1 GBP = 92.50 INR                       

BREAKING NEWS

നഴ്‌സിങ് ഹോമുകളില്‍ ആരും അവശേഷിക്കില്ലേ? ഗ്ലാസ്ഗോയില്‍ 13 പേര്‍ പിടഞ്ഞു വീണപ്പോള്‍ ക്രോയിഡോണില്‍ മരിച്ചതു പത്തുപേര്‍; 65 പൗണ്ട് നല്‍കിയിട്ടും ആര്‍ക്കും ജോലി വേണ്ട

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയിലെ പ്രായം ചെന്ന ആളുകള്‍ താമസിക്കുന്ന നഴ്‌സിങ് ഹോമുകളില്‍ കോവിഡിന് ശേഷം ആരും അവശേഷിക്കില്ലേ? ഇന്നലെ സ്‌കോട്ട്ലന്റിലെ ഒരു നഴ്‌സിങ് ഹോമില്‍ മാത്രം 13 പേര്‍ കൊറോണ രോഗികളായി മരണത്തിനു കീഴടങ്ങിയ വിവരം ദി സ്‌കോട്ടിഷ് സണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ബിബിസി അടക്കമുള്ള മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ഇതുവരെ മൂടിവച്ച ഇത്തരം വാര്‍ത്തകള്‍ ഇനി ബ്രിട്ടീഷ് മാധ്യമങ്ങള്‍ കൂടുതലായി പ്രസിദ്ധീകരിച്ചു തുടങ്ങുന്നതോടെ യുകെയിലെ മുഴുവന്‍ വൃദ്ധരെയും കൊന്നൊടുക്കാന്‍ ഉള്ള പ്ലാന്‍ ആണോ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്ന ചോദ്യവും രാജ്യത്ത് ഉയരും. ബിബിസിയുടെ മൂക്കിന് താഴെയുള്ള ക്രോയ്ഡോണ്‍ പട്ടണത്തില്‍ ഒരു നഴ്‌സിങ് ഹോമില്‍ പത്തു വൃദ്ധര്‍ മരണത്തിനു കഴിഞ്ഞ ദിവസങ്ങളില്‍ കീഴടങ്ങി എന്നാണ് അവിടെ ജോലി ചെയ്യുന്ന ഒരു മലയാളി നഴ്സ് അറിയിച്ചിരിക്കുന്നത്.

ഈ നഴ്സിങ് ഹോമില്‍ 16 രോഗികള്‍ കൂടി കോവിഡ് ബാധിച്ചു മരണത്തെ കാത്തു കിടക്കുന്നു. ആകെ 40 അന്തേവാസികള്‍ ഉള്ള ഇവിടത്തെ മുഴുവന്‍ ആളുകളും മരിച്ചു പോകുമോ എന്നതാണ് ഇപ്പോള്‍ ജീവനക്കാരുടെ ഭയം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ മൂടിവയ്ക്കലാണ് ഇപ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങളുടെ ജോലിയെന്ന് തോന്നിപ്പിക്കും വിധമാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നഴ്‌സിങ് ഹോമുകളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ പങ്കിടുന്ന പ്രധാന വിവരവും. രോഗികള്‍ കണ്മുന്നില്‍ യാതൊരു സഹായവും ലഭിക്കാതെ പിടഞ്ഞു വീണു മരിക്കുന്നത് കണ്ടു ജോലിക്കു പോകാന്‍ പോലും ഭയപ്പെടുകയാണ് പലരും. ഇതോടെ നഴ്‌സിങ് ഹോമുകളിലും ജീവനക്കാര്‍ക്ക് വേണ്ടിയുള്ള കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ജീവനക്കാരെ കിട്ടാതെ വന്നപ്പോള്‍ ഏജന്‍സി സ്റ്റാഫിന് 65 പൗണ്ട് വരെ മണിക്കൂറിനു കൊടുക്കാന്‍ തയ്യാറായിട്ടും മരണം താണ്ഡവം ആടിയ ഒരു നഴ്‌സിങ് ഹോമില്‍ ജോലിക്ക് ആളെ ലഭിച്ചില്ലെന്ന് മലയാളി നഴ്സ് കൂടിയായ ഏജന്‍സി ഉടമ വ്യക്തമാക്കി. ഒടുവില്‍ തന്റെ കോണ്‍ട്രാക്ട് നഷ്ടമാകാതിരിക്കാന്‍ താന്‍ തന്നെ ആ ജോലി ഏറ്റെടുക്കുക ആയിരുന്നു എന്നും ഇദ്ദേഹം പറയുന്നു. തന്റെ ഷിഫ്റ്റിലും രണ്ടു രോഗികളുടെ മരണം കുടുംബ അംഗങ്ങളോടൊപ്പം സാക്ഷിയാകേണ്ടി വന്നത് വല്ലാത്ത വിമ്മിഷ്ടമാണ് സമ്മാനിക്കുന്നത് എന്ന് ഈ നഴ്സ് വ്യക്തമാക്കി. നമുക്ക് ഒന്നും ചെയ്യാനില്ലാതെ രോഗികള്‍ പിടഞ്ഞു വീണു മരിക്കുന്ന സാഹചര്യം യുകെയില്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നത് അല്ലെന്ന് ഈ നഴ്സ് വ്യക്തമാക്കി.

ഗ്ലാസ്ഗോയിലെ ബര്‍ലിംഗ്ടണ്‍ കോര്‍ട് എന്ന നഴ്‌സിങ് ഹോമില്‍ ഒരാഴ്ചക്കിടയില്‍ 13 പേര്‍ മരിച്ചതോടെയാണ് നഴ്സിങ് ഹോമുകളിലും കോവിഡ് മരണനൃത്തമാടുന്ന വിവരം രാജ്യത്തിന്റെ ശ്രദ്ധയില്‍ എത്തിയത്. എല്ലാ കണ്ണുകളും ആശുപത്രികളില്‍ കേന്ദ്രീകരിക്കുമ്പോള്‍ നഴ്‌സിങ്, കെയര്‍ ഹോമുകളില്‍ ആരും മരിക്കില്ല എന്നതായിരുന്നു പൊതു വിലയിരുത്തല്‍. കാരണം രോഗം പിടിപെടുന്നവര്‍ ആശുപത്രിയില്‍ എത്തുന്നത് കൊണ്ട് നഴ്‌സിങ് ഹോമുകള്‍ പൊതുവെ കോവിഡ് മുക്തം ആയിരിക്കും എന്നതായിരുന്നു പൊതു ധാരണ. എന്നാല്‍ കോവിഡ് സംശയിക്കുന്ന ഒരു രോഗിയെയും ആശുപത്രിയിലേക്ക് അയക്കണ്ട എന്നാണ് നഴ്‌സിങ് ഹോമുകള്‍ക്കു ലഭിച്ചിരിക്കുന്ന പൊതു നിര്‍ദ്ദേശം. പരമാവധി ചെയ്യാന്‍ കഴിയുന്നത് എന്‍എച്എസ് ഡയറക്റ്റ് എന്ന ഫോണ്‍ കോള്‍ വഴിയുള്ള  നിര്‍ദ്ദേശം. അനുസരിക്കുക മാത്രമാണ്. തങ്ങളുടെ നിസ്സഹായാവസ്ഥ രോഗികളുടെ കുടുംബ അംഗങ്ങളോട്  വിവരിച്ചു മടുത്തെന്നു വെസ്റ്റ് യോര്‍ക്ഷയറില്‍ നഴ്‌സിങ് ഹോമില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് വ്യക്തമാക്കി. രാജ്യത്ത് എവിടെയും സമാനമാണ് സ്ഥിതിഗതികള്‍.

നഴ്‌സിങ് ഹോമുകളില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടാല്‍ മുഴുവന്‍ പേര്‍ക്കും അത് പടരാന്‍ ഉള്ള സാധ്യത ഏറെയാണ്. ആശുപത്രികളെ പോലെ കുറ്റമറ്റ തരത്തില്‍ ഐസലേഷന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏറെ തടസമുണ്ട് നഴ്‌സിങ് ഹോമുകളില്‍. ഒന്നിലേറെ രോഗികളെ പരിശോധിക്കേണ്ടി വരുമ്പോള്‍ മാസ്‌കും ഗൗണും എല്ലാം ഓരോ രോഗിക്കും മാറാന്‍ സാധിക്കില്ല. ആകെ ഗ്ലൗസ് മാത്രമാണ് മാറ്റാന്‍ കഴിയുക. ഈ സാഹചര്യത്തില്‍ രോഗം പടരുന്നതിന് ഉള്ള സാധ്യത വര്‍ധിക്കുകയാണ്. മാത്രമല്ല, നഴ്‌സിങ് ഹോമുകളില്‍ ജോലി ചെയ്യുമ്പോള്‍ നഴ്സുമാര്‍, കെയറര്‍മാര്‍ എന്നിവര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യതയും വര്‍ദ്ധിക്കുകയാണ്. നഴ്സിങ് ഹോമുകളില്‍ രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ കോവിഡ് ടെസ്റ്റുകള്‍ ഇതുവരെ ചെയ്തു തുടങ്ങിയിട്ടില്ല. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന സാഹചര്യത്തില്‍ മാത്രമാണ് ടെസ്റ്റ് നടത്താന്‍ കഴിയുന്നത്. ഇതും രോഗം കൂടുതല്‍ പേരിലേക്ക് പടരാന്‍ ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category