1 GBP = 93.00 INR                       

BREAKING NEWS

കോവിഡിനെ തളയ്ക്കാനുള്ള പോരാട്ടത്തില്‍ ആദ്യ വിജയിക്കുക ഏതു രാജ്യമാകും? അമേരിക്ക കണ്ടുപിടിച്ച വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചു തുടങ്ങിയപ്പോള്‍ പ്രതിരോധ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു ഓസ്ട്രേലിയ; വിജയകരമാണോ എന്നറിയാന്‍ വേണ്ടത് മൂന്ന് മാസങ്ങള്‍; വിജയകരമായാല്‍ മരുന്ന് ലോകത്തെല്ലായിടത്തും ലഭ്യമാകാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും വേണം; വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസിനെ പൂട്ടാന്‍ പരീക്ഷണങ്ങളുമായി ചൈനയും; ലോകമെമ്പാടും 35 കമ്പനികളും അക്കാദമികളും വാക്സിന്‍ കണ്ടുപിടിക്കാന്‍ രംഗത്ത്

Britishmalayali
kz´wteJI³

കാന്‍ബറ: കോവിഡ് 19 രോഗം വ്യാപിക്കുന്ന ഘട്ടത്തെ വെറും ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് ബോധ്യം ലോക രാഷ്ട്രങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈറസിന് മരുന്നു കണ്ടെത്താന്‍ വേണ്ടിയുള്ള തീവ്രശ്രമത്തിലാണ് ലോകമെമ്പാടുമുള്ള പ്രമുഖ മെഡിക്കല്‍ ഗവേണ സ്ഥാപനങ്ങളും കമ്പനികളും. ഏതു രാജ്യമാകും ആദ്യം കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നു കണ്ടെത്തുക എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. അമേരിക്കയില്‍ ഒരു കമ്പനി മരുന്നു വികസിപ്പിച്ചെടുത്ത ശേഷം മനുഷ്യനില്‍ പരീക്ഷണം നടത്തി തുടങ്ങിയെന്ന വാര്‍ത്ത പുറത്തുവന്നത് മാര്‍ച്ച് മാസം 17ാം തീയ്യതിയാണ്. പിന്നാലെ ഓസ്ട്രേലിയയും ഇത്തരമൊരു വാക്സിന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് മനുഷ്യരില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലേക്ക് ത്തിയിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.


കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞറാണ് അറിയിച്ചത്. ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സിഎസ്‌ഐആര്‍ഒ) വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയന്‍ ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. രണ്ട് വാക്‌സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്. പരീക്ഷണത്തിന്റെ പൂര്‍ണ ഫലം ലഭിക്കാന്‍ മൂന്നു മാസമെങ്കിലും എടുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആദ്യഘട്ട ഫലം ജൂണ്‍ മാസത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. മൃഗങ്ങളിലുള്ള പരീക്ഷണത്തിനു ശേഷം മനുഷ്യരില്‍ പരീക്ഷിക്കും. പരീക്ഷണം വിജയകരമായാല്‍ മരുന്ന് ലോകത്തെല്ലായിടത്തും ലഭ്യമാകാന്‍ 12-18 മാസമെങ്കിലും വേണ്ടിവരും.

ഓസ്‌ട്രേലിയയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുമുള്ള ഗവേഷകരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കണ്ടെത്തലെന്ന് സിഎസ്‌ഐആര്‍ഒ മേധാവി ലാറി മാര്‍ഷല്‍ പറഞ്ഞു. കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ നിര്‍ണായകമായിരിക്കും ഈ വാക്‌സിനുകളുടെ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ്19ന് എതിരായ പ്രതിരോധ മരുന്നു വികസിപ്പിക്കാന്‍ ആഗോള തലത്തില്‍ ഗവേഷണം പുരോഗമിക്കുന്നത് 35 കമ്പനികളും അക്കാദമികളിലുമാണ്. ഇതില്‍ നാല് കമ്പനികള്‍ മാത്രമാണ് വാക്സിന്‍ പരീക്ഷണ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

കോവിഡിന്റെ വ്യാപനത്തിന് തുടക്കമായ ചൈനയും വാക്സിന് വേണ്ടിയുള്ള പരിശ്രമത്തിലാണ്. ഗവേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ രണ്ടു മരുന്നുകള്‍ രോഗികള്‍ക്കു നല്‍കുന്ന ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഘട്ടം വരെയെത്തി. ഫലം പ്രതീക്ഷിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ചൈനയിലും യുഎസിലുമാണ് ഗവേഷണം വിപുലമായ വിധത്തില്‍ പുരോഗമിക്കുന്നത്. 18 മുതല്‍ 55 വയസു വരെ പ്രായമുള്ള സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണമെന്ന് യുഎസിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് പറയുന്നു. വാക്സിന്‍ വികസിപ്പിക്കാന്‍ ഒരു വര്‍ഷം വരെ എടുത്തേക്കാം. വുഹാനിലെ 18 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള രോഗികളിലാണ് ചൈനയിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പഠനം നടത്തുന്നത്.

ആഗോള തലത്തില്‍ നടക്കുന്ന മരുന്നു പരീക്ഷണങ്ങളുടെ സമിതിയില്‍ ഇന്ത്യയും അംഗമാണ്. ആഗോള സംയോജക സമിതിയില്‍ ഇന്ത്യയും പങ്കാളിയാകും. രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് ജൈവസാങ്കേതിക (ബയോടെക്ലോളജി) വകുപ്പിന്റെ ഈ തീരുമാനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് കേരളത്തില്‍ നിന്നുള്‍പ്പെടെ 11 രോഗികളിലെ വൈറസിന്റെ ഘടന വേര്‍തിരിച്ചു. ഇന്ത്യയില്‍ തന്നെ 20 സ്ഥലങ്ങളില്‍ മരുന്നും വാക്സിനും കണ്ടിപിടിക്കാനുള്ള പ്രാഥമിക പരീക്ഷണം തുടങ്ങി. 7000 അപേക്ഷകളാണ് മരുന്നു കമ്പനികളില്‍നിന്നു ലഭിച്ചിരിക്കുന്നത്. മലേറിയ, ഡെങ്കി എന്നിവയ്ക്കെതിരായ മികച്ച കിറ്റ് നിര്‍മ്മിക്കുന്ന ഇന്ത്യ വൈകാതെ കോവിഡ് കിറ്റും പുറത്തിറക്കാന്‍ സാധ്യതയുണ്ട്. രക്തത്തിലെ സിറോളജി പരിശോധനയിലൂടെ കോവിഡ് ബാധിതരെ കണ്ടെത്താനുള്ള 5 ലക്ഷം കിറ്റ് ഐസിഎംആര്‍ ഈയാഴ്ച തന്നെ പുറത്തിറക്കും.

കോവിഡ് -19നു പുറമെ നിപ്പ, എച്ച്ഐവി, കാന്‍സര്‍, ഹെപ്പറ്റൈറ്റിസ് ബി, സിക്ക, സാര്‍സ്, എബോള, ചിക്കുന്‍ഗുനിയ, ടിബി, പ്ലേഗ്, ജലദോഷം (ഇന്‍ഫ്ളുവന്‍സ), വെസ്റ്റ് നൈല്‍, സ്മോള്‍പോക്സ് തുടങ്ങി വിവിധ തരം വൈറല്‍ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയും ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതീക്ഷ. കോവിഡ് 19നെ നിര്‍വീര്യമാക്കിയും ഡിഎന്‍എ ആര്‍എന്‍എ ജനിതക ഘടകങ്ങളും മാംസ്യ ഘടനകള്‍ (പ്രോട്ടീന്‍) വേര്‍തിരിച്ചും വിവിധ രീതികളിലാണ് പരീക്ഷണം പുരോഗമിക്കുന്നത്.

ഇതിനകം 35 കമ്പനികളും അക്കാദമിക് കേന്ദ്രങ്ങളും വാക്‌സിന്‍ കണ്ടുപിടിക്കാന്‍ മുന്നോട്ട് വന്നെങ്കിലും നാല് കമ്പനികളില്‍ മാത്രമാണ് മൃഗങ്ങളില്‍ വാക്‌സിന്‍ പരീക്ഷിച്ച് നോക്കിയത്. അതില്‍ ആദ്യം നിര്‍മ്മിച്ച ബോസ്റ്റന്‍ ആസ്ഥാനമായ മൊഡേര്‍ന എന്ന ബയോടെക് കമ്പനി മനുഷ്യരിലേക്ക് പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ്. കോവിഡ് 19 പകര്‍ത്തുന്ന വൈറസായ SsarCoV2 ന്റെ ജനിതക ഘടന കണ്ടെത്തിയ ചൈനയുടെ ശ്രമമാണ് വാക്‌സിന്‍ ഇത്ര പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ തന്നെ ചൈന വൈറസിന്റെ ജനിതക ഘടന പുറത്തുവിട്ടിരുന്നു.
അമേരിക്കയിലെ 'ജെ ആന്‍ഡ് ജെ' കമ്പനിയും യു.എസ് ഗവണ്‍മെന്റും തമ്മില്‍ ഒരു ബില്യണ്‍ ഡോളറിന്റെ കരാരില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്നലെ കമ്പനി പുറത്തുവിട്ടിരുന്നു. ഏകദേശം ഒരു ബില്യണ്‍ ഡസന്‍ വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. എന്നാല്‍ സെപ്റ്റംബര്‍ വരെ അവര്‍ക്ക് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ബോസ്റ്റന്‍ ആസ്ഥാനമായ മൊഡേര്‍ന അവരുടെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ മാസം തന്നെ അവര്‍ക്ക് മനുഷ്യരില്‍ പരീക്ഷണം നടത്താനാവും. അവരും യു.എസ് ആരോഗ്യ വകുപ്പുമായും കരാരില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്. ലോകത്ത് മറ്റാരെങ്കിലും വാക്സിന്‍ കണ്ടെത്തുന്നതിന് മുമ്പ് ഭീമമായ അളവില്‍ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ മരുന്ന് നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നതിനാണ് ഇത്തരം നീക്കമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സുരക്ഷിതവും ഫലപ്രദവുമായി വാക്‌സിന്‍ നല്‍കാന്‍ 12 മുതല്‍ 18 മാസം വരെയെടുക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

അമേരിക്ക പരീക്ഷിക്കുന്നത് സാര്‍സിനെ ഒതുക്കിയ അതേ ചികില്‍സാ രീതി
മരുന്നോ വാക്്സിനോ ഇല്ലാത്ത രോഗമെന്ന് പറയപ്പെടുന്ന കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷയായി കോണ്‍വലെസെന്റ് പ്ലാസ്മ ചികില്‍സ. സാര്‍സിനെ പിടിച്ചുകെട്ടാന്‍ ചൈനയെ സഹായിച്ച ഈ ചകില്‍സാരീതി കൊറോണയിലും ഫലപ്രദമാവുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോള്‍ പ്രാകാരം രോഗം അതിജീവിച്ചവരില്‍ നിന്ന് പ്ലാസ്മ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി. രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ ആരംഭിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്.ഡി.എയുടെ തീരുമാനം.കോണ്‍വലെസെന്റ് പ്ലാസ്മ എന്നാണ് ഈ ചികിത്സയുടെ പേര്. ആധുനിക വാക്‌സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നുകള്‍ക്കും മുമ്പുള്ള യുഗത്തില്‍, 1918-ലെ ഒരു പകര്‍ച്ചവ്യാധി പനിക്ക് ഇത് ഉപയോഗിച്ചിരുന്നു.
കൂടുതല്‍ വിദഗ്ദ്ധ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല പ്രതീക്ഷയായിരിക്കും ഇതെന്നും ചില വിദഗ്ദ്ധര്‍ വാദിക്കുന്നുണ്ട്. തീര്‍ച്ചയായും ഇതിന് ഗുണമുണ്ട്. ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും വാഷിങ്ടണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജെഫ്രി ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു.രോഗമുക്തി നേടിയ ആളുകളുടെ രക്തത്തില്‍ നിന്ന് ആന്റിബോഡികള്‍ വികസിപ്പിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. 2002-ല്‍ സാര്‍സ് രോഗം പൊട്ടിപുറപ്പെട്ട സന്ദര്‍ഭത്തില്‍ ചൈന ഈ രീതി ഉപയോഗിച്ചിരുന്നതായും അത് ഫലം കണ്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സിയാറ്റിലിലെ വാക്‌സിനേഷന്‍ പരീക്ഷണം അന്തിമഘട്ടത്തില്‍
കൊറോണ വൈറസിനെതിരെ വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം യുഎസില്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. യുഎസിലെ സിയാറ്റിലിലാണ് പരീക്ഷണം നടക്കുന്നത്. എന്നാല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാലും ഒരു വര്‍ഷം മുതല്‍ 18 മാസം വരെ സമയമെടുത്തേ ഈ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകൂ. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി മനുഷ്യരില്‍ മറ്റു പാര്‍ശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തിയേ ആഗോള അടിസ്ഥാനത്തില്‍ ഉപയോഗിക്കാനാകൂ.
മസാച്ചുസെറ്റ്‌സിലെ യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) കേംബ്രിജിലെ ബയോടെക്‌നോളജി കമ്പനിയായ മോഡേര്‍നയുമായി ചേര്‍ന്നാണ് എംആര്‍എന്‍എ 1273 എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. 18- 55 വയസ്സ് വരെയുള്ള 45 പേരിലാണ് വാക്‌സിന്‍ ആദ്യം പരീക്ഷിക്കുക. ഇതിന് 6 ആഴ്ച സമയമെടുക്കും.ലോകമെങ്ങും കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. യുഎസ് കമ്പനിയായ ഗിലീഡ് സയന്‍സസ് വികസിപ്പിച്ചെടുത്ത റെംഡെസിവിര്‍ എന്ന മരുന്ന് ഏഷ്യയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ്. ഈ മരുന്ന് ഫലപ്രദമായി കോവിഡ്19 രോഗത്തെ ചെറുക്കുന്നതായി ചൈനയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കൂടുതല്‍ പരീക്ഷണങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്.

കോവിഡ് 19 രോഗത്തിന് ഇസ്രയേല്‍ വാക്സിന്‍ വികസിപ്പിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് മേല്‍നോട്ടത്തില്‍ ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ റിസര്‍ച്ചില്‍ നടന്നുവരുന്ന ഗവേഷണത്തില്‍ സാര്‍സ് കോവ്-2 എന്ന പുതിയ വൈറസിന്റെ ജൈവശാസ്ത്രഘടനയും പ്രത്യേകതകളും മനസ്സിലാക്കാനായെന്നാണ് ഇസ്രയേല്‍ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ഹാരെറ്റ്സ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിരുന്നാലും, പ്രതിരോധ പ്രക്രിയയ്ക്ക് വാക്സിനേഷന്‍ ഫലപ്രദമോ സുരക്ഷിതമോ ആണെന്ന് കണക്കാക്കുന്നതിന് മാസങ്ങള്‍് നീണ്ടുനില്‍ക്കുന്ന പരിശോധനകളും പരീക്ഷണങ്ങളും ആവശ്യമാണ്, റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ചികിത്സാരീതികളും വാക്സിനുകളും തയാറാക്കാനും വൈറസ് ബാധിച്ചിരിക്കുന്നവരുടെ ശരീരത്തില്‍ രോഗപ്രതിരോധത്തിനുള്ള ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാനും ഉള്‍പ്പെടെ സഹായകരമാകുന്നതാണു കണ്ടെത്തല്‍. ലോകോത്തര നിലവാരമുള്ള ജൈവശാസ്ത്ര ഗവേഷണ കേന്ദ്രമാണ് ഇസ്രയേലിലേതെന്നും അന്‍പതില്‍പരം പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് വാക്സിന്റെ ഗവേഷണം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ വാക്സിന്‍ കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട് ബയോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍ണായക വഴിത്തിരിവൊന്നും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധമന്ത്രാലയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഹാരെറ്റ്സിനെ അറിയിച്ചത്. 'ഇവിടെ എല്ലാം മുറ പ്രകാരമാണു നടക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ടെത്തലുണ്ടെങ്കില്‍ തീര്‍ച്ചയായും അറിയിക്കും..'- പ്രതിരോധമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഒരു വാക്സിന്‍ ആദ്യം പരീക്ഷിക്കുക മൃഗങ്ങളിലായിരിക്കും. ഈ പ്രീ-ക്ലിനിക്കല്‍ ടെസ്റ്റ് വിജയിച്ചാല്‍ മാത്രമാണ് മനുഷ്യരില്‍ ക്ലിനിക്കല്‍ ടെസ്റ്റ് നടത്തുക. വാക്സിന്റെ പാര്‍ശ്വഫലങ്ങളും പൂര്‍ണ സ്വഭാവവും ലോകമെമ്പാടുമുള്ള വ്യത്യസ്ത മനുഷ്യ വിഭാഗങ്ങളെ അതെങ്ങനെ ബാധിക്കുന്നുവെന്നുമെല്ലാം മനസ്സിലാക്കണം. സമയമേറെയെടുത്താണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കുക. മാസങ്ങള്‍ മുതല്‍ ഒന്നര വര്‍ഷം വരെ വേണ്ടിവരുമെന്നാണ് വിദഗ്ദ്ധര്‍തന്നെ വ്യക്തമാക്കുന്നത്. എന്നാല്‍ കോവിഡ് 19 മഹാമാരി ആഗോളതലത്തില്‍ ഭീതി നിറയ്ക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ വികസനം വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ പലഭാഗത്തും കൊണ്ടുപിടിച്ചു നടക്കുകയാണ്. ഗുരുതരാവസ്ഥയില്‍ തുടരുന്നവരെ ഉള്‍പ്പെടെ രക്ഷിക്കാന്‍ എത്രയും പെട്ടെന്ന് ഇടപെടല്‍ നടത്തേണ്ടതിന്റെ ആവശ്യകതയും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മൂന്ന് ആഴ്ച മുന്‍പ് ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നിരവധി വൈറസ് സാംപിളുകള്‍ എത്തിയതായി ഇസ്രയേലിലെ പ്രധാന വാര്‍ത്താ പോര്‍ട്ടലായ വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച സാംപിളുകള്‍ മൈനസ് 80 ഡിഗ്രി താപനിലയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനു ശേഷമാണ് ഗവേഷണം ശക്തമായത്.വാക്സിന്‍ വികസനത്തിനായി ഒട്ടേറെ രാജ്യങ്ങള്‍ നിരന്തര പരിശ്രമത്തിലാണ്. മൃഗങ്ങളില്‍ എങ്ങനെയാണ് വൈറസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പഠിക്കുന്നത്. ആ വൈറസ് മനുഷ്യരിലേക്ക് എത്തുമ്പോള്‍ അതിന് എന്തെല്ലാം മാറ്റം വരുന്നുവെന്നു കണ്ടെത്തുകയാണ് നിര്‍ണായകം. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ജനുവരിയില്‍ ചൈന വൈറസിന്റെ ജനിതക ഘടന ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ഉപയോഗപ്പെടുത്താനാകുംവിധം പുറത്തുവിട്ടിരുന്നു. വൈറസ് സാംപിളുകള്‍ ലഭിച്ചില്ലെങ്കിലും, വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ക്കും മരുന്നുകമ്പനികള്‍ക്കും സാര്‍സ് കോവ്-2 സംബന്ധിച്ച പരിശോധനകള്‍ക്കും വാക്സിന്‍ വികസനത്തിനും സഹായകരമാകുന്നതായിരുന്നു ആ നീക്കം.
ജനിതക ഘടന പുറത്തുവന്ന് ഒന്നര മാസത്തിനു ശേഷം, മാസച്യുസിറ്റ്സിലെ ബോസ്റ്റണ്‍ ആസ്ഥാനമായുള്ള മോഡേണ ബയോടെക്നോളജി കമ്പനി കൊറോണയ്ക്കെതിരെയുള്ള വാക്സിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ ക്ലിനിക്കല്‍ ട്രയലിനായി ഇത് അയച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ട്രയല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു സമാനമായ അതേ കര്‍ശന പ്രക്രിയകളിലൂടെ കടന്നുപോയാല്‍ മാത്രമേ ഇസ്രയേലിലും വൈറസ് വാക്സിന്‍ വിജയകരമായെന്നു പറയാനാവുകയുള്ളൂ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിലവില്‍ ആഗോളതലത്തില്‍ ഇരുപതിലധികം വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്.

വാക്സിനേഷന്‍ പരീക്ഷണത്തിന് സിഗരറ്റ് നിര്‍മ്മാതാക്കളായ ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസും
വാകസിനേഷന്‍ വികസിപ്പിക്കുന്നുവെന്ന അവകാശവാദവുമായി രഗത്തുള്ളവരുടെ കൂട്ടത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സിഗരറ്റ് ഉദ്പാദകരില്‍ ഒന്നായ ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസും രംഗത്തുണ്ട്. യു, കെ സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുകയാണെങ്കില്‍ ജൂണ്‍ മുതല്‍ പ്രതിവാരം മൂന്ന് ദശലക്ഷം വാക്സിനുകള്‍ ഉദ്പ്പാദിപ്പിക്കാനാവുമെന്നാണ് ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കൊ പറയുന്നത്. ഇതുവരെ മൃഗങ്ങളില്‍ മാത്രം പരിശോധിച്ച ഈ വാക്സിന്‍ പൂര്‍ണ്ണമായ വിജയം കണ്ടെന്ന അവകാശവാദവുമായി എത്തിയ കമ്പനി മനുഷ്യരില്‍ ഇത് പരിശോധിക്കുവാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മാത്രമേ ജൂണ്‍ മുതല്‍ ഇതിന്റെ ഉദ്പാദനം ആരംഭിക്കുവാന്‍ സാധിക്കു എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളുടെ സ്രോതസ്സുകളുടെ ഭീമമായ ഒരു ഭാഗം ഈ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികള്‍ക്കായി ചെലവാക്കിയതായി വെളിപ്പെടുത്തിയ കമ്പനി, പക്ഷെ ലാഭം ഒന്നും പ്രതീക്ഷിക്കാതെ, ഇതിനായി ചെലവാക്കിയ തുകയ്ക്ക് തന്നെ ഈ സാങ്കേതിക വിദ്യ സര്‍ക്കാരിന് കൈമാറാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിയമപ്രകാരം പുകയില ഉദ്പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാരുമായി ഇടപാടുകള്‍ നടത്താന്‍ നിരോധനമുണ്ട്. ഇത് മറികടക്കുവാനായി ലോകാരോഗ്യ സംഘടനയുമായി നേരിട്ട് ബന്ധപ്പെടുവാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ.

ഇതുവരെ അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമായും യു കെ യിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വാക്സിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഈ പുകയില ഭീമന്‍ പറഞ്ഞു. സര്‍ക്കാരുകളുമായി സഹകരിച്ച് ഈ മാസം തന്നെ ക്ലിനിക്കല്‍ ടെസ്റ്റുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. എല്ലാം പ്രതീക്ഷിച്ചതുപോലെ നടക്കുകയാണെങ്കില്‍, സര്‍ക്കാരുകളുമായും പങ്കാളികളുമായും ചേര്‍ന്ന് ജൂണ്‍ മുതല്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉദ്പ്പാദനം ആരംഭിക്കാന്‍ സാധിക്കുമെന്നും പ്രതിവാരം 1 ദശലക്ഷത്തിനും 3 ദശലക്ഷത്തിനും ഇടയില്‍ വാക്സിനുകള്‍ ഉദ്പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു. ബി എ ടി യുടെ സബ്സിഡിയറി കമ്പനിയായ, അമേരിക്കയിലെ കെന്റുക്കി ബയോ പ്രൊസസ്സിങ് ആണ് ഈ വാക്സിന്‍ വികസിപ്പിച്ചെടുത്തത്.

ഇത്തരം പകര്‍ച്ചവ്യാധികളെ നേരിടുന്നതില്‍ മുന്‍പരിചയമുണ്ട് കെന്റുക്കി ബയോ പ്രൊസസ്സിങ് എന്ന സ്ഥാപനത്തിന്. 2014 -ല്‍ എബോളയെ ചെറുക്കുന്നതില്‍ ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചെടുത്തിരുന്നു ഇവര്‍. കൊറോണ വൈറസിന്റെ ഒരു ഭാഗം ക്ലോണ്‍ ചെയ്തെടുത്താണ് കെ ബി പി യിലെ ഗവേഷകര്‍ ഫലസിദ്ധിയുള്ള ആന്റിജെന്‍ വികസിപ്പിച്ചത്. ശരീരത്തില്‍ ഒരു ബാഹ്യവസ്തു പ്രവേശിച്ചിട്ടുണ്ട് എന്ന് ശരീരത്തെ മനസ്സിലാക്കിക്കുന്ന വസ്തുവാണ് ആന്റിജെന്‍. അത് മനസ്സിലാക്കിയാല്‍ ശരീരത്തിന്റെ സ്വായത്തമായ രോഗ പ്രതിരോധ സംവിധാനം ആ വസ്തുവിനെ ചെറുക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും. ഒരാളുടെ ശരീരത്തില്‍ ഈ കൊറോണാ വൈറസ് ആന്റിജന്‍ കുത്തിവച്ചാല്‍, മുഴുവന്‍ ശരീരമോ, ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളോ അതിനെ ചെറുക്കുവാനുള്ള ആയുധങ്ങള്‍ തയ്യാറാക്കി നിര്‍ത്തും. പിന്നീട് അയാള്‍ക്ക് രോഗം ബാധിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ ശരീരത്തിന് കഴിയും. അങ്ങനെ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നതിനുന്‍ മുന്‍പ് തന്നെ രോഗത്തെ ഇല്ലാതെയാക്കുവാന്‍ ശരീരത്തിന് സാധിക്കും.
ഈ ആന്റിജനുകളെ പുകയില ചെടികള്‍ക്കുള്ളിലേക്ക് കുത്തിവയ്ക്കുകയാണ് കെന്റുക്കി ബയോ പ്രൊസസ്സിംഗിലെ ഗവേഷകര്‍ ചെയ്യുന്നത്. ഈ സസ്യങ്ങളിലെ ജൈവ ഘടന ഈ ആന്റിജനുകള്‍ക്ക് വളരാനും പ്രത്യ്ദ്പാദനം നടത്താനുമുള്ള സാഹചര്യം ഒരുക്കുന്നു. കൊയ്ത്ത് കഴിയുമ്പോള്‍ ഈ ആന്റിജനുകള്‍ ചെടികളില്‍ നിന്നും വേര്‍തിരിച്ചെടുക്കുകയും ശുദ്ധീകരിച്ചതിനുശേഷം വാക്സിനായി ശരീരത്തിലേക്ക് കുത്തിവയ്ക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category