1 GBP = 92.70 INR                       

BREAKING NEWS

അമേരിക്കയില്‍ കോവിഡ് കൈവിട്ടു പോകുമ്പോള്‍ പുടിന്റെ സഹായം തേടി ട്രംപ്; കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ അമേരിക്ക റഷ്യയില്‍നിന്ന് വെന്റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങുന്നു; ഇന്നലെ മാത്രം ന്യൂയോര്‍ക്കില്‍ മരിച്ചത് 669 പേര്‍; ലോകത്തെ ഏറ്റവും വലിയ നഗരത്തിലെ കോവിഡ് മരണം 2219 എത്തിയതോടെ വിറങ്ങലിച്ച് അമേരിക്ക; ആകെ രോഗബാധിതരുടെ എണ്ണം 83,901; ആഡംബരത്തിന്റെയും ഉല്ലാസത്തിന്റെയും ഉറങ്ങാത്ത നഗരത്തെ കോവിഡ് വിഴുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

 

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ എങ്ങനെ നേരിടണം എന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്ത അവസ്ഥയിലാണ് ഭരണാധികാരികള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും കൊവിഡ് ബാധയെ അവഗണിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ കര്‍ശന നടപടികളിലേക്ക് കടന്നിട്ടുണ്ട് സര്‍ക്കാര്‍. എങ്കിലും കാര്യങ്ങള്‍ നിയന്ത്രണത്തില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. കോവിഡ് കൈവിട്ടു പോകുന്ന ഘട്ടം വന്നതോടെ ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ സഹായവും തേടി. റഷ്യയില്‍ നിന്നും വെന്റിലേറ്ററുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങാനാണ് അമേരിക്ക ഒരുങ്ങുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഈ നീക്കം. കൊറോണ നിയന്ത്രിച്ചില്ലെങ്കില്‍ രണ്ടാഴ്ചക്കകം അമേരിക്കയില്‍ രണ്ട് ലക്ഷത്തോളം പേര്‍ മരണപ്പെടുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര സ്വഭാവത്തില്‍ വന്റെിലേറ്ററുകളും മറ്റും വാങ്ങുന്നത്. മാര്‍ച്ച് 30നാണ് ഇരുരാജ്യത്തിന്റെയും പ്രസിഡന്റുമാര്‍ തമ്മില്‍ സംസാരിച്ചത്.

''ലോകം പ്രതിസന്ധി നേരിടുമ്പോഴെല്ലാം മാനുഷിക സഹായവുമായി യു.എസ് എത്താറുണ്ട്. എന്നാല്‍, കോവിഡിനെ നേരിടാന്‍ ഞങ്ങള്‍ക്ക് തനിച്ച് കഴിയില്ല. റഷ്യയില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ അമേരിക്ക സമ്മതിച്ചിട്ടുണ്ട്. അവ ഏപ്രില്‍ ഒന്നിന് ഫെമക്ക് (ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി) കൈമാറി'' യു.എസ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് പറഞ്ഞു. മുന്‍പും പ്രതിസന്ധി ഘട്ടങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം സഹായിച്ചിട്ടുണ്ട്. ഭാവിയിലും ഇത് തുടരും. എല്ലാവരുടെയും ജീവന്‍ അപകടപ്പെടുത്തുന്ന പൊതു ശത്രുവിനെ മറികടക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത് -അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വിഴുങ്ങി ന്യൂയോര്‍ക്ക്
അമേരിക്കയില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചത് 1220 പേരാണ്. 27,000 പുതിയ രോഗികളെ കണ്ടെത്തി. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 669 പേരാണ് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത്. ഇതുവരെ 2219 പേര്‍ കോവിഡിനാല്‍ മരണപ്പെട്ടു. 83,901 രോഗികളാണ് ലോകത്തെ ഏറ്റവും വലിയ നഗരത്തില്‍ ഉള്ളത്. അമേരിക്കയിലെ കോവിഡ് മരണസംഖ്യ ഇപ്പോള്‍ ഇറ്റലിക്കും സ്പെയിനിനും തൊട്ടുപുറകിലാണ്. മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ 2,14,482 രോഗികളുമായി ലോകരാജ്യങ്ങളില്‍ ഒന്നാമതാണ്.

രാജ്യത്തെ മൊത്തം മരണങ്ങളില്‍ 40 ശതമാനവും സംഭവിച്ചിരിക്കുന്നത് ന്യുയോര്‍ക്കിലാണ്. ഇതുവരെ 1941 മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ന്യുയോര്‍ക്കില്‍ ഇതുവരെ 83,712 രോഗബാധിതരാണ് ഉള്ളത്. 18,997 രോഗികളും 267 മരണങ്ങളുമായി ന്യു ജഴ്സിയാണ് തൊട്ടുപുറകില്‍ ഉള്ളത്. ഏകദേശം 1 ലക്ഷത്തിനും 2.4 ലക്ഷത്തിനും ഇടയില്‍ ആളുകള്‍ അമേരിക്കയില്‍ കൊറോണയുടെ ആക്രമണത്തില്‍ മരണമടഞ്ഞേക്കാം എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പോലും കണക്കുകൂട്ടുന്ന സാഹചര്യത്തില്‍ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ രണ്ടാഴ്ച്ചകളാണ് ഇനി വരാന്‍ പോകുന്നതെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതൊരു ജീവന്മരണ പോരാട്ടമാണെന്ന് പറഞ്ഞ അദ്ദേഹം, ഈ ഇരുണ്ട ഗുഹയുടെ അവസാനത്തില്‍ ഉള്ള പ്രകാശം അധികം താമസിയാതെ തന്നെ കാണാനാകുമെന്നും പറഞ്ഞു.

ചരിത്രത്തില്‍ ഇതുവരെ അമേരിക്ക നേരിട്ടിട്ടുള്ള ഏറ്റവും വലിയ ജീവനഷ്ടങ്ങള്‍ രണ്ട് ലോകമഹായുദ്ധങ്ങളിലായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ അമേരിക്കയ്ക്ക് ഏതാണ്ട് 53,000 പേരെ നഷ്ടപ്പെട്ടപ്പോള്‍, രണ്ടാം ലോകമഹായുദ്ധം കവര്‍ന്നെടുത്തത് ഏകദേശം 2,91,000 അമേരിക്കക്കാരുടെ ജീവനാണ്. വര്‍ത്തമാനകാല സാഹചര്യം വിരല്‍ചൂണ്ടുന്നത് ഏതാണ്ട് ഇതിനോട് ഒത്തുപോകുന്ന ഒരു മരണനിരക്ക് കോവിഡ് 19 മൂലവും ഉണ്ടാകുമെന്നു തന്നെയാണ്.

കൊറോണയുടെ, അമേരിക്കയിലെ എപ്പിസെന്ററായി മാറിയ ന്യുയോര്‍ക്കിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. താത്ക്കാലിക ആശുപത്രികളും, നേവിയുടെ ഹോസ്പിറ്റല്‍ ഷിപ്പും എത്തിയിട്ടുണ്ടെങ്കിലും വര്‍ദ്ധിച്ചുവരുന്ന രോഗബാധിതരുടെ എണ്ണം ആരോഗ്യസംരക്ഷണ മേഖലക്ക് കനത്ത സമ്മര്‍ദ്ദമാണ് നല്‍കുന്നത്. ന്യുയോര്‍ക്കിന്റെ ഇന്നത്തെ സാഹചര്യം ഒരു പാഠമാക്കി മറ്റ് സംസ്ഥാനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് ന്യുയോര്‍ക്ക് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ സിഎന്‍എന്‍ വാര്‍ത്താ അവതാരകന്‍ ക്രിസ് കൂമോയു (49)മുണ്ട്.. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോയുടെ സഹോദരനും മുന്‍ ഗവര്‍ണര്‍ പരേതനായ മരിയോ കൂമോയുടെ മകനുമാണ്. 'ഭയപ്പെടാതിരിക്കുക. വേദനാജനകമായ ദിവസങ്ങളാണു വരാനിരിക്കുന്നത്. ഇതൊരു പോരാട്ടമാണ്' ക്രിസ് കൂമോ പ്രതികരിച്ചു. അടുത്തുതന്നെ ടിവി ഷോയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയും പങ്കുവച്ചു.

ന്യുയോര്‍ക്കിലെ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന ഘട്ടമെത്തിയതോടെ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ച് ഭരണകൂടം രംഗത്തിറങ്ങിയിട്ടുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ എടുക്കാന്‍ പൊലീസിന് പ്രത്യേക അധികാരം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് നിയമം തന്നെ പാസാക്കേണ്ടിവരുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. കാര്യങ്ങള്‍ അത്രക്ക് വഷളായിരിക്കുന്നു.

ഈ ആഴ്ച്ച മുതല്‍ പ്രവര്‍ത്തനം തുടെങ്ങിയ 1000 കിടക്കകളുള്ള നേവി ഹോസ്പിറ്റല്‍ ഷിപ്പായ യു എസ് എന്‍ എസ് കംഫര്‍ട്ടില്‍ 12 ഓപ്പറേഷന്‍ തീയറ്ററുകളും അതിനൊത്ത ജീവന്‍ രക്ഷാ ഉപകരണങ്ങളും ഉണ്ട്. അതിനുപുറമെ സെന്‍ട്രല്‍ പാര്‍ക്ക്, ജാവിറ്റ്സ് സെന്റര്‍, പ്ലാസ ഹോട്ടല്‍ സെയിന്റ് റെജിസ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ താത്ക്കാലിക ആശുപത്രികളും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ യു എസ് ഓപ്പണ്‍ ടൂര്‍ണമെന്റ് നടക്കാറുള്ള ഇന്‍ഡോര്‍ സ്റ്റേഡിയവും ഒരു ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. മാത്രമല്ല, മരണസംഖ്യ വര്‍ദ്ധിക്കുവാന്‍ തുടങ്ങിയതോടെ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ താത്ക്കാലിക മോര്‍ച്ചറികളും ഒരുക്കിയിട്ടുണ്ട്.

വൈറസ് ബാധ ഏറെയുള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇത്കൊണ്ട് ഈ മഹാമാരിയെ ചെറുക്കാനാവില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.രാജ്യമൊട്ടാകെ , എല്ലാ സംസ്ഥാനങ്ങളിലും സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കിയാല്‍ മാത്രമേ രോഗപ്രതിരോധം കാര്യക്ഷമമാകു എന്നാണ് ഇവരുടെ അഭിപ്രായം. ഇല്ലെങ്കില്‍, ഇന്ന് സര്‍ക്കാര്‍ തന്നെ സൂചിപ്പിക്കുന്ന 1 ലക്ഷം മുതല്‍ 2.4 ലക്ഷം വരെ എന്നുള്ള മരണസംഖ്യ യാഥാര്‍ത്ഥ്യമാകും എന്നും ഇവര്‍ പറയുന്നു.

ഇതിനിടയില്‍, ലോകത്തെ അധികം വൈകാതെ ഒരു പകര്‍ച്ചവ്യാധി ആക്രമിക്കുമെന്ന് 2015-ല്‍ പ്രവചിച്ച ബില്‍ ഗേറ്റ്സും പറയുന്നത് രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ ഇല്ലാതെ ഇന്നത്തെ സാഹചര്യത്തെ കാര്യക്ഷമമായി നേരിടാനാകില്ല എന്നാണ്. മുന്നോട്ട് പോകാനുള്ള അവസരങ്ങള്‍ അമേരിക്ക നശിപ്പിച്ചെങ്കിലും, ഇനിയും വൈകിയിട്ടില്ല ഇക്കാര്യത്തില്‍ എന്നും അദ്ദേഹം സൂചിപ്പിച്ചു.ഏകദേശം 265 ദശലക്ഷം അമേരിക്കക്കാരാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ മൂലം വീടുകളില്‍ ഒതുങ്ങിക്കൂടുന്നത്. അര്‍ക്കനാസ്, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട തുടങ്ങി ചില സംസ്ഥാനങ്ങളില്‍ ഇനിയും ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാനത്ത് ഇത് ഔദ്യോഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും അത് ജനങ്ങളുടെ ഉത്തരവാദിത്തത്തിന് വിടുകയാണെന്നുമാണ് മിസ്സോറി ഗവര്‍ണര്‍ പറഞ്ഞത്.

''തുരങ്കത്തിന്റെ അവസാനം നമ്മള്‍ വെളിച്ചം കാണും. പക്ഷേ, അവിടേക്കുള്ള യാത്ര ഏറെ ദുഷ്‌കരം. മുന്‍പു നാം അഭിമുഖീകരിച്ചിട്ടില്ലാത്ത സാഹചര്യം'' യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിങ്ങനെയാണ്. അതിനിടെ കൊറോണ വൈറസിനു വായുവിലൂടെ 8 മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നു യുഎസിലെ മാസച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എംഐടി) പഠനം പുറത്തുവന്നിരുന്നു. സാമൂഹിക അകലം ഒരു മീറ്റര്‍ മതിയാകില്ലെന്നാണു പഠനം സൂചിപ്പിക്കുന്നത്. ചുമയും തുമ്മലും വഴി പുറത്തുവരുന്ന കണങ്ങള്‍ ശക്തമാണ്. ഇതുവഴി വൈറസ് 8 മീറ്റര്‍ വരെയെത്താം. വൈറസിനു വായുസഞ്ചാര സാധ്യതയില്ലെന്ന ആദ്യ വിലയിരുത്തലുകളെയും എംഐടി പഠനം തള്ളുന്നു. മണിക്കൂറുകളോളം വായുവില്‍ തുടരുകയും ചെയ്യും. വൈറസിന് നിലനില്‍ക്കാന്‍ പ്രതലങ്ങള്‍ വേണ്ടെന്നും അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലായ 'ദ് റിസര്‍ച്ചില്‍' പ്രസിദ്ധീകരിച്ച പഠനത്തിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category