1 GBP = 103.40 INR                       

BREAKING NEWS

മൂല്യങ്ങളുള്ള വ്യക്തികളുടെ അഭാവത്തില്‍ കോര്‍പ്പറേറ്റുകള്‍ നിലംപതിക്കുമ്പോള്‍ അപ്രിയമായിക്കൊണ്ടിരിക്കുന്ന ധര്‍മ്മവ്യാപാര സ്ഥാപനങ്ങള്‍ നിലനില്‍ക്കുമോ?

Britishmalayali
റോയ് സ്റ്റീഫന്‍

യര്‍ന്ന ജീവിത നിലവാരങ്ങള്‍ പുലര്‍ത്തുന്ന വ്യക്തികള്‍ ഓരോസമൂഹത്തിനും മുതല്‍കൂട്ടാകുന്നതിനൊപ്പം മറ്റുള്ളവര്‍ക്കും അനുദിന മാതൃകയായി മാറുന്നതും സ്വാഭാവികമാണ്. അവോരോരുത്തരുടേയും ദൈനംദിന പ്രവര്‍ത്തന മേഖലകളില്‍ അവരുടേതായ തനത് ചിന്താഗതികളും ജീവിത മൂല്യങ്ങളും ദര്‍ശിക്കുവാന്‍ സാധിക്കും. ഇങ്ങനെ മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിക്കുന്ന വ്യക്തികളെയാണ് അവരുടേതായ തനത്  തത്ത്വസംഹിതകളുടെ  അടിസ്ഥാനത്തില്‍ ജീവിക്കുന്ന വ്യക്തികളെന്ന് മറ്റുള്ളവര്‍ വിലയിരുത്തുന്നത്. സുഗമമായ ജീവിതം നയിക്കുന്നവര്‍ക്ക് അതായത് മാനസികമായും ഭൗതീകമായ ജീവിത സൗകര്യങ്ങളുള്ള വ്യക്തികള്‍ക്ക് അവരുടേതായ തത്ത്വസംഹിതകളെ കൈവെടിയാതെ ജീവിക്കുവാന്‍ സാധിക്കും. പക്ഷെ ജീവിത സൗകര്യങ്ങള്‍ കുറവുള്ള വ്യക്തികള്‍ക്ക് അതായത് ജീവിതത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് അവരുടേതായ തത്ത്വസംഹിതകള്‍ സംരക്ഷിക്കുവാന്‍ സാധിക്കാതെ വരാറുണ്ട്.

ജീവിതമൊരു നിരന്തര പരീക്ഷണമാണെന്നും പ്രായോഗികമായി ജീവിതത്തെ നേരിടുന്നവര്‍ക്ക് മാത്രമാണ് വിജയങ്ങള്‍ നേടുവാന്‍ സാധ്യമാകുന്നതെന്നും പലരുടെയും അനുഭവങ്ങള്‍ സാക്ഷ്യപെടുത്തുന്നത് ഒരു ഉദാഹരണം മാത്രമാണ്.   പലപ്പോഴും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാന്‍ വ്യക്തികള്‍ അവരുടേ തത്ത്വസംഹിതകളെ താല്‍ക്കാലികമായി കൈവെടിയുന്നതും അനുദിനം ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ജീവിത മൂല്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ  ഈ ആധുനിക ലോകത്ത് കണ്ടുകിട്ടുവാന്‍ ബുദ്ധിമുട്ടാണെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാതെ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരായി അവരുടെ ജീവിത മൂല്യങ്ങളില്‍ ജീവിക്കുന്ന ധാരാളം വ്യക്തികളുണ്ട്. 

കൊറോണക്കാലത്ത് മതവിശ്വാസങ്ങളുടെ പ്രയോഗികതയെപ്പറ്റി സാധാരണക്കാര്‍ വാദപ്രതിവാദങ്ങള്‍ നടത്തുന്ന വേളയില്‍ തന്നെ കേരളത്തിലെ കത്തോലിക്കാ സഭയിലെ പ്രബലമായ സഭയില്‍ നിന്നും ഒരു മെത്രാന്‍ സ്ഥാനത്യാഗം ചെയ്യുന്നത് വിശ്വാസികളില്‍ അതിയായ അഭിപ്രായ ഭിന്നതകള്‍ സൃഷ്ടിക്കുകയാണ്.  പാലാ രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ബിഷപ്പ് സ്ഥാനത്തു നിന്നും രൂപതയുടെ ചുമതലകളില്‍ നിന്നുമൊഴിഞ്ഞ് ആശ്രമജീവിതം നയിക്കുവാന്‍ തയ്യാറാവുമ്പോള്‍ കുഞ്ഞാടുകളെ നയിക്കുവാന്‍ റോമില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇടയന് തന്റെ ചുമതലകള്‍ ത്യാഗം ചെയ്യേണ്ടി വരുന്നു.

എല്ലാ ഔദ്യോഗിക പദവികളും വേണ്ടെന്നു വെച്ച് ഒരു സാധാരണ സന്യാസിയായി ജീവിക്കുകയെന്നത് മാത്രമാണ്  ഇനി അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം സ്വയം സാക്ഷ്യപ്പെടുത്തുമ്പോഴും ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. മുന്‍പ് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പാ സ്ഥാനത്യാഗം ചെയ്തത് കത്തോലിക്കാ സഭയിലെ അത്യപൂര്‍വ്വമായ സംഭവമായിരുന്നു. അദ്ദേഹം ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പൊതുസമൂഹത്തിനും സഭയ്ക്കും അംഗീകരിക്കേണ്ടി വന്നു പക്ഷെ  ഒരു മാര്‍പാപ്പാ സ്വയം സ്ഥാനത്യാഗം ചെയ്യുന്നത് ആദ്യമായിരുന്നു. തിരുസഭയ്ക്കെതിരായ പ്രവര്‍ത്തങ്ങളിലൂടെ പലരെയും മെത്രാന്‍ പദവിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും  മുരിക്കന്‍ പിതാവിനെപ്പോലെ നിസ്വാര്‍ത്ഥനായ വ്യക്തി സ്വയം സ്ഥാനമൊഴിയുന്നതും സഭയിലെ അസാധാരണമായ സംഭവമാണ്.

സാമൂഹിക ജീവികളായ മനുഷ്യര്‍ക്ക് ഏറ്റവും അനുയോജ്യമായ ജീവിത ശൈലി കുടുംബജീവിതം തന്നെയാണെന്നതിലും തര്‍ക്കമുണ്ടാവില്ല. കാരണം ജന്മനാ സ്വാര്‍ത്ഥമതികളായ മനുഷ്യര്‍ കുടുംബജീവിതം  നയിക്കുന്നതിലൂടെ വ്യക്തിപരമായി ഒന്നും ത്യാഗം ചെയ്യുന്നില്ല. കുടുംബജീവിതത്തില്‍ പ്രവേശിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അവര്‍ ഒരാളല്ല നേരിടുന്നത് മറിച്ച് രണ്ടുപേരും കൂടി ചേര്‍ന്നാണ്. സാമ്പത്തികമായി വളരുന്നതും  കുട്ടികളെ വളര്‍ത്തുന്നതും ഒരാളുടെ മാത്രം കടമയില്‍ ഒതുങ്ങുന്നില്ല അവിടെയും രണ്ടുപേരുടെയും ഒരുമിച്ചുള്ള പ്രയഗ്‌നമാണ്.  എന്നാല്‍ വിവിധ മതവിശ്വാസങ്ങളിലും സന്ന്യാസം സ്വീകരിക്കുന്ന വ്യക്തികള്‍ ജീവത്യാഗം നടത്തുന്നവര്‍ തന്നെയാണ്. ഒരുപരിധിവരെ സുഗമമായ ലൗകീക ജീവിത സുഖങ്ങള്‍ ത്യജിച്ചുകൊണ്ടുള്ള ജീവിതത്തിനേ പുല്‍കുന്നവര്‍. അവരുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തനിയെ നേരിടുവാന്‍ തയ്യാറാകുന്നവര്‍.

കുടുംബജീവിതം നയിക്കുന്ന വ്യക്തികള്‍ക്ക് സാമൂഹിക ജീവിതം അതായത് പൊതുസമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടുള്ള ജീവിതം നയിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല എന്നാല്‍ സന്ന്യാസ ജീവിതം തിരഞ്ഞെടുത്ത വ്യക്തികള്‍ പൊതുസമൂഹത്തിലുള്ള എല്ലാവരുമായി നിരന്തരം സമ്പര്‍ക്കങ്ങളില്‍ മുഴികിയിരിക്കുന്നവരാണ്. പ്രത്യേകിച്ചും മുരിക്കന്‍ പിതാവിനെപ്പോലെ കത്തോലിക്കാ സഭയില്‍ പ്രവര്‍ത്തിക്കുന്ന ജീവിത മൂല്യങ്ങളുള്ള സന്ന്യാസിമാരായ വൈദീകര്‍. ക്രിസ്തീയ സന്യാസജീവിതം നയിക്കുന്ന വൈദീകര്‍ ദൈവത്തെയും മനുഷ്യരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികളാകുവാനാണ് ആ ജീവിതമാര്‍ഗം തിരഞ്ഞെടുക്കുന്നത്. നിസ്വാര്‍ത്ഥ സേവനമതികളായ ഈ സന്യാസികള്‍ക്ക് അവരുടെ ജീവിതമൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ സാധിക്കാതെ വരുമ്പോള്‍ കടുത്ത തീരുമാനങ്ങളിലൂടെ തങ്ങളുടെ ജീവിതപാതകള്‍ തിരുത്തേണ്ടതും അനിവാര്യമാണ്.

വ്യക്തിഗത മൂല്യങ്ങള്‍ സംരക്ഷിക്കുന്നവരല്ലാവരും തന്നെ സത്യസന്ധതയോടും എല്ലാ മേഖലകളിലും സമഗ്രതാമനോഭാവത്തോടും കൂടി പ്രവര്‍ത്തിക്കുന്ന വ്യക്തികളാണെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെയുള്ള വ്യകതികള്‍ അവരുടെ സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്ത്വവും അവയ്ക്കൊപ്പം ഉണ്ടാകുന്ന അനന്തരഫലങ്ങളുടെ ഉത്തരവാദിത്ത്വങ്ങളും മടികൂടാതെ ഏറ്റെടുക്കുവാന്‍ തയ്യാറുള്ളവരുമാണ്. വസ്തുതകളിലെ തിരിച്ചറിവുകള്‍ അഥവാ ബോധ്യങ്ങളാണ് അവരുടെയല്ലാ ഉദ്യമങ്ങളിലും അവരെ അനുദിനം നയിക്കുന്ന മറ്റൊരു ഘടകം.

മൂല്യങ്ങളിലൂടെ ഉടലെടുത്ത ബോധ്യങ്ങളാണ് അവരുടെ അനുദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥവും ലക്ഷ്യവും നല്‍കുന്നത്. അതോടൊപ്പം മറ്റു വ്യക്തികളെ പ്രീതിപ്പെടുത്തുന്നതിലുപരി ഓരോ സാഹചര്യങ്ങളുടെയും പ്രത്യേകതകള്‍ അവലോകനം ചെയ്യുവാന്‍ ശ്രമിക്കുന്ന വ്യക്തികളുമായിരിക്കും. ചുരുക്കത്തില്‍ ഏതെങ്കിലും പ്രത്യേക ആശയങ്ങളില്‍ ശക്തമായ ബോധ്യങ്ങളുള്ള വ്യക്തികള്‍ മടികൂടാതെ സമൂഹത്തിലും സംഘടനകളിലും  പങ്കുവയ്ക്കുവാനും അതോടൊപ്പം നിറവേറ്റുവാനും പ്രതിജ്ഞാബദ്ധരായി നിലകൊള്ളുന്നതായി കാണുവാന്‍ സാധിക്കും. അങ്ങനെ ശക്തമായ ബോധ്യങ്ങളോടെ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുമ്പോള്‍ അത് അവരുടെ ജീവിത ലക്ഷ്യങ്ങളായി രൂപാന്തരപ്പെടുകയാണ്. പിന്നീട് ഈ ലക്ഷ്യങ്ങളാണ് അവരുടെ ജീവിതത്തിനെ നയിക്കുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന എല്ലാ പ്രതിസന്ധികളെയും എതിര്‍പ്പുകളേയും അനായാസം തരണം ചെയ്യുവാന്‍ സാധിക്കുന്നതും.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭിവൃത്തിനേടുവാന്‍ ശ്രമിക്കുന്നവരാണ് സാധാരണക്കാരായ എല്ലാ മനുഷ്യരും അതോടൊപ്പം ഉയര്‍ച്ചകളിലെത്തിയാല്‍ സ്വാഭാവികമായും വന്ന വഴികളിലേയ്ക്ക് തിരിച്ചുപോകുവാന്‍ ആരും ആഗ്രഹിക്കുകയില്ല. ഏറ്റവും വലിയ ഉദാഹരണങ്ങള്‍ പ്രവാസികളായ ഒരുരുത്തരും തന്നെയാണ് വികസിത രാജ്യങ്ങളിലെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഉപേക്ഷിച്ചു വീണ്ടും ദരിദ്രരായി ജീവിക്കുവാന്‍ ആരും തന്നെ ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെ പ്രവാസികളെ ശുശ്രുഷിക്കുവാന്‍ എത്തിയിരിക്കുന്ന ഭൂരിഭാഗം വൈദീകരുടെയും സ്ഥിതി മറിച്ചല്ല. വികസിത രാജ്യങ്ങളില്‍ പോലും വളരെയധികം ലളിതജീവിതം നയിക്കുന്ന ധാരാളം മതമേലധ്യക്ഷന്മാരെ കാണുവാന്‍ സാധിക്കും. വികസിത രാജ്യങ്ങളില്‍ ആഘോഷപരമായ പള്ളിപ്പെരുന്നാളുകള്‍ വളരെക്കാലങ്ങള്‍ക്ക് മുന്‍പ് അന്യം നിന്നുപോയിരുന്നെങ്കിലും മലയാളികളുടെ വരവോടെ അവയെല്ലാം മലയാളിത്തനിമയോടെ  പുനരാംഭിച്ചിരിക്കുകയാണ്.

ഒരിക്കല്‍ ഒരു ഇംഗ്ലീഷ് മെത്രാനെ പെരുന്നാളിന് കൂട്ടികൊണ്ടുവരുവാന്‍ മലയാളി ചെന്നപ്പോള്‍ മെത്രാന്‍ തന്റെ വസതി വൃത്തിയാക്കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ പലയാവര്‍ത്തി പങ്കുവച്ചിട്ടുണ്ട്. രൂപതയുടെ തലവനും നിരവധി പള്ളികളുടെയും അധിപനായ ഒരുവ്യക്തി ഏറ്റവും ലളിതമായ ജീവിതം നയിക്കുന്നത് കാണുവാനിടയായപ്പോള്‍ മലയാളിയുടെ വിശ്വാസം വര്‍ദ്ധിക്കുക മാത്രമാണുണ്ടായത്. കേരളമുള്‍പ്പെടുന്ന അവികസിത രാജ്യങ്ങളിലെ മെത്രാന്മാരുടെ പ്രഭാവവും സ്വാധീനശക്തികളും എത്രയോ ഉയരത്തിലായിരിക്കുമ്പോള്‍ തന്നെ അതെല്ലാം വേണ്ടന്നു വച്ച് ഒരു സാധാരണ വൈദീകന്റെ ജീവിതം നയിക്കുവാന്‍  മുരിക്കന്‍ പിതാവ് തയ്യാറാവുന്നത് അദ്ദേഹത്തിന്റെ അങ്ങേയറ്റമുള്ള ലാളിത്യ ജീവിതരീതികള്‍ തന്നെയാണ്. പിതാവിന്റെ സ്ഥാനത്യാഗം ധാരാളം മലയാളികള്‍ക്ക് ലളിതജീവിതം നയിക്കുന്നതിനുള്ള മാതൃകയാവുകതന്നെ ചെയ്യും.

ലോകം വളരുന്നതിനൊപ്പം മതാധിഷ്ഠിതമായ സംഘടനകളുടെ ലക്ഷ്യങ്ങളിലും പ്രവര്‍ത്തനരീതികളിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും സംരക്ഷണ ചുമതലകളുണ്ടായിരുന്നത് അവരുടെ അഭാവത്തില്‍ മറ്റാവശ്യങ്ങള്‍ നിറവേറ്റുവാനുള്ള കോര്‍പറേറ്റുകളായി രൂപാന്തപ്പെട്ടു. കേരളമുള്‍പ്പെടുന്ന ഭാരതത്തിലെ എല്ലാ ക്രിസ്തീയ സഭകളുടെയും വളര്‍ച്ച ഒരു പരിധിവരെ മറ്റു വികസിത രാജ്യങ്ങളുടെ സംഭാവനകളോടെയായിരുന്നു. എന്നാല്‍ ഇന്ന് അതെ സഭകളുടെ ആസ്തിയില്‍ പലമടങ്ങ് വര്‍ദ്ധനയുണ്ടായെങ്കിലും ലോകത്തിലുള്ള മറ്റു ദരിദ്ര രാജ്യങ്ങളിലെ ക്രിസ്തീയ സഭകളെപ്പോലും സഹായിക്കുവാന്‍ തയ്യാറാവുന്നുണ്ടോ എന്നന്വേഷിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് സന്ന്യസ്തരുടെ ലളിതജീവിതം ക്രിസ്തുവിശ്വാസികള്‍ക്ക് വീണ്ടും മാതൃകയാവേണ്ടത്.

വികസിത രാജ്യമായ ഇംഗ്ലണ്ടിലെ പല പള്ളികള്‍ക്കും അതുപോലെ മറ്റൊരു പള്ളി ആഫ്രിക്കന്‍ ദരിദ്രരാജ്യങ്ങളില്‍ പരിപാലിക്കുന്നുണ്ട്. ഇംഗ്ലണ്ടിലുള്ള ഭൂരിഭാഗം പള്ളികളിലും പ്രായമായവരാണ് അംഗങ്ങളെങ്കിലും ഇപ്പോഴും അവരുടെ പള്ളികളിലെ ആഘോഷങ്ങള്‍ ചുരുക്കികൊണ്ട് അവരുടെ തന്നെ പ്രതിച്ഛായയില്‍ സൃഷ്ടിച്ച ആഫ്രിക്കന്‍ പള്ളികള്‍ സംരക്ഷിക്കുകയാണ്. വികസിത രാജ്യങ്ങളില്‍ വിശ്വാസം സംരക്ഷിക്കുന്നത് ക്രിസ്തുവിന്റെ ജീവിതത്തിലടിസ്ഥാനമായ ലളിത ജീവിതത്തിലൂടെ ജീവിച്ചു മാതൃകയായിക്കൊണ്ടാണ്. ആഘോഷങ്ങളുണ്ട് പക്ഷെ അത് അംഗങ്ങള്‍ക്ക് വേണ്ടി മാത്രമാണ്  മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്ന അമിതാഘോഷങ്ങളിലൂടെയല്ല.

ആധുനിക ലോകത്തില്‍ വിജയം കൈവരിക്കുന്ന എല്ലാ സംരഭങ്ങളിലെയും സംരംഭകരുടെയും കോര്‍പ്പറേറ്റുകളുടെയും മന്ത്രം അതായത് അവരുടെ സുവിശേഷം ഒന്ന് മാത്രമാണ് കൂടുതല്‍ വളരുവാനും വിജയം ലഭിക്കുവാനും വേണ്ടി എല്ലാക്കാര്യങ്ങളിലും തങ്ങളേക്കാള്‍ മിടുക്കന്മാരായവരെ ജോലിയില്‍ നിയമിക്കുക. കാരണം മറ്റൊന്നുമല്ല എല്ലാം കോര്‍പറേറ്റുകളും സംഘടനകളും സംരംഭകരും തന്നെ അന്യോന്യം മത്സരിക്കുന്നവരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമാണ് വിജയം ലഭിക്കുന്നത്. പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും ഉടമകള്‍ക്ക് പദ്ധതികള്‍ വിഭാവനം ചെയ്യുവാന്‍ മാത്രമാണ് സാധിക്കുന്നത് പ്രാവര്‍ത്തികമാക്കേണ്ടത് കൂടുതല്‍ കഴിവുള്ള ജോലിക്കാരാണ്.

ലോകം വളരുന്നതിനൊപ്പം ദരിദ്രരാജ്യങ്ങളിലെ സാധാരണക്കാര്‍ വളരുന്നത് നല്ലത് തന്നെയാണ് അതോടൊപ്പം വളരുന്ന ജനതയുടെ വേറിട്ട ആവശ്യങ്ങള്‍ നേടിക്കൊടുക്കുവാന്‍ മതങ്ങളും മതാചാര്യന്മാരും തങ്ങളുടെ കോര്‍പറേറ്റുകളുടെ പ്രവര്‍ത്തനരീതികള്‍ ആധുനികവല്‍കരിക്കുന്നതില്‍ സാധാരണക്കാര്‍ക്ക് എതിര്‍പ്പില്ലായിരിക്കും പക്ഷെ അടിസ്ഥാനപരമായ  ലക്ഷ്യങ്ങളുടെ അഭാവത്തില്‍ പ്രവര്‍ത്തനങ്ങളില്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന വ്യക്തികള്‍ കൊഴിഞ്ഞു പോയ്‌കൊണ്ടിരിക്കും. നൈമിഷിക സുഖങ്ങള്‍ക്കുവേണ്ടിയും താല്‍കാലിക ജയങ്ങള്‍ക്കുവേണ്ടിയും ആല്‍മാര്‍ഥതയുള്ള വ്യക്തികള്‍  അവരുടെ ജീവിതമൂല്യങ്ങള്‍ ത്യാഗം ചെയ്യില്ല പകരം സ്ഥാനമാനങ്ങള്‍  ത്യാഗം ചെയ്യും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷത്തില്‍ കാണുവാന്‍ സാധിക്കില്ല പക്ഷെ കാലക്രമേണ വിശ്വാസികളെ കാത്തിരിക്കുന്ന ഒഴിഞ്ഞ ദേവാലയങ്ങളായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category