1 GBP = 95.60 INR                       

BREAKING NEWS

ദാരിദ്ര്യത്തില്‍ വിശപ്പടക്കാന്‍ എത്തിയത് പഴനി മലയില്‍; ജീവിത ദുഃഖങ്ങള്‍ക്കിടിയിലെ ഭജന പാടി എത്തിയത് ചെന്നൈയിലെ സംഗീത ലോകത്ത്; ദേവരാജന്‍ മാസ്റ്റര്‍ ഗുരുവായപ്പോള്‍ ആര്‍ കെ ശേഖര്‍ സുഹൃത്തുമായി; കൂട്ടുകാരന്റെ മരണത്തോടെ കൊച്ചു റഹ്മാന്റെ കൈ നെഞ്ചോട് ചേര്‍ത്തുകൊണ്ടു പോയത് റിക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്ക്; ടേപ്പ് റിക്കോര്‍ഡര്‍ ഓപ്പറേറ്ററില്‍ നിന്ന് കീ ബോര്‍ഡ് വായിപ്പിച്ച് ഓസ്‌കാര്‍ ജേതാവിന്റെ ആദ്യ ഗുരുവായി; യാത്രയാകുന്നത് യേശുദാസിനും എആര്‍ റഹ്മാനും വഴി തെളിച്ച സംഗീത സംവിധായകന്‍

Britishmalayali
kz´wteJI³

കൊച്ചി: മലയാള സംഗീതത്തിലെ മാസ്റ്ററായിരുന്നു എംകെ അര്‍ജുനന്‍. നിത്യഹരിത ഗാനങ്ങളുടെ രാജശില്‍പി. തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത കുലപതി. ഈ വിശേഷണങ്ങള്‍ക്കുപരി ലോക സംഗീതത്തിന് അര്‍ജുനന്‍ മാസ്റ്റര്‍ നല്‍കിയ സംഭാവനയാണ് സാക്ഷാല്‍ എആര്‍ റഹ്മാന്‍. തന്റെ വഴി സംഗീതമാണെന്ന് റഹ്മാന് കാട്ടിക്കൊടുത്ത ആദ്യ ഗുരു. റഹ്മാന്റെ അച്ഛനുമായുണ്ടായിരുന്ന അടുത്ത സൗഹൃദമാണ് ചെന്നൈയിലെ റിക്കോര്‍ഡിങ് സ്റ്റുഡുയോയിലേക്ക് ഈ കൊച്ചു മിടുക്കന്റെ കൈപിടിച്ച് അര്‍ജുനന്‍ മാസ്റ്ററെ എത്തിച്ചത്. അങ്ങനെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ടേപ്പി റിക്കോര്‍ഡര്‍ ഓപ്പറേറ്റ് ചെയ്ത് തുടങ്ങിയ ആര്‍ കെ ശേഖറിന്റെ മകന്‍ ലോക സംഗീതത്തിന്റെ നെറുകെയിലേക്ക് നടന്നു കയറി. അപ്പോഴും ഈ ഗുരുനാഥനെ റഹ്മാന്‍ മറന്നില്ല.

പക്ഷേ കൊറോണക്കാലത്ത് ഈ ഗുരുനാഥന്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ പോലും ഈ ശിഷ്യര്‍ക്ക് എത്താനാകില്ല. അങ്ങനെ മലയാളിക്ക് നൊമ്പരങ്ങള്‍ നല്‍കിയ വിഷാദ ഗാനങ്ങളുടെ ശില്‍പി യാത്രയാവുകയാണ്. ശിഷ്യന്മാര്‍ക്കും ആരാധകര്‍ക്കും സംഗീത സാന്ദ്രമായ ഓര്‍മ്മയാകും ആയിരത്തിലേറെ പാട്ടുകള്‍ക്ക് ഈണം നല്‍കിയ ഈ പ്രതിഭ ഇനി. അംഗീകാരങ്ങള്‍ നല്‍കേണ്ടവര്‍ മനപ്പൂര്‍വ്വം കണ്ടില്ലെന്ന് നടിച്ചപ്പോഴും ചിരിച്ച് മുഖവുമായി നടന്ന ആ മനുഷ്യന്‍ ഇനി ഓര്‍മ്മ മാത്രം. റഹ്മാനെ പോലുള്ള ശിഷ്യന്മാരിലൂടെ ആ സംഗീതം ഇനിയും ഉയര്‍ന്നു കേള്‍ക്കും.

സുഹൃത്തായ ആര്‍കെ ശേഖറിന്റെ മകന്‍ ദിലീപ് എന്ന സംഗീത പ്രതിഭ പിന്നീട് എആര്‍ റഹ്മാനായതിലും അര്‍ജുനന്‍ മാസ്റ്ററുടെ പങ്ക് ചെറുതല്ല. 1968 ലെ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ ആദ്യ ഗാനം മുതല്‍ ഇങ്ങോട്ടുള്ള ഗാന മാധുര്യങ്ങളൊക്കെയും മലയാളികളുടെ മനസ് നിറച്ചു. പി ഭാസ്‌ക്കരന്‍, വയലാര്‍, ഒ എന്‍ വി, ശ്രീകുമാരന്‍ തമ്പി, തിക്കുറുശ്ശി, മുല്ലനേഴി, പൂവച്ചല്‍ ഖാദര്‍, ഭരണിക്കാവ് ശിവകുമാര്‍, പാപ്പനംകോട് ലക്ഷ്മണ്‍ തുടങ്ങിയ പ്രതിഭകളുടെ വരികളെ അനുപമ ഗാനസൃഷ്ടികളാക്കി മാഷ് മലയാളിക്ക് സമ്മാനിച്ചു. ശേഖറിന്റെ മരണത്തോടെ ആ കുടുംബവും കഷ്ടതയിലേക്ക് നീങ്ങി. ഇത് തിരിച്ചറിഞ്ഞാണ് റഹ്മാന്റെ മകനെ മാഷ് കൂടെ കൂട്ടിയത്.

 
റഹ്മാനെ കുറിച്ച് അര്‍ജുനന്‍ മാസ്റ്റര്‍ മുമ്പ് പറഞ്ഞത്
 
റഹ്മാനെ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ അച്ഛന്‍ ശേഖര്‍ വഴിയാണ്. 1968ല്‍ സിനിമയില്‍ വന്നപ്പോഴാണ് ശേഖറിനെ പരിചയപ്പെട്ടത്. അക്കാലത്ത് കംപോസ് ചെയ്യാന്‍ ശേഖറിന്റെ വീട്ടില്‍ പോയിരുന്നു. അവിടെ വച്ച് ഈ കുട്ടിയെ (എ.ആര്‍. റഹ്മാന്‍) കാണും. കംപോസിങ് നടക്കുമ്പോള്‍ അവിടെ വന്നിരിക്കും. പഠിത്തം കഴിഞ്ഞു വന്നാല്‍ പിന്നെ കീബോര്‍ഡിന്റെ മുകളില്‍ കിടന്നാണ് 'ഓട്ടം'. കൈ വെറുതെ വച്ചങ്ങനെ ഓടിക്കും. പിന്നീട്, അദ്ദേഹം പിയാനോ പഠിക്കാന്‍ പോയി. കംപോസിങ് കഴിഞ്ഞു ഞങ്ങള്‍ അവിടെ നിന്നു മാറിയാലും റഹ്മാന്‍ അവിടെ ഇരുന്ന് ഇതെല്ലാം വായിച്ചു കൊണ്ടേയിരിക്കും. റഹ്മാന്റെ അച്ഛന്റെ മരണ ശേഷം ഒരു ദിവസം അമ്മ വിളിച്ചു പറഞ്ഞു-ഇയാളെ ഒന്ന് എവിടെയെങ്കിലും സ്റ്റുഡിയോയില്‍ കൊണ്ടുപോയി പഠിപ്പിക്കണം.
 

1981ല്‍ 'അടിമച്ചങ്ങല' എന്ന ചിത്രത്തില്‍ ആദ്യമായി വായിപ്പിച്ചു. അതേതുടര്‍ന്ന് എന്റെ എല്ലാ സിനിമകള്‍ക്കും വായിക്കാന്‍ തുടങ്ങി. പിന്നീട് പലരും റഹ്മാനെ വിളിക്കുകയും വായിക്കാന്‍ പോകുകയും ചെയ്തു. ഇയാള്‍ അക്കാലത്ത് ജിംഗിള്‍സ് ചെയ്യും. അങ്ങനെയിരിക്കെ ഒരിക്കല്‍ ഇയാള്‍ ചെയ്ത ജിംഗിള്‍സ് മണിരത്നം കേട്ടു. അങ്ങനെയാണ് 'റോജ'യിലേക്ക് ക്ഷണിക്കുന്നത്. റഹ്മാനെ സംബന്ധിച്ചിടത്തോളം 'റോജ'യ്ക്കു ലഭിച്ച നേട്ടങ്ങള്‍ വരാനിരിക്കുന്ന അവാര്‍ഡുകളുടെ തുടക്കം മാത്രമായിരുന്നു. അതിപ്പോള്‍ ഓസ്‌കര്‍ പുരസ്‌കാരം വരെ എത്തിയിരിക്കുന്നു. അതിനു കാരണം റഹ്മാന്റെ പ്രയത്നം തന്നെയാണ്. എല്ലാവരും പാട്ടു ചെയ്യുന്നതു പോലെ രണ്ടാഴ്ച കൊണ്ടോ, മൂന്നാഴ്ച കൊണ്ടോ, ഒരുമാസം കൊണ്ടോ ചെയ്തു തീര്‍ക്കാറില്ല. വര്‍ഷങ്ങളെടുക്കും. ഒരു പാട്ടെടുത്താല്‍ അയാള്‍ക്കു തൃപ്തി വരുന്നതു വരെ ചെയ്യും. ഇന്‍സ്ട്രുമെന്റില്‍ ചെയ്യുന്ന സൗണ്ട്സ് പ്രത്യേകമാണ്. ആ പ്രത്യേകത തന്നെയാണ് അയാളുടെ വിജയവും.

കെജെ യേശുദാസിന്റെ വീട്ടിന് അടുത്തായിരുന്നു അര്‍ജുനന്‍ മാസ്റ്ററുടെ വീട്. യേശുദാസിന് വേണ്ടി ആദ്യമായി പാട്ടിന് ഈണം നല്‍കിയതും അത് റിക്കോര്‍ഡ് ചെയ്തതും അര്‍ജുനന്‍ മാസ്റ്ററായിരുന്നു. യുവജനോത്സവത്തില്‍ വിജയിയായ കൊച്ചു യേശുദാസിന് നാട്ടുകാര്‍ സ്വീകരണം നല്‍കി. അന്ന് പൊന്‍കുന്നം ദാമോദരന്റെ പാട്ട് യേശുദാസിന് വേണ്ടി ഈണം ചെയ്യിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. അത് അവര്‍ ഏല്‍പ്പിച്ചത് യേശുദാസിന്റെ അയല്‍വാസി കൂടിയായ അര്‍ജുനന്‍ എന്ന മിടുമിടുക്കനെ ആയിരുന്നു. ഈ പാട്ട് റിക്കോര്‍ഡ് ചെയ്യുകയും ചെയ്തു. അങ്ങനെ റഹ്മാനെ കൈപിടിച്ച് സിനിമാ ലോകത്ത് എത്തിച്ച അര്‍ജുനന്‍ മാസ്റ്റര്‍ യേശുദാസിന്റെ സംഗീത വഴിയുടെ തുടക്കത്തിലും വഴി കാട്ടിയുടെ റോളിലെത്തി.

പകരംവയ്ക്കാനാവാത്ത സംഗീത സപര്യയായാണ് ഇന്ന് വിടവാങ്ങുന്നത്. 22-ാം വയസില്‍ തുടങ്ങിയ മാഷിന്റെ സംഗീത മാധുര്യം ഇന്നും മലയാളിയുടെ കാതുകളില്‍ മുഴങ്ങുകയാണ്. 1946 മാര്‍ച്ച് ഒന്നാം തീയതി ഫോര്‍ട്ടുകൊച്ചിയില്‍ ചിരട്ടപ്പാലത്തുകൊച്ചു കുഞ്ഞിന്റെയും പാര്‍വതിയുടെയും മകനായി ജനിച്ച അര്‍ജുനന്‍ മാഷ് നാടകഗാനങ്ങളിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്ത് എത്തുന്നത്. തുടക്ക കാലത്ത് സിനിമ ലോകത്തു നിന്നും നേരിടേണ്ടി വന്ന ചില തിരിച്ചടികളെ പുഞ്ചിരിയോടെ നേരിട്ടു. 16 തവണ മികച്ച നാടക സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയിട്ടുള്ള സംഗീത കുലപതി. ദാരിദ്രമാണ് അര്‍ജുനന്‍ മാസ്റ്ററെ സംഗീത സംവിധായകനാക്കിയത്. പഴനിമലയുടെ സംഭാവന.

പഴനിയിലെ ആശ്രമത്തില്‍ മാഷെ എത്തിച്ചത് ബാല്യത്തില്‍ നേരിട്ട കടുത്ത ദാരിദ്ര്യമായിരുന്നു. ആശ്രമത്തില്‍ ഭജനകള്‍ പാടി തന്റെ സ്വരസ്ഥാനങ്ങള്‍ ഉറപ്പിച്ചു. പിന്നീട് ആശ്രമത്തിലെ സ്വാമി അര്‍ജുനന്‍ മാസ്റ്ററെ സംഗീതം പഠിപ്പിച്ചു. പതിയെ ചെന്നൈയില്‍ എത്തി. പിന്നീട് ദേവരാജന്‍ മാസ്റ്ററുടെ ഹാര്‍മോണിസ്റ്റും. കെപിഎസിയിലൂടെ പാട്ടുകളുടെ വഴിയേ എത്തി. അക്കാലത്തെ സംഗീത മഹാരഥന്മാര്‍ക്കൊപ്പമാണ് കേവലം ഹാര്‍മോണിസ്റ്റ് എന്നൊരിക്കല്‍ അവഗണിക്കപ്പെട്ടിരുന്ന എംകെ അര്‍ജുനന് സ്ഥാനം ലഭിച്ചത്. ആ യാത്രയില്‍ ദേവരാജന്‍ മാസ്റ്ററുടെ ആശിര്‍വാദവും ആര്‍കെ ശേഖറുടെ സംരക്ഷണവും താങ്ങും തണലുമായി. പിന്നീട് അദ്ദേഹം തിരിഞ്ഞു നോക്കിയില്ല.

ഫോര്‍ട്ട് കൊച്ചിയിലെ താമരപ്പറമ്പ് സ്‌കൂളിലാണ് അര്‍ജുനന്‍ മാസ്റ്റര്‍ പഠിച്ചത്. ഒന്നില്‍നിന്ന് രണ്ടിലേക്ക് ജയിച്ചു. പല കാരണങ്ങള്‍കൊണ്ട് പഠിത്തംനിര്‍ത്തേണ്ടി വന്നു. പിന്നീട് മാഷും ജ്യേഷ്ഠനും പോവുന്നത് പഴനി ജീവകാരുണ്യാനന്ദാശ്രമത്തിലാണ്. ആറേഴുവര്‍ഷം അവിടെയുണ്ടായിരുന്നു. മാഷെ വളര്‍ത്തിയ നാടാണ് പഴനിയും ഈ ആശ്രമവും. അവിടെനിന്നാണ് പഠിത്തവും സംഗീതവും എല്ലാം. പഴനിയില്‍നിന്ന് മടങ്ങി നാട്ടില്‍ വന്നശേഷം പലരും വിളിച്ച് കച്ചേരി നടത്തിച്ചു. പക്ഷേ, ഹാര്‍മോണിയം വായിക്കാന്‍ തുടങ്ങിയതിനുശേഷമാണ് മാഷിന് കുറെശ്ശെ പരിപാടി കിട്ടാന്‍ തുടങ്ങിയത്. അത് സംഗീത ലോകത്തേക്ക് പുതിയ വഴിയുമൊരുക്കി.

ഒരു ഇടവേളയ്ക്കു ശേഷം സംവിധായകന്‍ ജയരാജിന്റെ നവരസ പരമ്പര ചിത്രങ്ങളില്‍ വീരം' എന്ന ചിത്രത്തിലൂടെയാ മാസ്റ്റര്‍ വീണ്ടും സജീവമായത്. ജയരാജിന്റെ തന്നെ ചിത്രമായ ഭായനകത്തിലും മാഷ് ആയിരുന്നു സംഗീതം. ആയിരത്തിയഞ്ഞൂറിലേറെ സിനിമഗാനങ്ങള്‍ അസംഖ്യം നാടക ഗാനങ്ങള്‍, അതിലേറെയും കാലാതിവര്‍ത്തിയായ ഹിറ്റുകള്‍. 1968 ല്‍ തുടങ്ങിയ സംഗീത സപര്യയ്ക്ക് കേരള സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് അര്‍ഹനാകാന്‍ മാസ്റ്റര്‍ക്ക് അരനൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. ഭയാനകത്തിലെ ഗാനങ്ങളിലൂടെ ഒടുവലദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

ചെമ്പകതൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി, അനുവാദമില്ലാതെ അകത്തു വന്നു..., ഏഴു സുന്ദരരാത്രികള്‍..തുടങ്ങിയവ മലയാളി നെഞ്ചിലേറ്റി. ഈ എണ്‍പത്തിനാലാം വയസിലും ഹാര്‍മോണിയത്തോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം. പാടാത്തെ വീണയും പാടും.... ഈ വരികള്‍ പോലെയായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. കസ്തൂരി മണമുള്ള ഗാനങ്ങളൊരുക്കിയാണ് അര്‍ജുനന്‍ മാസ്റ്റര്‍ വിടവാങ്ങുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category