1 GBP = 97.40 INR                       

BREAKING NEWS

എല്ലാക്കാലങ്ങളിലും ലോകം അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യന് രക്ഷയാകുന്നത് അനുഭവങ്ങളിലൂടെ ലഭിക്കുന്ന പരിജ്ഞാനം മാത്രം

Britishmalayali
റോയ് സ്റ്റീഫന്‍

ല്ലാ രാജ്യങ്ങളിലും മഹാമാരിയായെത്തി മനുഷ്യന്റെ ജീവിത സ്വാതന്ത്ര്യങ്ങളെല്ലാം തന്നെ അവസാനിപ്പിച്ചെങ്കിലും ഈ ആധുനിക ലോകത്തില്‍ കൊറോണാ മനുഷ്യന് നല്‍കുന്ന പാഠങ്ങളേറെയാണ്. അതിലൊന്ന് ജീവിതത്തില്‍ ഒറ്റയാനായി ജനിക്കുന്ന മനുഷ്യര്‍ പിന്നീടുളള ജീവിതത്തിലും പരസഹായമില്ലാതെ ഒറ്റയ്ക്ക് തന്നെ ജീവിക്കേണ്ട ആവശ്യകതയെയുമാണ്. വികസിത രാജ്യങ്ങളില്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയായാലുടന്‍ അതായത് പതിനെട്ടു വയസ്സ് മുതല്‍ തന്നെ മാതാപിതാക്കളുടെ സംരക്ഷണവും സഹായവുമില്ലാതെ ജീവിക്കുവാന്‍ തുടങ്ങുകയാണ്. അതിനുമുന്‍പ് തന്നെ കുട്ടികള്‍ക്ക് സ്വതന്ത്രരായി ജീവിക്കുവാനുള്ള പരിശീലനവും നല്‍കുന്നുണ്ട്. പതിനെട്ടു വയസ്സ് പൂര്‍ത്തിയായിട്ടും വീട്ടില്‍ തന്നെ താമസിക്കുന്ന ചെറുപ്പക്കാരില്‍ നിന്നും വാടക വാങ്ങുന്ന മാതാപിതാക്കളുമുണ്ട് പല രാജ്യങ്ങളിലും. പ്രായപൂര്‍ത്തിയായാലുടന്‍ തന്നെ ഉപരിപഠനങ്ങളുടെ ചിലവുകള്‍ ഭൂരിഭാഗവും കുട്ടികള്‍ തന്നെയാണ് വഹിക്കുന്നത്. ചില വ്യക്തികള്‍ ഇതിനെ കുട്ടികളുടെ മേലുള്ള ബാധ്യതയായി കാണുന്നുണ്ട്. പക്ഷെ അതിലൂടെ കുട്ടികള്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ളവരായി മാറുന്ന വസ്തുത അവഗണിക്കുവാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഭാരതം പോലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്രം അനുയോജ്യമായി നല്‍കുന്നുമില്ല. അതിലുപരി കുട്ടികള്‍ക്കും അവരുടെ വരും തലമുറയ്ക്കുള്ളതുകൂടി സമ്പാദിച്ചു നല്‍കുകയാണ് ചെയ്യുന്നത്. മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളോടുള്ള വാത്സല്യമായിരിക്കാം ഇതിനു പുറകിലുള്ള ചേദോവികാരം. പക്ഷെ ഇതനുഭവിക്കുന്ന കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കുവാന്‍ ത്രാണിയില്ലാത്ത വ്യക്തികളായി വളരുന്ന വസ്തുത മനസിലാക്കുന്നുമില്ല.

യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടനില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ് പഠിക്കുന്ന മലയാളി ചെറുപ്പക്കാരന് ആഹാരം തീര്‍ന്നപ്പോള്‍ ഭൂഖണ്ഡങ്ങള്‍ അകലെയുള്ള മാതാപിതാക്കളെ അറിയിക്കുകയും മണിക്കൂറുകള്‍ക്കകം കേരളത്തിലെ മുഖ്യമന്ത്രി ഇടപെട്ട് ഭക്ഷണ സാധനങ്ങളെല്ലാം അവരുടെ പക്കലെത്തിച്ചു എന്ന വാര്‍ത്ത വായിക്കുന്ന സാധാരണക്കാര്‍ക്ക് ഈ വാര്‍ത്തയില്‍ എത്രത്തോളം കഴമ്പുണ്ടെന്നു തിരിച്ചറിഞ്ഞെന്നു വരില്ല. മൂന്നരക്കൊടി ജനങ്ങള്‍ മാത്രമുള്ള കേരളത്തില്‍ ഈ ദുരിത കാലത്ത് ലക്ഷക്കണക്കിന് മലയാളികള്‍ മുഴുപ്പട്ടിണിയിലും അരപ്പട്ടിണിയിലും ഓരോ ദിവസവും തള്ളിനീക്കുമ്പോള്‍ ആയിര കണക്ക് മൈലുകള്‍ അകലെ താമസിക്കുന്ന പ്രവാസിയുടെ വിശപ്പുമാറ്റുവാന്‍ സമയം കണ്ടെത്തിയെങ്കില്‍ അദ്ദേഹത്തിന്റെ പ്രവാസികളോടുള്ള പ്രതിബദ്ധത വളരെയധികം തന്നെയാണ്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ജോലിക്കാരോ ഇനി വിദേശകാര്യ വകുപ്പുദ്യോഗസ്ഥരോ ആരെങ്കിലുമാണ് ഇത്രയും മാതൃകാപരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അവരോടുള്ള അപേക്ഷ ഒന്നുമാത്രമാണ്. യുകെ പോലുള്ള വികസിത രാജ്യങ്ങളില്‍ ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരുള്‍പ്പെടെയുള്ള ഓരോ മനുഷ്യരെയും ഒരേപോലെ ഇവിടുത്തെ ഉദ്യോഗസ്ഥര്‍ അനുനിമിഷവും സംരക്ഷിക്കുന്നുണ്ട്. അതിലുപരി ധാരാളം സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ അവരുടേതായ നിലയില്‍ സഹായമെത്തിക്കുന്നുണ്ട്. ടെലിഫോണുകളിലൂടെ ബന്ധപ്പെടുവാനും തത്സമയ സഹായമെത്തിക്കുവാനുമുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിലുപരി പ്രാദേശിക ഭരണകൂടങ്ങള്‍ (കൗണ്‍സില്‍) എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട് അനുനിമിഷം സഹായമെത്തിക്കുവാന്‍ തയ്യാറുമാണ്. ഇനിയെങ്കിലും താങ്കളുടെ വിലയേറിയ സമയം കഴിവതും മറ്റു രാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന മലയാളികളുടെ ദുരിതങ്ങള്‍ അകറ്റുവാന്‍ ഉപയോഗിക്കുക.

മുകളില്‍ വിവരിച്ച സംഭവത്തില്‍ ബാഹ്യലോകമറിയാത്ത പല കഥകളുണ്ടാവാം. പക്ഷെ പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുമ്പോള്‍ അനുയോജ്യമായ തീരുമാനമെടുക്കുവാന്‍ സാധിക്കാതെ വരുന്ന യുവതലമുറയുടെ നിസ്സഹായാവസ്ഥയാണ് ഉത്കണ്ഠാജനകമാവുന്നത്. കാലത്തിനൊത്ത് പ്രായോഗികമായി ചിന്തിക്കാതെയും സ്വന്തമായി ആഹാരം തേടുവാന്‍ ത്രാണിയില്ലാതെ വളര്‍ന്നത് ചെറുപ്പക്കാരുടെ കഴിവുകേട് മൂലമല്ല മറിച്ച് അവരുടെ മാതാപിതാക്കളുടെ അമിതമായ വാത്സല്യത്തിലൂടെ സംരക്ഷണ കവചം ഉണ്ടാക്കിയതുമൂലമുള്ള പിഴവുകേടാണ്. സ്വന്തം കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയായാല്‍ അവരെ അവരുടെ വഴിക്ക് പിരിച്ചുവിടുന്ന സാധാരണ മൃഗങ്ങളുടെ സാമാന്യ ബോധം പോലും തിരിച്ചറിയുവാന്‍ സാധിക്കാതെ മക്കളോടുള്ള അമിതമായ സ്‌നേഹത്താല്‍ അന്ധരായി പോകുന്ന മാതാപിതാക്കള്‍, പ്രായോഗിക ജീവിതത്തിലുള്ള വെല്ലുവിളികളെ നേരിടുവാന്‍ പ്രായോഗികമായിത്തന്നെ  മക്കളെ ചിന്തിക്കുവാനും പഠിപ്പിക്കുവാനും മറന്നുപോയ മാതാപിതാക്കള്‍. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ കടമെടുക്കയാണെങ്കില്‍ 'ജീവിതത്തില്‍ ജ്ഞാനം ലഭിക്കുവാനുള്ള ഏക മാര്‍ഗം ജീവിതാനുഭവങ്ങളിലൂടെ മാത്രമാണ്' വിവിധ കലാലയങ്ങളിലൂടെ ലഭിക്കുന്ന വിജ്ഞാനം പൂര്‍ണ്ണമാവുന്നത് മനസ്സിനെ ചിന്തിക്കുവാന്‍ പ്രവര്‍ത്തനത്തിലൂടെ പരിശീലിപ്പിക്കുമ്പോള്‍ മാത്രമാണ്. പ്രയോഗികമായി ഉപയോഗിക്കുവാന്‍ സാധിക്കാതെ വരുന്ന ഉന്നത വിജ്ഞാനം പോലും കാലക്രമേണ ഉപകാരപ്പെടാതാവുകയും എന്നാല്‍ അനുദിന ജീവിത പരിജ്ഞാനങ്ങള്‍ വീണ്ടും വളരുകയും കൂടുതല്‍ ഉപകാരമായി മാറുകയും ചെയ്യുകയാണ് പതിവ്.

മക്കളെ വളര്‍ത്തുകയെന്നുള്ളത് ഒരു കാലത്ത് അതായത് കൂട്ടുകുടുംബങ്ങളായി ജീവിച്ചിരുന്ന കാലഘട്ടങ്ങളില്‍ ഒരു ജോലിയോ ഒരു ബാധ്യതയുമായിരുന്നില്ല കാരണം ഓരോ കുട്ടികള്‍ക്കും ശിഷ്ടകാല ജീവിതത്തിലേയ്ക്കാവശ്യമായിരുന്ന എല്ലാവിധ അനുഭവങ്ങളും കഴിവുകളും കൂട്ടുകുടുംബങ്ങളിലെ മറ്റു വ്യക്തികളുമായുള്ള അനുദിന ഇടപെടലുകളിലൂടെ ലഭിച്ചിരുന്നു. അതിലൊന്നുമാത്രമാണ് മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്തുവാനാവശ്യമായ ആഹാരം ശരീരത്തിനാവശ്യമുള്ള അവസരത്തില്‍ മനുഷ്യര്‍ക്ക് വിശപ്പനുഭവപ്പെടും. അപ്പോള്‍ മാത്രമായിരിക്കും പലരും ആഹാരത്തെപ്പറ്റി ചിന്തിക്കുക പോലും ചെയ്യുന്നത് അതുകൊണ്ടു മാത്രമാണ് കൊച്ചു കുട്ടികള്‍ സാധാരണ കരയുക പോലും ചെയ്യുന്നത്. അതിനെത്തുടര്‍ന്നായിരിക്കാം കരയുന്ന കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കണമെന്ന ആശയം പോലും ഉരുത്തിരിഞ്ഞത്. രണ്ടാമതായി കൂട്ടുകുടുംബങ്ങളില്‍ ആരോഗ്യമുള്ള എല്ലാവരും ഒരുമിച്ചു ജോലിചെയ്യേണ്ടിയിരുന്നതിനാല്‍ കുഞ്ഞുകുട്ടികളുടെ പരിപാലനം കൂടുതലും പ്രായമായവരും മറ്റു മുതിര്‍ന്ന കുട്ടികളുടെയും ചുമതലയായിരുന്നു. പല വ്യക്തികളുടെ ശിക്ഷണത്തില്‍ വളരുന്ന കുട്ടികള്‍ക്ക് ധാരാളം വേറിട്ട അനുഭവങ്ങള്‍ ലഭിക്കുകയും അതോടൊപ്പം സ്വന്തമായി ചിന്തിക്കുവാനുള്ള അവസരവും ലഭിച്ചിരുന്നു. കാലക്രമേണ എല്ലാ തീരുമാനങ്ങളും സ്വന്തമായി എടുക്കുവാനുള്ള കഴിവും ലഭിച്ചിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ അതായത് കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേയ്ക്ക് മനുഷ്യന്റെ ജീവിത രീതികള്‍ മാറിയപ്പോള്‍ കുട്ടികളെ വളര്‍ത്തുകയെന്നുള്ളത് മാതാപിതാക്കളുടെ മാത്രം ജോലിയായി മാറുകയും കുട്ടികള്‍ക്ക് മറ്റു വ്യക്തികളുമായി ഇടപഴുകുവാനുള്ള അവസരങ്ങളുമില്ലാതായി.

ലോകത്തിലുള്ള മനുഷ്യരെല്ലാവരും തന്നെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരും സങ്കീര്‍ണ്ണമായ ജീവിതരീതികളിലൂടെ അനുദിനം സഞ്ചരിക്കുന്നവരാണെങ്കിലും ഏറ്റവും മേന്മയേറിയ സ്വഭാവ രീതികള്‍ സ്വന്തമായി  അവലംഭിക്കുവാനും ബാഹ്യമായി പ്രകടിപ്പിക്കുവാനും  ആഗ്രഹിക്കുന്നവരാണ്.  കാരണം മറ്റൊന്നുമല്ല വ്യക്തിജീവിതങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുവാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതോടൊപ്പം ജീവിത ലക്ഷ്യങ്ങള്‍ വ്യക്തിപരമായി നേടിയെന്നൊരു ആല്‍മവിശ്വാസം ഉളവാക്കിയെടുക്കുകയും ചെയ്യണം. അതിനാവശ്യം ഓരോരുത്തരുടെയും ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ സന്ദര്‍ഭോചിതമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവ് രൂപപ്പെടുത്തുക മാത്രമാണ്. മാതാപിതാക്കളും ബന്ധുമിത്രാദികളും ജീവിതത്തില്‍ എല്ലായ്‌പ്പോഴും കൂടെ ഉണ്ടായിരിക്കുകയില്ല അതുപോലെതന്നെ എല്ലായ്‌പ്പോഴും മറ്റുവള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതം വിജയിക്കുകയുമില്ലായെന്നും മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നും മനസിലാക്കുവാനും സാധിക്കുന്നുണ്ട്. ബന്ധങ്ങള്‍ ഓരോ മനുഷ്യജീവിതത്തിലും അനിവാര്യമാണെങ്കിലും ജീവിതത്തില്‍ എല്ലായ്‌പ്പോഴും തീരുമാനങ്ങള്‍ എടുക്കേണ്ടത് വ്യക്തികള്‍ മാത്രമാണ്.  ആദ്യകാലങ്ങളില്‍ തെറ്റുകള്‍ സംഭവിക്കാം പക്ഷെ തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. എങ്കിലും മറ്റുള്ളവരില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കുന്നതിനോടൊപ്പം നന്മതിന്മകള്‍ വേര്‍തിരിച്ചു എന്തുതന്നെയായാലും സ്വയം തീരുമാനങ്ങള്‍ എടുക്കുവാന്‍ പ്രാപ്തിയുള്ളവരായി മാറണം. ഓരോരുത്തരും ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്ക് തന്നെയാണെന്ന വസ്തുത വിസ്മരിക്കാതെ, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും  ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ ശീലിക്കണം.

ലോകാരംഭം മുതല്‍ മനുഷ്യന്‍ അനിശ്ചിതങ്ങളുടെ നടുവില്‍ മാത്രം ജീവിക്കുന്നവരാണ് ഓരോ കാലഘട്ടങ്ങളിലും വേറിട്ടതും എളുപ്പത്തില്‍ പരിഹരിക്കുവാന്‍ സാധ്യമല്ലാത്ത ജീവിത പ്രശ്‌നങ്ങളുടെ നടുവില്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍. പക്ഷെ എല്ലാക്കാലങ്ങളിലും വിജയമെന്നും ലഭിക്കുന്നത് പരിശ്രമശാലികളായ മനുഷ്യര്‍ക്ക് മാത്രമാണ്. എല്ലാ പ്രതിസന്ധികളെയും സധൈര്യം നേരിടുവാനും തരണം ചെയ്യുവാനുള്ള കഴിവും മനുഷ്യര്‍ക്ക് ജന്മനാ ലഭിച്ചിട്ടുണ്ട്, സമയോചിതമായി പ്രയോഗിക്കുക മാത്രമാണ് ഓരോരുത്തരും ചെയ്യേണ്ടത്. അതിലേയ്ക്ക് വേണ്ടത് ചെറുപ്പം മുതലുള്ള നിരന്തരമായ പരിശീലനം മാത്രം. അത് നല്‍കേണ്ടത് മാതാപിതാക്കള്‍ മാത്രമാണ്. സ്വന്തം കുട്ടികള്‍ നാളെയുടെ നല്ല പൗരന്മാരായി വളരണമെന്ന് ആഗ്രഹിക്കുക മാത്രം ചെയ്യാതെ അവരെ സ്വതന്ത്രമായി ജീവിക്കുവാന്‍ അനുവദിക്കുക. ജീവിതത്തില്‍ തെറ്റും ശരിയും സ്വയം തിരിച്ചറിയുവാനുള്ള ജീവിതാനുഭവങ്ങള്‍ ലഭിക്കുവാനുള്ള അവസരങ്ങളുളവാക്കുക. കുട്ടികളുടെ നന്മയേറിയ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിക്കൊണ്ടിരിക്കാതെ പ്രോത്സാഹിപ്പിക്കുവാന്‍ മാത്രം ശ്രമിക്കുക. പ്രവര്‍ത്തനമേഖലകളില്‍ അനുസരണങ്ങളേക്കാളുപരി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ശീലിപ്പിക്കുക. തെറ്റുകള്‍ ചെയ്യുമ്പോള്‍ ആവര്‍ത്തിക്കാതിരിക്കാനായി ശിക്ഷകളേക്കാളുപരി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കുക. എല്ലാറ്റിനുമുപരിയായി അനുദിന അതിജീവനം ശീലിപ്പിക്കണം, വളര്‍ച്ചയ്ക്കാവശ്യമായ പോഷകാഹാരം ലഭ്യമാക്കുന്നതിനൊപ്പം അതിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങള്‍ വളര്‍ത്തണം. പാകം ചെയ്ത ആഹാരം സമയാസമയങ്ങളില്‍ കഴിക്കുന്നതിനുപരി ആഹാരപദാര്‍ത്ഥങ്ങള്‍  മണ്ണില്‍ നിന്നും ഉത്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവല്‍ക്കരണം നടത്തണം.

മാതൃകാപരമായി കുട്ടികളെ വളര്‍ത്തുകയെന്നത് അത്ര എളുപ്പമുള്ള വസ്തുതയല്ലെങ്കിലും ഇനിയൊരു തലമുറ ഈ ഭൂമിയില്‍ നിലനില്‍ക്കണമെന്നാഗ്രഹമുള്ള മാതാപിതാക്കള്‍ സ്വന്തം കുട്ടികളെ സ്‌നേഹിക്കുന്നതിനുപരി ലോകത്തില്‍ ജീവിക്കുവാന്‍ മാത്രം പഠിപ്പിക്കുക. അനുദിന ജീവിത പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ കഴിവുള്ള വ്യക്തികളായി പരിശീലിപ്പിച്ചെടുക്കുക. ഈ മേഖലകളില്‍ നടന്നുട്ടുള്ള പല പഠനങ്ങളില്‍ നിന്നും മനസിലാക്കുന്നത് കുട്ടികളെ നന്നായി വളര്‍ത്തുവാനുതകുന്ന രീതി ആധികാരികതയുടേത് മാത്രമാണ് അതായത് ശിക്ഷണത്തിലും അതോടൊപ്പം ഉറച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ സമ്മിശ്രണമായ രീതി. ഇതുപോലുള്ള രീതികളില്‍ വളരുന്ന കുട്ടികളെല്ലാവരും തന്നെ  പഠനമികവ് പുലര്‍ത്തുന്നവരും എല്ലാ മേഖലകളിലും ഉന്നതനിലവാരം പുലര്‍ത്തുന്നവരുമാണെന്ന് തെളിയിച്ചിട്ടുണ്ട്. കുട്ടികളുള്ള കുടുംബങ്ങളില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കുന്നത് തെറ്റല്ല പക്ഷെ തീരുമാനങ്ങളുണ്ടായിരിക്കണം, ശക്തമായ തീരുമാനങ്ങള്‍. കുട്ടികള്‍ക്ക് എക്കാലവും അവരുടെ ജീവിതത്തില്‍ മാതൃകയാക്കാവുന്നവ ഉറച്ച തീരുമാനങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category