തിരുവനന്തപുരം: വിവാദങ്ങളില്‍ നടപടി ഉറപ്പായതോടെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അന്തര്‍ സംസ്ഥാന ഡെപ്യുട്ടേഷന് ശ്രമം തുടങ്ങിയതായി സൂചന. കണ്ണൂരിലെ ഏത്തിമിടിക്കല് സംഭവവും അതിര്‍ത്തി അടയ്ക്കല്‍ വിവാദവുമാണ് നീക്കം ശക്തമാക്കാന്‍ കാരണം. അതിനിടെ കണ്ണൂര്‍ - കാസര്‍ഗോഡ് അതിര്‍ത്തികള്‍ അടച്ചിട്ട സംഭവം കര്‍ണാടക സര്‍ക്കാരിനെ സഹായിക്കാനാണെന്ന സംശയം കേരള സര്‍ക്കാരിനുണ്ട്. ഇക്കാര്യത്തില്‍ വിശദ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങിയതായാണ് വിവരം.
കേരളാ അതിര്‍ത്തികള്‍ കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട് അടച്ച സംഭവം വിവാദമായിരുന്നു. ഇതിനിടെയാണ് കാസര്‍ഗോട്ടേക്കുള്ള കണ്ണൂരിലെ വഴികളും അടച്ചത്. കേരളത്തില്‍ തന്നെ കാസര്‍ഗോഡ് ജില്ലയെ ഒറ്റപ്പെടുത്താന്‍ സമീപ ജില്ലയായ കണ്ണൂര്‍ പോലും റോഡുകള്‍ അടച്ചു പൂട്ടി എന്ന് കര്‍ണാടക സര്‍ക്കാരിന് വാദിക്കാവുന്ന തരത്തിലായിരുന്നു കണ്ണൂരിലെ സംഭവം. ആ സമയത്ത് തന്നെ മാതൃഭൂമിയും മനോരമയും ഇത് വാര്‍ത്തയാക്കി. വലിയ ചര്‍ച്ച കണ്ണൂരില്‍ നടക്കുകയും ചെയ്തു. ഉടനെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് അതിര്‍ത്തി തുറക്കുകയും ചെയ്തു. ഏത്തമിടിക്കല് സംഭവത്തോടെ തന്നെ മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായ യതീഷ് ചന്ദ്ര ഇനി കേരളത്തില്‍ അധികകാലം ഷൈന്‍ ചെയ്യാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളാ കേഡറായ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. സ്വന്തം സംസ്ഥാനമായ കര്‍ണാകയിലേക്ക്, തന്നെ മാറ്റണം എന്ന ലക്ഷ്യത്തോടെ ഇന്റര്‍സ്റ്റേറ്റ് ഡെപ്യുട്ടേഷനായി കരുനീക്കം തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയിലേക്ക് ചേക്കാറാന്‍ വേണ്ടിയാണ് അതിര്‍ത്തി അടച്ചതെന്ന സംശയവും മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ട്. കഴിഞ്ഞ കുറേ നാളുകളായി തന്നെ യതീഷ് ചന്ദ്ര ഇന്റര്‍സ്റ്റേറ്റ് ഡെപ്യൂട്ടേഷനായി ശ്രമിക്കുകയാണ്. കേന്ദ്രത്തില്‍ രാജ് നാഥ് സിങ് ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ തന്നെ ഇതിനായി ചരടുവലികള്‍ നടന്നിരുന്നു. രാജ്നാഥ് സിങ്ങിന്റെ വിശ്വസ്ഥന് യതീഷ് ചന്ദ്രയുടെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ മൂലം അന്ന് നടന്നില്ല. ഇതാണ് വീണ്ടും സജീവമാക്കുന്നത്.
കര്‍ണാടകയിലെ പ്രബലമായ വീരശൈവ-ലിംഗായത്ത് സമുദായത്തില്‍പ്പെട്ടയാളാണ് യതീഷ് ചന്ദ്ര. കര്‍ണാടക രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാണ് ലിംഗായത്തുകള്‍. കോണ്‍ഗ്രസിലും ബിജെപിയിലും ഏറ്റവും കൂടുതല്‍ ഉള്ളത് ഈ സമുദായക്കാരാണ്. അതു കൊണ്ട് തന്നെ കേന്ദ്രസര്‍ക്കാരില്‍ നല്ല സ്വാധീനമുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതിന്റെ പേരില്‍ പല പരാതികളും ബിജെപി സര്‍ക്കാരിന് പോയെങ്കിലും യതീഷിന് നേരെ ഒരു നടപടിയും ഉണ്ടാകാതിരുന്നതിന് കാരണം കേരള സര്‍ക്കാരിന്റെ പ്രൊട്ടക്ഷന്‍ അല്ല, മറിച്ച് കേന്ദ്രത്തിലുള്ള അദ്ദേഹത്തിന്റെ സമുദായ നേതാക്കളുടെ കഴിവാണ്. പൊന്‍ രാധാകൃഷ്ണന്റെ പരാതിയില്‍ ശാസനയ്ക്ക് അപ്പുറം ഒരു നടപടിയും ഉണ്ടായില്ല എന്നത് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.
കര്‍ണാടകത്തിലെ പ്രബല സാമുദായിക ശക്തിയായ വീരശൈവ-ലിംഗായത്ത് വിഭാഗത്തിന്റെ വീരശൈവര്‍ക്ക് ആത്മീയവും സാമ്പത്തികവുമായ ആനുകൂല്യങ്ങള്‍ കേന്ദ്രം നല്കി വരുന്നുണ്ട്. കര്‍ണാടകത്തില്‍ പ്രബലമായ വീരശൈവ സമുദായത്തിന്റെ നേതാക്കള്‍ ബിജെപിയിലും കോണ്‍ഗ്രസിലും പ്രബലരാണ്. യെദിയൂരപ്പ അടക്കമുള്ളവര്‍ സമുദായത്തില്‍ നിന്നുള്ള നേതാക്കളാണ്. കര്‍ണ്ണാടക സര്‍ക്കാരിനെ പ്രീതിപ്പെടുത്തി ചുളുവില്‍ അവിടേക്ക് സ്ഥാനമാറ്റം ലഭിക്കാനാണ് യതീഷ് ചന്ദ്ര നീക്കം നടത്തുന്നതെന്നാണ് സൂചന.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം യതീഷ് ചന്ദ്ര പുറത്തിറങ്ങിയവരെ ഏത്തമിടീപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമായിരുന്നു നടത്തിയത്. സമൂഹ അടുക്കളയിലെ ഭക്ഷണത്തിന്റെ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങിയ പൊതു പ്രവര്‍ത്തകനെയും കുഞ്ഞുങ്ങള്‍ക്ക് ബിസ്ക്കറ്റ് വാങ്ങാന്‍ പുറത്തിറങ്ങിയ ഗൃഹനാഥനെയുമാണ് യതീഷ് ഏത്തമിടീപ്പിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണം നടത്തിയപ്പോള്‍ എസ്പിക്ക് വീഴ്ച പറ്റി എന്ന് മനസ്സിലായി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റാന്‍ തീരുമാനിക്കുകയും മറ്റൊരു ഐ.പി.എസ് ഓഫീസറെ എസ്പിയായി നിയമിക്കാന്‍ ആലോചിക്കുകയും ചെയ്തു. എന്നാല്‍ കൊറോണ വൈറസ് ജില്ലയില്‍ വ്യാപിച്ചാല്‍ അത് മറ്റൊരു വിവാദത്തിലേക്ക് മാറും എന്ന് മനസ്സിലാക്കി തല്ക്കാലം തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ യതീഷ് ചന്ദ്ര ജില്ലാ അതിര്‍ത്തികളില്‍ സന്ദര്‍ശനം നടത്തുകയും രോഗ വ്യാപനം തടയാനായി എത്രയും വേഗം അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടച്ചിടണമെന്ന് നിര്‍ദ്ദേശിച്ചു. എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം അന്ന് വൈകുന്നേരം തന്നെ പെരിങ്ങോം, ചെറുപുഴ പൊലീസിന്റെ നേതൃത്വത്തില്‍ അതിര്‍ത്തികള്‍ അടച്ചു. അതിര്‍ത്തിയിലെ 11 റോഡുകളാണ് അടച്ചത്. ദേശീയപാതയിലൂടെ കാലിക്കടവ് വഴിയും മലയോര ഹൈവേയിലെ ചെറുപുഴ പാലം വഴിയും കടുത്ത നിയന്ത്രണങ്ങളോടെയാണ് പിന്നീട് വാഹനങ്ങള്‍ കടത്തിവിട്ടത്. ഇടറോഡുകളിലെല്ലാം നേരത്തേ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും കര്‍ശനമാക്കിയിരുന്നില്ല.
കരിങ്കല്ലുകളും ഉപയോഗ ശൂന്യമായ ഇലക്ട്രിക് പോസ്റ്റുകളും കമ്പിയും വീപ്പകളും തടിക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് ഒരു വാഹനവും കടന്ന് പോകാന്‍ കഴിയാത്ത വിധമാണ് ജില്ലാ അതിര്‍ത്തിയായ കിണറുമുക്കില്‍ പെരിങ്ങോം പൊലീസ് ഗതാഗതം തടസപ്പെടുത്തിയത്. കാങ്കോല്‍ -ചീമേനി, വെളിച്ചംതോട് റോഡ്, ഒളവറ, കാരതലിച്ചാലം, തട്ടാര്ക്കടവ്, പുളിങ്ങോം - പാലാവയല് പാലം, ചെറുപുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ്, കൊല്ലാട് പാലം, പെരിങ്ങോം - നെടുംകല്ല് പാലം, പൊന്നംവയല്‍ -ചീമേനി, പൊത്താംകണ്ടം ചീമേനി എന്നീ റോഡുകളാണ് എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് അടച്ചു പൂട്ടിയത്. മാതൃഭൂമിയും മനോരമയും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മറുനാടനും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. സംഭവം വിവാദമായതോടെ യതീഷ് ചന്ദ്ര എത്രയും വേഗം റോഡിലെ തടസങ്ങള്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്കി. ഇതോടെ അടച്ചിട്ട റോഡുകള്‍ ഭാഗീകമായി തുറന്നു.

റോഡുകള്‍ തുറന്നതോടെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് എസ്പിക്ക് വലിയ ക്ഷീണമായി. ഇതിനെ പ്രതിരോധിക്കാനായി റോഡുകള്‍ ഒന്നും അടച്ചില്ലെന്നും ഭാഗീകമായി വാഹനങ്ങള്‍ കടത്തിവിടാന്‍ നിര്‍ദ്ദേശം നല്കിയതു മാത്രമേ ചെയ്തുള്ളൂ എന്നും എസ്പി വിശദീകരണവുമായി ഫെയ്സ് ബുക്കിലെത്തി. പിന്നാലെ വാര്‍ത്ത നല്കിയ മറുനാടന്‍ മലയാളിക്കെതിരെ വ്യാജ വാര്‍ത്ത നല്കി എന്ന പേരില്‍ കേസെടുക്കാന്‍ പയ്യന്നൂര്‍ പൊലീസിന് എസ്പി നിര്‍ദ്ദേശം നല്കി. എന്നാല്‍ അന്ന് രാവിലെ മനോരമ എസ്പിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ സഹിതം വാര്‍ത്ത നല്‍കുകയും ചെയ്തു. ഇതോടെ യതീഷ് ചന്ദ്ര കൂടുതല്‍ കുരുക്കിലേക്ക് വീഴുകയാണ്.
കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലക്കാരാനാണ് യതീഷ്. ബംഗളൂരുവില്‍ ഇലക്ട്രോണിക് എന്‍ജിനിയറായി ജോലി ചെയ്ത് വരികയായിരുന്ന യതീഷ് ആ ജോലി ഉപേക്ഷിച്ചാണ് ഐ.പി.എസുകാരനായത്. സോഫ്റ്റ വെയര്‍ എന്‍ജിനീയര്‍ ആയ ശ്യമളയാണ് യതീഷിന്റെ ഭാര്യ.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ