1 GBP = 92.70 INR                       

BREAKING NEWS

മലയാളി നഴ്‌സുമാരും ഡോക്ടര്‍മാരും ഇല്ലായിരുന്നെങ്കില്‍ ബ്രിട്ടനില്‍ കാലന്‍ കറങ്ങിത്തിരിഞ്ഞെ നെയെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍; ആയിരക്കണക്കിനു രോഗികളെ മരണത്തില്‍ നിന്നും രക്ഷിക്കുന്നത് മലയാളി കരങ്ങളാണെന്ന സത്യം ലോകം തുറന്നു പറയുന്നു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: രണ്ടു പതിറ്റാണ്ടു മുന്‍പ് ടോണി ബ്ലെയര്‍ പ്രധാനമന്ത്രി ആയിരിക്കെ തുറന്നിട്ട വാതില്‍ ചവിട്ടിക്കടന്നെത്തിയ അനേകായിരം ഇന്ത്യന്‍ നഴ്സുമാരും ഡോക്ടര്‍മാരും ഇല്ലായിരുന്നെങ്കില്‍ ബ്രിട്ടനില്‍ കാലന് നിന്നുതിരിയാന്‍ പറ്റാത്ത വിധം കൊറോണ രോഗികളെ കയ്യില്‍ കിട്ടിയേനെ. ഓരോ ദിവസവും ചികിത്സ തേടി എത്തുന്ന അനേകായിരങ്ങള്‍ക്ക് മുന്‍പില്‍ ഇപ്പോള്‍ ദൈവദൂതരെ പോലെയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ നഴ്‌സിങ് സമൂഹവും ഡോക്ടര്‍മാരും.

കോവിഡ് ഭീതി ആഞ്ഞടിച്ചതോടെ ഇംഗ്ലീഷ് വംശജരില്‍ അനേകം പേര്‍ ഭയപ്പാടോടെ ജോലി സ്ഥലം ഉപേക്ഷിച്ചപ്പോള്‍ കുട്ടികളെയും കുടുംബത്തെയും മറന്നു സധൈര്യം കൊറോണ രോഗികളെ ചികില്‍സിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ വംശജരായ ആരോഗ്യ പ്രവര്‍ത്തകര്‍ ആണെന്ന സത്യം തുറന്നു കാട്ടുകയാണ് മുന്‍നിര ഇന്ത്യന്‍ മാധ്യമങ്ങള്‍. ഈ ജീവനക്കാരില്‍ നല്ല പങ്കും മലയാളികള്‍ ആണെന്ന കാര്യവും ഇന്ത്യ ടുഡേയും എക്കണോമിക് ടൈംസും ഒക്കെ വരച്ചു കാട്ടുന്നു.

കുടിയേറ്റക്കാരുടെ നന്മ നിറഞ്ഞ മുഖം ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇനിയും അന്വേഷിക്കാന്‍ തയ്യാറാകാതിരിക്കുമ്പോഴാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ധീരതയോടെ ഇക്കാര്യം അഭിമാനത്തോടെ  തുറന്നു പറയുന്നത്. കോവിഡില്‍ രാജ്യം നട്ടം തിരിയുമ്പോഴും അത്തരം കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യപ്പെടാതെ ബിബിസിയും ദി ഗാര്‍ഡിയനും ഒക്കെ വല്ലതും കിട്ടുമോ എന്നറിയാന്‍ ഇന്ത്യയില്‍ തപ്പിപ്പെറുക്കുന്നതിനിടയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൊടുക്കുന്ന മറുപടി കൂടിയാണ് യുകെയിലെ ഇന്ത്യക്കാരുടെ സേവന സന്നദ്ധത.

യുകെയിലെ എല്ലാ ആശുപത്രികളിലും ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് മൂലം പ്രയാസപ്പെടുന്ന അവസരത്തില്‍ തന്നെയാണ് കൊറോണ കൂടി എത്തി രംഗം അത്യധികം വഷളാക്കിയിരിക്കുന്നത്. പത്തുവര്‍ഷം മുന്‍പ് ഹോം സെക്രട്ടറി ആയിരുന്ന മുന്‍ പ്രധാനമന്ത്രി തെരേസ മേ നടപ്പാക്കിയ തലതിരിഞ്ഞ കുടിയേറ്റ നയത്തിന് എന്‍എച്ച്എസും ബ്രിട്ടീഷ് ജനതയും വില പറയേണ്ടി വന്നത് കൊറോണക്കാലത്ത് ആയെന്നു വിധിവൈപരീത്യമായി മാറുകയാണ്.

കാമറോണ്‍ ഭരണശേഷം ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ണായക പദവിയില്‍ എത്തിയപ്പോള്‍ മനസില്ലാ മനസോടെ  തെരേസ തന്റെ നയം തിരുത്താന്‍ തയ്യാറായതോടെ വീണ്ടും യുകെയില്‍ എത്താന്‍ കഴിഞ്ഞ ആയിരക്കണക്കിന് മലയാളി നഴ്സുമാരും ഡോക്ടര്‍മാരും ചേര്‍ന്നാണ് ഇപ്പോള്‍ എന്‍എച്ച്എസിനെ കോവിഡ് പ്രതിരോധത്തില്‍ അല്‍പമെങ്കിലും ചലിക്കാന്‍ പ്രാപ്തമാക്കുന്നത് എന്ന വസ്തുതയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

രണ്ടു പതിറ്റാണ്ട് മുന്‍പ് എത്തിയ രണ്ടാം മലയാളി തലമുറയും കഴിഞ്ഞ ഏതാനും വര്‍ഷമായി എത്തിത്തുടങ്ങിയ മൂന്നാം തലമുറയും ചേരുമ്പോള്‍ ബ്രിട്ടീഷ് ആരോഗ്യരംഗത്തെ നിര്‍ണായക കരുത്തായി മാറുകയാണ്. ഇതോടെ എന്‍എച്ച്എസിന്റെ തലതിരിഞ്ഞ പല നയങ്ങളും തിരുത്താന്‍ മാനേജര്‍ തസ്തികയില്‍ ഉള്ളവര്‍ പോലും നിര്‍ബന്ധിതര്‍ ആകുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തു ഏറ്റവും ശക്തമായ കോവിഡ് വിഷയമായ മാറിയ പി പി ഇ ആവശ്യം ആശുപത്രികളില്‍ ഉയര്‍ന്നു കേട്ടത് മലയാളി നേഴ്സ്മാരിലൂടെയാണ്. മാഞ്ചസ്റ്റര്‍ അടക്കമുള്ള ആശുപത്രികളില്‍ മാസ്‌ക് ധരിക്കേണ്ടെന്നു പല വാര്‍ഡ് മാനേജര്‍മാരും വാദം ഉയര്‍ത്തിയപ്പോള്‍ ശക്തമായി എതിര്‍ത്തതു മലയാളി നഴ്‌സുമാരാണ്. മാസ്‌ക് ധരിച്ചു ജോലി ചെയ്താല്‍ മറ്റു രോഗികള്‍ക്ക് മാനസ പ്രയാസം ഉണ്ടാകും എന്നാണ് വിവരം കെട്ട മാനേജര്‍മാര്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ലോകാരോഗ്യ സംഘടനയും ഒടുവില്‍ എന്‍എംസിയും കര്‍ശന നിലപാടിലേക്ക് നീങ്ങിയപ്പോഴാണ് മലയാളി നഴ്‌സുമാര്‍ പറഞ്ഞതാണ് കാര്യമെന്ന് എന്‍എച്ച്എസ് മാനേജര്‍മാര്‍ക്ക് ബോധോദയം ഉണ്ടായത്. പി പി ഇ കിറ്റ് നിക്ഷേധിക്കുന്ന നിലപട് ഉണ്ടായപ്പോള്‍ കൂട്ടത്തോടെ ലീവ് എടുത്താണ് മിഡ്‌ലാന്റ്സിലെ ഹോസ്പിറ്റലുകളില്‍ മലയാളി ജീവനക്കാര്‍ പ്രതിക്ഷേധം കടുപ്പിച്ചത്. ഒടുവില്‍ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപുകളില്‍ ക്ഷമാപണം വരെ നടത്താന്‍ തയ്യാറായ മാനേജര്‍മാരും കുറവല്ല. മലയാളി ജീവനക്കാരുടെ കരുത്തു എന്‍എച്ച്എസ് മാനേജ്‌മെന്റ് കൂടുതലായി തിരിച്ചറിയുന്ന കാലം കൂടിയാണ് കോവിഡ് രോഗകാലം.

എന്‍എച്ച്എസ് ജീവനക്കര്‍ക്കു കോവിഡ് ടെസ്റ്റ് നടത്താന്‍ ഉള്ള തീരുമാനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചതും ബാപിയോ അടക്കമുള്ള  ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള വിവിധ സംഘടനകളുടെ സമ്മര്‍ദ്ദ ഫലമായാണ്. ടെസ്റ്റ് കിറ്റുകളുടെയും മറ്റും അഭാവം ഉണ്ടെന്നു തുറന്നു സമ്മതിച്ച സര്‍ക്കാര്‍ അവ ആദ്യ പരിഗണനയില്‍ ജീവനക്കാര്‍ക്ക് വേണ്ടി മാറ്റി വയ്ക്കാന്‍ തയ്യാറാണെന്നും പ്രഖ്യാപിക്കുക ആയിരുന്നു.

യുകെയുടെ ഏതു മുക്കിലും മൂലയിലും സേവനം ചെയ്യാന്‍ തയ്യാറുള്ളവരാണ് യുവ ഡോക്ടര്‍മാരും നഴ്സുമാരും എന്നതും ഇവരെ എന്‍എച്ച്എസില്‍ നിര്‍ണ്ണായകമാക്കുകയാണ്. ബ്രിട്ടീഷ് യുവത്വം ലണ്ടന്‍ അടക്കമുള്ള നഗര കേന്ദ്രങ്ങളില്‍ തമ്പടിക്കാന്‍ തയ്യാറാകുമ്പോള്‍ ഇന്ത്യന്‍ സമൂഹമാണ് വിദൂര ദിക്കുകളിലും ജോലി ചെയ്യാന്‍ തയാറാകുന്നത്. എമര്‍ജന്‍സി മെഡിസിന്‍, പാള്‍മൊണറി വിഭാഗം എന്നിവിടങ്ങളില്‍ വിദഗ്ധ പരിശീലനം നേടിയവരില്‍ നൂറ്കണക്കിന് ഇന്ത്യന്‍ യുവ ഡോക്ടര്‍മാരുടെ സംഘം ആണ് യുകെയില്‍ ഉള്ളത്. ഇവര്‍ തന്നെയാണ് ഇപ്പോള്‍ കോവിഡ് രോഗികള്‍ക്കു വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നതും.

നിലവില്‍ ജോലി ചെയ്യുന്നവരെ കൂടാതെ അടുത്തകാലത്ത് വിരമിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ള ഇന്ത്യന്‍ സമൂഹം പലവിധത്തിലാണ് ഈ കഷ്ടകാലത്തു എന്‍എച്ച്എസിനു തുണയായി മാറിയത്. യുകെയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനാ മുഖേനെയാണ് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം എന്‍എച്ച്എസ് ഉറപ്പാക്കിയത്. ഇത്തരത്തില്‍ തിരികെ ജോലിയില്‍ എത്തിയ ആഫ്രിക്കന്‍ വംശജനായ ഡോക്ടര്‍ കൊറോണ ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ചത് ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ പ്രാധാന്യം നേടിയിരുന്നു.

ഇത്തരം ധീരത ഏറ്റെടുക്കാന്‍ കുടിയേറ്റ സമൂഹമാണ് കൂടുതല്‍ മനക്കരുത്തു കാട്ടുന്നത് എന്ന് കൂടി തിരിച്ചറിയുകയാണ് എന്‍എച്ച്എസ് നേതൃത്വം. ഇതോടൊപ്പം സര്‍ക്കാര്‍ സന്നദ്ധ സേവനത്തിനു സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ തുറന്ന മനസോടെ രംഗത്ത് വന്നതും നൂറുകണക്കിന് മലയാളികളാണ്. അനേകായിരം മലയാളി കുടുംബങ്ങളുടെ അത്താണിയായ എന്‍എച്ച്എസ് പ്രതിസന്ധിയിലും മുന്നോട്ട് ഉലയാതെ നീങ്ങുന്നത് കാണാന്‍ ആണ് യുകെ മലയാളി സമൂഹം കാത്തിരിക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category