1 GBP =93.80 INR                       

BREAKING NEWS

പെണ്ണുകാണല്‍ അപാരതകള്‍ : ചെറുകഥ

Britishmalayali
മുരളീ മുകുന്ദന്‍

ന്റെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷം  നല്‍കിയ  ചില സംഗതികളാണ് ബന്ധുമിത്രാദികള്‍ക്ക് വേണ്ടി ഞാന്‍ നടത്തിയിട്ടുള്ള പെണ്ണുകാണല്‍ അപാരതകള്‍...

അതെ... രണ്ട് വ്യത്യസ്ഥ ചിന്താഗതിക്കാരെ കൂട്ടിയോജിപ്പിച്ച് ഒരു കുടുംബമായി വാഴിക്കുമ്പോഴുള്ള ആ ആനന്ദം ഒന്ന് വേറെ തന്നെയായിരുന്നു ...!  

ഇപ്പോഴുള്ള ന്യൂ-ജെന്‍ പിള്ളേരെ പോലെയുള്ള ചാറ്റിങ്ങും, ചീറ്റിങ്ങും, ഡേറ്റിങ്ങുമൊന്നുമില്ലാതെ പ്രഥമ ദര്‍ശനത്തില്‍ തന്നെ ജീവിത പങ്കാളികളായവര്‍ ...!

അവര്‍ ഇപ്പോഴും തട്ടി മുട്ടി കോട്ടം കൂടാതെ പരസ്പരം പിരിയാതെ തന്നെ മരണം വരെ ജീവിതം മുട്ടത്തട്ടെത്തിച്ചത് കാണുമ്പോഴുണ്ടാകുന്ന സംതൃപ്തി - ഇന്നത്തെ ഈ പുത്തന്‍ തലമുറയുടെ ഇപ്പോള്‍ ചുറ്റുപാടും നടക്കുന്ന ധാരാളം വിവാഹ മോചനങ്ങള്‍ കാണുമ്പോള്‍ കിട്ടുന്നില്ല...

എന്റെ ആദ്യ പെണ്ണുകാണല്‍ കഴിഞ്ഞതു മുതല്‍ ആയതിന്റെ വര്‍ക്കത്ത് കാരണം പല കൂട്ടുകാര്‍ക്കും, അടുത്ത ബന്ധുക്കളുടെ മക്കള്‍ക്കുമൊക്കെ പെണ്ണുകാണാനും,  ആണുകാണാനുമൊക്കെയായി അക്കാലത്ത് എല്ലാ വീക്കെന്റുകളും മാറ്റിവെച്ചവനായിരുന്നു ഞാന്‍ ...

സ്വന്തമായി ഒരു പെണ്ണിനെ കണ്ട് ഇത്തിരി കിഞ്ചന വര്‍ത്തമാനം പറഞ്ഞു അവളെ കെട്ടിപ്പൂട്ടി ഭാര്യസ്ഥാനത്ത് പ്രതിഷ്ഠിക്കുവാന്‍ യോഗമില്ലാത്തവനായിരുന്നു ഞാനെങ്കിലും, മറ്റുള്ളവര്‍ക്ക് വേണ്ടി പെണ്ണുകാണല്‍ ചടങ്ങുകളില്‍ പങ്കെടുത്ത് സെഞ്ച്വറി കടന്നവനാണ് ഞാന്‍ ...!

അതിന് സ്വന്തമായിട്ട് ഒരു പെണ്ണു കാണുവാന്‍ എനിക്കൊക്കെ എങ്ങിനെ പറ്റാനാണ്...?

കൗമാരം തൊട്ടേ ഒരു പ്രണയവല്ലഭനായി കാമിനിമാരുടെ ചുറ്റും റോന്തു ചുറ്റി നടക്കുന്ന ശീലഗുണം കൊണ്ട് വീട്ടുകാരും നാട്ടുകാരും കൂടി 24 വയസ്സിലെ തന്നെ അതിലൊരുത്തിയെ കൊണ്ട് - ഇടഞ്ഞുനില്‍ക്കുന്ന ഒരു കാളക്കൂറ്റനെ മെരുക്കുവാന്‍ എന്ന പോലെ - എനിക്ക് മൂക്ക് കയറിടീപ്പിച്ച്, എന്റെ പെര്‍മനന്റ് യജമാനത്തിയായി ഏല്‍പ്പിച്ചു കൊടുത്തു..!

എന്റെ കൗമാരകാലത്ത് പൊട്ടിമുളച്ച ആദ്യാനുരാഗ കഥയിലെ നായികയായ പ്രിയയെ, ജാതിയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുവാന്‍ കഴിയാതിരുന്നത് കൊണ്ട് അവളുടെ മുറ ചെക്കനായ എന്റെ മിത്രം കൂടിയായിരുന്ന ഹരി (യേട്ടന്‍)   ഗള്‍ഫില്‍ നിന്നും വന്ന് കല്യാണിച്ച് അവളേയും കൂട്ടി ദുബായിലേക്ക് പറന്നകന്ന കാലം..!

ഏതാണ്ട് ഒരു ദശകക്കാലം നീണ്ടുനിന്ന പ്രിയയുടെയും, എന്റെയും ഇമ്പമാര്‍ന്ന ആ പ്രണയ കാലം മറക്കുവാന്‍ വേണ്ടിയാണ് പിന്നീട് ഞാന്‍ സമയമുണ്ടാക്കി, 'മാജിക് ഷോ'യും, പിന്നെ പല കൂട്ടുകാരുടെയും പ്രണയ ദൂതുമായും മറ്റും  സെന്റ്. മേരീസ് കോളേജിന്റെ ഇടവഴിയിലും, വിമല കേളേജ് ബസ്സിന്റെ പിക്കപ് പോയന്റുകളിലും, കേരളവര്‍മ്മയിലെ ഊട്ടി പറമ്പിലുമൊക്കെ ചുമ്മാ റോന്ത് ചുറ്റി നടന്നിരുന്നത്...!

പോരാത്തതിന് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ നടരാജന്മാഷുടെ ട്യൂഷന്‍ ക്ളാസില്‍ വെച്ച് എന്നോട് അടുപ്പത്തിലായ സുമം വര്‍ഗീസ് ഡിഗ്രിക്ക് വിമലയില്‍ പഠിക്കുന്ന കാലവും...

അന്നെനിക്ക് സ്വന്തമായി ഒരു പ്രണയിനി ഉള്ളതിനാല്‍ സുമത്തിനെ ഇഷ്ടപ്പെടുന്ന - കൂട്ടുകാരന്‍ സുധന് വേണ്ടി എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കുന്ന ഒരു ഉദാര മനസ്‌കനും കൂടിയായിരുന്നു ഞാന്‍ എന്നതിനാല്‍ അവളേയും കൂട്ടുകാരികളെയും കോളേജ് ബസ് കയറ്റിവിട്ട ശേഷമെ ഞങ്ങള്‍ സ്വന്തം ക്യാംപസുകളിലേക്ക് തിരിച്ച് പോകുമായിരുന്നുള്ളൂ...

ആ സമയത്ത്  വിരഹം മൂലം പ്രേമം മുട്ടി നിന്ന എന്നുടെ മനസ്സിനുള്ളിലേക്ക് പിന്നീട് കയറി വന്ന ഒരു ചുള്ളത്തിയായിരുന്നു അനിത ... 

ഞാനും എന്റെ കൂട്ടുകാരും കൂടി ഞങ്ങളുടെ ബിരുദ പഠന കാലത്ത് തുടക്കം കുറിച്ച 'ഫീനിക്സ് ട്യൂട്ടോറിയല്‍ ട്യൂഷന്‍ സെന്ററി'ല്‍ ഇംഗ്ലീഷ് പഠിപ്പിക്കുവാന്‍ വന്നവളായിരുന്നു ഇഷ്ടത്തി.

എന്റെ ഇളയച്ഛന്റെ ഭാര്യയുടെ ചേച്ചിയുടെ മകളായ വലപ്പാട് സ്വദേശിയായ അനിത ആ സമയത്ത് തൃശൂരില്‍ വന്ന് 'ബിഎഡ്' പഠിക്കുവാന്‍ വേണ്ടി എന്റെ വീടിന്റടുത്തുള്ള ഇളയച്ഛന്റെ വീട്ടില്‍ വന്ന് താമസിക്കുന്ന കാലമായത് കൊണ്ട് - അനിതക്ക് ടീച്ചിങ്ങ് പരിശീലനത്തിന് വേണ്ടി ഞങ്ങളുടെ ട്യൂഷന്‍ സെന്ററില്‍ ഒരു  സ്ഥാനവും കൊടുത്തു...

അതിനുശേഷം മൂന്നാലു മാസത്തിനിടയില്‍ ഞാന്‍ അനിതക്ക് കുറച്ച് പ്രണയ പരിശീലനം കൂടി കൊടുത്ത്, ഇളയമ്മയും മറ്റും അറിയാതെ ഞങ്ങളുടെ ട്യൂഷന്‍ സെന്ററിലും, ഡിലൈറ്റ് ഐസ്‌ക്രീം പാര്‍ലറിലും, ടൗണിലെ ചില മാറ്റിനിക്ക് പോക്കുമൊക്കെയായി അത്യാവശ്യം 'ലൈന്‍' നല്ല 'സ്മൂത്താ'യി വന്ന അവസരത്തില്‍, എങ്ങിനെയോ നാട്ടില്‍ മുഴുവന്‍ പാട്ടായിരുന്നഎന്റെ പ്രഥമാനുരാഗ കഥയുടെ ആഴം, അനിത അറിഞ്ഞപ്പോള്‍ ആ പ്രേമോം പൊട്ടിപ്പൊളിഞ്ഞു പാളീസായി പോയി...

എന്റെ പതിനെട്ടാം വയസ്സില്‍ അകാലത്തില്‍ എന്റെ അച്ഛന്‍ ഞങ്ങളെ വിട്ട് പോയപ്പോള്‍ മുതല്‍ 'ഓട്ടോമറ്റിക്കാ'യി ഞാന്‍ വീട്ടു കാരണവരായി മാറിയിരുന്നു...

ആയതിനാല്‍ മാതാപിതാക്കളുടെ സഹോദരീ സഹോദരന്മാരുടെ വീടുകളിലെല്ലാം എന്ത് ചടങ്ങുകള്‍ ഉണ്ടായാലും അവിടെയൊക്കെ പോയി തലകാണിക്കേണ്ട ചുമതലയും എന്നില്‍ നിഷിപ്തമായ കാലങ്ങളായിരുന്നു അപ്പോള്‍...

അച്ഛന്‍ മരിച്ച ശേഷം തൃശ്ശൂര്‍ അങ്ങാടിയിലുള്ള കടയുടെ ചുമതല എന്റെ രണ്ടാമത്തെ അമ്മാവനും ഞാനും കൂടി ഏറ്റെടുത്ത് നടത്തിയപ്പോള്‍ പോലും, കടയില്‍ നിന്നും സമയമുണ്ടാക്കി അല്‍പസല്‍പ്പം പ്രേമ സല്ലാപങ്ങള്‍ക്ക് സമയം കണ്ടെത്തി മനസ്സിനെന്നും ഉന്മേഷം കൊടുത്തിരുന്നവനായിരുന്നു ഞാന്‍...

ശനിയാഴ്ച്ചകളിലെ സെക്കന്റ് ഷോ സിനിമകള്‍ക്ക് ശേഷം പാതിരാവിലെ ഡബിള്‍ക്സ് ഹോട്ടലിലെ ഫുഡടിയും മറ്റും കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ സാധാരണ കോഴി കൂവിയിട്ടുണ്ടാകും...

സമീപ പ്രദേശങ്ങളില്‍ പൂരമോ പള്ളിപ്പെരുന്നാളൊ വരുന്ന ഉത്സവ സീസണുകളില്‍ നാടകമോ, കഥാപ്രസംഗമോ, ബാലെയോയുള്ള ദിനങ്ങളില്‍ ഇതൊക്കെത്തന്നെയായിരുന്നു ഞങ്ങള്‍ കൂട്ടുകാരുടെ രാത്രിയിലെ സ്ഥിരം കളിവിളയാട്ടങ്ങള്‍...

ആകെ കിട്ടുന്ന ഒഴിവു ദിവസമായ ഞായാറാഴ്ചകളില്‍ കല്യാണങ്ങള്‍ക്കും മറ്റു വിരുന്നുകള്‍ക്കും മറ്റും പങ്കെടുത്ത്, ചിലപ്പോള്‍ ബന്ധുമിത്രാധികളുടെ വീടുകളിലെയും, റിക്രിയേഷന്‍ ക്ലബ്ബുകളിലേയും സന്ദര്‍ശനങ്ങളൊക്കെ പൂര്‍ത്തിയായി വരുമ്പോഴേക്കും ആ ദിനങ്ങളും കഴിഞ്ഞു കിട്ടും.

അതൊക്കെ പോട്ടെ ഇനി എന്റെ ആദ്യ പെണ്ണുകാണല്‍ അനുഭവത്തെ കുറിച്ച് ചുമ്മാ ഒന്ന് ചൊല്ലിയാടാം...

എന്റെ ചടപ്പരത്തി 'ലാംബി സ്‌കൂട്ടര്‍' വിറ്റ് പുത്തന്‍ 'ചേതക് 'എടുത്ത അവസരത്തിലാണ്, എനിക്ക് ആദ്യമായി ഒരു പെണ്ണുകാണല്‍ ചടങ്ങിന് ക്ഷണം കിട്ടിയത് ...

എനിക്കായിട്ടല്ല. ഞങ്ങളുടെ തലമുറയിലെ മുതിര്‍ന്ന പയ്യനായ അമ്മായിയുടെ മകന്‍ വിനോദേട്ടന് വേണ്ടിയായിരുന്നു.

കല്യാണ ബ്രോക്കര്‍ നമസ്‌കാരം അശോകന്‍ കൊണ്ടുവന്ന പെണ്ണിന്റെ ഫോട്ടോ അവര്‍ക്ക് ഇഷ്ടപ്പെട്ടപ്പോള്‍ കുറിപ്പടി വാങ്ങി ഒത്തുനോക്കിയപ്പോള്‍ നല്ല ജാതക പൊരുത്തവും ഉണ്ട്.

ഇനി ചെക്കനും പെണ്ണും പരസ്പരം കണ്ട് ഇഷ്ടപ്പെട്ടാല്‍ കാര്യങ്ങള്‍ പ്രൊസീഡ് ചെയ്യാം...

വാചകമടി കുറച്ചേറെയുണ്ടെങ്കിലും നല്ല വകതിരുവുള്ള മുകുന്ദ മാമന്റെ മോന്‍ മുരളിയും, നീയും കൂടി പോയി പെണ്ണിനെ കണ്ട് വന്നാല്‍ അവരെ കുറിച്ചുള്ള സകലമാന ഡാറ്റയും നല്ല ഡീറ്റൈയ്ല്‍സ്  ആയി അവന്‍ പറഞ്ഞു തരും എന്ന് പറഞ്ഞാണ് അമ്മായിയും, മാമനും കൂടി ഈ ചുമതല എനിക്കായി ഒഴിച്ചിട്ടത്...

അങ്ങനെ അന്നൊരു  ഞായറാഴ്ച്ച അമ്മായിയുടെ വീട്ടില്‍ നിന്നും 'ലഞ്ച്' കഴിച്ച ശേഷം വിനോദേട്ടന് വേണ്ടി ഒരു പെണ്‍ ക്ടാവിനെ കാണുവാനായി തൃപ്രയാര്‍ ഭാഗത്തേക്ക് ഞങ്ങള്‍ വണ്ടി വിട്ടു...

ബ്രോക്കര്‍ 'നമസ്‌കാരം അശോകന്‍' മൂന്ന് മണിക്ക് തൃപ്രയാര്‍ നിന്നും ഇടത്തോട്ട് പോകുന്ന വഴിയില്‍ ഒരു കിലോമീറ്റര്‍ കഴിഞ്ഞാല്‍ കാണുന്ന ആല്‍ത്തറയില്‍ കാത്ത് നില്‍ക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.

പറഞ്ഞ സമയത്തിന് മുമ്പെ ഞങ്ങളവിടെ എത്തിയ ശേഷം, അശോകന്‍ ചൂണ്ടി കാണിച്ച ഇടത്തെ വഴിയിലുള്ള വീടിന് മുമ്പില്‍ ഗാര്‍ഡനുള്ള, മൂന്നാമത്തെ ടെറസ് വീട്ടിലെത്തിയപ്പോഴേക്കും ബ്രോക്കറും അവിടെ എത്തി ചേര്‍ന്നു.

പെണ്‍ കുട്ടിയുടെ അച്ഛന്‍ ഗള്‍ഫില്‍ ആയത് കാരണം അവിടെ ഞങ്ങളെ വരവേറ്റത് കുട്ടിയുടെ വല്യച്ഛനായിരുന്നു.

മൂപ്പര്‍ ഞങ്ങളെ വീട്ടില്‍ കയറുന്നതിന് മുമ്പ് വീടിന്റെ വടക്ക് വശത്ത് കൊണ്ടുപോയി ആദ്യം പറമ്പ് കാണിക്കുകയാണ് ചെയ്തത്...

'ഞങ്ങള്‍ സ്ഥല കച്ചോടത്തിനല്ല, പെണ്ണ് കാണുവാനാണ് വന്നതെന്ന്' എനിക്ക് പറയണമെന്നുണ്ടായിരുന്നു...

എന്നാല്‍ ജാതിമരങ്ങളും, കായ്ച്ചു നില്‍ക്കുന്ന വലിയ ഒരു കുടംമ്പുളി മരവും, കടച്ചക്ക പ്ലാവും, പുളിമരവും, കുറെ തെങ്ങുകളുമൊക്കെയായി നല്ല പച്ചപ്പു നിറഞ്ഞുനില്‍ക്കുന്ന പുരയിടത്തില്‍ അസ്സലൊരു ഇരുനില വീട് നില്‍ക്കുന്ന ദൃശ്യ ഭംഗി വേറെ ഒന്ന് തന്നെയായിരുന്നു...! 

കൂടാതെ പിന്നാമ്പുറത്ത് ഒരു കൊച്ചു കുളം, വിറകുപുര കം കയ്യാലയടക്കം ഒരു ടോയ്ലറ്റ്, അതിന്റെയടുത്ത് 'നെറ്റ'ടിച്ച ഒരു കോഴിക്കൂടും നേരെ അപ്പുറത്ത് ഒരു പട്ടി കൂടും...

അതില്‍ ഞങ്ങളെ കണ്ട് കുരച്ചു കൊണ്ടു നില്‍ക്കുന്ന അള്‍സേഷന്‍ നായയും, അടുക്കള ജനലില്‍ കൂടിയുള്ള ചില ഒളിഞ്ഞു നോട്ടങ്ങളും മറ്റും കണ്ടപ്പോള്‍ ഞങ്ങള്‍ക്കാണ് അപ്പോള്‍ ശരിക്കും നാണം വന്നത്...

പിന്നീട് വീട്ടില്‍ കയറി സിറ്റൗട്ടില്‍ ഇരുന്നുള്ള വര്‍ത്തമാനത്തിന്‍ ഇടയില്‍ പെണ്‍കുട്ടിയുടെ നാട്ടിക കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന ആങ്ങള ചെക്കനെ എവിടെയൊ നല്ല കണ്ടു പരിചയം..?

വല്ല്യച്ഛന്‍ കാര്‍ന്നോര്‍ നിര്‍ത്താതെ മാലപ്പടക്കത്തിന് തീ പിടിച്ച മാതിരി ബന്ധുക്കളായ പലരെയും, അവരുടെ വീട്ടുപേരും മറ്റും പറഞ്ഞ് അതിന്റെ ബന്ധം വിശദീകരിച്ച് വിനോദേട്ടനെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുമ്പോള്‍, ഞാനതെല്ലാം കേള്‍ക്കുന്ന ഭാവത്തില്‍ പെണ്‍കുട്ടിയോട് ചോദിക്കേണ്ട 'ഇന്റര്‍വ്യൂ' ചോദ്യങ്ങള്‍ മനസ്സിലിട്ട് 'റിവ്യൂ' ചെയ്യുകയായിരുന്നു...

കുറച്ച് കഴിഞ്ഞപ്പോള്‍ 'ഹോം മെയ്ഡ്' പരിപ്പുവടയും, പ്ലം കേക്കും, കായ വറുത്തതുമൊക്കെ ഒരുക്കി വെച്ചിരിക്കുന്ന അകത്തുള്ള ഡൈനിങ് ടേബിളിലേക്ക് വല്യച്ഛന്‍ ഞങ്ങളെ ആനയിച്ചു.

ഞാനൊരു പരിപ്പുവട എടുത്ത് കടിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വല്യച്ഛന്‍ 

''മോളെ അനൂ.. ചായ കൊണ്ടു വാ,'' 

എന്നതിന് പിന്നാലെ ചായക്കോപ്പയുമായി പെണ്‍കുട്ടിയും, ഒപ്പം അവളുടെ അമ്മയും എത്തി.

പെണ്‍കുട്ടിയെ കണ്ടതും പെട്ടെന്ന് എന്റെ വായില്‍ നിന്നും ഒരു വല്ലാത്ത ശബ്ദം പുറപ്പെട്ടു...

''സോറി... പരിപ്പുവടക്കുള്ളിലെ മുളക് കടിച്ചതാണെന്ന് ''

പറഞ്ഞ് ഞാന്‍ അവിടെ സ്തംഭതനായി ഇരുന്നു പോയി....!

ഒരിക്കല്‍ കുറച്ചു കാലം എന്റെ പ്രണയിനിയായിരുന്ന അനിതയായിരിന്നു, മഞ്ഞയില്‍ നീല പൂക്കളുള്ള സാരിയുടുത്ത് അടുത്തു വന്നു നിന്ന ആ പെണ്‍കിടാവ്...

എല്ലാവര്‍ക്കും അനു, ചയ പകര്‍ന്നു തന്നിട്ട്, ചുമ്മാ ചിരിച്ചുകൊണ്ടവിടെ നിന്നു. 

ഇതിനിടയില്‍ വിനോദേട്ടന്‍ അനിതയോട് എന്തൊക്കെയോ ചോദിക്കുന്നതും, ആയതിനെല്ലാം ചൂണ്ടാണി വിരലില്‍ സാരീടെ കോന്തല ചുറ്റിയും അഴിച്ചും അവള്‍ ഉരുവിടുന്ന ഉത്തരങ്ങളും കേട്ടു...

എന്റെ ചോദ്യാവലികള്‍ മുഴുവന്‍ ഇറങ്ങിപ്പോയ കാരണം, അവളുടെ അമ്മ കണിമംഗലത്തെ ഇളയമ്മയുടെയും, ഞങ്ങളുടെയുമൊക്കെ വിശേഷങ്ങള്‍ ചോദിച്ച് എന്നെ അവിടെ ശരിക്ക് ഇരുത്തി കളഞ്ഞു.... 

ഇതിനിടയില്‍ അന്നവിടെ സന്നിഹിതരായിരുന്ന മറ്റുള്ളവരെയൊക്കെ പരിചയപ്പെടുത്തി.

തിരിച്ചുപോകേണ്ട നേരത്ത് അനിത എന്നോട് ഒരു ചോദ്യം 

''എന്താ ഈ മുരളി മാഷ്‌ക്ക്.. പറ്റീത്..? 

പണ്ടത്തെ പോലത്തെ ഉഷാറൊന്നും കാണാനില്ലല്ലോ..?''

'' ഞാനെന്തുട്ട് പറയാനാ.., ഇന്ന് വിനോദേട്ടനല്ലേ 'കാന്‍ഡിഡേറ്റ്... ആള് കേറി ഗോളടിച്ചോട്ടെന്ന്... വച്ചു..'' 

എന്ന് പറഞ്ഞ്, 'ബൈ' ചൊല്ലി തിരിച്ചു പോന്നു..!

മടക്കയാത്രയില്‍ സ്‌കൂട്ടറില്‍ പിന്നിലിരുന്ന് വിനോദേട്ടന്‍ ''എനിക്ക് കുട്ടീനേം, വീട്ടുകാരേം, പരിസരോംമൊക്കെ നന്നായി ഇഷ്ടപ്പെട്ടൂട്ടാ..., നിനക്കോടാ... മുര്‍ല്ല്യേ..? '' 

''എനിക്കും എല്ലാം കൊണ്ടും ബോധ്യായി.. അസ്സല് കേസാ ത് '' എന്ന് മാത്രം പറഞ്ഞു. 

അല്ലാണ്ട്  അനിതേനെ മൂന്നാല് കൊല്ലം മുമ്പ് മുതലേ എനിക്കും പെരുത്ത് ഇഷ്ടായിരുന്നൂന്ന് പറയാന്‍ പറ്റോ ...ല്ലെ  

എന്തിന് പറയുവാന്‍ മൂന്ന് മാസത്തിനുള്ളില്‍ വിരുന്നും, ജാതകം വാങ്ങലും, കെട്ടുകല്യാണവും, റിസപ്ഷനുമൊക്കെയായി വിനോദേട്ടന്റെ കല്യാണം കെങ്കേമമായി നടന്നു ...

അനിത എനിക്ക് അനിതേടത്തിയായി മാറി ...!

പിന്നീട് അനിതേടത്തിക്ക് ഒരു കൊല്ലത്തിനുള്ളില്‍ വിനോദേട്ടന്റെ വീടിനടുത്തുള്ള ഒരു എയ്ഡഡ് സ്‌കൂളില്‍ കൊഴ കൊടുത്തിട്ടാണെങ്കിലും ടീച്ചറുദ്യോഗം കിട്ടി.

ശേഷം രണ്ട് മക്കളുടെ മാതാവായി, ഇപ്പോള്‍ അമ്മായിയമ്മയും, ആ സ്‌കൂളിലെ തന്നെ ഹെഡ്മിസ്ട്രസുമാണ് എന്റെ ഈ ആദ്യ പെണ്ണുകാണലിലെ നായിക...

വിനോദേട്ടന്‍ രണ്ട് കൊല്ലം മുമ്പ് ഇറിഗേഷന്‍ വകുപ്പിലെ സൂപ്രണ്ടുദ്യോഗത്തില്‍ നിന്നും റിട്ടയറായി കൃഷിയിലും, അല്‍പ്പം പൊതുകാര്യങ്ങളിലും ഇടപ്പെട്ട് നടക്കുന്നു.

ഒന്നൊര വര്‍ഷം മുമ്പ് ഞങ്ങള്‍ നാട്ടിലെത്തിയപ്പോള്‍ വിനോദേട്ടന്റെ മകന്റെ കല്യാണത്തിന് മുന്നോടിയായി നടക്കുന്ന വിരുന്നു കഴിച്ചിലിന്റന്ന് ഞങ്ങള്‍ എല്ലാ വീട്ടുകാരുടെ മുന്നില്‍ വെച്ചാണ് എന്റെയും അനിത ടീച്ചറുടെയും പഴയ കാല  പ്രണയ കഥകള്‍ ഞാന്‍ വെളിവാക്കിയത് ...!

ആയതെല്ലാം കേട്ട് അന്നവിടെയുള്ളവര്‍ക്കെല്ലാം പൊട്ടി ചിരിക്കുവാന്‍ ഒരു വകയായി എന്നുമാത്രം...

ഇത് കേട്ടപ്പോള്‍ എന്റെ ഭാര്യ അനിതേടത്തിയോട് ''ഇങ്ങോരെ അന്ന് തേച്ചിട്ട് പോയത് കൊണ്ട് അനിതേച്ചി രക്ഷപ്പെട്ടു, കഷ്ടപ്പാട് മുഴുവന്‍ എനിക്കല്ലേ കിട്ടീത് '' എന്ന് പരിതപിക്കുന്നത് കേട്ടു...

'എന്ത് ചെയ്യാനാ കഷ്ടപ്പാടും, ദുരിതവും ആര്‍ക്കാണെന്ന് മ്‌ള് കെട്ട്യോന്‍മാര്‍ക്ക് മാത്രമല്ലെ അറിയൂ ... അല്ലെ കൂട്ടരെ' ... ! !

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam