1 GBP = 94.00 INR                       

BREAKING NEWS

938 മരണങ്ങളുമായി ഇന്നലെ ബ്രിട്ടന്‍ റെക്കോര്‍ഡ് ഇട്ടെങ്കിലും ആശ്വാസിക്കാന്‍ വകയുണ്ടെന്ന് സര്‍ക്കാര്‍; ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ്; ലോക്ക്ഡൗണ്‍ ഉടനെയെങ്ങും അവസാനിക്കില്ലെന്ന് സൂചന; ബോറിസിന്റെ നില മെച്ചപ്പെടുന്നു

Britishmalayali
kz´wteJI³

യുകെയില്‍ മരണം വിതച്ച് നിര്‍ദയം വിളയാടുന്ന കൊറോണയെന്ന മഹാവ്യാധിയ്ക്കെതിരായുള്ള പോരാട്ടങ്ങളില്‍ നേരിയ വിജയം കണ്ട് തുടങ്ങിയെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കൊറോണ കേസുകളില്‍  കുതിച്ച് ചാട്ടം കുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇന്നലെ രാജ്യത്ത് കൊറോണ ബാധിച്ച് 938 പേര്‍ മരിച്ച് റെക്കോര്‍ഡ് ഇട്ടെങ്കിലും ആശുപത്രികളിലെത്തുന്ന കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ആശ്വാസത്തിന്റെ പൊന്‍കിരണങ്ങള്‍ തെളിയാന്‍ തുടങ്ങിയതിന്റെ സൂചനയാണെന്നാണ് അധികൃതര്‍ എടുത്ത് കാട്ടുന്നത്.

കോവിഡ്-19നെതിരെയുള്ള പോരാട്ടത്തിനായി യുകെയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ പോലുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഫലം കണ്ട് തുടങ്ങിയെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നും അതിനാല്‍ ലോക്ക്ഡൗണ്‍ ഉടനെയൊന്നും വേണ്ടെന്ന് വയ്ക്കില്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ കൊറോണ ബാധിച്ച് ആശുപത്രിയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മെച്ചപ്പെടുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.ഏറ്റവും പുതിയ പ്രവണതകളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ രോഗം സാവധാനം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നുവെന്നാണ് വ്യക്തമാവുന്നതെന്നാണ് ഗവണ്‍മെന്റ് ഡെപ്യൂട്ടി ചീഫ് സയന്റിഫിക് അഡൈ്വസറായ പ്രഫ. ഏയ്ജെല മാക്ലീന്‍ എടുത്ത് കാട്ടുന്നത്.

എന്നാല്‍ കൊറോണ മരണങ്ങളുടെ കാര്യത്തില്‍ ഇറ്റലിയിലുണ്ടായ പ്രതിദിന റെക്കോര്‍ഡായ 919മരണങ്ങളെ  കവച്ച് വച്ചാണ് ഇന്നലെ ബ്രിട്ടനില്‍ 938 കൊറോണ മരണങ്ങളുണ്ടായിരിക്കുന്നതെന്നത് ആരെയും ഞെട്ടിപ്പിക്കുന്നു. ചൊവ്വാഴ്ച രാജ്യത്ത് 786 പേര്‍ മരിച്ചതില്‍ നിന്നുമുയര്‍ന്നാണ് ഇന്നലെ 938 എന്ന റെക്കോര്‍ഡിലെത്തിയിരിക്കുന്നത്. ഇക്കാരണത്താല്‍ അടുത്ത തിങ്കളാഴ്ച ലോക്ക്ഡൗണ്‍ മൂന്നാഴ്ച തികയുന്ന വേളയില്‍ അത് അവസാനിപ്പിക്കാന്‍ ഡൗണിംഗ് സ്ട്രീറ്റ് പരിഗണിക്കുന്നേയില്ലെന്നും വ്യക്തമായിട്ടുണ്ട്. ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഗുണം ചെയ്തതിനാലാണ് ആശുപത്രികളിലെത്തുന്ന പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നതെന്നാണ്  ഏയ്ജെല ആവര്‍ത്തിക്കുന്നത്.

ഇതിനെ തുടര്‍ന്ന് വരാനിരിക്കുന്ന ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ വൈറസ് വ്യാപനത്തെ വന്‍ തോതില്‍ കുറയ്ക്കാനാവുമെന്ന പ്രതീക്ഷയും ഏയ്ജെല പ്രകടിപ്പിക്കുന്നു. എന്നാല്‍ യുകെയില്‍ കൊറോണ മൂര്‍ധന്യത്തിലെത്തുന്നതിനെ തുടര്‍ന്ന് ഇന്നലത്തെ റെക്കോര്‍ഡ് മരണസംഖ്യ വരും ദിവസങ്ങളില്‍ ആവര്‍ത്തിക്കാനോ അല്ലെങ്കില്‍ അതിനെ മറി കടക്കാനോ സാധ്യതയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങളും പുറത്ത് വന്നിട്ടുണ്ട്. കൊറോണ ബാധിച്ച് ബ്രിട്ടനില്‍ മരിച്ചിരിക്കുന്നവരുടെ ആകെ എണ്ണം 7097 ആയാണ് വര്‍ധിച്ചിരിക്കുന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലേതിനേക്കാള്‍ ആളുകള്‍ യുകെയില്‍ മരിച്ചിരിക്കുന്നുവെന്ന് ചുരുക്കം.

ഇന്നലെ മാത്രം 5491 പുതിയ കൊറോണ കേസുകള്‍ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് പറയുന്നത്. ഇതോടെ ഫെബ്രുവരിയില്‍ കൊറോണ യുകെയില്‍ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 60,733 പേരായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ ദൈനദിന വര്‍ധനവില്‍ ഇന്നലെ കുറവ് രേഖപ്പെടുത്തിയത് ആശാവഹമാണെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. കൂടാതെ കോവിഡ്-19 ടെസ്റ്റുകളുടെ എണ്ണത്തിലും കാര്യമായ പുരോഗതി കൈവരുത്താന്‍ സാധിച്ചിട്ടുണ്ട്.

ഇത് പ്രകാരം ചൊവ്വാഴ്ച 9740 പേരെയാണ് കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കിയിരുന്നതെങ്കില്‍ ഇന്നലെ ഏതാണ്ട് 13,000 പേരെയാണ് ടെസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ദിവസത്തിനുള്ളില്‍ ഏതാണ്ട് 3000 പേരെ കൂടുതലായി ടെസ്റ്റ് ചെയ്തുവെന്ന് ചുരുക്കം. മാര്‍ച്ച് 27നായിരുന്നു ഇറ്റലിയില്‍ റെക്കോര്‍ഡ് മരണസംഖ്യയായ 919 രേഖപ്പെടുത്തിയിരുന്നത്. സ്പെയിനില്‍ റെക്കോര്‍ഡായ 950 മരണങ്ങള്‍ ഏപ്രില്‍ രണ്ടിനായിരുന്നു. എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയിലെ മൊത്തം രോഗബാധിതര്‍ നാല് ലക്ഷത്തിലധികമാണ്. കൊറോണയുടെ ദൈനംദിന മരണത്തില്‍ റെക്കോര്‍ഡിട്ടിരിക്കുന്നതും അമേരിക്കയാണ്. ചൊവ്വാഴ്ച ഇവിടെ മരിച്ചിരിക്കുന്ന 1799 പേരാണ്.

കൊറൊണ അധികരിച്ച് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന ബോറിസിന്റെ നില മെച്ചപ്പെട്ട് വരുന്നുവെന്നും അദ്ദേഹം ട്രീറ്റ്മെന്റുകളോട് നന്നായി പ്രതികരിക്കുന്നുവെന്ന ആശാവഹമായ റിപ്പോര്‍ട്ടുംഅതിനിടെ പുറത്ത് വന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കടുത്ത പനി കുറയാന്‍ തുടങ്ങിയിട്ടുമുണ്ട്. ബോറിസിന് ശ്വസനസഹായികളുടെ പിന്തുണയില്ലാതെ ശ്വസിക്കാന്‍ സാധിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ് പറയുന്നത്. വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണ് ബോറിസ് ഐസിയുവില്‍ കഴിയുന്നത്.

ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് അദ്ദേഹം കഴിയുന്നത്. ഔദ്യോഗിക കര്‍ത്തവ്യങ്ങളൊന്നും ഫോണിലൂടെ പോലും ബോറിസ് നിര്‍വഹിക്കുന്നില്ലെങ്കിലും തന്റെ എയ്ഡുകളുമായി അദ്ദേഹം ബന്ധപ്പെടാറുണ്ടെന്നാണ് നമ്പര്‍ 10 പറയുന്നത്.  എന്നാല്‍ വൈറസിനോട് പൊരുതി നല്ല ക്ഷീണം സംഭവിച്ചിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്‍ പ്രധാനമന്ത്രി പദത്തിലെക്ക് തിരിച്ചെത്തുന്നതിന് മുമ്പ് ആഴ്ചകളോളം വിശ്രമം നിര്‍ബന്ധമായിരിക്കുമെന്ന ആശങ്ക ശക്തമാണ്.
ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ വെള്ളിയാഴ്ച (10-04-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category