1 GBP = 92.50 INR                       

BREAKING NEWS

ജനസാന്ദ്രതയേറിയ പട്ടണങ്ങളിലെ ശുചിത്വമേറിയ പൊതുസ്ഥലങ്ങള്‍ കൊറോണാ പോലുള്ള മഹാമാരികളില്‍ പ്രയോജനപ്പെടുന്നവയാണ്

Britishmalayali
റോയ് സ്റ്റീഫന്‍

നുഷ്യനുള്‍പ്പെടെയുള്ള സകല ജീവജാലങ്ങള്‍ക്കും ലോകത്തില്‍ ജീവിക്കുവാന്‍ അനുയോജ്യമായ പാര്‍പ്പിടങ്ങളുടെ ആവശ്യകതയുള്ളതുപോലെ തന്നെ അന്യോന്യം സന്ധിക്കുവാനും സമ്പര്‍ക്കം പുലര്‍ത്തുവാനും അനുയോജ്യമായ പൊതുസ്ഥലങ്ങളുടെ ആവശ്യകതയും സമൂഹത്തില്‍  എന്നെന്നും നിലനില്‍ക്കുന്നു. പ്രത്യേകിച്ചും കോവിഡ്-19 എന്ന പകര്‍ച്ചവ്യാധി ലോകരാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായി നില്‍ക്കുന്ന സാഹചര്യത്തില്‍. കോവിഡ് പോലുള്ള സാംക്രമിക രോഗങ്ങളെ ഫലപ്രദമായി ചെറുക്കുവാനുള്ള ഏകമാര്‍ഗം സാമൂഹിക അകലങ്ങള്‍ പാലിക്കുക എന്നത് മാത്രമാവുമ്പോള്‍ വിസ്തൃതമായതും വെടിപ്പേറിയതുമായ പൊതുസ്ഥലങ്ങളുടെ ആവശ്യകത വീണ്ടും കൂടുകയാണ്.

രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അവരുടേതായ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും നിര്‍വചനങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും എല്ലാ ഗ്രാമങ്ങളിലും തന്നെ സ്വതന്ത്രമായി നടക്കുവാന്‍ സാധിക്കുന്ന പൊതുനിരത്തുകള്‍ ധാരാളമുണ്ടാകും എന്നാല്‍ പട്ടണങ്ങളുടെ സ്ഥിതി വേറിട്ടതായിരിക്കും. വളര്‍ച്ചയുള്ള രാജ്യങ്ങളിലെ പട്ടണങ്ങളില്‍ വസിക്കുന്നവര്‍ക്ക് സഞ്ചാരയോഗ്യമായതും ഇരുന്നു വിശ്രമിക്കുവാനുമുള്ള ധാരാളം നിരത്തുകളും പൊതുസ്ഥലങ്ങളുമുള്ളപ്പോള്‍ വളര്‍ച്ച പ്രാപിക്കാത്ത രാജ്യങ്ങളിലെ പട്ടണനിവാസികള്‍ ഒരു പരിധിവരെ ശ്വാസം മുട്ടിതന്നെ ജീവിക്കുകയാണ്. തല്‍ക്കാലം ജോലിചെയ്യുവാനുള്ള സൗകര്യവും സുരക്ഷതമായൊരു പാര്‍പ്പിടവും മാത്രമാണ് ഭൂരിഭാഗം നിവാസികള്‍ക്കും ലഭിക്കുന്നത്. നിലവിലുള്ള ജീവിതം ആസ്വദിക്കുവാനും സഹജീവികളുമായി ഗുണനിലവാരമുള്ള ബന്ധങ്ങളും സമ്പര്‍ക്കങ്ങളും പുലര്‍ത്തുവാനും നിലനിര്‍ത്തുവാനും സാധിക്കുന്നില്ല.  ജനനിബിഡമായ എല്ലാ നഗരങ്ങളിലും തന്നെ കൂടുതല്‍ മനുഷ്യരും ജീവിക്കുവാനായി തൊഴിലെടുക്കുന്നതിനു പകരം  തൊഴിലെടുക്കുവാനായി ജീവിക്കുന്ന കാഴ്ചകള്‍ മാത്രമാണ് അനുദിനം കാണുന്നത്.

ലോകത്തിലെല്ലായിടത്തും തന്നെ ജനസാന്ദ്രത അതായത് ഓരോ ദേശങ്ങളിലും ആ ദേശത്തിന്റെ വിസ്തീര്‍ണത്തിന് ആനുപാതികമായി എത്രത്തോളം മനുഷ്യര്‍ ജീവിക്കുന്നു  എന്നതിന്റെ കണക്കെടുക്കുന്നത് ഒരു ചതുരശ്ര കിലോമീറ്ററിന് എത്ര ആളുകള്‍ ജീവിക്കുന്നു എന്നതിലൂടെയാണ്. ബ്രിട്ടനുള്‍പ്പെടുന്ന യുണൈറ്റഡ് കിങ്ഡത്തില്‍ ഒരു ചതുരശ്ര കിലോമീറ്ററിന് 260 ആളുകള്‍ ജീവിക്കുമ്പോള്‍ ജനനിബിഡമായ പല മഹാനഗരങ്ങളിലും ഇതിന്റെ നിരവധി മടങ്ങ് ജനങ്ങളാണുള്ളത്. ലണ്ടനില്‍ മാത്രം ഒരോ ചതുരശ്ര കിലോമീറ്ററിനും 4932 ആളുകള്‍ ജീവിക്കുന്നുണ്ട്. ഇതെ ആനുപാതമാണ് ബ്രിട്ടണിലുള്ള മറ്റു നഗരങ്ങളിലെയും അവസ്ഥ എന്നാല്‍ സ്‌കോട്‌ലാന്‍ഡില്‍ ഈ ജനസാന്ദ്രത വളരെക്കുറവാണ് ഒരു ചതുരശ്ര കിലോമീറ്ററിന് 65  ആളുകള്‍ മാത്രമാണവിടെ ജീവിക്കുന്നത്. അതുപോലെ തന്നെ ചില നാട്ടിന്‍പുറങ്ങളില്‍ അതിലും കുറവ് തന്നെയാണ്. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ചു താരതമ്യം ചെയ്യുമ്പോള്‍ യുണൈറ്റഡ് കിങ്ഡാം  ജനസാന്ദ്രതയില്‍ വളരെ മുന്നിലാണ്. ഓസ്ട്രേലിയയേക്കാള്‍ 100 മടങ്ങ്  ജനസാന്ദ്രതയാണുള്ളത് ഓസ്ട്രേലിയയില്‍ ഒരു ചതുരശ്ര കിലോമീറ്ററിന് ഏകദേശം രണ്ട് ആളുകള്‍ മാത്രമാണ് ജീവിക്കുന്നത്. 

ഭാരതത്തില്‍ ബ്രിട്ടണെ അപേക്ഷിച്ചു ജനസാന്ദ്രത വളരെയധികമാണ് താനും ഒരു ചതുരശ്ര കിലോമീറ്ററിന്  464  ആളുകള്‍ ജീവിക്കുന്നുണ്ട്. ഭാരതത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനം (വലിപ്പത്തിന്റെ ആപേക്ഷികത) പശ്ചിമ ബംഗാളാണ് അവിടെ ഒരു ചതുരശ്ര കിലോമീറ്ററിന് 1028  ആളുകളാണ് ജീവിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഈ കണക്കുകള്‍ 860-താണ്. എങ്കില്‍പ്പോലും വികസിത രാജ്യങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ജനസാന്ദ്രതയും വളരെയധികം ഉത്കണ്ഠജനകമാണ്. പശ്ചിമ ബംഗാളിന്റെ പകുതിപോലുമില്ലാത്ത കേരളത്തില്‍ ജനസാന്ദ്രത വളരെയധികം തന്നെയാണ്. നിലവിലെ ജനസംഖ്യ കണക്കുകള്‍ പ്രകാരം ഭാരത്തില്‍ നിലവില്‍ 1.35 ബില്യണിലധികം ജനങ്ങളുള്ളപ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയിലെ (നിലവിലെ ജനസംഖ്യ 1.39 ബില്യണ്‍) ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 145 മാത്രമാണ്.

പക്ഷെ ഇവിടെ വീണ്ടും താരതമ്യപ്പെടുത്തേണ്ട മറ്റൊരു വലിയ ഘടകം രാജ്യങ്ങളുടെ വലിപ്പവുമാണ്. നിലവില്‍ ചൈന ഭാരതത്തേക്കാള്‍ മൂന്നിരട്ടി വലിയ രാജ്യമാണ് അതായത് ജനസാന്ദ്രതയുടെ അപേക്ഷികതയില്‍ ഭാരതം തന്നെയാണ് ചൈനയേക്കാള്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നത്. ഐയ്ക്യ രാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഭാരതത്തേക്കാള്‍ ജനസാന്ദ്രതയേറിയ മറ്റു പല രാജ്യങ്ങളും ലോകത്തുണ്ട്. കോവിഡ്-19 പോലുള്ള മഹാമാരികളില്‍ പ്രത്യേകിച്ചും മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് പടരുന്ന സാഹചര്യത്തില്‍ ഓരോ രാജ്യങ്ങളിലെയും ജനസാന്ദ്രത ആ രാജ്യങ്ങളിലെ നേതൃത്ത്വത്തിന് വളരെയധികം ആശങ്ക ജനിപ്പിക്കുന്നതാണ്. 

ഇതുവരെയുള്ള ചരിത്രങ്ങളിലെ മറ്റു മഹാമാരികളെല്ലാം തന്നെ സൂചിപ്പിക്കുന്നത് ഉയര്‍ന്ന ജനസാന്ദ്രതയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് കൂടുതല്‍ ആശങ്കപ്പെടേണ്ടിയിരിക്കുന്നു എന്നുതന്നെയാണ്.   കോവിഡിന്റെ കാര്യത്തില്‍ ഇതെത്രത്തോളം ശരിയാണെന്ന് ഇപ്പോള്‍ പറയുവാന്‍ സാധിക്കുന്നില്ലെങ്കിലും നിലവിലെ മരണനിരക്കുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇപ്പോഴും നഗരവാസികള്‍ തന്നെയാണ്. എല്ലാ രാജ്യങ്ങളുടെയും വളര്‍ച്ചയില്‍ കൂടുതല്‍ പങ്കാളിത്തം വഹിക്കുന്നവരിലുപരി രാജ്യത്തിന്റെ തന്നെ പ്രതിഛായ സൂക്ഷിപ്പുകാരായ നഗരവാസികള്‍ മഹാമാരികളുടെ പ്രഥമ ഇരകളാവുന്നതില്‍ ദുഃഖം പ്രകടിപ്പിക്കുവാന്‍ മാത്രമാണ് മറ്റുള്ളവര്‍ക്ക് കഴിയുന്നത്. എന്നാല്‍ ഈ ആധുനിക യുഗത്തില്‍ പ്രത്യേകിച്ചും ശാസ്ത്രസാങ്കേതിക വിദ്യകള്‍ മനുഷ്യനെ മുന്നോട്ട് നയിക്കുമ്പോള്‍ പട്ടണങ്ങളിലെ ജനസാന്ദ്രതയും ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ സാധിക്കും.

ഉടനടിയല്ലെങ്കിലും ഘട്ടംഘട്ടമായി ജനങ്ങളുടെ ജീവിതശൈലിയിലും പ്രവര്‍ത്തനശൈലികളിലും മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍.  നിലവില്‍ എല്ലാ രാജ്യങ്ങളും തന്നെ ലോക് ഡൌണിലാണെങ്കിലും അധികം താമസിയാതെ തന്നെ സ്ഥിതിഗതികള്‍ സാധാരണ നിലവാരത്തിലേയ്ക്ക് തിരിച്ചുവരും. അപ്പോള്‍ വീണ്ടും പട്ടണങ്ങളിലെ ജനതകളാണ് പ്രതിരോധത്തിലാവുന്നത്. ഇതോടൊപ്പം തന്നെ മറ്റൊരു വസ്തുതകൂടി എടുത്തു പറയുവാനുള്ളത് പട്ടണങ്ങളിലെ ധനികരുടെയും സ്വാധീനശക്തിയുള്ളവരുടെയും സുഖവാസകേന്ദ്രങ്ങളും നിലവില്‍ ഈ മഹാമാരിയില്‍ നിന്നും മോചിക്കപ്പെട്ടിട്ടില്ലാ എന്നതുമാണ്. അമേരിക്കയിലുള്ള വിശ്രമകേന്ദ്രങ്ങളായ പല  കടല്‍ത്തീരങ്ങളിലും  ഗ്രാമങ്ങളിലും കൊറോണ ബാധിതമായത് നഗരങ്ങളിലെ ധനികരിലൂടെയാണ്.

ലോകാരോഗ്യ സംഘടന പട്ടണങ്ങളുള്‍പ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലും പൊതുവായ ഇടങ്ങളും ഉദ്യാനങ്ങളും കളിസ്ഥലങ്ങളും നിര്‍മ്മിക്കുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭാരതത്തില്‍ പട്ടണങ്ങളിലേക്കുള്ള അനിയന്ധ്രിതമായ  കുടിയേറ്റങ്ങള്‍ മൂലം ഇതൊന്നും പാലിക്കുവാന്‍ സാധിക്കുന്നില്ല. തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു പരിധിവരെ ഇതെല്ലാം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും എല്ലാം തന്നെ ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്. ഒന്ന് കലാകാലങ്ങളിലുള്ള പരിപാലനങ്ങള്‍ നടക്കാത്തതും രണ്ടാമത് പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്നുമുള്ള സംരക്ഷണമില്ലായ്മയും. അതിലുപരി പൊതുജനങ്ങളിലും ഉദ്യോഗസ്ഥരിലുമുള്ള വളരെകുറച്ചുപേര്‍ മാത്രമാണ് ഇതിന്റെയൊക്കെ പ്രാധാന്യവും മനസിലാക്കുന്നതും എല്ലാ നഗരങ്ങളിലെയും പൂന്തോട്ടങ്ങളും പൊതുസ്ഥലങ്ങളും നഗരങ്ങളെ തണുപ്പിക്കുന്നതിനോടൊപ്പം മനുഷ്യര്‍ക്ക് പ്രാണവായുവും ആവശ്യത്തിന് ലഭിക്കുവാനുള്ള നിര്‍ണായകമായ പ്രവര്‍ത്തനവും നടത്തുന്നുണ്ട്. ലോകത്തിലുള്ള മൂന്ന് ശതമാനത്തിലധിക മരണവും സംഭവിക്കുന്നത് ആവശ്യകമായ പൊതുഇടങ്ങളുടെ അഭാവം മൂലമാണ്. മനുഷ്യന് നിന്നുതിരിയാന്‍ ഇടയില്ലാത്ത മുംബയിലെ ചേരിപ്രദേശമായ ധാരാവിയിലേക്കാണ്  നിലവില്‍ ഭാരതത്തിലെ എല്ലാവരുടെയും തന്നെ ശ്രദ്ധാകേന്ദ്രം. ജനസാന്ദ്രതയ്ക്ക് കുപ്രസിദ്ധമാണ് മുംബൈയും അവിടങ്ങളിലുള്ള ചേരിപ്രദേശങ്ങളെല്ലാം. നിലവില്‍ ആകെയുള്ള പ്രതീക്ഷ ശക്തമായ പോലീസ് കാവലാണെങ്കിലും ഇപ്പോള്‍ പോലീസുദ്യോഗസ്ഥര്‍ക്കും കൊറോണ ബാധയേല്‍ക്കുവാന്‍ തുടങ്ങിയത് വീണ്ടും ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. 

കൊറോണയെ നേരിടുവാന്‍ എല്ലാ ജീവിതങ്ങളും വീടുകളില്‍ ബന്ധിക്കപ്പെട്ടപ്പോഴും വികസിതരാജ്യങ്ങളിലെ തുറസായ സ്ഥലങ്ങളെല്ലാം തന്നെ നിരുപാധികം തുറന്നു തന്നെയിടുവാന്‍ അധികാരികള്‍ തയ്യാറായത് ജീവിക്കുന്ന മനുഷ്യരുടെ ശാരീരിക വ്യായാമത്തിനുപരി മാനസികോല്ലാസവും കൂടി മുന്നില്‍ കണ്ടുകൊണ്ടാണ്. വികസിത രാജ്യങ്ങളില്‍ വ്യക്തിഗതദൂരങ്ങള്‍ പാലിച്ചു കൊണ്ട് തുറസായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുവാന്‍ മറ്റ് രോഗങ്ങളൊന്നുമില്ലാത്ത മനുഷ്യര്‍ തയ്യാറാവുന്നത് തന്നെയാണ് ഇതിനു കാരണം. അമേരിക്കയിലും യൂറോപ്പിലുമുള്ള വലിയ മൈതാനങ്ങളോടൊപ്പം വിശാലമായ എല്ലാ ഗോള്‍ഫ് കളിക്കുന്ന മൈതാനങ്ങളും പൊതുജനങ്ങള്‍ക്കുവേണ്ടി തുറന്നിടുവാന്‍ തയ്യാറായതിലൂടെ ധാരാളം വ്യക്തികള്‍ക്ക് ശുദ്ധവായു ലഭ്യമായി.

മറ്റ് അവസരങ്ങളില്‍ അംഗത്വ ഇനത്തില്‍ തന്നെ ധാരാളം വരുമാനമുള്ള കേന്ദ്രങ്ങളാണിവയെന്നതും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. അവികസിത രാജ്യങ്ങളില്‍ ഇങ്ങനെയുള്ള അധിക സൗകര്യങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതിനാല്‍ അധികാരികള്‍ അനുവദിക്കാറില്ല. പൊതുനിരത്തുകളിലെ സാമാന്യ മര്യാദകള്‍ പാലിക്കുവാന്‍ തയ്യാറാവാത്ത ഒരു ചെറിയ ശതമാനം ജനങ്ങള്‍ മൂലം മറ്റുള്ളവര്‍ക്കും ഈ സൗകര്യങ്ങള്‍ നഷ്ടപ്പെടുകയാണ്. ഇവിടെയും പൊതുജനങ്ങളും പോതുപ്രവര്‍ത്തകരും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയങ്ങളാണ്. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സാമൂഹിക മര്യാദകള്‍ ശീലിക്കുവാന്‍ പൊതുപ്രവര്‍ത്തകര്‍ അന്യോന്യം പഠിപ്പിക്കുകയും പൊതുസമൂഹത്തിനെ ബോധവല്‍ക്കരിക്കുക കൂടി ചെയ്യണം. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category