1 GBP = 94.20 INR                       

BREAKING NEWS

നിമ്മിയുടെയും മക്കളുടെയും തോരാത്ത കണ്ണുനീര്‍ ഒപ്പമുള്ളവര്‍ക്കും കണ്ടു നില്‍ക്കാനായില്ല; വികാര നിര്‍ഭര നിമിഷങ്ങളുമായി സിന്റോ ജോര്‍ജ്ജിന്റെ വിട വാങ്ങല്‍

Britishmalayali
kz´wteJI³

ക്രോയ്‌ഡോണ്‍: കൊവിഡ് 19 ബാധിച്ചു മരണത്തിനു കീഴടങ്ങിയ ക്രോയ്ഡോണ്‍ റെഡ് ഹില്ലിലെ സിന്റോ ജോര്‍ജ്ജിന്റെ മൃതദേഹം സംസ്‌കരിച്ചു. വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ഫ്യൂണറല്‍ സര്‍വ്വീസ് സെന്ററിലും സെമിത്തേരിയിലും എത്തിയവര്‍ സാക്ഷികളായത്. നിമ്മിയും മക്കളും അപ്പാ എന്നു വിളിച്ചിരുന്ന സിന്റോയോട് ജീവിതത്തെ കുറിച്ചും മുന്‍പോട്ട് ഇനി എങ്ങനെ ജീവിക്കുമെന്നും ഉള്ള ആശങ്കകളും പ്രതീക്ഷകളും നിമ്മി പങ്കുവെച്ചത് കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. മക്കളെ നന്നായി വളര്‍ത്തുവാനും അപ്പായെ കാണുവാന്‍ എന്നും വരുമെന്നും നിമ്മി വിടവാങ്ങല്‍ നിമിഷങ്ങള്‍ക്കിടയില്‍ പറയുന്നുണ്ടായിരുന്നു. നാട്ടിലേക്ക് പോയാല്‍ അപ്പായെ കാണാന്‍ വരാന്‍ പറ്റില്ലല്ലോ.. അതുകൊണ്ടു തന്നെ ഇവിടെ തന്നെ നില്‍ക്കുമെന്നായിരുന്നു നിമ്മിയുടെ വാക്കുകള്‍... അങ്ങനെ പറഞ്ഞാല്‍ തീരാത്ത പരിഭവങ്ങളും പ്രയാസങ്ങളും ആശങ്കകളും പ്രതീക്ഷകളും എല്ലാം പങ്കുവെച്ചാണ് നിമ്മി സിന്റോയെ യാത്രയാക്കിയത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് റെഡ്ഹില്ലിലുള്ള സ്റ്റോണ്‍മാന്‍ ഗാരേജിനു മുന്നില്‍ നിന്നും ഫ്യൂണറല്‍ സര്‍വ്വീസ് ആരംഭിച്ചത്. കൊവിഡ് 19 ബാധിച്ചു മരിച്ചതിനാല്‍ തന്നെ ചാപ്പലിലോ ഹാളിലോ പൊതുദര്‍ശനത്തിനു വയ്ക്കുന്നതിന് ഒന്നും തന്നെ അനുവാദമില്ലായിരുന്നു. നിമ്മിയുടെ ചേച്ചിയും കസിനും സഹായത്തിനായി എത്തിയ സുഹൃത്തുക്കളും നിമ്മിയ്ക്കും മക്കള്‍ക്കും ഒപ്പം ഉണ്ടായിരുന്നു. റെഡ് ഹില്ലില്‍ നിന്നും പള്ളിയുടെ രണ്ടു ട്രസ്റ്റിമാരും അസോസിയേഷന്‍ ഭാരവാഹികളും ഉണ്ടായിരുന്നു.

ഫാ. ജൂപ്പനക്കാട്ടിന്റെ നേതൃത്വത്തിലാണ് ഫ്യൂണറല്‍ സര്‍വ്വീസ് സെന്ററില്‍ സംസ്‌കാര ശുശ്രൂഷകളും മറ്റും നടത്തിയത്. രണ്ടു മണിയോടു കൂടി മൃതദേഹം റെഡ് സ്റ്റോണ്‍ സെമിത്തേരിയിലേക്ക് കൊണ്ടു വന്നു. വിലാപ യാത്രയായി കൊണ്ടു വന്ന ശേഷം സെമിത്തേരിയില്‍ ഫാ. സാജുവിന്റെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടന്നു. സിന്റോയെ അനുസ്മരിച്ചു കൊണ്ട് മൂത്തമകള്‍ വളരെ ഹൃദ്യമായി സംസാരിച്ചു.

റെഡ്ഹില്‍ അസസിയേഷനേയും പള്ളിയേയും പ്രതിനിധീകരിച്ചു കൊണ്ട് പള്ളി ട്രസ്റ്റി ആയിരുന്ന ജിപ്‌സണ്‍ തോമസ് ഏതാനും വാക്കുകള്‍ സംസാരിച്ചു. കൂടാതെ, ജൂബി ഫിലിപ്പ്, തോമസ് ജോസഫ്, ജിജി ജോസ്, ജോയസ് ജോണ്‍ എന്നിവരും ചടങ്ങില്‍ ഉടനീളം പങ്കെടുത്തു. നാട്ടിലുള്ള സിന്റോയുടെ മാതാപിതാക്കളടക്കമുള്ള ബന്ധുമിത്രാദികള്‍ക്കായും യുകെയിലെ സുഹൃത്തുക്കള്‍ക്കായും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കുമായി സംസ്‌കാര ശുശ്രൂഷകള്‍ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ സിന്റോ ജോര്‍ജ്ജ് ഏപ്രില്‍ ആറിനു രാവിലെയാണ് വിടവാങ്ങിയത്. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ശ്വാസതടസം മൂര്‍ച്ഛിക്കുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയോളമായി ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം അല്‍പം ഭേദപ്പെട്ടെങ്കിലും രാവിലെ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയും എല്ലാവരെയും ദുഃഖത്തിലാഴ്ത്തി സിന്റോ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ഭാര്യ നിമ്മി ചാലക്കുടി സ്വദേശിയാണ്. മൂന്നു മക്കളാണ് ദമ്പതികള്‍ക്കുള്ളത്.

11 വര്‍ഷം മുമ്പാണ് സിന്റോ ലണ്ടനിലേക്ക് എത്തിയത്. ലണ്ടനില്‍ നിന്നുമാണ് ചാലക്കുടി സ്വദേശിനിയായ നിമ്മിയെ പരിചയപ്പെട്ടത്. ശേഷം നാട്ടിലെത്തി വിവാഹം കഴിച്ചു. എട്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം. അതിനു ശേഷം ഇരുവരും ലണ്ടനിലേക്ക് തിരികെയെത്തി.
ഒരു കുഞ്ഞുണ്ടായതിനു ശേഷമാണ് നിമ്മി തിരികെ എത്തിയത്. സ്റ്റുഡന്റ് വിസയിലാണ് ഇരുവരും എത്തിയത്. അതിനാല്‍ തന്നെ കെയര്‍ ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. മറ്റു രണ്ടു മക്കളും ലണ്ടനിലാണ് ജനിച്ചത്. മൂന്നാമത്തെ കുഞ്ഞിന് ഒരു വയസ് ആയിട്ടേയുള്ളൂ. അതുകൊണ്ടു തന്നെ നിമ്മി ജോലിയ്ക്കും പോയിരുന്നില്ല.

ഏതു ജോലി ചെയ്യുമ്പോഴും കഠിനമായി അധ്വാനിച്ച ചെറുപ്പക്കാരനായിരുന്നു സിന്റോ. പഠനശേഷം മുംബൈയില്‍ ഓപ്പറേഷന്‍ തീയേറ്ററിന്റെ ഇന്‍ചാര്‍ജ്ജായും കപ്പലില്‍ നഴ്സായുമൊക്കെ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. അതിനു ശേഷമാണ് ലണ്ടനിലേക്ക് ചേക്കേറുന്നത്. എത്ര കഷ്ടപ്പെട്ടായാലും ലണ്ടനില്‍ പിടിച്ചു നിന്നു ജീവിതം പച്ച പിടിപ്പിക്കാനായിരുന്നു സിന്റോയുടെ ശ്രമം. ഇതിന്റെ അവസാനവട്ട ശ്രമം എന്ന നിലയില്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് നല്‍കിയ അപേക്ഷയില്‍ തീരുമാനം ആകുന്നതും കാത്തിരിക്കുക ആയിരുന്നു.

യുകെയില്‍ എത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹത്തിന് വേണ്ടിയാണു സിന്റോ നാട്ടില്‍ എത്തിയത്. അന്ന് മടങ്ങിയ സിന്റോ പിന്നീട് വിസാ കാലാവധി തീര്‍ന്നപ്പോള്‍ ഓരോ തവണയും പി ആര്‍ ലഭിക്കും എന്ന ധാരണയില്‍ അത് നേടിയെടുക്കുവാനുള്ള ഓട്ടത്തില്‍ ആയിരുന്നു. ഇക്കാരണത്താലാണ് നാട്ടില്‍ എത്താന്‍ കഴിയാതിരുന്നതും. പ്രതീക്ഷ കൈവിടാതെയുള്ള പരിശ്രമങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും ഇടയില്‍ ഏപ്രില്‍ - മെയ് മാസത്തോടെ പിആര്‍ ലഭിക്കുന്നതിനുള്ള അവസാന പേപ്പറുകളും ശരിയാകുമെന്ന വിശ്വാസത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു സിന്റോയും കുടുംബവും.

അതിനിടയിലാണ് 15 ദിവസം മുമ്പ് സിന്റോയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ആരംഭിച്ചത്. ഹോസ്പിറ്റലില്‍ വിളിച്ചപ്പോള്‍ മരുന്നുകള്‍ കഴിച്ച് വീട്ടില്‍ തന്നെ വിശ്രമിക്കുവാന്‍ പറഞ്ഞു. എങ്കിലും ശ്വാസം മുട്ടല്‍ ഉണ്ടായതോടെ ആംബുലന്‍സ് ടീം എത്തുകയും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതായി വ്യക്തമാകുകയും ചെയ്തു. ഉടന്‍ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി. രണ്ടു ദിവസം വാര്‍ഡിലും ശേഷം വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ പുലര്‍ച്ചെ അഞ്ചരയോടെ കാര്‍ഡിയാക് അറസ്റ്റു മൂലം മരണത്തിനു കീഴടങ്ങുകയായിരുന്നു. ഈസ്റ്റ് സറേ ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്.

സിന്റോയുടെ അപ്രതീക്ഷിക വിയോഗത്തില്‍ തളര്‍ന്ന കുടുംബത്തിന് സാമ്പത്തിക സഹായങ്ങളുമായി നിരവധി മലയാളി ഗ്രൂപ്പുകള്‍ സജീവമായിരുന്നു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സമാഹരിച്ച 16250 പൗണ്ട് കുടുംബത്തിന് ഉടന്‍ തന്നെ കൈമാറുന്നതാണ്. മൂന്നു ചെറിയ കുട്ടികള്‍ക്കാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സമാഹരിച്ച ഫണ്ട് നല്‍കുന്നത്.
ഇപ്പോള്‍ നല്‍കുന്ന തുക കുട്ടികളുടെ പേരില്‍ സ്ഥിര നിക്ഷേപം നടത്തി അവര്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്ന വിധത്തിലാവും ഫണ്ട് വിനിയോഗിക്കുന്നത്. ആറും മൂന്നും ഒന്നും വയസ്സുള്ള മൂന്നു കുട്ടികളാണ് അന്തരിച്ച സിന്റോയ്ക്കുള്ളത്. മറ്റു ഫണ്ട് ശേഖരണങ്ങളിലൂടെ സിന്റോയുടെ കുടുംബത്തിന് നല്ലൊരു തുക ലഭിക്കുമെന്നുള്ളത് കൊണ്ടാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ശേഖരിച്ച തുക കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുന്നത്.
ഫോട്ടോ കടപ്പാട്- സിബി കുര്യന്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category