1 GBP = 95.60 INR                       

BREAKING NEWS

കൊറോണ പഠിപ്പിച്ചത്...

Britishmalayali
അനുമോള്‍ തോമസ്

കൊറോണ വന്നിരുന്നു ഞങ്ങള്‍ക്കും..

മരണഭയമെന്തെന്നുമറിഞ്ഞങ്ങനെ...
കരുണയുടെ ചെറുസന്ദേശങ്ങളെത്തിച്ച..
കരുണ വറ്റാത്ത സുമനസ്സുകളെ നന്ദി.

ബന്ധങ്ങളുടെ ദൃഢതയെന്തെന്നും
ബന്ധങ്ങളുടെ ദൃഢതയില്ലായ്മയും
ബന്ധുക്കളിവിടില്ലെന്ന നോവതും
ബന്ധനമായ സ്വാഭിമാനവും തൊട്ടറിഞ്ഞു.

''സുഖത്തിലുണ്ടാകാം സഖിമാരനേകം..
ദുഖത്തിലാരും പുനരങ്ങതില്ലെന്നതും
സൗഖ്യമുള്ളപ്പോള്‍ മണിക്കൂര്‍ സംസാരിപ്പോര്‍
സൗഖ്യമോയെന്ന ചെറുചോദ്യത്തിലൊതുക്കുമെന്നും.

മണവും രുചിയും മറഞ്ഞിരുന്നാല്‍..
മധുരവും കൈപ്പുമൊരുപോലെയെന്നതും
ആയിരം ചില്ലുടയും പോല്‍ നോവുണ്ടെന്നതും
ഉയിരെടുക്കും പോല്‍ തളര്‍ച്ചയുണ്ടെന്നുമറിഞ്ഞു.

നിലവറ നിറയും പോല്‍ ധാന്യമുണ്ടേലും
കലവറ നിറയെ പലവ്യഞ്ജനമുണ്ടേലും
തടവറക്കുള്ളില്‍ തളക്കപ്പെട്ടവര്‍ക്ക്
നിറ്വയര്‍ വെറും സ്വപ്നമാകാമെന്നുമറിഞ്ഞു.. പക്ഷെ..

ഏലീയാവിന്നന്നു കാക്കായാല്‍ അപ്പമേകിയ
ഏകദൈവം ഞങ്ങള്‍ക്കുമിതാ താങ്ങായി..
ഏറെപ്രതീക്ഷിക്കാത്തൊരു സുമനസ്സാല്‍
ഏകി ഞങ്ങള്‍ക്കും ഭക്ഷണമിടക്കിടെ.

നാടിന്റെ നന്മകള്‍ വാനോളം പുകഴ്ത്തുവോര്‍
നാട്ടിലെ ഭക്ഷണപ്പൊതിയെ പ്രശംസിപ്പോര്‍
നിങ്ങള്‍ക്കിടയിലുമുണ്ട് ദുര്‍ബലരായോര്‍
നിസ്സഹായരായ് നീറി വലയുന്നോര്‍..

പിഞ്ചുകുഞ്ഞുങ്ങളെയോര്‍ത്തു പിടയുന്നോര്‍
പിന്നാമ്പുറത്തേക്കിറങ്ങാന്‍ കഴിയാത്തൊര്‍
പതിന്നാലുദിനങ്ങളായ് ചെറുമുറിക്കുള്ളിലായ്...
പകല്‍വെട്ടം കാണാതെ തളര്‍ന്നിരിപ്പോര്‍.

ഇന്ന് ഞാന്‍ നാളെ നീ എന്നതോര്‍ക്കാം നമുക്ക്
ഇന്നേ പരസ്പരം സ്നേഹം ചൊരിഞ്ഞിടാം
ഒന്നായ് നമുക്കുമൊരുക്കാം പൊതിച്ചോറുകള്‍
ഒന്നിച്ചു നിന്നീ സംഹാരമൂര്‍ത്തിയെ നേരിടാം.

ലിവര്‍പൂള്‍ നിവാസിയായ അനുമോള്‍ തോമസ് എഴുതിയ കൊറോണക്കാല കവിത. ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ സീനിയര്‍ നേഴ്സ് ആയി ജോലി ചെയ്യുന്ന അനുമോള്‍ ബ്രിട്ടീഷ് മലയാളി 2015 ലെ ബേസ്ഡ് നേഴ്സ് ഫൈനലിസ്റ് ആയിരുന്നു. കുട്ടനാട് സ്വദേശിയാണ് അനുമോള്‍. നന്നായി കവിത എഴുതുന്ന അനുമോള്‍ കലാ സാഹിത്യ രംഗങ്ങളില്‍ കൈവയ്ക്കാത്ത മേഖലകള്‍ ചുരുക്കം. നാടക രചന, സംവിധാനം, അഭിനയം എന്നിവയൊക്കെ തന്മയത്തത്തോടെ ചെയ്യുമ്പോള്‍ സ്റ്റേജില്‍ അവതാരികയുടെ റോളില്‍ തിളങ്ങാനും തയ്യാര്‍. എട്ടു വര്‍ഷം മുന്‍പ് യേശുദാസ് മാഞ്ചസ്റ്ററില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ അവതാരികയുടെ റോളില്‍ എത്തിയത് അനുമോള്‍ ആയിരുന്നു. ഇതിനെല്ലാം പുറമേ ഒരു കുട്ടനാട്ടുകാരി ഒരിക്കലും കൈമോശം വരുത്താന്‍ പാടില്ലാത്ത കാര്‍ഷിക സംസ്‌ക്കാരവും അനുമൊളെ യുകെയിലും പിന്തുടരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam