അമേരിക്കയേയും യൂറോപ്പിനേയും കണ്ണീരിലാക്കി കൊറോണയുടെ അശ്വമേധം; പിടിച്ചു കെട്ടാന്‍ ആര്‍ക്കും കഴിയാതെ വന്നതോടെ മഹാമാരി ബാധിച്ചവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു; മരണ സംഖ്യയും നീങ്ങുന്നത് ലക്ഷം കണക്കിലേക്ക്; അമേരിക്കയില്‍ മാത്രം നാലര ലക്ഷത്തോട് അടുത്ത് വൈറസ് ബാധിതര്‍; പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നും രോഗാണു കടല്‍ കടന്നപ്പോള്‍ മരണ നിരക്കിലും വര്‍ദ്ധന; കോവിഡ് 19ല്‍ ലോക ശക്തികള്‍ വിറയ്ക്കുമ്പോള്‍
ന്യൂയോര്‍ക്ക്: മഹാമാരിയെ പിടിച്ചു കെട്ടാന്‍ ആര്‍ക്കും കഴിയുന്നില്ല. കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷവും കടന്നു. മരണ സംഖ്യ എണ്പത്തിയെട്ടായിരവും. പത്ത് ലക്ഷത്തില്‍ അധികം ആക്ടീവ് കേസുകളുണ്ട്. മൂന്ന് ലക്ഷം പേര് മാത്രമാണ് രോഗത്തെ അതിജീവിച്ചത്. ചൈനയില്‍ നിന്ന് രോഗം അമേരിക്കയിലേക്കും യൂറോപ്പിലേക്കുമെത്തുമ്പോള് മരണ നിരക്കും കൂടുകയാണ്. ഇത് ആശങ്ക കൂട്ടുകയാണ്. മഹാമാരിയുടെ എല്ലാ സ്വഭാവവും കൊറോണ കാട്ടി തുടങ്ങിയിരിക്കുന്നു.
ഏറ്റവും കൂടുതല്‍ രോഗികള്‍ യുഎസിലാണ് 430,271. മരണനിരക്കിലും യുഎസ് ആണ് മുന്നില്‍. 24 മണിക്കൂറിനുള്ളില്‍ 1373 പേരാണു മരിച്ചത്. ആകെ മരണസംഖ്യ 14,738. കോവിഡില്‍ ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്. 148,220 പേര്‍ക്കു രോഗം ബാധിച്ചതില്‍ 17,669 പേര് മരിച്ചു. 1,46,690 പേര്‍ക്കു കോവിഡ് ബാധിച്ച സ്പെയിന് ആണ് മരണനിരക്കില്‍ രണ്ടാമത്. ഇവിടെ 14,792 പേര്‍ക്കു ജീവന് നഷ്ടപ്പെട്ടു. ബ്രിട്ടനിലും കാര്യങ്ങള്‍ കൈവിട്ട മട്ടാണ്. 60,733 പേര്‍ക്കാണു രോഗം ബാധിച്ചത്. മരിച്ചവരുടെ ആകെ എണ്ണം 7,097. ഫ്രാന്‍സില്‍ 1,12,950 പേര്‍ക്കു രോഗം ബാധിച്ചു, മരണം 10,869. ജര്‍മനിയില്‍ 1,09,702 പേര്‍ക്കു രോഗം ബാധിച്ചു, മരണം 2105. അങ്ങനെ യൂറോപ്പിന്റെ കണ്ണുനീരായി കൊറോണ മാറുകയാണ്. അമേരിക്കയാണ് ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്നത്. കൊറോണയെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ക്കും രാഷ്ട്രീയ നടപടികള്‍ക്കും എതിരെ വിദഗ്ദ്ധര്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങളുമായി വരുന്നത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അസ്വസ്ഥനാക്കുന്നു.
ചൈനയില്‍ 81,802 പേര്‍ക്കാണു രോഗം ബാധിച്ചത്, മരണം 3333. ഇറാനില്‍ 64,586 പേരാണു രോഗബാധിതരായത്, 3993 പേര് മരിച്ചു. രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും മരണനിരക്കില്‍ ബെല്‍ജിയവും നെതര്‍ലന്‍ഡ്സും ആശങ്ക സൃഷ്ടിക്കുന്നു. 23,403 പേര്‍ക്കു രോഗം വന്ന ബെല്‍ജിയത്തില്‍ ആകെ മരണം 2240. നെതര്‍ലന്‍ഡ്സില്‍ 20,549 പേര്‍ക്കാണു രോഗം വന്നത്, മരണം 2248. ഇന്ത്യയിലും രോഗികളുടെ എണ്ണം ആറായിരത്തോട് അടുക്കുകയാണ്. മരണം 178ഉം. ഇന്നലെ 18 പേരാണ് ഇന്ത്യയില്‍ മരിച്ചത്. 565 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.അതിനിടെ യൂറോപ്പിലും അമേരിക്കയിലും രോഗം പടരുന്നത് ഏവരേയും ആശങ്കയിലാക്കുന്നുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പലവട്ടം ട്രംപ് കോപാകുലനായി. സര്‍ക്കാര്‍ നടപടികളുടെ അപര്യാപ്തതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ട്രംപിനെ ക്ഷോഭാകുലനാക്കിയത്.
അമേരിക്കയില്‍ ആശുപത്രികളില്‍ അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ട്രംപിന്റെ മറുപടി. രാഷ്ട്രീയവും ശാസ്ത്രവും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ അമേരിക്കയില്‍ എന്നും പ്രസിഡന്റ് പറഞ്ഞു. കോവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന് ഫലപ്രദമാണെന്ന് യാതൊരു തെളിവുകളുമില്ലാതെ ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ രാജ്യത്തെ മുതിര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധന്‍ ഡോ. ആന്റണി ഫൗസിയുടെ വായ് മൂടികെട്ടുകയാണ് ട്രംപ് ചെയ്തത്.
ആയിരങ്ങള്‍ മരിക്കുമ്പോള്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി കാത്തുനില്ക്കാന് കഴിയില്ലെന്നാണു ട്രംപ് പറഞ്ഞത്. കോവിഡ് വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതിനൊപ്പം രാജ്യത്തെ സമ്പദ്വ്യവസ്ഥ ശിഥിലമാകുകയാണ്. കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്കയില്‍ കൊറോണ പടര്‍ന്നുപിടിച്ച് പതിനായിരങ്ങള്‍ മരിക്കുമെന്നും സാമ്പത്തികനില താളം തെറ്റുമെന്നും ജനുവരിയില്‍ തന്നെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റര്‍ നവാരോ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ ഇത് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ന്യൂജഴ്സിയില്‍ ഒരു ദിവസം മരിച്ചവരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡില്‍ എത്തി.. 232 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചതെന്നു ന്യൂജഴ്സി ഗവര്‍ണര്‍ ഫിലിപ്പ് ഡി. മര്‍ഫി പറഞ്ഞു. ന്യൂയോര്‍ക്ക് മരണനിരക്കില്‍ ഓരോ ദിവസവും പുതിയ റെക്കോഡാണ് സൃഷ്ടിക്കുന്നത്. കണക്റ്റിക്കട്ടിലെ ഏറ്റവും വലിയ സംഖ്യയായ 71 പേരുടെ മരണവും നടുക്കിയിരിക്കുകയാണെന്ന് ഗവര്‍ണര്‍ നെഡ് ലാമോണ്ട് പറഞ്ഞു.
രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ രോഗികളാണ് ന്യൂയോര്‍ക്കിലും ന്യൂജഴ്സിയിലും മരിച്ചത്. കാലിഫോര്‍ണിയ, വാഷിങ്ടണ്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വെന്റിലേറ്ററുകള്‍ ഇവിടേക്ക് എത്തിക്കും. അമേരിക്കയില്‍ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളില്‍ പകുതിയിലധികവും രണ്ട് സംസ്ഥാനങ്ങളിലും ചേര്‍ന്നാണ്. ചൊവ്വാഴ്ച വരെ ന്യൂയോര്‍ക്കിന്റെ എണ്ണം 5,489 ആയിരുന്നു; ന്യൂ ജേഴ്സി 1,232-ലും. വൈറസ് പടരുന്നത് മന്ദഗതിയിലാണെന്ന് കരുതിയ കണക്റ്റിക്കട്ടില്‍ 277 പേരാണ് മരിച്ചത്. ന്യയോര്‍ക്കില്‍ ഇതുവരെ 5,489 പേര് മരിച്ചപ്പോള്‍ രോഗം സ്ഥിരീകരിച്ച കേസുകള്‍ 138,836 ആണ്. ഇതില്‍ തന്നെ ന്യൂയോര്‍ക്ക് സിറ്റിയില്‍ 76,876 കേസുകളാണുള്ളത്. ഇവിടെ തീവ്രപരിചരണത്തില്‍ കഴിയുന്നത് 4,593 പേരും. ന്യൂജേഴ്സിയിലാവട്ടെ ഇതുവരെ മരിച്ചത് 1232 പേരും, സ്ഥിരീകരിച്ച കേസുകള്‍ 44,416 പേരുടേതുമാണ്. വെന്റിലേറ്ററില്‍ കഴിയുന്നത്, 1,651 പേരും. കണക്റ്റിക്കട്ടില്‍ ഇതുവരെ 277 പേരിച്ചു. രോഗം ബാധിച്ചവര്‍ 7,781 പേരാണ്. വെന്റിലേറ്ററില്‍ മരണത്തോടു മല്ലടിച്ചു കഴിയുന്നത് 1,308 രോഗികളാണ്.
ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും കൊറോണ ലോംഗ് ഐലന്‍ഡിലെ സഫോക്ക് കൗണ്ടിയിലേക്കു മാറുന്നതിന്റെ സൂചനകള്‍ ഇന്നലെ മുതല്‍ കണ്ടു തുടങ്ങിയെന്നു കൗണ്ടി എക്സിക്യൂട്ടീവ് സ്റ്റീവ് ബെലോണ്‍ പറഞ്ഞു. മൂന്നാഴ്ച മുമ്പ്, ഒരു ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന സഫോക്ക് കൗണ്ടിയില്‍ വൈറസുമായി ബന്ധപ്പെട്ട ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ഇന്നലെ ആ എണ്ണം 200 കവിഞ്ഞു, അദ്ദേഹം പറഞ്ഞു.