1 GBP = 94.20 INR                       

BREAKING NEWS

പത്തുവര്‍ഷം മുമ്പ് സ്റ്റുഡന്റ് വിസയില്‍ എത്തിയ സിന്റോയ്ക്കും നിമ്മിക്കും ബാക്കിയായത് പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങള്‍ മാത്രം; വിസ ശരിയാകും മുമ്പ് മരണം തട്ടിയെടുത്തത് ഈ പിഞ്ചു കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങളെ: കൊറോണയെ ഭയന്നു വീട്ടിലിരിക്കുന്ന നമുക്ക് റെഡ് ഹില്ലിലെ ഈ കണ്ണീര്‍ തുടയ്ക്കാന്‍ കൈകോര്‍ക്കാം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി സ്റ്റുഡന്റ് വിസയില്‍ എത്തിയ ഒരു മലയാളി നേരിടുന്ന മുഴുവന്‍ വേദനയും യാതനയും അനുഭവിച്ചാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശി സിന്റോ ജോര്‍ജ് ഇന്നലെ ജീവിതത്തില്‍ നിന്നും യാത്രയായിരിക്കുന്നത്. ഒരു പക്ഷെ യുകെയിലെ ഇനിയും പച്ചപിടിക്കാത്ത ആയിരക്കണക്കിന് സ്റ്റുഡന്റ് വിസക്കാരില്‍ ഒരാള്‍. യുകെയില്‍ എത്തിയാല്‍ തേനും പാലും ജീവിതത്തില്‍ ഒഴുകും എന്ന് വിശ്വസിക്കപ്പെട്ട അനേകരില്‍ ഒരാള്‍. എങ്ങനെയും അഞ്ചു വര്‍ഷം പിടിച്ചു നിന്നാല്‍ പി ആറും പിന്നെ പൗരത്വവും എന്ന സ്വപ്നം മുന്നില്‍ കണ്ടു വിമാനം കയറിയവരില്‍ ഒരാള്‍.

എന്നാല്‍ 2008നു ശേഷം സ്റ്റുഡന്റ് വിസയില്‍ എത്തിയവരില്‍ അപൂര്‍വ്വം പേര്‍ക്ക് മാത്രമാണ് സ്ഥിര താമസം എന്ന അപൂര്‍വ സൗഭാഗ്യം വീണു കിട്ടിയത്. ഒരു താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റിന് വേണ്ടി പതിനായിരം പൗണ്ട് മുടക്കി രണ്ടോ മൂന്നോ വര്‍ഷം ജോലി സംഘടിപ്പിക്കുന്ന അനേകായിരങ്ങള്‍ക്കിടയില്‍ പ്രതീക്ഷ കൈവിടാതെ ഏപ്രില്‍ - മെയ് മാസത്തോടെ അവസാന പേപ്പറുകളും ശരിയാകുമെന്ന വിശ്വാസത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു സിന്റോയും കുടുംബവും.
അതിനിടയിലാണ് 15 ദിവസം മുമ്പ് സിന്റോയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ആരംഭിച്ചത്. ഹോസ്പിറ്റലില്‍ വിളിച്ചപ്പോള്‍ മരുന്നുകള്‍ കഴിച്ച് വീട്ടില്‍ തന്നെ വിശ്രമിക്കുവാന്‍ പറഞ്ഞു. എങ്കിലും ശ്വാസം മുട്ടല്‍ ഉണ്ടായതോടെ ആംബുലന്‍സ് ടീം എത്തുകയും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതായി വ്യക്തമാകുകയും ചെയ്തു. ഉടന്‍ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി. രണ്ടു ദിവസം വാര്‍ഡിലും ശേഷം വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ കാര്‍ഡിയാക് അറസ്റ്റു മൂലം മരണത്തിനു കീഴടങ്ങി. ഈസ്റ്റ് സറേ ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്. ഇപ്പോള്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫ്യൂണറല്‍ ഡയറക്ടേഴ്സ് മൃതദേഹം ഏറ്റെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

11 വര്‍ഷം മുമ്പാണ് സിന്റോ ലണ്ടനിലേക്ക് എത്തിയത്. ലണ്ടനില്‍ നിന്നുമാണ് ചാലക്കുടി സ്വദേശിനിയായ നിമ്മിയെ പരിചയപ്പെട്ടത്. ശേഷം നാട്ടിലെത്തി വിവാഹം കഴിച്ചു. എട്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം. അതിനു ശേഷം ഇരുവരും ലണ്ടനിലേക്ക് തിരികെയെത്തി. ഒരു കുഞ്ഞുണ്ടായതിനു ശേഷമാണ് നിമ്മി തിരികെ എത്തിയത്. സ്റ്റുഡന്റ് വിസയിലാണ് ഇരുവരും എത്തിയത്. അതിനാല്‍ തന്നെ കെയര്‍ ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. മറ്റു രണ്ടു മക്കളും ലണ്ടനിലാണ് ജനിച്ചത്. മൂന്നാമത്തെ കുഞ്ഞിന് ഒരു വയസ് ആയിട്ടേയുള്ളൂ. അതുകൊണ്ടു തന്നെ നിമ്മി ജോലിയ്ക്കും പോയിരുന്നില്ല.

ഏതു ജോലി ചെയ്യുമ്പോഴും കഠിനമായി അധ്വാനിച്ച ചെറുപ്പക്കാരനായിരുന്നു സിന്റോ. പഠനശേഷം മുംബൈയില്‍ ഓപ്പറേഷന്‍ തീയേറ്ററിന്റെ ഇന്‍ചാര്‍ജ്ജായും കപ്പലില്‍ നഴ്സായുമൊക്കെ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. അതിനു ശേഷമാണ് ലണ്ടനിലേക്ക് ചേക്കേറുന്നത്. എത്ര കഷ്ടപ്പെട്ടായാലും ലണ്ടനില്‍ പിടിച്ചു നിന്നു ജീവിതം പച്ച പിടിപ്പിക്കാനായിരുന്നു സിന്റോയുടെ ശ്രമം. ഇതിന്റെ അവസാനവട്ട ശ്രമം എന്ന നിലയില്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് നല്‍കിയ അപേക്ഷയില്‍ തീരുമാനം ആകുന്നതും കാത്തിരിക്കുക ആയിരുന്നു.

ബന്ധുവിന്റെ വീട്ടിലാണ് നിമ്മിയും മക്കളും ഇപ്പോള്‍ കഴിയുന്നത്. മലയാളി സംഘടനകളെല്ലാം നിമ്മിയ്ക്കും മക്കള്‍ക്കും പിന്തുണ നല്‍കി ഒപ്പമുണ്ട്. ഉടന്‍ പെര്‍മനന്റ് റെസിഡന്‍സി ലഭിച്ചേക്കും എന്ന ധാരണയില്‍ സിന്റോയും കുടുംബവും കഴിഞ്ഞ എട്ടു വര്‍ഷമായി പ്രിയപ്പെട്ടവര്‍ ആരെയും നാട്ടില്‍ എത്തി കണ്ടിട്ടില്ല. കാരണം യുകെയില്‍ നിന്നും യാത്ര ചെയ്താല്‍ പിന്നെ തിരിച്ചു വരാന്‍ കഴിയില്ല എന്നതാണ് ഇമ്മിഗ്രേഷന്‍ നിയമം. ഈ കുരുക്കില്‍ പെട്ട് പത്തുവര്‍ഷത്തില്‍ അധികമായി നാട്ടില്‍ വേണ്ടപ്പെട്ടവരെയും പ്രിയപ്പെട്ടവരെയും കാണാന്‍ കഴിയാതെ യുകെയില്‍ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരോടും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടില്ല.

ഇരിട്ടി കീഴ്പ്പള്ളി അത്തിക്കല്‍ സ്വദേശിയായ സിന്റോയുടെ വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും മാത്രമാണ് ഉള്ളത്. ജോര്‍ജ്ജ് - ഏലിയാമ്മ ദമ്പതികളുടെ നാലുമക്കളില്‍ രണ്ടാമനായിരുന്നു സിന്റോ. മൂത്ത മകള്‍ സിനോബി വിവാഹം കഴിഞ്ഞ് മണിക്കടവില്‍ താമസിക്കുകയാണ്. മൂന്നാമത്തെ മകള്‍ സിന്‍സി ഗുജറാത്തില്‍ കന്യാസ്ത്രീയായും ഏറ്റവും ഇളയ മകന്‍ സിബിന്‍ ബാംഗ്ലൂര്‍ കോളേജില്‍ ഡ്രൈവറായും ജോലി ചെയ്യുകയാണ്.

തെറ്റായ സമയത്തു യുകെയില്‍ എത്തി എന്നത് മാത്രമാണ് സിന്റോ അടക്കമുള്ളവര്‍ ചെയ്ത തെറ്റ്. പക്ഷെ ഇന്നലെ രാവിലെ കോവിഡ് രോഗം കഠിനമായി ഹൃദയാഘാതം ഉണ്ടായതോടെ ഇനി സിന്റോയെ തങ്ങള്‍ ആരും കാണില്ലല്ലോ എന്ന വേദനയുമാണ് സിന്റോയുടെ നാട്ടിലെ സുഹൃത്തുക്കള്‍ ഇന്നലെ ബ്രിട്ടീഷ് മലയാളിയോട് പങ്കുവച്ചതും. മൂന്നു പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്കൊപ്പം ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് നിമ്മി ഇപ്പോള്‍. അതിനാല്‍ തന്നെ, ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായവും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
 
വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Sinto Appeal
IBAN Number: GB70MIDL40470872314320

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category