1 GBP = 93.80 INR                       

BREAKING NEWS

ജോഷിയെ വീട്ടിലേക്ക് ആനയിക്കാന്‍ നാടൊന്നാകെ കയ്യടിയുമായി എത്തി; കുഞ്ഞുങ്ങള്‍ കാത്തുനിന്നത് ജോഷി അങ്കിളിനു നല്‍കാന്‍ പൂക്കളുമായി; 32 ദിവസം കോവിഡുമായി പൊരുതിയ മലയാളി യുവാവ് യഥാര്‍ത്ഥ ഹീറോ ആയത് അതിജീവനത്തിന്റെ പുത്തന്‍ ഇതിഹാസമായി; 24 മണിക്കൂര്‍ ആയുസെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ വിധി വഴി മാറിയത് ഭാര്യയുടെ പ്രാര്‍ത്ഥന കണ്ടെന്നു തീര്‍ച്ച

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: പുനര്‍ജന്മമോ അതോ രണ്ടാം ജന്മമോ? ജോഷി എന്ന പേരു കേള്‍ക്കുമ്പോള്‍ ഓരോ യുകെ മലയാളിയും ഇപ്പോള്‍ ചിന്തിക്കുന്നത് ഇങ്ങനെയാകും. നീണ്ട 32 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞു ജോഷി ഇന്നലെ സൗത്താംപ്ടണിലെ വീട്ടില്‍ മടങ്ങി എത്തിയപ്പോള്‍ പ്രദേശ വാസികളായ മലയാളികളും ഇംഗ്ലീഷുകാരും അടക്കമുള്ളവര്‍ നീണ്ട കയ്യടികളോടെയാണ് ആ വരവ് ആഘോഷമാക്കിയത്. കോവിഡിനെ എങ്ങനെ സധൈര്യം നേരിട്ട് മരണത്തെ തോല്‍പിക്കാം എന്നതിന്റെ നേര്‍സാക്ഷ്യമായാണ് ജോഷി എന്ന പേര് ഇപ്പോള്‍ യുകെയില്‍ ഓരോ മലയാളിയും ആഘോഷമാക്കുന്നത്.

കഴിഞ്ഞ ആഴ്ച ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലിലെ വിദഗ്ധ ചികിത്സയില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിയ ജോഷി ഒരാഴ്ച കൂടി സൗത്താംപ്ടണ്‍ ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സക്ക് വിധേയനായ ശേഷമാണു ഇപ്പോള്‍ വീട്ടില്‍ മടങ്ങി എത്തിയിരിക്കുന്നത്. കടുത്ത ശാരീരിക, മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ സഞ്ചരിച്ച ജോഷിക്കും ഭാര്യ അനീഷ അടക്കമുള്ള കുടുംബ അംഗങ്ങള്‍ക്കും കഴിഞ്ഞ ഒരു മാസത്തെ ഓരോ ദിവസവും ഓരോ യുഗങ്ങളായാണ് അനുഭവപ്പെട്ടത്. ആ ദുരിതകാലം ഓര്‍ത്തെടുക്കുക എന്നത് പോലും അവരിപ്പോള്‍ ആഗ്രഹിക്കാത്ത കാര്യമാണ്. എന്നാല്‍ യുകെയിലെ ഓരോ മലയാളി കുടുംബത്തിനും കോവിഡ് കാലത്തു ഒരു പ്രതീക്ഷയായി നിറദീപം പോലെ നിറഞ്ഞു കത്തുകയാണ് ഈ കുടുംബവും ഇവര്‍ക്ക് തുണയായി നിന്ന സൗത്താംപ്ടണിലെ നന്മയുള്ള മലയാളികളും. 

കെയര്‍ ഹോമില്‍ ജോലി കഴിഞ്ഞെത്തി, രോഗബാധിതന്‍ ആയി ആശുപത്രിയിലേക്ക് 
യുകെ മലയാളികളില്‍ ഒട്ടേറെ പേര്‍ക്കാണ് കോവിഡ് രോഗം കെയര്‍ ഹോമുകളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. അടുത്തിടെ കേള്‍ക്കേണ്ടി വന്ന യുകെ മലയാളികളുടെ മരണങ്ങളില്‍ പലതിനും നേരിട്ടോ അല്ലാതെയോ കെയര്‍ ഹോമുകള്‍ ഒരു അദൃശ്യ സാന്നിധ്യമായി മാറുകയാണ്. സൗത്താംപ്ടണില്‍ കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന ജോഷിക്ക് മാത്രമാണ് ഇവരുടെ വീട്ടില്‍ കോവിഡ് രോഗബാധ ഉണ്ടായത്. സൗത്താംപ്ടണ്‍ ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് നഴ്‌സ് ആയ അനിഷക്കു പോലും ആശുപത്രിയില്‍ കോവിഡ് രോഗികള്‍ നിറഞ്ഞിട്ടും രോഗം പിടികൂടിയില്ല എന്നത് കെയര്‍ ഹോമുകള്‍ എത്രമാത്രം അശാസ്ത്രീയമായാണ് കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നത് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് ജോഷിയുടെ അനുഭവത്തിലൂടെ. രോഗം പിടികൂടുന്നതിന് തൊട്ടു മുന്‍പ് വരെ ജോഷി ജോലി ചെയ്തിരുന്നു എന്നതില്‍ നിന്നും രോഗം വന്ന വഴിയും ഏറെക്കുറെ വ്യക്തമാണ്. 

ആദ്യം ആംബുലന്‍സ് വിളിച്ചു ആശുപത്രിയിലേക്ക്, അഞ്ചു മണിക്കൂറിനു ശേഷം വീട്ടിലേക്ക് 
രോഗം അസ്വസ്ഥതയായി മാറിയപ്പോള്‍ ആംബുലന്‍സ് സേവനം തേടി ആശുപത്രിയില്‍ എത്തിയ ജോഷിയെ അഞ്ചു മണിക്കൂര്‍ എ ആന്‍ഡ് ഇ യില്‍ ഇരുത്തിയ ശേഷം വീട്ടിലേക്കു മടക്കി അയക്കുക ആയിരുന്നു. ഈ സമയത്ത് എക്സ്റേ, രക്ത പരിശോധന മുതലായ ''ചടങ്ങുകള്‍'' പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. യുകെ മലയാളികളില്‍ പലരുടെയും അവസ്ഥ വേറെയും ആയിരുന്നില്ല. ഈ രോഗികളില്‍ പലരുമാണ് പിന്നീട് രോഗം മൂര്‍ച്ഛിച്ചു വെന്റിലേറ്ററില്‍  ചികിത്സ തേടേണ്ടി വന്നതും തികച്ചും നിര്‍ഭാഗ്യവാന്മാരായ ചിലര്‍ക്കെങ്കിലും മരണത്തിനൊപ്പം കൈ പിടിച്ചു പോകേണ്ടി വന്നതും.
ആദ്യം ആശുപത്രിയില്‍ നിന്നും മടക്കിയ ജോഷിക്ക് നെഞ്ചില്‍ കനം പോലെയൊരു അവസ്ഥ നേരിട്ടപ്പോള്‍ 111 സംവിധാനത്തെ ആശ്രയിക്കുകയും അവര്‍ നല്‍കിയ ആന്റിബയോട്ടിക് ഉപയോഗിച്ച് ഏതാനും ദിവസം വീട്ടില്‍ തന്നെ ചികിത്സ തുടരുകയും ആയിരുന്നു. ഇതിനിടയില്‍ ശ്വാസം നിലച്ചു പോകുന്ന വേളയിലാണ് ഏപ്രില്‍ മാസം ആറാം തീയതി അദ്ദേഹത്തെ സൗത്താംപ്ടണ്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത്. 

32 ദിവസത്തെ ആശുപത്രി വാസം, ഒരാഴ്ചയിലേറെ വെന്റിലേറ്ററില്‍, പിന്നെ ഒരാഴ്ചയിലധികം എക്മോ വെന്റിലേറ്റര്‍ 
ഏപ്രില്‍ മാസം ആറിന് ആശുപത്രിയില്‍ കയറിയ ജോഷി മെയ് എട്ടുവരെ കോവിഡ് ആക്രമണവുമായി ബന്ധപെട്ടു ആശുപത്രിയിലും മരുന്നുകളുമായി ചിലവിട്ട ദിവസങ്ങള്‍ ഓര്‍ത്തുവയ്ക്കാന്‍ പോലും ഈ കുടുംബം ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഏപ്രില്‍ ഏഴിന് തന്നെ വെന്റിലേറ്റര്‍ സഹായം തേടേണ്ടി വന്ന ജോഷിക്ക് ഓരോ ദിവസവും പ്രയാസം നിറഞ്ഞതു തന്നെ ആയിരുന്നു എന്നാണ് ഭാര്യ അനീഷ ഇപ്പോള്‍ ഓര്‍മ്മിക്കുന്നത്. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ നില കൂടുതല്‍ വഷളാവുകയും ലണ്ടനിലെ ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിക്കുകയും ആയിരുന്നു. അവിടെ അത്യാധുനിക സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന എക്മോ വെന്റിലേറ്ററിലാണ് ജോഷിയുടെ ജീവന്‍ തിരിച്ചു പിടിച്ചത്.

ഈ പ്രത്യേക വെന്റിലേറ്ററില്‍ ശ്വാസകോശത്തിനൊപ്പം ഹൃദയം അടക്കമുള്ള ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിക്കാനും കഴിയും. എക്മോ വെന്റിലേറ്റര്‍ പോലും പലപ്പോഴും തോറ്റുപോകുകയാണ് പതിവെങ്കിലും ജോഷിക്ക് തോല്‍ക്കാനാവില്ലായിരുന്നു. കാരണം മെയ് എട്ട് എന്ന ദിവസം ജോഷിയെ കാത്താണിരുന്നത്. മുഴുവന്‍ യുകെ മലയാളികളുടെയും സിരകളില്‍ ഉണര്‍വിന്റെയും ഉന്മേഷത്തിന്റെയും ലഹരി പടര്‍ത്താന്‍ ജോഷി ജീവിതത്തിലേക്ക് മടങ്ങി വരണം എന്നത് വിധിയുടെ നിശ്ചയം കൂടി ആയിരുന്നു എന്നാണ് ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നത്. 

മറക്കാനാകില്ല ഏപ്രില്‍ 13 അനിഷക്ക്, ജോഷിയുടെ ഹൃദയതാളം നിയന്ത്രിച്ചത് മനമുരുകിയുള്ള ഭാര്യയുടെ പ്രാര്‍ത്ഥന 
സൗത്താംപ്ടണ്‍ ഹോസ്പിറ്റലില്‍ നിന്നും ഉള്ള ഓരോ വിവരവും കാതില്‍ ഉഗ്രസ്‌ഫോടനത്തോടെയാണ് അനീഷ സ്വീകരിച്ചിരുന്നത്. മനസ് പിടയുമ്പോഴും മക്കളെ ഒന്നും അറിയിക്കാതിരിക്കാന്‍ ആ 'അമ്മ മനം പ്രത്യേക കരുതല്‍ എടുത്തു. എന്നാല്‍ ഏതൊരമ്മയുടെയും മനം തകര്‍ക്കുന്ന ഫോണ്‍ സന്ദേശമാണ് ഏപ്രില്‍ 13ന് അനിഷയെ തേടിയെത്തിയത്. തന്റെ മക്കളുടെ രക്ഷകന്‍ ആകേണ്ടവന്‍ ശ്വാസത്തിനായി പിടയുന്നു. ഏതു നിമിഷവും തങ്ങള്‍ നല്‍കുന്ന അപകടം നിറഞ്ഞ സന്ദേശം സ്വീകരിക്കാന്‍ തയ്യാറായി ഇരിക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘം അനിഷയെ അറിയിക്കുമ്പോള്‍ ഏതൊരാളും തളര്‍ന്നുരുകി താഴെ വീഴേണ്ടതാണ്. എന്നാല്‍ അനീഷ സ്വയം തന്റെ ദൈവത്തിനു മുന്നില്‍ സമര്‍പ്പിക്കുക ആയിരുന്നു.

ഓരോ നിമിഷവും എണ്ണിയെണ്ണിയുള്ള പ്രാര്‍ത്ഥന. ആ ദിവസത്തെ അവശേഷിച്ച ഓരോ നിമിഷവും ഓരോ ദിവസമായി അനിഷയുടെ മുന്നില്‍ മാറുക ആയിരുന്നു. സമയ സൂചിക മാറാത്ത പോലെ. ആ ദിവസം ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ അനിഷക്ക് ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. ജോഷിയെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് നല്ലതു തീരുമാനിയ്ക്കാന്‍ അവസരം നല്‍കണമേ എന്നാണ് ആ പ്രാര്‍ത്ഥനയില്‍ നിറഞ്ഞത്. ഒടുവില്‍ അതിനു ഗുണമുണ്ടായി. ജോഷിയെ ലണ്ടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായി. അവിടെ എക്മോ വെന്റിലേറ്റര്‍ സൗകര്യം ജോഷിക്കായി തയ്യാറായി. അഥവാ ഒരെണ്ണം ജോഷിക്കായി ലഭിച്ചു എന്നും പറയാം. ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം ലണ്ടനില്‍ നിന്നെത്തി സൗത്താംപ്ടണ്‍ ഹോസ്പിറ്റലില്‍ നിന്നും പ്രത്യേക ശ്രദ്ധയില്‍ ജോഷിയെ മാറ്റുന്ന നടപടികള്‍ സ്വീകരിക്കുമ്പോഴും ദൈവത്തിനു മുന്നില്‍ മുട്ടിപ്പായി അനീഷ പ്രാര്‍ത്ഥിക്കുക ആയിരുന്നു. തനിക്കു മറ്റൊന്നും ചെയ്യാനില്ലായിരുന്നു എന്നാണ് ജോഷി വീട്ടില്‍ മടങ്ങി എത്തിയ സന്തോഷം പങ്കിടുമ്പോള്‍ അനീഷ വീണ്ടും വീണ്ടും ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കിയതും.  

തുണയായി സഹോദരങ്ങളും നാട്ടുകാരും 
ജോഷി ആശുപത്രിയില്‍ ആയതു മുതല്‍ കരുത്തു ചോരാതെ പിടിച്ചു നിന്നതെങ്ങനെ? രണ്ടു വട്ടം ആലോചിക്കാതെ അനിഷക്കു ഉത്തരം നല്‍കാനായി. പ്രാര്‍ത്ഥന മനക്കരുത്തു നല്‍കിയപ്പോള്‍ വീട്ടു കാര്യങ്ങള്‍ക്കും കൂടെ ഒറ്റയ്ക്കല്ല എന്ന് തോന്നാനും ജോഷിയുടെ സഹോദരനും സഹോദരിയും ഇടവും വലവും നിന്നതാണ് അനിഷക്കും മക്കള്‍ക്കും കരുത്തായത്. ഒപ്പം ഇടയ്ക്കിടെ വിളിച്ചു സ്‌നേഹാന്വേഷണം നടത്തിയും ഷോപ്പിങ് അടക്കം എന്തിനും കൂടെനിന്ന സൗത്താംപ്ടണിലെ മലയാളി സഹോദരങ്ങളെയും അനിഷക്ക് ഇപ്പോള്‍ എന്നല്ല ഇനി ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല. അത്രയ്ക്കും കടപ്പെട്ടിരിക്കുന്നു ഓരോരുത്തര്‍ക്കും.

തങ്ങള്‍ക്കു ഇത് പുതുജന്മം മാത്രമല്ല, ലോകം എത്ര നന്മയുള്ളതാണ് എന്ന് കൂടി തിരിച്ചറിയാന്‍ സാധിച്ച അവസരം ആണെന്നും ഈ കുടുംബം ഇപ്പോള്‍ പറയുന്നു. ഇതോടൊപ്പം തങ്ങള്‍ക്കു വേണ്ടി യുകെയിലെ മുഴുവന്‍ മലയാളികളും പ്രാര്‍ത്ഥിച്ചിരുന്നതായി അറിയാം. ഓരോരുത്തരോടും നന്ദി പറയാന്‍ വാക്കുകളിലല്ല . കൈപ്പുഴ സ്വദേശിയായ ജോഷി സൗത്താംപ്ടണിലെ നിറഞ്ഞ മലയാളി സാന്നിധ്യം കൂടി ആയതു ഏവര്‍ക്കും ഇദ്ദേഹത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകാനും കാരണമായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്നു ആണ്‍കുട്ടികളാണ് ജോഷിക്കും അനിഷക്കും ഉള്ളത്. മൂവരും പിതാവിന്റെ വീട്ടിലേക്കുള്ള മടങ്ങി വരവ് ആഘോഷിക്കുന്ന തിരക്കിലാണ് ഇന്നലെ പകല്‍ മുഴുവാന്‍ സമയം കണ്ടെത്തിയതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category