1 GBP =99.10INR                       

BREAKING NEWS

നൈമിഷികമായ വികാരങ്ങള്‍ക്ക് അടിമപ്പെട്ടു കാടത്വം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യരില്‍ നിന്നും പരിണമിച്ചു മനുഷ്യത്വം പ്രകടിപ്പിക്കുന്നവരായി മാറണം

Britishmalayali
റോയ് സ്റ്റീഫന്‍

ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഒരാള്‍ക്കും കൃത്യമായി ഭാവിപ്രവചിക്കുവാനും അതനുസരിച്ചു തങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ജീവിക്കുവാനും സാധിക്കുകയില്ലാ എന്നത് തന്നെയാണ് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്റെയും വളര്‍ച്ചയുടെയും രഹസ്യം. ഭൂതകാലത്തിലെ ജീവിതാനുഭവങ്ങളില്‍ നിന്നും അനുയോജ്യമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്കൊണ്ട് നിലവിലുള്ള ജീവിതം എത്രയും ഭംഗിയായി ജീവിക്കുന്നതിലൂടെ ഭാവിയിലെ ജീവിതം ഏറ്റവും സുഗമമായി മാറുമെന്ന ഒരു ശുഭപ്രതീക്ഷ മാത്രമാണ് ലോകത്തിലുള്ള ഭൂരിഭാഗം മനുഷ്യര്‍ക്കും. എന്നാല്‍ കൊറോണ പോലുള്ള രാജ്യാന്തര സാംക്രമിക രോഗങ്ങള്‍ ഓരോ മനുഷ്യരുടെയും പ്രതീക്ഷകളെയും സങ്കല്പങ്ങളെയും തകര്‍ത്തുകൊണ്ട് ലോകത്തില്‍ ഭീതിപരത്തുമ്പോള്‍ അന്യോന്യം സംരക്ഷണ കവചം തീര്‍ക്കുക മാത്രമാണ് നിലവില്‍ അഭികാമ്യമായ ഏകമാര്‍ഗവും. ശാസ്ത്രവും സമൂഹവും ചില മനുഷ്യരെങ്കിലും കാലോചിതമായി ഈ ആധുനിക ലോകത്തില്‍ വളര്‍ന്നുയെന്ന് അനുമാനിക്കുമ്പോഴും സാധാരണക്കാരായ ചില മനുഷ്യരെങ്കിലും ഇപ്പോഴും 200,000 വര്‍ഷങ്ങള്‍ക്ക് പുറകില്‍ അതായത് ശിലായുഗത്തിലാണ് ജീവിക്കുന്നത്  എന്ന പ്രതീതി ജനിപ്പിക്കുന്ന പെരുമാറ്റങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത്. അതായത് അന്നത്തെക്കാലങ്ങളില്‍ അതിജീവനത്തെ സാധ്യമാക്കിയ സ്വഭാവസവിശേഷതങ്ങള്‍ ഇന്നും ആളുകള്‍ പ്രകടിപ്പിക്കുന്നു. സ്വന്തം ജീവിതം ഭീഷണിയിലാവുമ്പോള്‍ പ്രതിരോധത്തിലാവുകയും അപരനും തന്നെപ്പോലെ തന്നെ ഒരു മനുഷ്യനാണ് എന്നുള്ള പരിഗണനയും നല്‍കാതെ കാട്ടുമൃഗങ്ങളെപ്പോലെ ക്രൂരമായി ചെറുത്തു തോല്‍പ്പിക്കുന്ന സ്വഭാവങ്ങളും പെരുമാറ്റങ്ങളും.

ഈ ക്രൂരമായ മൃഗീയ സ്വഭാവം മനുഷ്യനില്‍ ഇന്നും നിലനില്‍ക്കുന്നതു കൊണ്ടു മാത്രമാണ് പരിണാമ സംബന്ധമായ വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രജ്ഞന്മാര്‍ ഇപ്പോഴും വിശ്വസിക്കുന്നത് 'ശിലായുഗത്തില്‍ നിന്ന് വ്യക്തികളെ പുറത്തെടുക്കാന്‍ സാധിക്കും പക്ഷെ അവരില്‍ നിന്നും ശിലായുഗം പുറത്തെടുത്ത് കളയുവാന്‍  സാധിക്കില്ല'. അതോടൊപ്പം തന്നെ എല്ലാ മനുഷ്യരും ഒരേപോലെയല്ലായെന്നും കാലോചിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ധാരാളം മനുഷ്യര്‍ ലോകത്തിലുണ്ടെന്ന വസ്തുതയും ഈ ശാസ്ത്രജ്ഞന്മാര്‍  ഊന്നി പറയുന്നുമുണ്ട്. ഒരോ വ്യക്തികളുടെയും തനതായ ജനിതകഘടനയിലുള്ള വ്യത്യാസവും, സംസ്‌കാരങ്ങളിലെയും ജീവിത അനുഭവങ്ങളിലും തമ്മിലുള്ള അന്തരങ്ങളുമാണ് ഇങ്ങനെയുള്ള സ്വഭാവ വൈകല്യങ്ങള്‍ മനുഷ്യരില്‍ കാണപ്പെടുന്നത്. ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞന്‍ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തങ്ങളോടെ യോചിക്കുന്നതുമാണ് മനുഷ്യന്റെ ഈ മൃഗീയ സ്വഭാവരീതികള്‍. അതായത് മനുഷ്യന്‍ ഭൂമിക്ക് വേണ്ടി സൃഷ്ടിക്കപെട്ടതല്ല മറിച്ച് മൃഗങ്ങളില്‍ നിന്നും പരിണമിച്ചു മനുഷ്യരൂപം പൂണ്ടതാണെന്ന സിദ്ധാന്തം.  അദ്ദേഹത്തിന്റെ തത്ത്വങ്ങളില്‍ മനുഷ്യര്‍ മറ്റെല്ലാ ജീവജാലങ്ങളുമായി ഒരു പൊതു പൈതൃകം പങ്കിടുന്നു, ഈ ആധുനിക ലോകത്തിലും അവരുടെ സ്വഭാവത്തിലും പ്രവത്തനങ്ങളിലും ഈ പൊതു പൈതൃകം പ്രതിഫലിക്കുന്നു.

കൊറോണയെന്ന മഹാമാരി ഈ ആധുനിക യുഗത്തിലും എല്ലാ മനുഷ്യരെയും അവരുടെ ഭവനങ്ങളില്‍ ബന്ധനസ്ഥരാക്കിയപ്പോഴും ചില മനുഷ്യര്‍ ഇപ്പോഴും അവരുടെ മൃഗീയ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന വാര്‍ത്തകള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ലഭിക്കുമ്പോള്‍ മനുഷ്യരായി ഭൂമിയില്‍ ജനിച്ചവര്‍ക്ക് നെഞ്ചുപൊട്ടി വിലപിക്കുവാന്‍ മാത്രമാണ് സാധിക്കുന്നത്. ഇപ്പോഴും അദൃശ്യമായി നില്‍ക്കുന്ന ശത്രു ആരുടെയൊക്കെ ജീവനെടുക്കുവാന്‍ എവിടെയൊക്കെ കാത്തിരിക്കുന്നു എന്ന് തിരിച്ചറിയുവാന്‍ സാധിക്കുന്നില്ല അപ്പോഴും പ്രത്യക്ഷത്തില്‍ കാണുന്ന മനുഷ്യരോട് ഏറ്റവും ക്രൂരമായി പെരുമാറുന്നതായുള്ള സംഭവങ്ങള്‍. കൊറോണ ബാധിച്ചവരും കൊറോണ ഭീതിയില്‍ കഴിയുന്നവരുടെയും നിലവിലുള്ള ഏകആശ്രയം വൈദ്യശാസ്ത്രമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളില്‍ മാത്രമാണ്. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് മാത്രം കൊറോണയിലൂടെ ജീവന്‍ നഷ്ടപ്പെട്ട ധാരാളം ഡോക്ടര്‍മാരും നഴ്സുമാരും മറ്റു മനുഷ്യരും ലോകെത്തെമ്പാടുമുണ്ട്. ഇനിയും പലരും അപകടനിലകള്‍ തരണം ചെയ്യാതെ ചികിത്സയിലുമാണ്. ഏതു നിമിഷവും രോഗം പിടിപെടുവാന്‍ സാധ്യതയുണ്ടെന്നും മരണത്തിലേയ്ക്ക് വരെ നയിക്കപെടാമെന്നു തിരിച്ചറിയുന്നുണ്ടെങ്കിലും തെല്ലും ഭയമില്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ആല്‍മാര്‍ത്ഥമായി തങ്ങളുടെ ജോലി ചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. ലോകമെമ്പാടും അവരോരുത്തരുടെയും പ്രവര്‍ത്തനങ്ങളെ പല രീതിയില്‍ അനുമോദിക്കുവാനും അംഗീകരിക്കുവാനും മറ്റുള്ള മനുഷ്യര്‍ ശ്രമിക്കുമ്പോള്‍ ജീവത്യാഗം ചെയ്ത വ്യക്തികളുടെ ശവശരീരത്തോടു പോലും അനാദരവ് കാണിക്കുന്ന സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ വീണ്ടും ഭൂമിയില്‍ മനുഷ്യരായി ജനിച്ചവര്‍ക്ക് നെഞ്ചു പൊട്ടിക്കരയുവാന്‍ മാത്രമാണ് കഴിയുന്നത്.

ഭാരതത്തില്‍ തന്നെ ചെന്നൈയില്‍ അന്‍പത്തിയഞ്ചു വയസ്സ് മാത്രം പ്രായമുള്ള ന്യൂറോ സര്‍ജന്‍ ഡോ. സൈമണ്‍ ഹെര്‍ക്കുലീസിന്റെ മൃതദേഹം സംസ്‌കരിക്കുവാന്‍ പോലും അദ്ദേഹത്തിന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും അനുവദിക്കാതിരിക്കുക മാത്രമല്ല മൃഗങ്ങളില്‍ നിന്നും പരിണാമം പ്രാപിച്ച മനുഷ്യര്‍ ചെയ്തത്. മൃതശരീരവുമായെത്തിയ ആംബുലന്‍സ് തല്ലിത്തകര്‍ക്കുകയും ഡ്രൈവറെയും മറ്റുള്ളവരെയും കല്ലും വടികളുമുപയോഗിച്ചു ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയുമാണ് ചെയ്തത്. പല ശ്മശാനങ്ങള്‍ കേറിയിറങ്ങിയെങ്കിലും അവസാനം പോലീസുകാരുടെ സഹായത്തോടെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് ആ മൃതശരീരം കുഴിച്ചു മൂടുവാന്‍ മാത്രമാണ് സാധ്യമായത്. ഒരു സാധാരണ ഡോക്ടറെക്കാളുപരി വിവിധ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഡോ. സൈമണിന്റെ മൃതദേഹത്തോട് അനാദരവ് കാണിക്കുന്നതിലുപരി ഒരു മനുഷ്യന് ലഭിക്കേണ്ട അന്ധ്യോപചാരവും നിഷേധിക്കുകയാണുണ്ടത്. കോവിഡ് രോഗികളുടെ പരിചരണത്തിലൂടെയാണ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മകള്‍ക്കും രോഗബാധയേറ്റതെന്ന് വളരെ കൃത്യമായി അറിവുണ്ടായിട്ടും അദ്ദേഹത്തിന്റെ മൃതദേഹത്തോടെ പ്രകടിപ്പിച്ച ക്രൂരത ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും എത്രത്തോളം ദുഖമുണ്ടായിട്ടുണ്ടെന്ന് ആര്‍ക്കും വിവരിക്കുവാന്‍ സാധിക്കില്ല. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്ന പ്രദേശങ്ങളില്‍ അണുബാധ പടരുമെന്ന മിഥ്യാധാരണകളും  പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പലയാവര്‍ത്തി സാധാരണക്കാരെ ബോധ്യമാക്കിയ വസ്തുതയാണെങ്കിലും അധികാരികളെ അനുസരിക്കുവാന്‍ തയ്യാറാവുന്നില്ല  അംഗീകരിക്കുവാന്‍ കൂട്ടാക്കുന്നില്ല. ആധുനിക ലോകത്തില്‍ ശാസ്ത്രം വളര്‍ന്നെങ്കിലും മൃഗങ്ങളില്‍ നിന്നും പരിണമിച്ച മനുഷ്യന്‍ ഇന്നും ശിലായുഗത്തിലെപ്പോലെ പെരുമാറുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം.  തങ്ങളെപ്പോലെ തന്നെയുള്ള മറ്റു മനുഷ്യര്‍ക്ക് അവരുടേതായ മാനുഷിക പരിഗണനകള്‍ നല്‍കാതെ തങ്ങളെ മാത്രം സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന തികച്ചും സ്വാര്‍ത്ഥപരമായ ചിന്താഗതികള്‍.

മനുഷ്യര്‍ മറ്റു മനുഷ്യരുടെ മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കാതെ വരുമ്പോളാണ് മനുഷ്യത്ത്വമില്ലായ്മയെന്ന് അല്ലെങ്കില്‍ മനുഷ്യത്വം മരവിച്ചു എന്ന് വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്തികള്‍ക്കും ചിന്തിക്കുവാനും നന്മയും തിന്മയും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ സാഹചര്യമുള്ളപ്പോഴും മൃഗങ്ങളെപ്പോലെ മറ്റുള്ളവരുടെ വീണ്ടു വിചാരമില്ലാത്ത ഇച്ഛാശക്തികള്‍ക്ക് വശംവദരായി കൊടുക്കുമ്പോള്‍ വ്യക്തികളുടെ തനത് വ്യക്തിത്വങ്ങളാണ് നഷ്ടപ്പെടുന്നത്. അങ്ങനെ മറ്റുള്ളവരുടെ ആജ്ഞാനുവര്‍ത്തികളായി മാറുന്ന വ്യക്തികള്‍ വെറും നാല്‍ക്കാലി കൂട്ടങ്ങള്‍ മാത്രമാണ്. ഏതൊരു അവസരങ്ങളിലും സ്വന്തം തീരുമാനമെടുക്കുവാന്‍ സ്വാതന്ത്യമില്ലാതെ പ്രവര്‍ത്തക്കേണ്ടി വരുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ സ്വന്തം വ്യക്തിത്വം എന്നന്നേയ്ക്കുമായി നഷ്ടപ്പെടുകയാണ് അതുമല്ലെങ്കില്‍ തങ്ങളുടെ വ്യക്തി സ്വാതന്ത്യം  മറ്റുള്ളവര്‍ക്ക് അടിയറവ് വയ്ക്കുകയാണ് ചെയ്യുന്നത്.  വിവേചന ശക്തികളും വീണ്ടുവിചാരങ്ങളും എല്ലാ മനുഷ്യര്‍ക്കും ഉള്ളപ്പോള്‍ തങ്ങള്‍ക്ക് അനിഷ്ടമായ പ്രവര്‍ത്തനങ്ങളുടെ മേല്‍ വികാരാധീനരാവുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ എടുത്തുചാടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ മറ്റു വ്യക്തികളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് അത്  ഒരുകാലത്തും നീതികരിക്കുവാന്‍ സാധിക്കാത്ത കുറ്റകൃത്യമായി മാറും. കൂട്ടം കൂടിയോ സംഘം ചേര്‍ന്നോ മറ്റുള്ളവരുടെ മേല്‍ അത്യാചാരങ്ങള്‍ നടത്തുമ്പോള്‍ മാനുഷിക നീതിയ്ക്കു പകരം കാട്ടുനീതിയാണ് പ്രാവര്‍ത്തികമാക്കുന്നത്. ശിലായുഗങ്ങളില്‍ കാണപ്പെട്ടിരുന്ന മൃഗങ്ങളില്‍ നിന്നും പരിണമിച്ച മനുഷ്യന്റെ പ്രവര്‍ത്തന രീതികള്‍.

ലോകം വളര്‍ന്നെങ്കിലും ചില പരിണമിച്ച മനുഷ്യരുടെയെങ്കിലും ചിന്താഗതികളും ജീവിതരീതികളും ഇനിയും മാറാതിരിക്കുവാനുള്ള കാരണവും വീണ്ടും പരിണാമ സിദ്ധാന്തത്തിലെ ശാസ്ത്രജ്ഞര്‍ വിവരിക്കുന്നുണ്ട്. അവയെല്ലാം ഒരുപരിതിവരെ ശരിയുമായിരിക്കാം എങ്കില്‍ പോലും ഒരേ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സഹോദരങ്ങളാണെന്ന് പ്രത്യക്ഷത്തില്‍ പറയുകയും പരോക്ഷമായി അനുദിനം ദ്രോഹിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തികളുടെ മനസികാവസ്ഥകള്‍ക്കാണ് ചികിത്സയുടെ ആവശ്യം. മനുഷ്യര്‍ വ്യക്തിപരമായി മറ്റുള്ളവരോട് അകാരണമായി വിദ്വേഷം പുലര്‍ത്തുന്ന രീതികള്‍ കണ്ടുവരുന്നത് കൂടുതലും വിദ്യാഭ്യാസപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്താത്ത വ്യക്തികളിലാണ് എന്നാല്‍ അവരില്‍ ചിലര്‍ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചിന്താഗതികളില്‍ മാറ്റങ്ങള്‍ വരുത്താറുമുണ്ട്. അനുയോജ്യമായ വിദ്യാഭ്യാസവും ധാരാളം ജീവിതാനുഭവങ്ങളുമുള്ള വ്യക്തികള്‍ക്ക് പോലും അവരുടെ വികാരങ്ങളെ എല്ലായ്പ്പോഴും നിയന്ത്രിക്കുവാന്‍ സാധിക്കാതെ വരുന്ന അവസരങ്ങളുമുണ്ട്. അപ്പോള്‍ ഇതൊന്നുമില്ലാത്ത സാധാരണക്കാരില്‍ നിന്നും വളരെ നീചമായ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാം. പ്രത്യേകിച്ചും വളരെ സ്വാര്‍ത്ഥമതികളായ മനുഷ്യരില്‍ നിന്നും, ലോകത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു നന്മയും തിരിച്ചറിയുവാന്‍ സാധിക്കാത്ത വ്യക്തികളില്‍ നിന്നും. അതിലുപരി ഇങ്ങനെയുള്ള മനുഷ്യരുടെ ഒരു കൂട്ടം തന്നെ ഉടലെടുത്താല്‍, അങ്ങനെയൊരു കൂട്ടത്തെ നിയന്ത്രിക്കുവാന്‍ ബുദ്ധിമുട്ടായി വരുക തന്നെ ചെയ്യും. കാരണം മറ്റൊന്നുമല്ല അവരോരുത്തരെയും നയിക്കുന്നത് അവരുടെ നൈമിഷക ചിന്താഗതികള്‍  മാത്രമാണ് സ്വാര്‍ത്ഥത നിറഞ്ഞ അവരുടെ വിചാരങ്ങളില്ലാത്ത വികാരങ്ങള്‍.

നൈമിഷികമായ വികാരങ്ങള്‍ക്ക് അടിമപ്പെട്ടു കാടത്വം പ്രവര്‍ത്തിക്കുന്ന കലാപകാരികള്‍ തമ്മിലുള്ള ബന്ധവും സദൃഢമല്ലായെന്നു തന്നെയാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതും. സമൂഹത്തില്‍ കലാപത്തിന് പുറപ്പെടുന്ന പല വ്യക്തികള്‍ക്കും യഥാര്‍ത്ഥ കാരണങ്ങള്‍ അറിവില്ലാതെയാണ് കലാപങ്ങളില്‍ പങ്കെടുക്കുന്നത്. സമൂഹത്തില്‍ ചില പ്രമുഖ വ്യക്തികളോടുള്ള അമിതമായ പ്രതിബദ്ധത മൂലം കലാപങ്ങളില്‍ പെട്ടു പോവുകയാണ് പലരും. അതുകൊണ്ടു മാത്രമാണ് പര്യാപ്തമായ പോലീസ് സേനയുണ്ടെങ്കിലും കലാപകാരികളെ അടിച്ചമര്‍ത്താതെ അവരോരുത്തരെയും പ്രത്യാഘാതങ്ങളെക്കുറിച്ചു ബോധവത്കരിച്ചും ചില അവസരങ്ങളില്‍ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചും പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുന്നത്.  സംഘടിതമായ ഭീകരാക്രമണങ്ങളില്‍ അല്ലാതെ കലാപകാരികള്‍ മാരകമായ ആയുധങ്ങളും ഉപയോഗിക്കാറുമില്ല അതുകൊണ്ടു തന്നെ സമയോചിതമായ നയതന്ത്രങ്ങളിലൂടെ നിയന്ത്രിക്കുവാനും സാധിക്കും. കലാപങ്ങളിലൂടെ ഒരു രാജ്യത്തും മാറ്റങ്ങള്‍ വരുത്തുവാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. പങ്കെടുക്കുന്നവര്‍ക്കും ലക്ഷ്യം വച്ചിട്ടുള്ള ചിലര്‍ക്കും മാത്രമാണ് നഷ്ടങ്ങള്‍ സംഭവിക്കുന്നത്. ചില അവസരങ്ങളില്‍ തീര്‍ത്താല്‍ തീരാത്ത നഷ്ടങ്ങള്‍. ഇതുതന്നെയാണ് ഡോ. സൈമണ്‍ ഹെര്‍ക്കുലീസിന്റെ കാര്യത്തിലും സംഭവിച്ചത്. പക്ഷെ അതിലുപരി അദൃശ്യമായ ശത്രുവിനെതിരെ സ്വന്തം ജീവിതം പോലും പണയംവച്ച് മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന ആരോഗ്യ പരിപാലകരുടെ ആത്മ വിശ്വാസമാണ് നഷ്ടപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ സംരക്ഷിക്കേണ്ടതും അതൊന്നുമാത്രമാണ്. ലോകത്തിലുള്ള എല്ലാ ആരോഗ്യ പരിപാലകരെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചാല്‍ മാത്രം മതിയാവുകയില്ല. അവരോരുത്തരെയും നമ്മുടെ ഹൃദയങ്ങളില്‍ നിന്നും അനുമോദിക്കണം. ജീവിച്ചിരിക്കുന്നവരെപ്പോലെ തന്നെ അവരുടെ ചേതനയറ്റ ശരീരങ്ങളെയും ഒരേപോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category