1 GBP = 93.80 INR                       

BREAKING NEWS

ഫിലോമിന ചേച്ചിയോട് ദൈവം എന്തുകൊണ്ട് ഈ ക്രൂരത കാട്ടി? കണ്ണീരടക്കാനാവാതെ ഓക്‌സ്‌ ഫോര്‍ഡ് മലയാളികള്‍

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

ക്സ്ഫോര്‍ഡ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ആദ്യമായി കൊവിഡ് മരണത്തിനു കീഴടങ്ങിയ നഴ്സാണ് ഫിലോമിന. ഓക്സ്ഫോര്‍ഡ് മലയാളിയായ ഫിലോമിനയുടെ വിയോഗത്തില്‍ മലയാളികളെ പോലെ തന്നെ കടുത്ത വേദനയാണ് സഹപ്രവര്‍ത്തകരും പങ്കുവെക്കുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ചീഫ് ആഫീസര്‍ സാമും എന്‍എച്ച്എസ് ട്രസ്റ്റും പങ്കുവെച്ച ഫിലോമിനയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഫിലോമിനയെ ഒരിക്കല്‍ പോലും പരിചയപ്പെട്ടിട്ടില്ലാത്തവര്‍ക്കും വേദന നല്‍കുന്നതാണ്. ഫിലോമിനയെന്ന മലയാളി നഴ്‌സിന്റെ പ്രവര്‍ത്തന മികവിനെ കുറിച്ച് പറഞ്ഞത് പകരം വെക്കാനില്ലാത്ത കഴിവുറ്റ നഴ്‌സും സുഹൃത്തും എന്നായിരുന്നു.

ഫിലോമിനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിവതും ശ്രമിച്ചു പരാജയപ്പെട്ടതില്‍ അതീവ ദുഃഖിതരാണ് പരിചരിച്ചവരും. കോവിഡ് 19 മലയാളി നഴ്സുമാരുടെ ജീവനെയും അപഹരിക്കുമ്പോള്‍ നഴ്‌സിംഗ് സമൂഹവും ഭയപ്പാടില്‍ തന്നെയാണ്. എങ്കിലും തങ്ങളുടെ ജോലിയില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് കുതിക്കുന്ന മലയാളി സമൂഹത്തിന് അടക്കാന്‍ കഴിയാത്ത വേദനയായി മാറുകയാണ് ഫിലോമിനയുടെ വിയോഗം. ഓക്സ്ഫോര്‍ഡില്‍ ഇന്നലെ മെയ് ഒന്നിന് വെളുപ്പിന് 2.30 നാണ് ഫിലോമിന ജോസഫ് എന്ന മലയാളി സമൂഹത്തിന്റെ പ്രിയപ്പെട്ട ചേച്ചിയുടെ മരണം. 62 വയസ് ആയിരുന്നു പ്രായം.

40 വര്‍ഷത്തെ നഴ്‌സിംഗ് ജീവിതം പതിനായിര കണക്കിന് രോഗികളെ പരിപാലിച്ച ഫിലോമിന ചേച്ചിയുടെ ജീവിതം സഹായത്തിന്റെതും സഹനത്തിന്റെതും തന്നെ ആയിരുന്നുവെന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നു. 2008ല്‍ ഒരു തങ്കപ്പന്‍ എന്ന മലയാളി ഓക്സ്ഫോര്‍ഡില്‍ മരിച്ചപ്പോള്‍ ബന്ധുക്കളായി ഒരാള്‍ പോലും ഇല്ലാത്ത അയാളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ ബ്രിട്ടീഷ് മലയാളിക്ക് ഒപ്പം നിന്ന ഫിലോമിന ചേച്ചിയെ മറക്കാന്‍ കഴിയില്ല. മനസ്സില്‍ എല്ലാവരോടും സ്നേഹം മാത്രം. ആ സ്നേഹക്കടല്‍ മറ്റൊരാള്‍ക്കും പകരം വെക്കാന്‍ കഴിയില്ല. അത്തരത്തില്‍ ഒരു മാതൃകയായ മാലാഖയാണ് ഇന്നലെ വിട്ടകന്നത്. ഇമ്മിണി വല്യവിഷയം പോലും പറഞ്ഞാല്‍
നിസാരമായി കാണുന്ന ചേച്ചിയെ അറിയാവുന്നവര്‍ക്ക് ആ വ്യക്തിയെ ഒരിക്കലും മറക്കുവാനും സാധിക്കില്ല.

എപ്പോഴും മിക്ക നഴ്‌സുമാരും പാചകത്തില്‍ പിന്നോട്ട് എന്നു പറയും. പക്ഷെ ആ ഗണത്തില്‍ പെടുന്ന ആള്‍ ആയിരുന്നില്ല ഫിലോമിന ചേച്ചിയുടെ കൈപ്പുണ്യം. അതൊന്ന് വേറെ തന്നെ ആയിരുന്നു. ദുഃഖങ്ങള്‍ ഉണ്ടായാല്‍ പോലും മനസ്സില്‍ കടിച്ചമര്‍ത്തുന്ന മാലാഖമാരെ പോലെ ഒരാള്‍ ആയിരുന്നു ഓക്സ്ഫോര്‍ഡ് മലയാളികളുടെ ഫിലോമിന ചേച്ചി. ഇന്നലെ വെളുപ്പിന് വേദനയില്ലാത്ത ലോകത്തേക്ക് പോയി മറഞ്ഞപ്പോള്‍ ചേച്ചി ഒരു ശുഭ്ര നക്ഷത്രം ആയി എന്നും തിളങ്ങി നില്‍ക്കുമെന്നാണ് ഓക്സ്ഫോര്‍ഡ് മലയാളികള്‍ പറയുന്നത്. ഫിലോമിന ചേച്ചിയുടെ ചെറു പുഞ്ചിരിയും ചെറിയ ശബ്ദത്തിലുള്ള കുശലാന്വേഷണവും ഒക്കെ 13 വര്‍ഷത്തോളമായി മലയാളി സമൂഹത്തിനൊപ്പം ഉണ്ട്.

ഭര്‍ത്താവ് ജോസഫ് തന്റെ ഭാര്യയെ ജീവനോടെ ഒരു നോക്ക് കാണാന്‍ കഴിയാത്ത വേദനയില്‍ ആണ് ഇപ്പോഴും. കോവിഡ് ലക്ഷണങ്ങള്‍ ഉള്ള ജോസഫിനും ഭാര്യയെ കാണാന്‍ കഴിഞ്ഞില്ലായിരുന്നു. അവസാനമായി ഡോക്ടര്‍മാര്‍ ഏപ്രില്‍ 30ന് വൈകിട്ട് ജോസഫിനോട് അനുമതി ചോദിച്ചു, ഇനി ജീവന്‍ രക്ഷിക്കാന്‍ അസാധ്യം ആണ്. കൃത്രിമ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാം എന്ന്.. പക്ഷെ അപ്പോഴും ജോസഫ് പറഞ്ഞത് വേണ്ട അവള്‍ തിരികെ എത്തും ഒന്നും മാറ്റേണ്ട എന്നായിരുന്നു.. പക്ഷെ പ്രതീക്ഷകള്‍ തകിടം മറിച്ചു തന്റെ പ്രാണനെ തട്ടിയെടുത്ത വേദനയില്‍ ഇനി എന്ത് എന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് ഭര്‍ത്താവ് ജോസഫ് വര്‍ക്കി. സംസ്‌കാരം ഓക്സ്ഫോര്‍ഡില്‍ തന്നെയാണ് നടക്കുക. ഫിലോമിനയുടെ കുടുംബത്തിനു വേണ്ടി ഓക്‌സ്‌ഫോര്‍ഡ് മലയാളികള്‍ ചേര്‍ന്ന് ഒരു ഫണ്ട് റൈസിംഗ് കാമ്പയിന്‍ നടത്തുന്നുണ്ട്. അതിന്റെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു
സാമൂഹ്യ സേവന രംഗത്തു സജീവമായുള്ള നിരവധി പേരും കത്തോലിക്ക ഇടവകയും ഫിലോമിനയുടെ കുടുംബത്തിനൊപ്പം സഹായ ഹസ്തവുമായി സജീവമായിട്ടുണ്ട്. കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ആന്റ് കേരളാ കമ്മ്യൂണിറ്റി സപ്ലിമെന്ററില സ്‌കൂള്‍ അംഗമായ ഷീനാ സിജോയുടെ ആന്റിയാണ് ഫിലോമിന. ഫിലോമിനയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി അസോസിയേഷന്‍ നേതൃത്വം അറിയിച്ചു.

കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യയാണ് ഫിലോമിന. ഓക്സ്ഫോഡില്‍ നഴ്സായിരുന്നു. ഓക്സ്ഫോഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് ഇന്നലെ വെളുപ്പിന് 2. 30നായിരുന്നു അന്ത്യം. 15 ദിവസത്തിലേറെയായി വെന്റിലേറ്ററില്‍ ആയിരുന്നു. മൂന്നു മക്കളില്‍ ജെറില്‍ ജോസഫ് ഓക്സ്ഫോര്‍ഡില്‍ ഉണ്ട്. ജിം ജോസഫ് യുഎസ്എയിലും ജെസി കാനഡയിലും ആണ്. ഓക്‌സ്ഫോര്‍ഡ് ജോണ്‍ റാഡ് ക്ലിഫ് ഹോസ്പിറ്റലില്‍ ആംബുലേറ്ററി അസസ്മെന്റ് യൂണിറ്റില്‍ നഴ്സായിരുന്നു. ഫിലോമിനയുടെ മരണത്തോടെ യുകെ മലയാളികള്‍ക്കിടയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന പത്താമത്തെ മലയാളിയായിരിക്കുകയാണ് ഫിലോമിന.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് യുകെ മലയാളികള്‍ക്കിടയിലെ ഒന്‍പതാമത്തെ മരണം സംഭവിച്ചത്. ലണ്ടനിലെ എന്‍എച്ച്എസ് നഴ്സും കോട്ടയം വെളിയന്നൂര്‍ സ്വദേശിയുംമായ അനൂജ് കുമാര്‍ ആണ് ഏപ്രില്‍ 28ന് വിട വാങ്ങിയത്. 44 വയസ് മാത്രമായിരുന്നു പ്രായം. കഴിഞ്ഞ കുറെ നാളുകളായി കോവിഡിനോട് യുദ്ധം ചെയ്ത് ബോസ്റ്റണിലും ലെസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11.15 ഓടെ ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലിലായായിരുന്നു അന്ത്യം. കുടുംബാംഗങ്ങള്‍ക്കും കൊവിഡ് 19 ബാധിച്ചിരുന്നുവെങ്കിലും രോഗം ഭേദപ്പെട്ടു വീട്ടിലേക്ക് മടങ്ങിയിരുന്നു. അതുപോലെ തന്നെ അനൂജും രോഗത്തെ കീഴടങ്ങും എന്ന പ്രതീക്ഷയില്‍ ഇരിക്കെയാണ് മരണവാര്‍ത്ത എത്തിയത്.

കൊവിഡ് 19 ബാധിച്ച് യുകെയില്‍ മരണത്തിനു കീഴടങ്ങുന്ന എട്ടാമത്തെ മലയാളി സതാംപ്ടണിലെ സെബി ദേവസി ആയിരുന്നു. ബര്‍മിങാമിലെ മലയാളി ഡോക്ടറായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസയാണ് മരണത്തിനു കീഴടങ്ങുന്ന ആദ്യ മലയാളി. അതിനു ശേഷമാണ് ഒരു ദിവസം തന്നെ മൂന്നു മരണങ്ങള്‍ യുകെ മലയാളികളെ തേടിയെത്തിയത്. റെഡ് ഹില്‍ മലയാളി സിന്റോ ജോര്‍ജും ലണ്ടനില്‍ മകളെ കാണാന്‍ എത്തിയ കൊല്ലം സ്വദേശിനിയും റിട്ടയേര്‍ഡ് അധ്യാപികയുമായ ഇന്ദിരയും വെംബ്ലിയിലെ തൃശൂര്‍ ചാവക്കാട് പുതിയകത്തു വീട്ടില്‍ ഇഖ്ബാലുമാണ് ഒരേദിവസം മരണത്തിനു കീഴടങ്ങിയത്.

ഡെര്‍ബി മലയാളി സിബി മാണിയുടെ മരണമാണ് പിന്നീട് യുകെ മലയാളികള്‍ക്ക് ആഘാതമായി എത്തിയത്. പിന്നാലെ ബര്‍മിങാമിലെ സീനിയര്‍ ജിപി ആയിരുന്ന ഡോ. അമറുദീനും കഴിഞ്ഞ ദിവസം പ്രസ്റ്റണിലെ ഡോക്ടറായിരുന്ന കോഴഞ്ചേരി സ്വദേശിയായ ഡോക്ടര്‍ ജെ സി ഫിലിപ്പുമാണ് മരണത്തിനു കീഴടങ്ങിയത്. അതേസമയം, നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category