1 GBP = 92.50 INR                       

BREAKING NEWS

കരിങ്കല്ലുകളും ഉപയോഗ ശൂന്യമായ ഇലക്ട്രിക് പോസ്റ്റുകളും കമ്പിയും വീപ്പകളും തടിക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് കിണറുമുക്കില്‍ ഗതാഗതം തടസപ്പെടുത്തി; കാങ്കോല്‍ -ചീമേനി, വെളിച്ചംതോട് റോഡ്, ചെറുപുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളിലും കണ്ടത് സമാന രീതി; കാസര്‍കോട്ടേക്കുള്ള അതിര്‍ത്തി അടച്ചില്ലെന്ന വിശദീകരണം പച്ചക്കള്ളം; തടസ്സങ്ങള്‍ നീക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടപ്പോള്‍; യതീഷ് ചന്ദ്രയുടെ നിര്‍ദ്ദേശ പ്രകാരം അടച്ചത് 11 റോഡുകള്‍; തെളിവുകള്‍ മറുനാടന്‍ പുറത്തു വിടുന്നു

Britishmalayali
ആര്‍ പീയൂഷ്

കണ്ണൂര്‍: ജില്ലാ അതിര്‍ത്തികള്‍ അടച്ചില്ലെന്ന കണ്ണൂര്‍ പൊലീസിന്റെ വിശദീകരണം പച്ചക്കള്ളമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തികള്‍ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് അടച്ചു എന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് മേധാവിയുടെ ഒഫിഷ്യല്‍ ഫേസ്ബുക്കില്‍ വിശദീകരണം നടത്തിയിരുന്നു. അതിര്‍ത്തി അടച്ചു എന്ന വാര്‍ത്ത നല്‍കിയ മറുനാടന്‍ മലയാളിക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസുമെടുത്തു. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ കാസര്‍ഗോഡ് അതിര്‍ത്തി അടക്കുന്ന പൊലീസിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും മറുനാടന്‍ പുറത്ത് വിടുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ യതീഷ് ചന്ദ്ര ജില്ലാ അതിര്‍ത്തികളില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. രോഗ വ്യാപനം തടയാനായി എത്രയും വേഗം അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടച്ചിടണമെന്ന് എസ്പി നിര്‍ദ്ദേശിച്ചു. എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം അന്ന് വൈകുന്നേരം തന്നെ പെരിങ്ങോം, ചെറുപുഴ പൊലീസിന്റെ നേതൃത്വത്തില്‍ അതിര്‍ത്തികള്‍ അടച്ചു. അതിര്‍ത്തിയിലെ 11 റോഡുകളാണ് അടച്ചത്. ദേശീയപാതയിലൂടെ കാലിക്കടവ് വഴിയും മലയോര ഹൈവേയിലെ ചെറുപുഴ പാലം വഴിയും കടുത്ത നിയന്ത്രണങ്ങളോടെയാണ് പിന്നീട് വാഹനങ്ങള്‍ കടത്തിവിട്ടത്. ഇടറോഡുകളിലെല്ലാം നേരത്തേ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും കര്‍ശനമാക്കിയിരുന്നില്ല.

കരിങ്കല്ലുകളും ഉപയോഗ ശൂന്യമായ ഇലക്ട്രിക് പോസ്റ്റുകളും കമ്പിയും വീപ്പകളും തടിക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് ഒരു വാഹനവും കടന്ന് പോകാന്‍ കഴിയാത്ത വിധമാണ് ജില്ലാ അതിര്‍ത്തിയായ കിണറുമുക്കില്‍ പെരിങ്ങോം പൊലീസ് ഗതാഗതം തടസപ്പെടുത്തിയത്. കാങ്കോല്‍ -ചീമേനി, വെളിച്ചംതോട് റോഡ്, ഒളവറ, കാരതലിച്ചാലം, തട്ടാര്‍ക്കടവ്, പുളിങ്ങോം - പാലാവയല്‍ പാലം, ചെറുപുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ്, കൊല്ലാട് പാലം, പെരിങ്ങോം - നെടുംകല്ല് പാലം, പൊന്നംവയല്‍ -ചീമേനി, പൊത്താംകണ്ടം ചീമേനി എന്നീ റോഡുകളാണ് എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് അടച്ചു പൂട്ടിയത്. മാതൃഭൂമിയും മനോരമയും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മറുനാടനും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. സംഭവം വിവാദമായതോടെ യതീഷ് ചന്ദ്ര എത്രയും വേഗം റോഡിലെ തടസങ്ങള്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ഇതോടെ അടച്ചിട്ട റോഡുകള്‍ ഭാഗീകമായി തുറന്നു.
റോഡുകള്‍ തുറന്നതോടെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് എസ്പിക്ക് വലിയ ക്ഷീണമായി. ഇതിനെ പ്രതിരോധിക്കാനായി റോഡുകള്‍ ഒന്നും അടച്ചില്ലെന്നും ഭാഗീകമായി വാഹനങ്ങള്‍ കടത്തിവിടാന്‍ നിര്‍ദ്ദേശം നല്‍കിയതു മാത്രമേ ചെയ്തുള്ളൂ എന്നും എസ്പി വിശദീകരണവുമായി ഫെയ്‌സ് ബുക്കിലെത്തി. പിന്നാലെ വാര്‍ത്ത നല്‍കിയ മറുനാടന്‍ മലയാളിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കി എന്ന പേരില്‍ കേസെടുക്കാന്‍ പയ്യന്നൂര്‍ പൊലീസിന് എസ്പി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇന്ന് രാവിലെ മനോരമ എസ്പിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ സഹിതം വാര്‍ത്ത നല്‍കുകയും ചെയ്തു. ഇതോടെ യതീഷ് ചന്ദ്ര കൂടുതല്‍ കുരുക്കിലേക്ക് വീഴുകയാണ്.
രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ അതിര്‍ത്തി അടച്ച് കാസര്‍കോടിനെ അകറ്റി നിര്‍ത്തിയെന്ന വാര്‍ത്ത മറുനാടനില്‍ എത്തിയത്. കണ്ണൂരിന് പോലും കാസര്‍കോടിനെ പേടി; പിന്നെ എങ്ങനെ കര്‍ണ്ണാടകയെ കുറ്റം പറയാനാവും? കണ്ണൂരും കാസര്‍കോടുമായുള്ള അതിര്‍ത്തികള്‍ എല്ലാം കല്ലും മണ്ണുമിട്ട് അടച്ച് യതീഷ് ചന്ദ്ര; അതിര്‍ത്തിയില്‍ കാവലുള്ള പൊലീസുകാരോട് റോഡ് അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചത് എസ് പി നേരിട്ട്; പെട്ടുപോയത് അവശ്യ സര്‍വ്വീസുകാരും ആരോഗ്യ പ്രവര്‍ത്തകരും; എസ് പിയുടെ ഉത്തരവ് ലംഘിക്കാനാവില്ലെന്ന് പ്രതിഷേധക്കാരോട് പൊലീസിന്റെ മറുപടിയും; കാസര്‍കോടിനെ കണ്ണൂരും ഒറ്റപ്പെടുത്തുമ്പോള്‍-എന്ന തലവാചകത്തില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയ്ക്കുള്ളില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത് മാതൃഭൂമിയാണെന്ന് വ്യക്തമായി പറയുന്നുണ്ട്.
ഓണ്‍ലൈനിലെ മാതൃഭൂമിയിലെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുമുണ്ട്. മാതൃഭൂമിയുടെ വാര്‍ത്തയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രസിദ്ധീകരിക്കുക മാത്രമാണ് മറുനാടന്‍ ചെയ്തതെന്നും വാര്‍ത്തയ്ക്കുള്ളില്‍ വ്യക്തമാണ്. അതായത് ഉറവിടം കൃത്യമായി പറഞ്ഞുള്ള വാര്‍ത്ത. ഏപ്രില്‍ അഞ്ചിന് തന്നെ സമാനമായ വാര്‍ത്ത മനോരമയിലും എത്തി. എന്നാല്‍ വ്യാജ പ്രചണരണത്തിന് കള്ളക്കേസ് മറുനാടന്‍ മലയാളിക്ക് എതിരെ മാത്രവും. ഇതാണ് ഇപ്പോള്‍ കണ്ണൂര്‍ എസ്പി തിരുത്തിയത്. മാതൃഭൂമി വാര്‍ത്ത നല്‍കിയെന്ന പേരിലുള്ള വാര്‍ത്തയാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കണ്ണൂര്‍ എസ്പി പറഞ്ഞത്. ഇതു സംബന്ധിച്ച് കണ്ണൂര്‍ പൊലീസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. കണ്ണൂര്‍ ജില്ലയില്‍ ജില്ലാ അതിര്‍ത്തി റോഡുകള്‍ പൊലീസ് അടച്ചു എന്ന വാര്‍ത്ത വ്യാജമെന്ന തലവാചകത്തോടെയാണ് ആണ് അത്. ഈ പോസ്റ്റ് തെറ്റാണെന്നാണ് പുറത്തു വരുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
 
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉള്ള ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകള്‍ പൊലീസ് അടച്ചിട്ടു എന്ന വ്യാജവര്‍ത്തക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു എന്നായിരുന്നു പോസ്റ്റ്. സര്‍ക്കാരും പൊലീസും അനുശാസിക്കുന്ന അത്യാവശ്യ സര്‍വ്വീസുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി യതിഷ് ചന്ദ്ര IPS എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിശദീകരിച്ചിരുന്നു.
ഏപ്രില്‍ അഞ്ചിനാണ് മാതൃഭൂമി കണ്ണൂരിലെ റോഡ് അടയ്ക്കല്‍ വാര്‍ത്ത നല്‍കുന്നത്. കണ്ണൂര്‍ എസ്പി. യതീഷ് ചന്ദ്ര പെരിങ്ങോം സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച വൈകുന്നേരം സന്ദര്‍ശിച്ചിരുന്നു. ജില്ല അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാരോട് റോഡ് കല്ലിട്ട് അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്ക് സേവനം ചെയ്യാന്‍ പോയ ആരോഗ്യ വകുപ്പ് ജീവനക്കാരും വനിതാ ജീവനക്കാരും അവശ്യ സര്‍വീസ് ജീവനക്കാരായ ട്രഷറി, സിവില്‍ സപ്ലൈസ് ജീവനക്കാരും മടങ്ങിവന്നപ്പോള്‍ റോഡില്‍ കല്ലിട്ട് അടച്ച നിലയിലായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. കല്ലും മണ്ണുമിട്ട് ഒരു റോഡും കേരളം അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മാതൃഭൂമിയിലെ വാര്‍ത്ത മറുനാടനും നല്‍കിയത്. മറുനാടന്‍ വാര്‍ത്ത വൈറലായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ തടസ്സങ്ങള്‍ മാറ്റിയെന്നാണ് സൂചന.
 
ഏപ്രില്‍ അഞ്ചിന് വന്ന വാര്‍ത്തയില്‍ കണ്ണൂര്‍ പൊലീസ് അന്ന് മൗനത്തിലായിരുന്നു. ഫെയ്‌സ് ബുക്ക് പേജില്‍ പോലും വ്യാജ വാര്‍ത്തയെന്ന പ്രതികരണം നടത്തിയില്ല. ഏപ്രില്‍ അഞ്ചിന് തന്നെ മനോരമയിലും വാര്‍ത്ത എത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് മനോരമ വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തികളില്‍ കൂടുതല്‍ റോഡുകള്‍ അടച്ചു. മംഗളൂരു വഴി തടഞ്ഞതോടെ പ്രയാസത്തിലായ മലയോരത്തെ ആംബുലന്‍സുകള്‍ക്ക് ഇനി പരിയാരം മെഡിക്കല്‍ കോളജിലേക്കു പോകാനും ഇതോടെ പ്രയാസമായി. കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തി കിണര്‍മുക്കില്‍ കല്ലും ടാര്‍ വീപ്പയും ഉപയോഗിച്ചാണ് കണ്ണൂര്‍ പൊലീസ് റോഡ് പൂര്‍ണമായും അടച്ചത്. പുളിങ്ങോം പാലാവയല്‍ പാലം വഴിയുള്ള ഗതാഗതവും തടഞ്ഞു. ഗതാഗതം ദേശീയപാത കാലിക്കടവ് വഴി മാത്രമേ അനുവദിക്കൂ.-ഇങ്ങനെയാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്.
കിലോമീറ്ററുകള്‍ അധികം സഞ്ചരിച്ചു വേണം മലയോരത്തെ രോഗികളെയും കൊണ്ടുള്ള ആംബുലന്‍സുകള്‍ക്ക് ഇനി പരിയാരം മെഡിക്കല്‍ കോളജിലെത്താന്‍. പാലാവയലില്‍നിന്ന് പുളിങ്ങോം ഭാഗത്തേക്കു പോകാനുള്ള സൗകര്യവും പുളിങ്ങോം പാലം അടച്ചതോടെ ഇല്ലാതായി. പാലാവയലിലെ ജനങ്ങള്‍ പുളിങ്ങോം പിഎച്ച്‌സിയെയാണ് ആശ്രയിക്കുന്നത്. പാലം അടച്ചതോടെ ഇതുവഴിയുള്ള യാത്ര അസാധ്യമായി. ഇനി ചെറുപുഴ വഴി കറങ്ങി വേണം ഈ പ്രദേശത്തുകാര്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്താന്‍-ഇങ്ങനെയാണ് വാര്‍ത്ത അവസാനിക്കുന്നത്. അതായത് ആരോഗ്യ പ്രവര്‍ത്തകരേയും ആംബുലിന്‍സിനും പോലും പൊലീസ് വഴി നല്‍കിയില്ലെന്ന് വ്യക്തമാക്കുന്ന വാര്‍ത്തയായി മനോരമയിലേതും മാറി. പക്ഷെ കേസ് വന്നത് മറുനാടന് നേരെ മാത്രമാണ്.

മംഗലാപുരത്തേക്കുള്ള ദേശീയ പാത കര്‍ണ്ണാടക അടച്ചത് കേരളത്തില്‍ വലിയ പ്രതിഷേധമായി മാറിയിരുന്നു. റോഡ് കല്ലും മണ്ണും ഇട്ട് അടയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന വാദം കേരളം ഉയര്‍ത്തി. റോഡുകളിലൂടെ ചുറ്റിക്കറങ്ങേണ്ടി വന്നതു കൊണ്ട് 10ഓളം ജീവനുകളാണ് കേരളത്തില്‍ പൊലിഞ്ഞത്. ഇതിന് സമാനമായ സാഹചര്യമാണ് കാസര്‍കോടുമായുള്ള അതിര്‍ത്തിയില്‍ കണ്ണൂര്‍ പൊലീസും ഉണ്ടാക്കിയതെന്ന് മനോരമയുടെ വാര്‍ത്തയിലും വ്യക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category