കോവിഡില്‍ ആഗോള മരണ നിരക്ക് ആറു ശതമാനം; രാജ്യത്ത് മൂന്ന് ശതമാനം; കേരളത്തിലെ 345 രോഗ ബാധിതരില്‍ മരിച്ചത് രണ്ട് പേരും; ഒരു രോഗിയില്‍ നിന്ന് 2.6 പേര്‍ക്ക് രോഗം പകരാമെന്നത് രാജ്യാന്തര ശരാശരി; കേരളത്തില്‍ പുറത്തുനിന്നെത്തിയത് 254 രോഗികള്‍; പകര്‍ന്നത് 91 പേരിലും; നിപയ്ക്ക് പിന്നാലെ ലോകത്തെ വിറപ്പിച്ച മഹാമാരിയേയും അതിജീവിച്ച് ആരോഗ്യ കേരളം; കൊറോണയിലും കേരളത്തിന് അപൂര്‍വ്വ നേട്ടങ്ങള്‍; കേരളം സുരക്ഷിതമാകുമ്പോള്‍ കേന്ദ്രം അനുവദിച്ചാല്‍ ലോക് ഡൗണ്‍ ഒഴിവാക്കാം
തിരുവനന്തപുരം: കേരളത്തിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പത്ത് ദിവസം കൊണ്ട് പിന്‍വലിക്കാമെന്ന വിലയിരുത്തിലേക്ക് കേരളം. എന്നാല്‍ തമിഴ്നാട്ടിലെ രോഗ വ്യാപനം അശങ്കപ്പെടുത്തുന്നുണ്ട്. അതിനാല്‍ സംസ്ഥാന അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ച് കേരളത്തില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാക്കാനാകും നീക്കം. ഈ മാസം അവസാനത്തോടെ മാറ്റി വച്ച എസ് എസ് എല്‍ സി-പ്ലസ് ടു പരീക്ഷകള്‍ നടത്താനാണ് ആലോചന. പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം കേരളം ആവശ്യപ്പെടും. കോവിഡിന്റെ രണ്ടാംവരവ് കേരളത്തില്‍ അവസാനിക്കുന്നതായി പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ധരിപ്പിക്കും. നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തേയും കേരളം അതിജീവിച്ചുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതില്‍ വ്യക്തത വരാന്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും.
രോഗ ചികില്‍സയിലും കേരളം വലിയ നേട്ടമാണ് ഉണ്ടാക്കിയത്. കോണ്ടാക്ട് ട്രെസിംഗിലെ പരിചയ സമ്പന്നതയാണ് തുണയായത്. നിപാ കലാത്ത് നടത്തി പ്രവര്‍ത്തന പരിചയം കൊറോണയില്‍ കേരള്തതിന് മുതല്‍ കൂട്ടായി. ഇതുകൊണ്ടാണ് അതിവഗം കൊറോണയെ കേരളം അതിജീവിക്കുന്നത്. സാമൂഹിക അകലത്തിന്റെ സീമകള്‍ ലംഘിക്കാതെയുള്ള സാധാരണ ജീവിതത്തിലേക്ക് മലയാളിക്ക് കടക്കാനുള്ള ശേഷി ഇന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങുകയാണ്. ഇത് ഇങ്ങനെ തുടര്‍ന്നാല്‍ കേരളം അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരും.
കേരളത്തില്‍ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. ഇത് ആഗോള തലത്തില്‍ ആറ് ശതമാനത്തോട് അടുത്താണ്. രാജ്യത്ത് മുന്ന് ശതമാനത്തോട് അടുത്തും. എന്നാല്‍ കേരളത്തില്‍ ഇത് 0.58 ശതമാനം മാത്രമാണ്. സംസ്ഥാനത്തു കോവിഡ് നിയന്ത്രണവിധേയമാണെന്നും സമൂഹവ്യാപനം ഇല്ലെന്നും മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തലിന് കാരണം ഈ കണക്കുകളാണ്. എങ്കിലും പൂര്‍ണമായി ആശ്വസിക്കാറായിട്ടില്ല. ലോക്ഡൗണ്‍ അവസാനിക്കേണ്ട 14നു ശേഷം എന്തു തുടര്‍നടപടി വേണമെന്നു തീരുമാനിക്കാന്‍ 13നു മന്ത്രിസഭ ചേരും. കേന്ദ്രതീരുമാനം അറിഞ്ഞ ശേഷം സംസ്ഥാനത്തു ക്രമീകരണങ്ങള്‍ വരുത്തും. കാര്‍ഷിക മേഖലയിലെ ഇളവുകളുടെ കാര്യവും 13നു പരിഗണിക്കും. 20-ാം തീയതിയോടെ ലോക് ഡൗണില്‍ വലിയൊരു ആശ്വാസം പ്രഖ്യാപിക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോഗികളെക്കാള്‍ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണം. ജനുവരി 30നു വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു കോവിഡിന്റെ ആദ്യ വരവ്. ഇന്ത്യയിലെ ആദ്യ കോവിഡ് രോഗബാധയായിരുന്നു ഇത്. മൂന്നു വിദ്യാര്‍ത്ഥികളും സുഖം പ്രാപിച്ചു. ഇറ്റലിയില്‍നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും 2 ബന്ധുക്കള്‍ക്കും മാര്‍ച്ച് 8നു രോഗം സ്ഥിരീകരിച്ചതോടെ കേരളം ഞെട്ടി വിറച്ചു. പിന്നാലെ വിദേശത്ത് നിന്നെത്തിയ നിരവധി പേര് രോഗാണു വാഹകരായി. കാസര്‍കോട്ടെ പ്രവാസി കാര്യങ്ങള്‍ വഷളാക്കി. ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ ഏറ്റവും കോവിഡ് ബാധിതരുള്ള സംസ്ഥാനമായി കേരളം. എന്നാല്‍ ഇന്ന് സ്ഥിതി മാറുകയാണ്.
ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെത്തുന്നവര്‍ വഴി ഉണ്ടാകാന്‍ സാധ്യതയുള്ള മൂന്നാംവരവാണ് ഇനി വെല്ലുവിളി. അതുകൊണ്ട് തന്നെ പുറത്ത് നിന്ന് ആളുകള്‍ എത്തുന്നതിനെ നിയന്ത്രിച്ച് കേരളം ലോക് ഡൗണില്‍ നിന്ന് പതിയെ മുക്തമാകും. ഏപ്രില്‍ 3 മുതല്‍ 8 വരെയുള്ള ആറു ദിവസം പുതുതായി കണ്ടെത്തിയ രോഗികളുടെ എണ്ണം 59 മാത്രമാണ്. എന്നാല്‍ നിസാമുദ്ദീന്‍ വിഷയത്തില്‍ മറ്റു സംസ്ഥാനങ്ങളിലെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴാണ് കേരളത്തില്‍ രോഗികള്‍ കുറയുന്നത്. ക്വാറന്റീന് കാലാവധി തീരുന്നതോടെ നിരീക്ഷണത്തിലുള്ളവര്‍ കുറഞ്ഞുവരുന്നതിനാല്‍ ഇനി രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാനിടയില്ലെന്നാണു വിലയിരുത്തല്‍. കൊറോണ വൈറസ് 5% ആളുകളില്‍ 20 ദിവസം വരെ സജീവമായി നിലനില്ക്കും. അതുകൊണ്ട് തന്നെ ക്വാറന്റൈന് കാലാവധി കഴിഞ്ഞവരെ കുറച്ചു കാലം കൂടി നീരിക്ഷണത്തിലാക്കും.
സമൂഹ വ്യാപനത്തെ എല്ലാ അര്‍ത്ഥത്തിലും കേരളം ചെറുത്തു. കോണ്ടാക്ട് ട്രെസിംഗായിരുന്നു ഇതിന് പ്രധാന കാരണം. ഇറ്റലിയില്‍ നിന്നെത്തിയവരും കാസര്‍കോട്ടെ പ്രവാസിയും ചര്‍ച്ചയായപ്പോള്‍ വിമാനത്താവളത്തില്‍ നിരീക്ഷണം അതിശക്തമാക്കി. ഇതോടെ രോഗ ബാധിതരായി വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് നേരെ ആശുപത്രിയില്‍ പോകേണ്ടിയും വന്നു. ഇതും സമൂഹ വ്യാപന സാധ്യത അടച്ചു. കൊറോണയില്‍ ഒരു രോഗിയില്‍ നിന്ന് 2.6 പേര്‍ക്ക് രോഗം പകരാമെന്നതാണ് രാജ്യാന്തര ശരാശരി. കേരളത്തില്‍ പുറത്തുനിന്നെത്തിയത് 254 രോഗികളാണ്. പകര്‍ന്നത് 91 പേരിലേക്ക് മാത്രവും.
സമ്പര്‍ക്കത്തിലൂടെ രോഗം വന്നവര്‍ പുതുതായി ആര്‍ക്കും രോഗം പകര്ന്നുനല്കിയില്ലെന്നതും ആശ്വാസമായി. കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് രോഗം പകര്‍ന്നതായി ഇതുവരെ തെളിവില്ല. പോത്തന്‍കോട്ടെ മരണമാണ് ഇതിന് ചെറിയൊരു അപവാദം. എന്നാല്‍ ഈ മേഖലയില്‍ മറ്റാര്‍ക്കും രോഗം കണ്ടെത്താത്തതും ആശ്വാസമായി.