1 GBP = 92.00 INR                       

BREAKING NEWS

നെടുമ്പാശ്ശേരിയില്‍ ഡ്യൂട്ടി ചെയ്തത് നൂറോളം ആരോഗ്യപ്രവര്‍ത്തകര്‍; എയര്‍പോര്‍ട്ട് അടച്ച ശേഷം ക്വാറന്റൈന് പോകാതെ എല്ലാവരും തിരികെ പ്രവേശിച്ചത് പതിവുള്ള ഡ്യൂട്ടിയില്‍; രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് ഒരാഴ്ചയ്ക്ക് ശേഷം; ഒപിയിലെത്തുകയും സര്‍ജറി വരെ ചെയ്യുകയും ചെയ്തത് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍; ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങളുമായി ഇടപഴകിയത് ഒരാഴ്ചക്കാലം; കൊറോണ കാലത്തെ വീഴ്ച ചര്‍ച്ചയാക്കി പി.ടി.തോമസ്; ക്വാറന്റൈന്‍ ചെയ്യുന്നതില്‍ കേരളത്തില്‍ പാളിച്ചകളോ?

Britishmalayali
എം മനോജ് കുമാര്‍

കൊച്ചി: കൊറോണാ കാലത്ത് ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ച ഡോക്ടര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തുകയും രോഗികളെ പരിശോധിക്കുകയും ചെയ്തത് വിവാദമാകുന്നു. പരിശോധിക്കുക മാത്രമല്ല ക്വാറന്റൈന്‍ കാലാവധിയില്‍ ഈ ഡോക്ടര്‍ രണ്ടു ശസ്ത്രക്രിയ കൂടി ചെയ്തു എന്നാണ് ലഭ്യമായ വിവരം. ഈ ഡോക്ടറുടെ കൂടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്ത രണ്ടു പേര്‍ കൊറോണാബാധിതരാണ് എന്ന വിവരം പുറത്തു വന്നിരിക്കെ തന്നെയാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ പാകപ്പിഴ വെളിയില്‍ വരുന്നത്. ആരോഗ്യപ്രവര്‍ത്തകരെ കൃത്യമായി ക്വാറന്റൈന്‍ ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ പാളിച്ചയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.

ഒന്നല്ല രണ്ടു ശസ്ത്രക്രിയകളാണ് ക്വാറന്റൈന്‍ കാലത്ത് ഈ ഡോക്ടര്‍ ചെയ്തത് എന്നത് വീഴ്ച പൂര്‍ണമാക്കുകകൂടി ചെയ്യുന്നു. കൊറോണ കാലത്ത് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേരെയും ക്വാറന്റൈന് വിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇത് നടപ്പാക്കിയില്ല. അതുകൊണ്ട് തന്നെ ക്വാറന്റൈന് പോകേണ്ടയിരുന്ന ഡോക്ടര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിക്ക് ശേഷം നേരെ വന്നത് ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍. ഈ ഡോക്ടര്‍ ഒപിയില്‍ ഇരിക്കുകയും സര്‍ജറി അടക്കമുള്ള കാര്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു. ഡോക്ടറുടെ സംഘത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച ശേഷം മാത്രമാണ് ഈ ഡോക്ടര്‍ അടക്കമുള്ളവരെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയമാക്കിയത്. അതിന്നിടയില്‍ തന്നെയാണ് ഡോക്ടര്‍ രോഗികളെ പരിശോധിക്കുകയും ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങള്‍ നടത്തുകയും ചെയ്തത്. നെടുമ്പാശ്ശേരിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നൂറോളം ആരോഗ്യപ്രവര്‍ത്തകരാണ് ക്വാറന്റൈന്‍ കാലത്ത് ഒരാഴ്ചയോളം ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടു പുറത്തിറങ്ങി നടന്നത് എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.

മാര്‍ച്ച് 19 മുതല്‍ ഇരുപത്തിനാല് മുതല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ ഉള്‍പ്പെടുന്നതാണ് ഈ ഡോക്ടറും. ഒട്ടനവധി പേരുള്ള ഈ മെഡിക്കല്‍ സംഘത്തിലെ ആരും ക്വാറന്റൈന് വിധേയമാക്കപ്പെട്ടില്ല. ഈ സംഘത്തില്‍പ്പെട്ട രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് മറ്റുള്ളവരെ നിര്‍ബന്ധിത ക്വാറന്റൈന് വിട്ടത്. പക്ഷെ ഈ ഉത്തരവ് ഇറങ്ങുന്നത് മാര്‍ച്ച് ഇരുപത്തി ഒമ്പതിനും. അതുവരെ ഈ സംഘത്തില്‍പ്പെട്ട ഏകദേശം മുഴുവന്‍ പേരും ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടും നാഴികയ്ക്ക് നാല്പത് വട്ടം റൂട്ട് മാപ്പ് എന്ന് മുറവിളി കൂട്ടുന്ന സര്‍ക്കാര്‍ ഇവരുമായി ബന്ധപ്പെട്ടു ഒരു റൂട്ട് മാപ്പും പുറത്തിറക്കിയിട്ടില്ല. കൊറോണ ബാധിതരെ റൂട്ട് മാപ്പ് സഹിതം പരസ്യപ്പെടുത്തുന്ന സര്‍ക്കാര്‍ വീഴ്ച മറച്ച് വയ്ക്കാനാണ് നെടുമ്പാശ്ശേരിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവുമായി ബന്ധപ്പെട്ടു റൂട്ട് മാപ്പ് പുറത്തിറക്കാത്തത് എന്നാണ് ഇതുമായി ബന്ധപ്പെട്ടു വരുന്ന ആരോപണം. കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ് എംഎല്‍എയാണ് ഈ വസ്തുതകള്‍ പുറത്ത് വിട്ടു രംഗത്ത് വന്നിരിക്കുന്നത്. പി.ടി.തോമസിന്റെ കണ്ടെത്തലുകളോട് മുഖ്യമന്ത്രിയോ ആരോഗ്യവകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് കൊറോണ കാലത്ത് കേരളം മുന്നോട്ടു പോകുന്നത് എന്നാണ് വെപ്പെങ്കിലും കാര്യങ്ങള്‍ കൊറോണ പ്രൊട്ടോക്കോളിനു വിരുദ്ധമായ രീതിയിലാണ് പോകുന്നത്. കൊറോണ കാര്യത്തില്‍ ഡബ്ല്യുഎച്ച്ഒ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചത് കാരണമാണ് ഇറ്റലിയെ കൊറോണ വിഴുങ്ങാന്‍ കാരണമായത്. കൊറോണാ പ്രൊട്ടോക്കോള്‍ കാര്യത്തില്‍ പാകപ്പിഴകള്‍ കേരളത്തിലെ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും വരുകയാണോ എന്ന ആശങ്കയാണ് ജനറല്‍ ആശുപത്രിയിലെ സംഭവവികാസങ്ങള്‍ വെളിയില്‍ കൊണ്ടുവരുന്നത്. ക്വാറന്റൈന്‍ കാലത്ത് വീട്ടിലിരിക്കേണ്ട ഡോക്ടര്‍ ആശുപത്രിയിലെത്തി രോഗികളെ പരിശോധിക്കുകയും സര്‍ജറി ചെയ്യുകയും ചെയ്തോ എന്ന കാര്യം പരിശോധിക്കേണ്ട വിഷയമാണെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ മറുനാടനോട് പറഞ്ഞു. ഇത് സംബന്ധമായ ഫയലുകള്‍ വരുത്തി പരിശോധിക്കേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ ഈ കാര്യത്തില്‍ മറുപടി പറയാന്‍ കഴിയൂ എന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്.

എറണാകുളം ജനറല്‍ ആശുപത്രി സംഭവം സത്യമെന്ന് വാര്‍ത്ത വെളിയില്‍ വിട്ട പി.ടി.തോമസ് മറുനാടനോട് പറഞ്ഞു. മുഖ്യമന്ത്രിയെ ഈ കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്. നമ്മള്‍ ഇത്തരം കാര്യങ്ങള്‍ വെളിയില്‍ പറഞ്ഞാല്‍ സിപിഎം സൈബര്‍ പോരാളികള്‍ ഇറങ്ങി ആക്രമണം നടത്തുകയാണ്. കൊറാണാ പ്രോട്ടോക്കോള്‍ അനുസരിച്ചും ലംഘിച്ചും രോഗികളെ കേരളം വിട്ടയച്ചിട്ടുണ്ട്. ഉസ്മാന്റെ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഇയാളോട് പോകാന്‍ പറഞ്ഞു. ഇടുക്കി കളക്ടര്‍ ഉസ്മാന്റെ മകനോട് വിളിച്ച് പറഞ്ഞത് പിതാവിനെ കൊണ്ടുപോകാന്‍ വാഹനവുമായി വരണമെന്നാണ്. എന്നാല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഉസ്മാന് ഡിസ്ചാര്‍ജ് അനുവദിച്ചില്ല.

വാഹനവുമായി എത്തിയപ്പോഴാണ് തിരുവനന്തപുരത്ത് നിന്നും നിര്‍ദ്ദേശം വന്നിട്ടുണ്ടെന്നു പറഞ്ഞത്. ഈ കാര്യത്തില്‍ കളക്ടര്‍ ഉസ്മാന്റെ മകനോട് വിളിച്ച് ക്ഷമാപണം നടത്തുകയും ചെയ്തു. ആശയക്കുഴപ്പം കേരളത്തില്‍ നിലനിലക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതരുമായി വേണം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിനു എത്താന്‍. പക്ഷെ കേരളത്തില്‍ എല്ലാം രാഷ്ട്രീയമാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വരെ അങ്ങിനെയാണ് ചെയ്യുന്നത്. പ്രധാനമന്ത്രി മോദിയും ഈ കാര്യങ്ങള്‍ അനുവര്‍ത്തിക്കുന്നുണ്ട്. പക്ഷെ ഇവിടെ മുഖ്യമന്ത്രി മാത്രമാണ് വാ തുറക്കുന്നത്. ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ കാര്യം തെറ്റാണെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ ഈ കാര്യം ശരിയാണെങ്കില്‍ ഈ കാര്യം ഇനി ആവര്‍ത്തിക്കില്ലെന്ന് മാത്രം ഒരുറപ്പ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പറഞ്ഞാല്‍ മതി-പി.ടി.തോമസ് പറയുന്നു.

ഗുരുതരമായ വീഴ്ചകള്‍ കൊറോണയുമായി ബന്ധപ്പെട്ടു സര്‍ക്കാരിനു വന്നുവെന്ന് തന്നെയാണ് എറണാകുളത്തെ ഡോക്ടര്‍ ഡ്യൂട്ടിക്ക് എത്തിയ സംഭവം തെളിയിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ടു ഗുരുതരമായ ആരോപണങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രിക്ക് പി.ടി.തോമസ് നല്‍കിയ രേഖാമൂലമുള്ള കാര്യങ്ങളില്‍ പറയുന്നത്. മാര്‍ച്ച് ഇരുപത്തിയെട്ടിനു തിരുവനന്തപുരം ജനറല്‍ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ച കൊറോണ പോസിറ്റീവ് ആയ രോഗിയെ യാതൊരു മുന്‍കരുതലും എടുക്കാതെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കഴിയും വരെ ഈ വിവരം പുറത്ത് വിട്ടില്ല. ഒരു പിജി വിദ്യാര്‍ത്ഥി ഇത്കാരണം ക്വാറന്റൈനില്‍ പോകേണ്ടി വന്നു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞതുകൊറോണാ ബാധിതനെ പ്രത്യേക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കും എന്നാണ്.

ഇത് വ്യക്തമാക്കിയിരിക്കെ തന്നെ കരിപ്പൂരില്‍ വിമാനമിറങ്ങിയ കൊറോണാ ബാധിതന്‍ കണ്ണൂരിലെ വീട് വരെ ആരെയും അറിയിക്കാതെ പോയി. ടാക്സി എടുത്ത് കോഴിക്കോട് കറങ്ങി. ട്രെയിനില്‍ കണ്ണൂരിലേക്ക് പോയി. കരിപ്പൂര്‍ വിമാനത്താവളത്തിലെ വീഴ്ചയാണ് ഇത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസലേഷനിലായ തമിഴ്നാട്ടുകാരന്‍ പുറത്ത് കറങ്ങി. തമ്പാനൂര്‍ പൊലീസ് പിടിച്ച് തിരികെ കൊണ്ടുവന്നു. കൊല്ലം സബ് കലക്ടര്‍ നാടുവിട്ടപ്പോഴും മുഖ്യമന്ത്രി അറിഞ്ഞില്ല. ഫെബ്രുവരി 26 നു കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ചതാണ് കേരളത്തില്‍ കൊറോണ ബാധ പടരാന്‍ കാരണം-മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പി.ടി.തോമസ് അക്കമിട്ടു എഴുതുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category