മദ്യശാലകളും ഷോപ്പിങ് മാളുകളും അടച്ചു മോദി ഇന്ത്യയെ കാക്കുമ്പോള്‍ നമ്മള് എന്തിനാണ് വെറുതെ പിണങ്ങുന്നത്; വീട്ടില്‍ ഇരുന്നു കുടുംബത്തെ സ്നേഹിച്ചും അടുക്കളത്തോട്ടം ഉണ്ടാക്കിയും ജീവിതം ആഘോഷമാക്കണം; തെരുവില്‍ തുപ്പാതെയും കൈകാലുകള്‍ കഴുകിയും ജീവിക്കുന്ന നല്ല മനുഷ്യരാകാനുള്ള സുവര്‍ണ്ണാവസരം എന്തിനാണ് വേണ്ടെന്നു വെയ്ക്കുന്നത്
രാജ്യത്തിന്റെ ലോക് ഡൗണ്‍ 40 ദിവസമായി നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ 30-ാം തീയതി പുറത്തിറങ്ങാം എന്ന് കരുതിയവര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു, മെയ് മാസം മൂന്നാം തീയതി വരെ തീര്‍ച്ചയായും വീട്ടില്‍ ഇരിക്കേണ്ടിവരുമെന്ന്. മെയ് മൂന്നിന് ശേഷം അത് മെയ് 31വരെ നീണ്ടാലും അത്ഭുതപ്പെടേണ്ടതില്ല. 31ന് ശേഷമെങ്കിലും പുറത്തിറങ്ങാന്‍ കഴിയുമോ എന്നാണ് എല്ലാവരും പരസ്പരം ചോദിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്ത് സംഭവിക്കും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. മെയ് 31വരെ നീണ്ടുപോകുന്നതിന് 90 ശതമാനവും സാധ്യതയുണ്ട്. അതിന് ശേഷവും നമ്മുടെ ജീവിതം ലോക് ഡൗണിന് മുമ്പത്തേത് പോലെ ആവാന്‍ വീണ്ടും ഒന്നോ രണ്ടോ വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും.
കാരണം കൊറോണ എന്ന മഹാമാരിയുടെ അണുക്കള്‍ നമുക്കിടയില്‍ എവിടെയെങ്കിലും ഒക്കെയായി ഇപ്പോഴും കറങ്ങി നടക്കുകയാണ്. അവന് വീണ്ടും തിരിച്ച് വന്നെന്ന് വരാം. ഒരു വ്യക്തിയുടെ ഏറ്റവും വലിയ ഇഷ്ടം എന്ന് പറയുന്നത് പേഴ്സണല്‍ ലിബര്‍ട്ടിയാണ്. ഇഷ്ടമുള്ളതുപോലെ ചിന്തിക്കുക, ഇഷ്ടമുള്ളത് പറയുക, ഇഷ്ടമുള്ളത് പോലെ പ്രവര്‍ത്തിക്കുക, ഇഷ്ടമുള്ളിടത്ത് യാത്ര ചെയ്യുക തുടങ്ങിയ മൗലികമായ അവകാശങ്ങള്‍. അതിന്റെ മേല്‍ ലോക് ഡൗണ്‍ പിടിമുറുക്കുമ്പോള്‍ സ്വാഭാവികമായും അസ്വസ്ഥതയുണ്ടാകും. അങ്ങനെ അസ്വസ്ഥതയുണ്ടാകുന്നവര്‍ മോദിയോട് ദയവായി പരിഭവിക്കാതിരിക്കുക. കാരണം ഭരണാധികാരി എന്ന നിലയില്‍ പ്രധാനമന്ത്രി എടുക്കേണ്ടിയിരുന്ന തീരുമാനം മനുഷ്യരുടെ ജീവന് കാക്കുന്നതിനുള്ള ലോക് ഡൗണ്‍ ആണോ അതോ രാജ്യത്തെ സമ്പദ് വ്യവസ്ഥ കാക്കുന്നതിനുള്ള സ്വാതന്ത്ര്യമാണോ എന്നതായിരുന്നു.
പാശ്ചാത്യ നാടുകള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് സമ്പത്തിന് ആയതുകൊണ്ട് അവിടെ മനുഷ്യര്‍ മരിച്ച് വീഴുമ്പോള്‍ പോലും സ്വാതന്ത്ര്യത്തിന് കൂടുതല്‍ വില കല്പ്പിക്കുന്നു. അതുകൊണ്ടാണ് ദിവസം 500ല്‍ അധികം പേര് ഇപ്പോഴും മരിച്ച് വീണിട്ടും ഇറ്റലിയും സ്പെയിനുമൊക്കെ ലോക് ഡൗണ്‍ പിന്‍വലിച്ചത്. ദിവസം രണ്ടായിരത്തോളം പേര് മരിച്ച് വീണുകൊണ്ടിരുന്നിട്ടും അമേരിക്ക ലോക് ഡൗണ്‍ പിന്‍വലിക്കും എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഓരോ മനുഷ്യജീവനും അമൂല്യമാണ് എന്ന് വിശ്വസിക്കുന്ന ഇന്ത്യക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ല. ഭരണാധികാരി എന്ന നിലയില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കാത്ത് സൂക്ഷിക്കുന്നതിനും ഇവിടുത്തെ വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിനും മോദിക്ക് വേണമെങ്കില്‍ രാജ്യത്തെ തുറന്ന് കൊടുക്കാം. അത് ചെയ്യാതിരിക്കുന്നത് മനുഷ്യത്വത്തോടുള്ള, മനുഷ്യജീവനോടുള്ള ആദരവും സ്നേഹവും കൊണ്ടാണ്.
അതുകൊണ്ട് ലോക് ഡൗണിനെ നമ്മുടെ വിധിയായി സ്വീകരിക്കുകയും അതിനോട് സമരസപ്പെടുകയും ചെയ്യാന്‍ ശീലിക്കുക. 21 ദിവസം വീട്ടില്‍ ഇരുന്നതുകൊണ്ട് നമുക്ക് എന്തെങ്കിലും സംഭവിച്ചോ? ഭക്ഷണം ഇല്ലാതെ വന്നോ? പട്ടിണി കിടന്നോ? ആശുപത്രിയില്‍ പോകാതെ വിഷമിച്ചോ? ഒന്നുമില്ലല്ലോ? ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..