപര്യാപ്തത ബ്രിട്ടനെ അലട്ടുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും ദൗര്‍ലഭ്യമുണ്ടെന്നുള്ള വാര്‍ത്തകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ഇതെല്ലാം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ദ്രുതഗതിയില്‍ നടപടികള്‍ കൈക്കൊള്ളുന്നുവെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category