നയതന്ത്ര സേവനങ്ങള്‍ക്ക് ഈടാക്കുന്ന അധിക തുക എത്തുന്നത് ക്ഷേമ ഫണ്ടില്‍; പാവപ്പെട്ടവരുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാന്‍ മാത്രം ഉപയോഗിക്കുന്ന ഈ ഫണ്ട് പാവങ്ങള്‍ക്ക് തണലൊരുക്കാന്‍ കൊറോണയില്‍ ഉപയോഗിക്കണമെന്ന ആവശ്യം ശക്തം; വിമാനക്കൂലി കണ്ടെത്താനാവാതെ വലഞ്ഞ് ദുരിതം അനുഭവിക്കുന്ന ഗള്ഫുകാര്; ക്വാറന്റൈന് ചെലവും പ്രതിസന്ധിയാകും; പ്രവാസികളുടെ മടക്കം ഏഴ് മുതല്‍; കോവിഡ് കാലത്ത് ഇന്ത്യ നടത്തുക ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍; യുഎഇയില്‍ നിന്നുള്ള ആദ്യ വിമാനങ്ങള്‍ കേരളത്തിലേക്ക്
ദുബായ്: ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യക്കാരുടെ യുഎഇയില്‍ നിന്നുള്ള മടക്കയാത്രയിലെ ആദ്യ രണ്ട് വിമാനം പറക്കുക കേരളത്തിലേയ്ക്ക്. 13,000 രൂപയാണ് ടിക്കറ്റ് നിരക്ക്. കഷ്ടകാലത്ത് സൗജന്യ യാത്രയെന്ന പ്രവാസികളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നതാണ് വസ്തുത. ചരിത്രത്തിലെ എറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയാണ് ഗള്‍ഫില്‍ ഇന്ത്യ നടത്തുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ അര്‍ഹതയുള്ളവരുടെ മുന്‍ഗണന പട്ടിക തയാറാക്കി യുഎഇയിലെ എംബസി എയര്‍ ഇന്ത്യക്ക് കൈമാറും. തുടര്‍ന്നായിരിക്കും ടിക്കറ്റ് നല്കിത്തുടങ്ങുക. എയര്‍ ഇന്ത്യാ വെബ് സൈറ്റ് മുഖേനയോ ഓഫീസുകളില്‍ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം.
നയതന്ത്ര കാര്യാലയങ്ങളില്‍ വിവിധ സേവനങ്ങളോടനുബന്ധിച്ച് ഈടാക്കുന്ന അധിക തുക പ്രവാസി ക്ഷേമത്തിനുള്ള ഫണ്ടിലേയ്ക്കാണ് പോകുന്നത്. ഇത്തരത്തില്‍ വന്‍ തുക ഫണ്ടിലുണ്ടെന്നാണ് വിവരം. പാവപ്പെട്ടവര്‍ മരിക്കുമ്പോള്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് മാത്രമേ നിലവില്‍ ഈ തുക ഉപയോഗിക്കുന്നുള്ളൂ. ഇത് ഇപ്പോള്‍ ഉപയോഗിക്കണമെന്നാണ് ആവശ്യം. നാട്ടിലേയ്ക്ക് മടങ്ങുന്നവരുടെ യാത്രാ ചെലവിനും ക്വാറന്റീന് കാര്യങ്ങള്‍ക്കും ഈ തുക ഉപയോഗിച്ചല്‍ പ്രതിസന്ധി മറികടക്കാം. കോവിഡ് ബാധിതരല്ല എന്ന് ഉറപ്പാക്കാനുള്ള പരിശോധന നടത്തുന്നതിനും നയതന്ത്ര കാര്യാലയങ്ങള്‍ സൗജന്യ സംവിധാനം ഒരുക്കണമെന്നും ആവശ്യം ശക്തമാണ്.
വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ മെയ് ഏഴുമുതല്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തയ്യാറാക്കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരികെ കൊണ്ടുവരേണ്ട പ്രവാസികളുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മീഷനുകളും ചേര്‍ന്ന് തയ്യാറാക്കും. ആദ്യം എത്തിക്കുക യു.എ.ഇയില്‍ നിന്നുള്ള പ്രവാസികളെയായിരിക്കും. ലേബര്‍ ക്യാമ്പുകളിലുള്ളവരെ കപ്പലുകളിലാണ് എത്തിക്കുക.
ഇവര്‍ ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂര്‍ണ വൈദ്യപരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റും. രാജ്യത്തെത്തിയതിനു പിന്നാലെ ഇവര്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള പണം പ്രവാസികള്‍ തന്നെ നല്‍കണം. 14 ദിവസത്തെ ക്വാറന്റൈനു ശേഷം വീണ്ടും പരിശോധന നടത്തും. ശേഷമുള്ള കാര്യങ്ങള്‍ ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം തീരുമാനിക്കും.
ഗള്‍ഫിലെ ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളുകളായി. വളരെ പ്രയാസപ്പെടുന്നവരെ ആയിരിക്കും ആദ്യം നാട്ടിലെത്തിക്കുക. എല്ലാവരുടെയും സഹായസഹകരണം ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. വിമാന ടിക്കറ്റിനും നാട്ടിലെ ക്വാറന്റീന് താമസത്തിനും മടങ്ങുന്നവര്‍ തന്നെ പണം മുടക്കണമെന്ന നിബന്ധനയില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആശങ്ക ഏറെയാണ്. ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന പലരെയും ടിക്കറ്റ് കാശു പോലും കണ്ടെത്താനാവാത്ത വണ്ണം ദുരിതത്തിലാണ്. എന്നാല്‍ അതിഥി തൊഴിലാളികളില്‍ നിന്ന് തീവണ്ടി ടിക്കറ്റ് പോലും വാങ്ങിയതിനാല്‍ പ്രവാസികളില്‍ നിന്ന് വിമാന നിരക്ക് ഈടാക്കുമെന്ന നിലപാടിലാണ് കേന്ദ്രം.
രണ്ടു ലക്ഷത്തോളം പേര്‍ക്ക് ക്വാറന്റീന് സൗകര്യം ആദ്യം ഏര്‍പ്പെടുത്തിയത് കേരളമായതിനാലാണ് ആദ്യ വിമാനങ്ങള്‍ കേരളത്തിലേക്ക് വരുന്നത്. രജിസ്റ്റര്‍ ചെയ്തവരില്‍ കൂടുതലും മലയാളികളാണ്. അതും ഇതിന് കാരണമായി. ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് ചെയ്യാന്‍ പോകുന്നതെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന് കപൂര്‍ പറഞ്ഞു. ആദ്യ ദിവസം രണ്ടില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കരുതുന്നില്ലെന്നും പവന് കപൂര്‍ വ്യക്തമാക്കി. ഗള്‍ഫിലെ ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളുകളായി. വളരെ പ്രയാസപ്പെടുന്നവരെ ആയിരിക്കും ആദ്യം നാട്ടിലെത്തിക്കുക. എല്ലാവരുടെയും സഹായസഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
എംബസിയുടെ വെബ് സൈറ്റ് വഴി ഇതുവരെ 197,000 ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. ദുരിതത്തിലായ തൊഴിലാളികള്‍, കോവിഡ് അല്ലാത്ത രോഗികള്‍, ഗര്‍ഭിണികള്‍, സന്ദര്‍ശക വീസക്കാര്‍ എന്നിങ്ങനെയായിരിക്കും ആദ്യ പരിഗണന. അതായത് കേരളത്തിന്റെ നോര്‍ക്കാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കാര്യങ്ങള്‍ പരിഗണിക്കുന്നില്ല. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുപോവുക എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ വിമാനങ്ങളും നാവിക സേനാ കപ്പലുകളും യാത്രയ്ക്ക് ഉപയോഗിക്കും എന്നാണ് വിവരം.
മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ലേബര്‍ ക്യാംപുകളില്‍ കഴിയുന്നവര്‍, സന്ദര്‍ശക വീസയിലെത്തി കൃത്യമായി ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായവര്‍, ഏറെ കാലമായി ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായിരുന്നവര്‍ തുടങ്ങിയവര്‍ ഈ തീരുമാനത്തിനിടെയിലും പ്രതിസന്ധിയിലാണ്. വിമാന ടിക്കറ്റിനും ക്വാറന്റീനിനും പണം മുടക്കണമെന്ന നിബന്ധന ഇവരെ വലയ്ക്കുന്നുണ്ട്. ഇതുകാരണം തങ്ങളുടെ യാത്ര മുടങ്ങുമോ എന്ന ഭീതിയും പാവങ്ങള്‍ക്കുണ്ട്. ഇവരെ കഴിയുന്നത്ര സഹായിക്കാന്‍ പ്രവാസി കൂട്ടായ്മകള്‍ എത്തുമെന്ന പ്രതീക്ഷയാണ് ഏവര്‍ക്കുമുള്ളത്. അല്ലാത്ത പക്ഷം സാധാരണക്കാരുടെ യാത്ര പ്രതിസന്ധിയിലാകും.
ആയിരക്കണക്കിന് തൊഴിലാളികളും സന്ദര്‍ശക വീസക്കാരുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോക്കിനായി കാത്തിരിക്കുന്നത്. മലയാളികളാണ് ഏറെയും. അതുകഴിഞ്ഞാല്‍ ഉത്തരേന്ത്യയില്‍നിന്നും തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് ഗള്‍ഫിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും. ദുരിത കാലത്ത് ഇവര്‍ക്ക് മലയാളി സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും എത്തിച്ചിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്വാസം. ജോലി തേടി ഗള്‍ഫിലെത്തിയ യുവതീയുവാക്കളും ദുരിത്തിലാണ് കഴിയുന്നത്. ഇവരില്‍ മിക്കവരും ചതിയില്‍ കുടുങ്ങി എത്തിയവരാണ്.
നാട്ടില്‍ നിന്ന് കടം വാങ്ങിയും ബന്ധുക്കളുടെ സ്വര്‍ണവും മറ്റും പണയം വച്ചും എത്തിയവര്‍ പ്രതിമാസം ബെഡ് സ്പെയിസിന് മാത്രം 300 ദിര്‍ഹം, ഭക്ഷണത്തിന് ചുരുങ്ങിയത് 250 ദിര്‍ഹം മുടക്കിയാണ് കഴിഞ്ഞിരുന്നത്. മിക്കവരും ജോലി അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കെയാണ് കോവിഡ് ഭീതി എത്തിയത്. ഇതോടെ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ വന്നു. ഇവരെ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാത്തത് ഏവരേയും വേദനിപ്പിക്കുന്നുണ്ട്. ഇവരുടെയെല്ലാം വീസ കാലാവധി ഈ വര്‍ഷാവസാനം വരെ സൗജന്യമായി നീട്ടിക്കൊടുക്കാന്‍ യുഎഇ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ യാത്രാ ചെലവ് പോലും ഈടാക്കുന്നു എന്നതാണ് വിവാദമാകുന്നത്.
നാട്ടിലെത്തിയാല്‍ ചിലര്‍ക്കെങ്കിലും ബന്ധുക്കള്‍ വഴി ക്വാറന്റീനില്‍ കഴിയേണ്ട പണം നല്കാനായേക്കാം. തൊഴിലാളികളില്‍ പലരും നാട്ടിലും പരമ ദരിദ്രരാണ്. ഇവരോട് ഈ ക്രുരത കാട്ടരുതെന്നാണ് ആവശ്യം. നാട്ടിലേയ്ക്ക് പോകുന്നവര്‍ തന്നെ യാത്രാ ചെലവ് വഹിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നിരിക്കെ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകരും മറ്റും ആവശ്യപ്പെടുന്നു.