1 GBP = 92.70 INR                       

BREAKING NEWS

വീട്ടില്‍ നിന്നും ഇറങ്ങിയോടാന്‍ ഏപ്രില്‍ 15 ആകാന്‍ കാത്തിരിക്കുന്നവര്‍ അറിയുക; ആദ്യം ലോക്ക്ഡൗണില്‍ നിന്നും നീക്കുന്നതു കൊറോണാ രഹിത ജില്ലകളെ മാത്രം; ഈ ജില്ലകള്‍ക്കുള്ളില്‍ യാത്ര നിയന്ത്രിക്കും; ആള്‍ക്കൂട്ടങ്ങള്‍ക്കും പ്രധാന കൂട്ടായ്മകള്‍ക്കും വിലക്ക് തുടരും; സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍ നിയന്ത്രിതമായി പ്രവര്‍ത്തിക്കും; മോദിയുടെ ലോക്ക്ഡൗണ്‍ പിന്മാറ്റത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്; കേരളത്തില്‍ ഭാഗീക നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇരുപത്തൊന്നു ദിവസത്തെ അടച്ചുപൂട്ടിയ ജീവിതത്തിനു ശേഷം ഏപ്രില്‍ 15 ന് പുറത്തിറങ്ങി അടിച്ചുപൊളിക്കാന്‍ കാത്തിരിക്കുന്നവര്‍ നിരാശപ്പെടേണ്ടി വന്നേക്കും. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് നീക്കം ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരം. മറിച്ച് പടിപടിയായി ആയിരിക്കും ലോക്ക്ഡൗണ്‍ പിന്‍വലിക്കുക. ഇതിന്റെ മുന്നോടിയായി കൊറോണാ ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ജില്ലകളില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുക എന്നറിയുന്നു. ഇതു തന്നെ കര്‍ശനോപാധികളോടെ ആയിരിക്കും. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും ആള്‍ക്കൂട്ടവും, സമ്മേളനങ്ങളും അനുവദിക്കാന്‍ ഇടയില്ല.

ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം 4288 ആണ്. 4.1 ദിവസത്തില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇന്ത്യ ഇനിയും അപകട നില തരണം ചെയ്തിട്ടില്ല എന്നു തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ എല്ലാ ജില്ലാ തലവന്മാരുമായും വിഡീയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചിരുന്നു എന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞത്.

ഇന്ത്യയിലെ മൊത്തം 718 ജില്ലകളില്‍ 274 എണ്ണത്തില്‍ കൊറോണയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്,. 9 സംസ്ഥാനങ്ങളിലായി 21 ജില്ലകള്‍ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ ലോക്ക്ഡൗണ്‍ എടുത്തുകളയുന്നതിനുള്ള നടപടികള്‍ അതീവ കരുതലോടെ വേണം ചെയ്യാന്‍. വീണ്ടുമൊരു രോഗവ്യാപനത്തിന് അത് ഇടയാക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചുവേണം ലോക്ക്ഡൗണ്‍ നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയകള്‍ ആരംഭിക്കാന്‍. ഇതിനായി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് അറിയുന്നത്.


രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നിലവില്‍ കൊറോണഭീതിയില്‍ അല്ലാത്ത ജില്ലകളിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനോട് യോജിച്ചിട്ടുണ്ട്. കോവിഡ് ബാധയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഈ ജില്ലകളിലേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ആദ്യഘട്ടം ഇതായിരിക്കും എന്ന് രാജസ്ഥാന്‍ വ്യക്തമാക്കുന്നു. രണ്ടാം ഘട്ടത്തില്‍ താരതമ്യേന രോഗബാധ കുറവുള്ള ജില്ലകളിലെ നിയന്ത്രണങ്ങള്‍ നീക്കും. മൂന്നാം ഘട്ടത്തിലായിരിക്കും മറ്റ് ജില്ലകളിലേത് നീക്കുക. രാജസ്ഥാനിലെ 33 ജില്ലകളില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങള്‍ നീക്കിയാലും ആളുകള്‍ കൂട്ടംകൂടുന്നതിനുള്ള നിരോധനം വീണ്ടും തുടരും. അതുപോലെ സിനിമാ തീയറ്ററുകള്‍, മാളുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയും അടഞ്ഞു തന്നെ കിടക്കും.

ഹരിയാനയും ഈ രീതി പിന്തുടരാന്‍ സമ്മതമറിയിച്ചു എന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 22 ജില്ലകളില്‍ 14 ജില്ലകളിലും രോഗബാധയുള്ളതിനാല്‍ ഇവിടങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്ന കാര്യം ഇപ്പോള്‍ ആലോചനയില്‍ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. അതുപോലെ എന്‍ സി ആര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന ഗുഡ്ഗാവ്, ഫരീദാബാദ്, പാല്വാല്‍ എന്നി നഗരപ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ തുടരും. എല്ലാ സംസ്ഥാനങ്ങളോടും ലോക് ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ പകരം സംവിധാനം എന്തെന്നതിനെ കുറിച്ച് നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. കേരളം അടക്കം ഇതിന് പ്രത്യേക സമിതിയും തീരുമാനിച്ചു. ഈ സമിതിയുടെ തീരുമാന പ്രകാരമാകും കേരളത്തിലെ നിയന്ത്രണങ്ങളില്‍ തീരുമാനം ഉണ്ടാകുക. കേരളത്തില്‍ കുറച്ചു ദിവസം കൂടി നിയന്ത്രണം തുടരാന്‍ സാധ്യതയുണ്ട്.

മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഇനിയും രണ്ടാഴ്ച്ച കൂടി തുടര്‍ന്നേക്കുമെന്നാണ് അറിയുവാന്‍ സാധിക്കുന്നത്. ഏപ്രില്‍ 14 നു ശേഷവും ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി രാജേഷ് ടോപെ പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതുവരെ ഇന്ത്യയില്‍ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍, ജനസാന്ദ്രത ഏറിയ ധാരാവി പോലുള്ള മേഖലകളില്‍ കൊറോണയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് കൂടുതല്‍ ആശങ്കയ്ക്ക് വഴി തെളിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ 75 ജില്ലകളില്‍ 47 എണ്ണത്തില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തബ്ലിഗി ജമായത്തുമായി ബന്ധപ്പെട്ട കേസുകളല്ലാതെ ഇതുവരെ സമൂഹവ്യാപനം ഇവിടെ ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കാര്‍ഷിക വ്യവസായങ്ങളും അനുബന്ധ വ്യവസായങ്ങളും പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് നഗരമേഖലകളില്‍ നിന്നും വളരെ ദൂരെയായതിനാല്‍ ഇവ പ്രവര്‍ത്തനമാരംഭിക്കാന്‍ വലിയ ക്ലേശമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിന്റെ ഭാഗമായ, എന്‍ സി ആര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന നോയിഡ, ഘാസിയാബാദ് എന്നീ നഗരങ്ങളും തലസ്ഥാനമായ ലക്‌നൗവും ഉടനെയൊന്നും സാധാരണഗതിയിലേക്ക് വരാന്‍ ഇടയില്ല.

പഞ്ചാബില്‍ മിക്കയിടത്തും ലോക്ക്ഡൗണ്‍ തുടരാനാണ് സാധ്യത. റാബി വിളകളുടെ കൊയ്ത്തിനുള്ള സമയമായതിനാല്‍, അതില്‍ പങ്കെടുക്കുന്നവര്‍ക്കായി ഏപ്രില്‍ 15 ശേഷം പ്രത്യേക പാസ് അനുവദിച്ചേക്കും. ലുധിയാനയിലേയും ജലന്ധറിലേയും ചില വ്യവസായ ശാലകളും ഘട്ടംഘട്ടമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം ഏപ്രില്‍ 12നോ 13നോ മാത്രമേ ഉണ്ടാവുകയുള്ളു എന്നും അധികൃതര്‍ അറിയിക്കുന്നു.

എന്നാല്‍ ലോകമാകമാനമുള്ള കോവിഡ് 19 രോഗബാധയെ വളരെ അടുത്ത് നിരീക്ഷിക്കുന്ന അമേരിക്കന്‍ കണ്‍സല്ട്ടിങ് സ്ഥാപനമായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്റെ നിഗമനം, ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നീക്കം ചെയ്യുവാന്‍ ജൂണ്‍ പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ്. രോഗ വ്യാപനത്തിന്റെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍, ചൈനയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച അതേ കാലയളവിലാണ് ഇന്ത്യയിലും പ്രഖ്യാപിച്ചിരിക്കുന്നത്.

രോഗ വ്യാപനത്തിന്റെ ഘടന പരിശോധിക്കുമ്പോള്‍, ഇനി അധികമുണ്ടാകുന്ന രോഗികള്‍ക്കായി ആരോഗ്യസുരക്ഷാ നടപടികള്‍ കൈക്കൊള്ളുവാന്‍ ഇന്ത്യക്ക് സമയം ആവശ്യമാണ് അതിനാല്‍ ജൂണ്‍ പകുതി വരെയെങ്കിലും ഈ ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്നാണ് അവര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category