യുകെ എന്ന സ്വപ്നരാജ്യത്ത് എത്തിപ്പെട്ടിട്ടും പട്ടിണി മാറാത്ത മലയാളികള്‍ ഉണ്ട് എന്ന തിരിച്ചറിവാണ് ഈ കൊറോണ മുമ്പോട്ട് വയ്ക്കുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഹെല്പ് ലൈനിലേയ്ക്ക് ദിവസവും എത്തുന്നത് ഇത്തരം അനേകം കോളുകളാണ്. ഒരു ഗതിയും പരഗതിയും ഇല്ലാതെ അനേകം പേര് ജീവിക്കാന്‍ വേണ്ടി കൈകാലിട്ടടിക്കുന്ന ദയനീയ കഥകളാണ് ദിവസവും ഞങ്ങളുടെ കാതുകളില്‍ എത്തുന്നത്. സ്റ്റുഡന്റ്, വിസിറ്റിംഗ് വിസകളില്‍ എത്തി നല്ല ജീവിതം കിട്ടാന്‍ ശ്രമിച്ചു പെട്ടുപോയ പാവങ്ങളും ഉണ്ട് ഇക്കൂട്ടത്തില്‍.
ഈസ്റ്റ് ഹാം, മാഞ്ചസ്റ്റര്‍ തുടങ്ങി ബ്രിട്ടന്റെ പല ഭാഗത്തു നിന്നും താമസിക്കാന്‍ വീടില്ലാത്തവരും വാടകയ്ക്കും ഭക്ഷണത്തിനുമൊക്കെയായി വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും കൊച്ചു കുട്ടികളും ഉള്‍പ്പെടുന്ന കുടുംബങ്ങളും അടക്കമുള്ളവരുടെ ചാരിറ്റി ഫൗണ്ടേഷന്റെ ഹെല്പ് ലൈനിലേയ്ക്കുള്ള വിളികളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്.
ഈസ്റ്റ് ഹാമിലെ 34 വയസ്സുകാരന്റെ കഥ വളരെ ദയനീയമാണ്. പന്ത്രണ്ടു വര്‍ഷം മുമ്പ് സ്റ്റുഡന്റ് വിസയിലെത്തിയിട്ട് ഇതുവരെ ഒരു തവണ പോലും നാട്ടില്‍ പോയി മാതാപിതാക്കളെ കാണുവാന്‍ സാധിച്ചിട്ടില്ല. മാസങ്ങള്‍ക്കുമുമ്പ് ന്യുമോണിയ ബാധിച്ചു രോഗം വഷളായി ആശുപത്രിയില്‍ ചികില്‍സ തേടേണ്ടി വന്നിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നതിനാല്‍ നാലു മാസം മുമ്പ് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുകയും തുടര്‍ന്ന് കൊറോണയുടെ പ്രശ്നത്താല്‍ പുതിയ ജോലി കണ്ടെത്തുവാനും സാധിച്ചില്ല.
ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചപ്പോള്‍ വാടക നല്കുവാന് സാധിക്കാതെ വരികയും കഴിഞ്ഞ രണ്ടാഴ്ചയായി താമസിക്കുവാന്‍ യാതൊരു ഇടവുമില്ലാതെ പാലത്തിന്റെ അടിയിലും പാര്‍ക്കിലുമൊക്കെ കഴിച്ചു കൂട്ടേണ്ട അവസ്ഥയുമാണ് ഹതഭാഗ്യനായ ഈ യുവാവിനുണ്ടായത്. കഴിഞ്ഞ നവംബര്‍ മുതല്‍ ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നതിനാല്‍ കൊവിഡിന്റെ ആക്രമണത്തിന് പെട്ടെന്ന് ഇരയായെങ്കിലും ഭാഗ്യവശാല്‍ അസുഖം രൂക്ഷമാകാതെ രക്ഷപ്പെടുകയായിരുന്നു.
സുഹൃത്തുക്കള്‍ നല്കുന്ന ദിവസത്തില്‍ ഒരു നേരത്തെ ഭക്ഷണമാണ് ആകെ ആശ്രയം. ഞായറാഴ്ച ദിവസങ്ങളില്‍ അടുത്തുള്ള പള്ളിയില്‍ നിന്നും ഭക്ഷണം ലഭിക്കാറുണ്ട് ശ്വാസകോശ സംബന്ധമായ അസുഖത്തിന് ദിവസവും ധാരാളം മരുന്നുകള്‍ കഴിക്കേണ്ടതുണ്ട് താനും. ഇദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ ചാരിറ്റി ഫൗണ്ടേഷന്റ അഭ്യുദാകാംഷിയാണ് ഹെല്പ് ലൈനില്‍ വിളിച്ച് വിവരങ്ങള്‍ അറിയിക്കുന്നത്. ട്രസ്റ്റി അഫ്സല് അലി നടത്തിയ അന്വേഷണത്തില്‍ ഈ വ്യക്തിയുടെ ദൈന്യാവസ്ഥ കൂടുതല്‍ ബോദ്ധ്യപ്പെടുകയും അടിയന്തിരമായി 250 പൗണ്ട് നല്കി സഹായിക്കുവാന്‍ ട്രസ്റ്റ് തീരുമാനിക്കുകയും ചെയ്തു.
മാഞ്ചസ്റ്ററില്‍ നിന്നും വിളിച്ച വിദ്യാര്‍ത്ഥികള്‍ക്കാകട്ടെ ഭക്ഷണത്തിന്റെയും വാടകയുടെയും പ്രശ്നമാണ്. അടുത്തുള്ള റെസ്റ്റോറന്റില്‍ ജോലി ഉണ്ടായിരുന്നുവെങ്കിലും ലോക്ക് ഡൗണ്‍ ആയതോട് കൂടി അതും നഷ്ടപ്പെട്ടു. നാട്ടില്‍ നിന്ന് പൈസ വരുത്തിയും മറ്റുമാണ് ഇവര്‍ കഴിഞ്ഞ മാസത്തെ വാടക നല്‍കിയത്. ഒരു ഏജന്‍സി വഴി കെയര്‍ഹോമില്‍ ജോലി ശരിയായെങ്കിലും ട്രെയിനിങ്ങിന് ആവശ്യമായ ഫീസ് നല്‍കുവാനാവാതെ ഇവര്‍ കഷ്ടപ്പെടുന്നു. യൂണിഫോമും പോലീസ് ക്ലിയറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ വരെ റെഡിയായി ജോലിയ്ക്ക് തയ്യാറായിരിക്കുമ്പോഴാണ് നിയമ പ്രകാരം ചെയ്യേണ്ട ട്രെയിനിംഗിന് പൈസ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്നത്.
ഇങ്ങനെയുള്ളവരെ സഹായിക്കുവാനാണ് ചാരിറ്റി ഫൗണ്ടേഷന് കോവിഡ് സപ്പോര്‍ട്ട് അപ്പീല്‍ തുടങ്ങിയത്. കഴിഞ്ഞ മൂന്ന് ദിവസമായി 2000 പൗണ്ടിനു മുകളില്‍ മാത്രമാണ് അപ്പീലിലെയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ പ്രധാനം കഴിഞ്ഞ ദിവസം ലഭിച്ച അപാപ്പ എന്ന അപരിചിതന് അയച്ചുതന്ന 1111 പൗണ്ട് ഉള്‍പ്പെടെയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫൗണ്ടേഷന്റെ അപ്പീലുകള്‍ക്ക് പലപ്പോഴും ആക്കം കൂട്ടുന്നത് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കാത്ത അപ്പാപ്പായുടെ ഈ സംഭാവനയാണ്.
കൊവിഡ് 19 നിയന്ത്രണങ്ങള്‍ രാജ്യത്ത് ഇനിയും തുടരും എന്ന സാഹചര്യത്തില്‍ മൂന്നു ദിവസം മുന്‍പാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് വായനക്കാരില്‍ നിന്നും ധന സഹായം സമാഹരിച്ചു തുടങ്ങിയത്. ആദ്യ ദിവസം 2000ത്തിലധികം പൗണ്ട് ശേഖരിക്കുവാന്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ രണ്ടു ദിവസം വളരെ ചെറിയ തുകകള്‍ മാത്രമാണ് ലഭിച്ചത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 2,123.50 പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് 95 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് ആകെ 2218.25 പൗണ്ടാണ് ലഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ബാങ്ക് അക്കൗണ്ടിലേക്ക് തുകകളൊന്നും ലഭിച്ചിട്ടില്ല.
ഭക്ഷണത്തിനും ബേബി ഫുഡ്ഡിനുമൊക്കെയായി കൊച്ചു കുട്ടികളടക്കമുള്ള കുടുംബങ്ങളില്‍നിന്നുള്ള വിളികളും വന്നു തുടങ്ങിയതോടെയാണ് ചാരിറ്റി ഫൗണ്ടേഷന് നേരിട്ട് സഹായം നല്കുവാന് തീരുമാനിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടില്‍ കരുതിയിരിക്കുന്ന ജനറല്‍ ഫണ്ട് ഈയൊരു ആവശ്യത്തിന് ഒരുതരത്തിലും തികയുകയില്ലായെന്ന നിഗമനത്തിലാണ് 'കോവിഡ് സപ്പോര്‍ട്ട് അപ്പീലി'ന് തുടക്കം കുറിക്കുന്നത്. വരും ദിവസങ്ങളില്‍ വ്യാപകമായ രീതിയില്‍ കോളുകള്‍ വരുമ്പോള്‍ ലഭിക്കുന്ന തുക കൊണ്ട് ഭക്ഷണമടക്കമുള്ള ആവശ്യത്തിന് നേരിട്ട് സഹായം നല്‍കുക എന്നുള്ളതായിരിക്കും ചെയ്യുക.
വീട് വാടകയടക്കമുള്ള ചിലവുകളുടെ ആവശ്യങ്ങളും ഉയരുന്നുണ്ടെങ്കിലും തല്ക്കാലം അത്രയും വലിയ തുകകളുടെ സഹായം എത്തിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമായിരിക്കുമെന്നും ട്രസ്റ്റിമാര്‍ വിലയിരുത്തി. സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചും സ്റ്റേ അറ്റ് ഹോം നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുമുള്ള നടപടികളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് സ്വീകരിച്ചിരിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള കടകളില്‍ സാധനങ്ങള്‍ ലഭ്യമായത് കൊണ്ടും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ വീടു വിട്ട് ഇറങ്ങാനാവുമെന്നും ഗവണ്മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുണ്ട്. ചാരിറ്റി ഫൗണ്ടേഷന് നല്കുന്ന സഹായമുപയോഗിച്ച് ഈ മാര്‍ഗ്ഗ നിര്‍ദേശം പ്രയോജനപ്പെടുത്തി അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ സാധിക്കും. ഈ അപ്പീലിലേയ്ക്ക് സംഭാവനകള്‍ നല്കിത്തുടങ്ങുവാന് സന്നദ്ധമായി ഇതിനകം തന്നെ മിക്ക ട്രസ്റ്റികളും അഡൈ്വസറി കമ്മിറ്റി അംഗങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്.
തുടക്കത്തില്‍ ഹെല്‍പ്പ് ലൈനിലേയ്ക്കുള്ള കോളുകള്‍ കുറവായിരുന്നുവെങ്കിലും ഓരോ ദിവസം കഴിയുന്തോറും വിളികളുടെ എണ്ണം കൂടി വരികയാണ്. ലോക്ക് ഡൗണ്‍ നീളുന്നത് മൂലം സാമ്പത്തിക പ്രതിസന്ധി കൂടുന്നതനുസരിച്ചു മിക്കവരുടെയും കരുതല്‍ ശേഖരം കുറഞ്ഞു വരുന്നത് കൊണ്ടും വരുമാനമാര്‍ഗ്ഗം അടഞ്ഞത് കൊണ്ടുമാണ് ഇതു സംഭവിക്കുന്നത്. എന്‍എച്ച്എസ്, നഴ്സിംഗ് ഹോം, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ തൊഴിലിടങ്ങളിലല്ലാതെ ജോലി ചെയ്തുകൊണ്ടിരുന്ന പല മലയാളി കുടുംബങ്ങളുടെയും ജോലികള്‍ ഓരോ ദിവസവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.
കൊറോണ വൈറസിന്റ വ്യാപനം തുടങ്ങിയ മാര്‍ച്ച് മാസത്തില്‍ തന്നെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ഒരു ഹെല്പ് ലൈന്‍ ഡെസ്ക് ആരംഭിച്ചിരുന്നു. കൂടാതെ, ട്രസ്റ്റികളും അഡൈ്വസറി കമ്മറ്റി അംഗങ്ങളും ചേര്‍ന്ന ഒരു സംയുക്ത കമ്മിറ്റിയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിരുന്നു. 02086387457/03300010641 എന്നിവയാണ് ഹെല്പ് ലൈന്‍ നമ്പരുകള്‍. കൂടാതെ [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഗവണ്മെന്റിന്റെ ലോക്ക് ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്കുന്നവര് ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്കിയാല് 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്കാന് ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Covid Support Appeal
IBAN Number: GB70MIDL40470872314320
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ