1 GBP =93.80 INR                       

BREAKING NEWS

കൊറോണക്കാലം @ ലണ്ടന്‍

Britishmalayali
മുരളീ മുകുന്ദന്‍

കോറോണേച്ചി കോവിഡ് -19  എന്ന അവതാരമെടുത്ത് ചൈനേലെ വൂഹാന്‍ പട്ടണത്തിന്റെ മോളില്‍ കയറി നിന്ന് താണ്ഡവ നൃത്തം ആടിത്തുടങ്ങിയപ്പോള്‍ - അവളാരത്തി, ചൈനയുടെ വന്‍ മതില്‍ ചാടിക്കടന്ന് മറ്റ് രാജ്യക്കാരെയൊന്നും വശീകരിക്കുവാന്‍ പോകില്ല എന്നാണ് ഏവരും കരുതിയിരുന്നത്...

അഥവാ ചീനയുടെ അയല്‍ക്കക്കാരെ കെട്ടിപ്പിടിച്ചുമ്മവെച്ച ശേഷം, എങ്ങാനും ഈ കൊറോണപ്പെണ്ണ് പടിഞ്ഞാറന്‍ നാടുകളിലേക്ക് ചുമ്മാലെപ്പടിക്കുവാന്‍ വന്നാലും, ജൈവായുധങ്ങള്‍ വരെ തടുത്ത് നിറുത്തുവാന്‍ കെല്‍പ്പുള്ള പാശ്ചാത്യ നാടുകളില്‍ ഒന്നായ ബ്രിട്ടനില്‍ ജീവിക്കുന്നത് കൊണ്ട്, കോറോണേച്ചിയെ ഞങ്ങള്‍ക്കാര്‍ക്കും ആ സമയത്ത്, ഒട്ടും പേടിയും ഇല്ലായിരുന്നു...

ഇനിയിപ്പോള്‍ കൊറോണയല്ല; അവളുടെ വല്ലേച്ചി വരെ വന്നാല്‍ അതിനെയൊക്കെ ഓടിക്കാനുള്ള വാക്‌സിനുകള്‍ ചടുപിടുന്നനെ ഉണ്ടാക്കാന്‍ വരെ കഴിവുള്ള - പുതിയ രോഗങ്ങള്‍ ഉണ്ടാക്കിച്ച് അതിന് മറുമരുന്നു വരെയുണ്ടാക്കി ജനങ്ങളെ തീറ്റിച്ച് മള്‍ട്ടി മില്ലനേഴ്സായ അതി ഭീമന്മാരായ  മരുന്ന് മാഫിയ കമ്പനി'കള്‍ വരെയുള്ള നാടുകളാണിത്...!

പക്ഷിപ്പനിയും, പന്നിപ്പനിയുമടക്കം മറ്റനേകം വൈറസ്, ബാക്ടീരിയന്‍ വ്യാപന രോഗങ്ങളെ വറുതിയിലാക്കിയ ക്രെഡിറ്റും സമീപ ഭൂതകാലങ്ങളില്‍ ചരിത്രങ്ങളില്‍ ഉണ്ടുതാനും...

അതുകൊണ്ട് ഏത് വ്യാപന വ്യാപ്തിയുള്ള വൈറസേട്ടന്‍ വന്നാലും, മ്ളൊക്കെ എന്തുട്ടിന് പേടിക്കണം എന്ന ധൈര്യത്തില്‍ ഇരിക്കുമ്പോഴാണ്, രണ്ട് മാസം മുമ്പ് കോറോണേച്ചി മന്ദം മന്ദം ലാസ്യവിന്യാസത്തോടെ അടിവെച്ചടിവെച്ച് ബിലാത്തിയിലും ആട്ടം തുടങ്ങിയത്... !

ആ സമയത്ത് പാശ്ചാത്യ നാട്ടില്‍ കോവിഡ് -19 നെ കുറിച്ചുണ്ടായ പുതിയ മെഡിക്കല്‍ പഠനങ്ങള്‍ പ്രവചിച്ച സംഗതികള്‍ - മാധ്യമങ്ങള്‍ വഴിയും മറ്റും മാളോകരെയെല്ലാം അറിയിച്ചിട്ടുള്ള കാര്യം എന്തെന്ന് വെച്ചാല്‍ - മാര്‍ച്ച് മാസം അവസാനത്തോടെ മഹാഭൂരിപക്ഷം ലണ്ടന്‍കാരടക്കം, പല പല പടിഞ്ഞാറന്‍ രാജ്യങ്ങളിലെ, ഒട്ടുമിക്കവരെയും മഹാമാരിയായ 'കൊറോണേ'ച്ചി വന്ന് മാറോടണക്കി ഉമ്മവെച്ച് പോകുമെന്നാണ്...

മഹാദുരന്തമൊന്നും ആകില്ലെങ്കിലും മരണങ്ങള്‍ നിരവധി ഇത് ഉണ്ടാക്കുമെത്രെ...! മഹാനഗരമായ ലണ്ടനിലിരുന്ന് ഇതെല്ലാം കാണുകയും കേള്‍ക്കുകയും മറ്റും ചെയ്തപ്പോള്‍, മതിവരുവോളം ഇത്രകാലം സുഖിച്ചു മദിച്ചു ജീവിച്ചിട്ടും - മരണഭയം കൊണ്ട് വീര്‍പ്പുമുട്ടി കഴിയുകയാണ് 'മെഡിക്കല്‍ അണ്ടര്‍ ലൈനി'ല്‍ പെട്ട തനി മണ്ടന്മാരായ എന്നെപ്പോലെയുള്ളവര്‍... എന്താല്ലേ.. മരണ ഭയത്തോടുള്ള ഈ ഭയങ്കര പേടി ...!

എന്തായാലും ദിനംപ്രതി ഇവിടെയൊക്കെ 'കൊറോണേ'ച്ചിയുടെ കളി വേറെ ലെവലായി മാറുകയായിരുന്നു... പടിഞ്ഞാറന്‍ നാടുകളിലെ പല ചിട്ടവട്ടങ്ങളും മെല്ലെ മെല്ലെ മാറ്റിമറിക്കപ്പെട്ടു... പരസ്പരം കാണുമ്പോള്‍ കൈ പിടിച്ച് കുലുക്കലില്ല, കെട്ടിപ്പിടിച്ചുള്ള ആശ്ലേഷമില്ല, കവിളില്‍ കൊടുക്കുന്ന മുത്തമില്ല.

പിന്നെ കമിതാക്കള്‍ എവിടെയും എപ്പോഴും പബ്ലിക്കായി നടത്തിക്കൊണ്ടിരുന്ന ചുണ്ട് ചുണ്ടോടോട്ടിപ്പിടിപ്പിക്കുന്ന നെടുനീളന്‍ ചുടു ചുംബനങ്ങളില്ല..! ഇപ്പോള്‍ പരസ്പരം നേരിട്ട് കാണുമ്പോള്‍ ഏവരും ആദ്യം ചെയ്യുന്നത് കൈ കൂപ്പി നമസ്‌തെ പറഞ്ഞു കൊണ്ടുള്ള നമസ്‌കാരം മാത്രം...

മരുന്നില്ലാത്ത ഈ പരമാണുവിന്റെ അദൃശ്യമായ ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ വേണ്ടി, ശരീരത്തിന് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി മഞ്ഞള്‍, വെള്ളുള്ളി, ചെറുനാരങ്ങ, ഇഞ്ചി മുതലായ മിശ്രിതങ്ങള്‍ ചേര്‍ത്തുള്ള വെള്ളം കുടിയും, യോഗയും, ആവികൊള്ളലും, വെയിലു കായലും മറ്റുമായി ശരീരത്തിന് വിറ്റാമിന്‍ 'ഇ' യും, 'ഡി' യും വേണ്ടുവോളം ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ ഏവരും തുടങ്ങി വെച്ചു... ഒപ്പം എവിടെയും സ്വയം, സാമൂഹ്യ അകലങ്ങള്‍ പരിപാലിച്ചുകൊണ്ടുള്ള എടവാടുകള്‍ മാത്രം...

ഇതിനിടയില്‍ കോറോണേച്ചി ഇറ്റലിയില്‍ ഉഗ്രന്‍ രൗദ്ര ഭാവത്തോടെ നിറഞ്ഞാടിയപ്പോഴും, അയലക്കക്കാരായ ബ്രിട്ടനും, ഫ്രാന്‍സും, ജര്‍മ്മനിയും ബെല്‍ജിയവും  സ്പെയിനുമൊന്നും ആയതത്ര കാര്യമാക്കിയില്ല...

'ഏയ് ആരും പേടിക്കാനില്ല, ഇത് വയസ്സായോരെ മാത്രമേ ആഞ്ഞു പിടിക്കുകയുള്ളൂവെന്നും, പടമാവുകയാണേല്‍  അവരില്‍ ചിലര്‍ മാത്രമെ പെടുകയുള്ളൂ എന്നുമുള്ള അധികൃതരുടെ ഭാഷ്യം' ശ്രവിച്ചവര്‍ക്കൊക്കെ അസ്സല്‍ എട്ടിന്റെ പണികിട്ടിയിരിക്കുകയാണിപ്പോള്‍...

എന്തൊക്കെയായിരുന്നു വീരവാദം മലപ്പുറം കത്തി, അമ്പും വില്ലും, മിഷ്യന്‍ ഗണ്‍, ബയോളജിക്കല്‍ വീപ്പണ്‍, റാപ്പിഡ് ടെസ്റ്റ്, കോവിഡ് വാക്‌സിന്‍, ഒലക്കേന്റെ മൂഡ് ഒടുവില്‍ ബ്രിട്ടണും പവനായി പോലെയായി...!

എല്ലായിടത്തും അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു...!

അന്തര്‍ദ്ദേശീയമായി മികച്ചു നില്‍ക്കുന്ന ജനനിബിഡമായ രാവും പകലും കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങള്‍ വാരിവിതറുന്ന പത്ത് തെരുവുകളില്‍ പെട്ട ലണ്ടനിലെ 'ഓക്സ്ഫോര്‍ഡ് സ്ട്രീറ്റും', 'റീജണ്ട് സ്ട്രീറ്റും' ഏതാണ്ട് ഒരു മാസത്തോളമായി വിജനമാണ്...

ലണ്ടന്‍ മാത്രമല്ല - പാരീസും, ന്യൂയോര്‍ക്കും, മിലാനും, ബെര്‍ലിനും, ട്യോക്കിയോവും, മോസ്‌കോയും, സിങ്കപ്പൂരും, സിഡ്‌നിയും, ഹോങ്കോങ്ങും, മുംബൈയും, സയപ്പോളായും, ലാഗോസും, കെയ്‌റോവും, ദുബായിയുമടക്കം അനേകമനേകം ലോകത്തിലുള്ള വമ്പന്‍ പട്ടണങ്ങളെല്ലാം അടച്ചു പൂട്ടിയിരിക്കുകയാണിപ്പോള്‍...!

അതെ,  ആഗോളതലത്തിലെ എല്ലാ പട്ടണങ്ങളും ഇപ്പോള്‍ പൂര്‍ണ്ണമായോ, ഭാഗികമായോ നിശ്ചലമാണ്... 

നൂറ്റാണ്ടുകളായി അനേകം പണിയാളുകളുടെ ശില്‍പ്പ വൈവിദ്ധ്യത്താലും, അദ്ധ്വാനത്താലും അവരുടെയൊക്കെ ചോരയും നീരും വറ്റിച്ച് പല പല തവണകളായി പൊളിച്ചും പണിതും പടുത്തുയര്‍ത്തിയ കൊട്ടാര സമുച്ചയങ്ങളും, അംബര ചുംബികളും, പുഴയോരങ്ങളും, പുകള്‍പെറ്റ പാലങ്ങളും, വിമാന താവളങ്ങളും, തുറമുഖങ്ങളും, ഭക്ഷണശാലകളും, രംഗമണ്ഡപങ്ങളും, കലാലയങ്ങളും, സിനിമാശാലകളും, വ്യവസായ സ്ഥാപനങ്ങളും, കലാകായിക സംഗീത സാംസ്‌കാരിക കേന്ദ്രങ്ങളടക്കം ഒട്ടുമിക്ക സംഗതികളും ആളുകളൊന്നുമില്ലാതെ നിശ്ചലമായിരിക്കുന്ന ഇങ്ങിനെയുള്ള ഒരു സ്ഥിതി വിശേഷം ആഗോളതലത്തില്‍ ഉണ്ടായിട്ടില്ല എന്നത് വാസ്തവമാണ്...!

ഇന്നിപ്പോള്‍ മഹാമാരിയായ കൊറോണക്ക് മുമ്പില്‍ തോറ്റ് തൊപ്പിയിട്ട് ഒരു അനങ്ങാപ്പാറയെ പോലെ നില്‍ക്കുകയാണ് ലോകത്തിലെ സകലമാന വമ്പന്‍ നഗരങ്ങളും, ഓരൊ കൊച്ചു പട്ടണങ്ങളും, എല്ലാ ചെറിയ കവലകളും...!

ലോകത്തിന്റെ സാംസ്‌കാരിക പട്ടണമായ ലണ്ടന്‍ മുതല്‍ നമ്മുടെ കൊച്ചുകേരളത്തിലെ സാംസ്‌കാരിക പട്ടണമായ തൃശൂര്‍ വരെ ഇതില്‍ പെടും...!

പണവും പകിട്ടും പ്രതാപവുമെല്ലാം പകര്‍ച്ചവ്യാധിയായ 'കോവിഡി'ന് മുന്നില്‍ പകച്ചുനില്‍ക്കുന്ന കാഴ്ചകളാണ് ചുറ്റും.

പഞ്ചഭൂതങ്ങളെ എന്നും മലിനമാക്കി പടുത്തുയര്‍ത്തിയ പുതു ലോകത്തിന് പടച്ചു വിട്ടവന്‍ തന്നെ അസ്സല്‍ എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് ഇപ്പോള്‍... പലതും ഇതില്‍ നിന്നും ഗുണപാഠമായി നാം പഠിക്കേണ്ടിയിരിക്കുന്നു...!

ലോക്ക് ഡൗണ്‍ ആണെങ്കിലും ലണ്ടനില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുകളടക്കം എല്ലാ 'കീ വര്‍ക്ക് ജോബു'കളും ആയതിന്റെ സ്ഥാപനങ്ങളും ഇപ്പോഴും സുഖമമായി നടക്കുന്നുണ്ട്. എന്നും എപ്പോഴും യാതൊരുകോട്ടവും കൂടാതെ സുലഭമായി ലഭിക്കുന്ന 5 ജി ഇന്റര്‍നെറ്റ് മുഖാന്തിരം ഓണ്‍ -ലൈനായി എന്തും പ്രാപ്തമാക്കുവാനുള്ള സംവിധാനങ്ങള്‍. ഹോട്ടായാലും, കോമഡിയായാലും, സിനിമയായാലും, സ്പോര്‍ട്സായാലും, ഡോക്യുമെന്ററിയായാലും അപ്പപ്പോള്‍ വിരല്‍ തുമ്പില്‍ റെഡി...

പിന്നെ ഈ അടച്ചുപൂട്ടലില്‍ അടിമപ്പെട്ട ആഗോള ജനത വിഷാദരോഗത്തില്‍ ഇന്ന് അകപ്പെടാതിരിക്കുന്നതിന് മുഖ്യ കാരണം ഇന്നുള്ള നവ മാധ്യമങ്ങളിലൂടെ കാഴ്ച്ചവെക്കുന്ന ഉഗ്രന്‍ കലാ പ്രകടനങ്ങളാണ് - ദേശവും ഭാഷയും ഊരുമൊന്നും - ഇത്തരം കലാ സാഹിത്യ സംഗീത ഉപാസനകള്‍ക്ക് മുമ്പില്‍ ഒരിക്കലും  വിഘ്നങ്ങള്‍ ആകാത്തതാണ്  സോഷ്യല്‍ മീഡിയ തട്ടകങ്ങളിലൂടെയുള്ള ഇത്തരം ആശ്വാസങ്ങളാണ്...


ഇതൊക്കെ തന്നെയാണ് കഠിനമായ ഈ കൊറോണക്കാലത്തെ ഇവിടെയുള്ളവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍...!

എന്തൊക്കെയാണേലും വിഷുക്കണിയില്ലാത്ത വിഷുക്കൊന്നയില്ലാത്ത വിഷുവും, ഈസ്റ്ററുമൊക്കെ വിഷാദത്തിലാണ്ട്; ഇത്രയേറെ വിഷമഘട്ടത്തോടെ താണ്ടിയൊരു വിഷുക്കാലമെന്‍ ജീവിതത്തിലാദ്യമാണെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാവുന്ന ഒരു സംഗതിയാണ്...

പിന്നെ ഇവിടെ ആര്‍ക്കെങ്കിലും കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഒരു ഡോക്ടറെ കാണുവാനോ, ആശുപത്രിയില്‍ പോകുവാനോ സാധിക്കുകയില്ല എന്നതാണ് ഏറ്റവും വലിയ ഡ്രോബാക്സ്. എല്ലാം 'ഓണ്‍ -ലൈന്‍ അപ്പോയ്മെന്റു'കള്‍ മാത്രം... രോഗബാധിതരും, വീട്ടുകാരും പാരസെറ്റമോള്‍ മാത്രം കഴിച്ച് 14 ദിവസം വീട്ടിലിരിക്കുക... അത്യാസന്ന നിലയിലാവുമ്പോള്‍ മാത്രമേ ബ്രിട്ടനില്‍ കൊറോണ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയുള്ളൂ...

അവിടെയും പ്രായക്കുറവും, മറ്റും പ്രയോറിട്ടി നോക്കിയാണ്, ഉള്ള വെന്റിലേറ്റര്‍ സംവിധാനങ്ങളിലൂടെ മരുന്നില്ലാത്ത ഈ രോഗത്തില്‍ നിന്നും ഒരാള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരുവാന്‍ ഒരു ചാന്‍സ് കിട്ടുന്നുള്ളൂ എന്നതും ഒരു വിരോധോപസമായി തോന്നാം - പക്ഷെ അതിന് മാത്രമെ ഇത്ര ആധുനിക ആരോഗ്യ മേഖല സാങ്കേതിക വിദ്യകള്‍ക്കും ഉപകരണങ്ങള്‍ക്കും പ്രാപ്തിയുള്ള ലോകത്തിലെ വമ്പന്‍ രാജ്യങ്ങള്‍ക്ക് പോലും  സാധിക്കുന്നുള്ളൂ എന്നതാണ് വാസ്തവം ...!

അതുകൊണ്ട് എന്നെപ്പോലെയുള്ള അണ്ടര്‍ മെഡിക്കല്‍ കണ്ടീഷന്‍ ഉള്ളവരെല്ലാം എത്ര ജാഗ്രതയുണ്ടെങ്കിലും പേടിച്ചെ മതിയാകൂ...

മെയ് മാസം പകുതിക്കുള്ളില്‍ ലണ്ടനിലുള്ള 95 ശതമാനം ആളുകളേയും കോറോണേച്ചി വന്ന് തടവിപ്പോകും എന്നാണ് പഠനങ്ങള്‍ പറയുന്നത്...

ഇതില്‍ മുക്കാല്‍ ഭാഗം ആളുകള്‍ക്കും ഒരു ജലദോഷപ്പനി മാതിരിയോ, ഒരു വിധ രോഗാവസ്ഥകള്‍ പ്രകടിപ്പിക്കാതെയും ഈ രോഗം വന്ന് കടന്ന് പോകുമെങ്കിലും ബാക്കിയുള്ളവരെ ശരിക്കും പീഡിപ്പിച്ചും - അതില്‍ ഒരു ചെറിയ ശതമാനത്തെ യമലോകത്തേക്കും ആനയിച്ചു കൊണ്ടുപോകുമെന്നാണ് പറയുന്നത്...!

കണ്ടക ശനി വന്ന്  പോകുമ്പോള്‍ കൊണ്ടേ പോകൂ  എന്നുള്ളത് കോവിഡ് വന്നാലും കൊണ്ട് പോകും എന്നുറപ്പാക്കി കഴിയുന്ന ഒരു ലഘു വിഭാഗം ജനതയും, കിണ്ണത്തിന്റെ വക്കത്തെ കടുക് മണി പോലെ ഇവിടങ്ങളില്‍ ഇപ്പോള്‍ ഉണ്ടെന്ന് പായാതെ വയ്യ...

എവിടെ പോയി ഒളിച്ചാലും തക്ഷകന്‍ തീണ്ടുമെന്ന അവസ്ഥാവിശേഷം ...!

പണം, പദവി, പെരുമയൊന്നുമല്ല പേടിയാണ് പെരുത്ത സാധനം... അല്ലെ. ഒരു പക്ഷെ ഇവിടെ വായന രസകരമായിരിക്കാം എന്നാല്‍ യാഥാര്‍ത്ഥ്യം പേടിപ്പെടുത്തുന്നത് തന്നെയാണ്...!

എന്തായാലും കൊറോണക്ക് ശേഷം കുറെ പാടുപെടേണ്ടി വരും നേരാവണ്ണം ലോകത്തിനും ആയതിലെ ജനതക്കും നേരെയൊന്ന് നിവര്‍ന്ന് നില്‍ക്കുവാനും പിന്നീട് ജീവിക്കുവാനും...!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category