1 GBP = 102.00 INR                       

BREAKING NEWS

രാജീവം

Britishmalayali
മുരുകേഷ് പനയറ

2009 ഏപ്രില്‍ 13 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രാജീവ് കുമാറിന്റെ അമ്മ മരിച്ചു. അന്നവന് 17 വയസായിരുന്നു. അച്ഛനില്ലാത്ത രാജീവിനെ അവന്റെ കുഞ്ഞമ്മയെ ഏല്‍പ്പിച്ചു കൊടുത്ത ശേഷമാണ് അവന്റെയമ്മ കണ്ണടച്ചത്. 

പിന്നീടങ്ങോട്ട് കുഞ്ഞമ്മയും ചിറ്റപ്പനും അവരുടെ മക്കള്‍ സുമയും സീമയുമായിരുന്നു രാജീവിന്റെ ബന്ധുക്കള്‍.

മരിക്കുന്നതിനു മുമ്പു തന്നെ അവന്റെയമ്മ, അരുന്ധതി, സ്വത്തുക്കള്‍ അവന് കിട്ടുന്ന തരത്തില്‍ വേണ്ടതു ചെയ്തു വച്ചിരുന്നു. കുടുംബ സ്വത്തായിക്കിട്ടിയ 48 സെന്റ് പുരയിടവും അതിലൊരു ഓടിട്ട പഴയ കെട്ടിടവും 18 കഴിഞ്ഞപ്പോള്‍ രാജീവിന് പൂര്‍ണ്ണാവകാശ മുള്ളതായി . ആഡംബരത്തിനായി കുടുബ വീട് മാറ്റിപ്പണിത് പണം ചെലവാക്കിക്കളയാനൊന്നും അരുന്ധതി തയ്യാറായില്ലായിരുന്നു. കഴിയുന്നത്ര പണം അവര്‍ സമ്പാദിച്ചു. അതൊക്കെ ബാങ്ക്  അക്കൗണ്ടുകളില്‍ സൂക്ഷിക്കുകയും ചെയ്തു. വിവാഹ മോചനദ്രവ്യമായി കിട്ടിയ മൂന്നേകാല്‍ ലക്ഷം രൂപ ബാങ്കില്‍ക്കിടന്ന് വളര്‍ന്നിരുന്നു. അതും സ്വന്തമായി കരുതി വച്ചതും ചേര്‍ത്ത് ഇരുപതു ലക്ഷത്തില്‍ കുറയാതെയുള്ള തുകയുണ്ടായിരുന്നു. അതെടുത്തു പെരുമാറാനുള്ള അവകാശം 20 വയസില്‍ രാജീവിന് കിട്ടി.

ഗവണ്മന്റ് കോളെജില്‍ ടീച്ചറായിരിക്കെയാണ് അരുന്ധതി മരിച്ചത്. രാജീവിനും ആ കോളേജില്‍ത്തന്നെ ജോലി കിട്ടി. അവിവാഹിതനും ചെറുപ്പക്കാരനും സുന്ദരനുമായ ഭാഷാദ്ധ്യാപകന്‍ മിക്‌സഡ് കോളേജില്‍ ഹീറോയാകും എന്നൊരു വശമുണ്ട്. രാജീവിന്റെ കാര്യത്തില്‍ അത് ശരിയായി.

സുമയുടേയും സീമയുടേയും കല്യാണത്തിന് രാജീവ് നല്ല തുക സഹായിച്ചു. അമ്മയുടെ പുരയിടത്തിലെ വീട് മാറ്റിപ്പണിത് ഒരു ചെറിയ കുടുംബത്തിന് താമസിക്കാന്‍ പറ്റുന്ന കൊച്ചു വീടാക്കുകയും ചെയ്തു. ആഢംബര വീടല്ല. എന്നാല്‍ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ടുതാനും.

പണവും പുരയിടവും കൂടാതെ മറ്റൊരു 'നിധി'യും കൂടി അരുന്ധതി രാജീവിന് കൊടുത്തിരുന്നു. അരുന്ധതിക്ക് അവരുടെ അമ്മയില്‍ നിന്നാണ് അത് കിട്ടിയത്. അരുന്ധതിയുടെ അമ്മക്ക് അതു കിട്ടിയത് അവരുടെ അച്ഛന്റെ രണ്ടാം ഭാര്യയില്‍ നിന്നായിരുന്നു. ഈ രണ്ടാം ഭാര്യക്ക് കൊടുത്തത് അവരുടെ അമ്മൂമ്മയും. നീണ്ട ഒരു വേരുപടലം പഴയ കാലത്തിലോട്ട് പരത്തിയിട്ടിരിക്കുന്ന വസ്തുവാണത്.

കറുത്ത കല്ലില്‍ കൊത്തിയെടുത്ത ഒരു കൃഷ്ണവിഗ്രഹമായിരുന്നു ആ നിധി. ഒരു മുക്കാലടി പൊക്കം വരുമതിന . ശില ചീകിയെടുത്ത ഒരു ഓടക്കുഴലിന്റെ രൂപം പോലുമുണ്ട് ആ ശില്‍പത്തില്‍.

മറ്റാരുമില്ലെന്നു തോന്നിയാല്‍ കൃഷ്ണന്റെ കൂട്ട് ഒരു ബലമാണെന്ന് അരുന്ധതി രാജീവിനോട് പറഞ്ഞുകൊടുത്തിരുന്നു. അച്ഛന്‍ കളഞ്ഞിട്ടുപോയ നാള്‍ തൊട്ടേ അമ്മക്ക് 'അവന്‍' കൂട്ടായിരുന്നു. ഓര്‍മ്മ വച്ച നാള് മുതല്‍ കൃഷ്ണനെ രാജീവ് കാണുന്നുമുണ്ട്. അമ്മ രാജീവിനെക്കുറിച്ച് കൃഷ്ണനോട് സംസാരിക്കുമായിരുന്നു. നല്ലതും ചീത്തയുമായ കാര്യങ്ങള്‍ അതിലുണ്ടായിരുന്നു.

രാജീവിന് മാര്‍ക്ക് കുറയുമ്പോള്‍ അമ്മ കൃഷ്ണനെ വഴക്കു പറഞ്ഞു. മാര്‍ക്ക് കൂടുതല്‍ കാട്ടിയാല്‍ 'ഇതു പോലെ എപ്പഴും ശ്രദ്ധിക്കണം ചെറുക്കനെ' എന്ന് പറയുമായിരുന്നു. ആരെന്നു താനറിയാത്ത തന്റെ അച്ഛനെപ്പറ്റി അവന്റെയമ്മ എന്തെങ്കിലും കൃഷ്ണനോട് പറയുന്നത് രാജീവ് കേട്ടിട്ടേയില്ല. കോളേജില്‍ സംഭവിക്കുന്ന ചില അല്ലറ ചില്ലറ കാര്യങ്ങള്‍ അരുന്ധതി കൃഷ്ണനോട് പറയുമായിരുന്നു. ഏറെയും രാജീവ് കേട്ടിട്ടുമുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് ജോയിച്ചന്‍ വര്‍ക്കി എന്ന ചട്ടമ്പി വിദ്യാര്‍ത്ഥിക്ക് നല്ലത് പറഞ്ഞു കൊടുത്തു നേരേ നടത്തിക്കണം എന്ന ആവശ്യം കൃഷ്ണനോട് പറഞ്ഞതാണ്. 

അതു കേട്ടപ്പോള്‍ രാജീവിന് വളരെ സങ്കടം തോന്നിയിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വച്ച് അമ്മയെ കേറിപ്പിടിക്കുകയും അവരുടെ രണ്ടു മാറിടങ്ങളും പിടിച്ചിറുക്കി അവരുടെ ചുണ്ടത്ത് ഉമ്മ കൊടുക്കുകയും ചെയ്തു ജോയിച്ചന്‍. അന്നു രാത്രി അമ്മ കൃഷ്ണനോട് കഥ പറയുന്നത് രാജീവ് ഒളിച്ചു നിന്നു കേട്ടതാണ്. ആരുമില്ല എന്നറിയാവുന്നതു കൊണ്ട് നൊന്ത മാറിടത്തിലെ ചോന്ന പാട് അമ്മ കൃഷ്ണനെ കാണിച്ചു കൊടുക്കുന്നത് രാജീവ് കണ്ടിരുന്നു. രാജീവിന് അന്നേരം പേടി തോന്നി. അപ്പോള്‍ അമ്മ പറയുന്നത് കേട്ടു.

'നമ്മടെ രാജീവിനെപ്പോലെയല്ലേ. ഒന്നുപദേശിച്ചു നേരേയാക്ക്. '

കൃഷ്ണന്‍ മറുപടിയൊന്നും പറഞ്ഞില്ല. 

സാധാരണ കൃഷ്ണന്‍ മറുപടി പറയാറില്ലായിരുന്നു. കൃഷ്ണന്‍ ജോയിച്ചനെ ഉപദേശിക്കാന്‍ പുറപ്പെട്ടാല്‍ അതൊരു വര്‍ഗീയതയുടെ നിറമുള്ള കാര്യമാകുമോയെന്നൊന്നും രാജീവ് ആലോചിച്ചില്ല. അതിനു തക്ക പക്വത അവനില്ലായിരുന്നു. മാത്രമല്ല അമ്മയുടെയും കൃഷ്ണന്റെയും സംസാരം ഒളിച്ചു കണ്ടതോര്‍ത്ത് അവന്‍ അത്രക്കങ്ങ് പേടിച്ചും പോയിരുന്നു.

ഇതു പോലെ പിന്നൊരാവര്‍ത്തി കൂടി അമ്മയും കൃഷ്ണനും സംസാരിക്കുന്നത് ഒളിച്ചു നിന്ന് രാജീവ് കണ്ടിരുന്നു. അതോടെയാണ് രാജീവ് കിടക്കമുറിയുടെ വാതിലടച്ചു കുറ്റിയിട്ട് ഉറങ്ങുന്ന ശീലം തുടങ്ങിയത്.

വെളുപ്പാന്‍ കാലത്തോട് അടുക്കുന്ന നേരമായിരുന്നു അത്. അപ്പോഴാണ് അമ്മ കൃഷ്ണനോട് പറയുന്നത് കേട്ടത്.

'നമ്മുടെ രാജീവിന്റെ കുരുത്തക്കേട് ഇത്തിരി ക്കൂടുന്നു. ഒന്നു പറയണം. ആങ്കുട്ടികളായാ ഇതൊക്കെ പതിവാന്നറിയാം. എന്നാലും പരിധി വിട്ടു പോകരുതെന്നു പറഞ്ഞു കൊടുക്കണം. ഞാനെങ്ങനെ പറയും? നിനക്ക് പറയാല്ലോ. നിന്റെ കുരുത്തക്കേട് മൊത്തം അവന് കൊടുത്തേക്കല്ലേ '

രാജീവിന് അന്ന് ഭയത്തേക്കാള്‍ ജാള്യതയാണ് തോന്നിയത്. സ്വയം ഭോഗം ചെയ്യുന്നത് അത്രക്ക് വലിയ തെറ്റല്ല എന്നൊരറിവും കിട്ടി. പെങ്കുട്ടികള്‍ അങ്ങനെ ചെയ്യുന്നത് തെറ്റാണോയെന്നും ചെയ്യാറു തന്നെയുണ്ടോയെന്നും ഒരു സംശയം തോന്നുകയും ചെയ്തു. അവനാരോടും അതു ചോദിക്കാനൊക്കുമായിരുന്നില്ല. അതവന്‍ മനസ്സില്‍ കൊണ്ടു നടന്നു.

രാജീവിന്റെ അമ്മ നേരത്തേ തന്നെ ഇന്റര്‍നെറ്റ് എടുക്കുകയും വീട്ടില്‍ കംപ്യൂട്ടര്‍ വാങ്ങുകയും ചെയ്തിരുന്നു. അവര്‍ക്ക് ഓര്‍ക്കൂട്ടില്‍ ഒരു അക്കൗണ്ട് ഉണ്ടായിരുന്നു. ഫേസ് ബുക്ക് പൊതുജനത്തിന് ഉപയോഗിക്കാന്‍ പറ്റുമെന്നു വന്ന കാലത്തു തന്നെ അവര്‍ അങ്ങോട്ട് ചേക്കേറി. രാജീവിന് 13 കഴിഞ്ഞപ്പോ തന്നെ അവനും അവരൊരു അക്കൗണ്ട് ഉണ്ടാക്കിക്കൊടുത്തു. ദിവസം ഒന്നോ ഒന്നരയോ മണിക്കൂര്‍ മാത്രമേ അതുപയോഗിക്കാവൂ എന്നായിരുന്നു അമ്മയുടെ വ്യവസ്ഥ. അമ്മയുടെ മരണത്തിനു മുമ്പേ തന്നെ രാജീവ് ആ വ്യവസ്ഥ ലംഘിച്ചിരുന്നു. ഫേസ് ബുക്കിലൂടെ രാജീവ് ലോകത്തെ നോക്കിക്കണ്ടു. മാറുന്ന സാമൂഹിക വ്യവസ്ഥിതിക്കനുസരിച്ച് ഫേസ്ബുക്കിന്റെ 'അല്‍ഗോരിതം' മാറ്റി രചിച്ചിരുന്നു. അതനുസരിച്ച് രാജീവിന്റെ വീക്ഷണ കോണുകളുടെ ഡിഗ്രിയളവ് കൂടിയോ കുറഞ്ഞോ എന്നൊന്നും ആരും ശ്രദ്ധിച്ചിരുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. രാജീവിന് സ്വയമതു ചെയ്യേണ്ട കാര്യവുമുണ്ടായില്ല.

അരുന്ധതി മരിച്ചശേഷം വിവര സാങ്കേതിക വിദ്യയുടെ എല്ലാ രീതികളും രാജീവ് ഉപയോഗിച്ചു. കൃഷ്ണനെ കൂടുതല്‍ അറിയാനായി ലോകത്തിലേക്ക് തുറന്നു വച്ച ഒരു ജാലകമായി നെറ്റ് അയാള്‍ ഉപയോഗിച്ചു. ആ ജാലകത്തിലൂടെ യമുനാ പുളിനങ്ങളിലെ തണുത്ത കാറ്റ് വിശുകയും ആ കാറ്റില്‍ കായാമ്പൂ മണം നിറയുകയും ചെയ്തു. കാറ്റുകള്‍ക്കും പേരും നിറവുമുണ്ടെന്ന് രാജീവറിയുന്നത് അങ്ങനെയാണ്. അതയാളെ ഓടക്കുഴല്‍ വായിക്കുന്നത് പഠിപ്പിക്കലില്‍ എത്തിച്ചു. ഈറക്കുഴലുകളും ആധുനിക ഹൈടെക് ഫ്‌ലൂട്ടും വായിക്കുന്നതില്‍ അയാള്‍ പ്രാവീണ്യം നേടി. അതോടെ രാജീവിന് ഫേസ്ബുക്കില്‍ ആരാധകരും ഫോളോവേഴ്‌സും കൂടി.

സുമയുടെ കല്യാണം പെട്ടെന്നു നടത്തുന്നതിനു പരോക്ഷമായി കാരണമായത് രാജീവാണ്. സ്ത്രീകളും സ്വയം ഭോഗം ചെയ്യുമോയെന്ന സംശയം അയാള്‍ ദൂരീകരിച്ചിരുന്നു. അങ്ങനെയൊരു കാര്യം നെറ്റില്‍ ലഭ്യമായ വീഡിയോകളില്‍ നിന്നല്ലാതെ, കാണാന്‍ ഇടയാവുമെന്നയാള്‍ ഒരിക്കലും കരുതിയിരുന്നില്ല. ആകസ്മികവും അപ്രതീക്ഷിതവുമായി സുമയുടെ ഒരു പ്രാക്ടിക്കല്‍ സെഷന്‍ അയാള്‍ കണ്ടുപോയി. അതിനു പ്രേരകവും ത്വരകവുമായ യുവാവിനെയും അയാള്‍ സുമയുടെ മൊബൈല്‍ സ്‌ക്രീനില്‍ വീഡിയോ കാളില്‍ ഇരിക്കുന്നത് കണ്ടുപോയി. സുമയതിന് മറ്റൊരു പ്രതികരണമാണ് കൊടുത്തത്. ഭാഗ്യത്തിന് ആ പറഞ്ഞ യുവാവ് രാജീവിന്റെ ഒരു കൂട്ടുകാരനായിരുന്നു. ഏതായാലും സമൂഹം പറയുന്ന കേടുപാടുകള്‍ ഒന്നുമില്ലാതെ അവരുടെ കല്യാണം നടന്നു. ഒരു സമൂഹ വിചാരണയ്‌ക്കോ മാദ്ധ്യമ വിചാരണയ്‌ക്കോ ഉള്ള അവസരം ചിറ്റപ്പനിലേയും കുഞ്ഞമ്മയിലേയും സാധാരണ മനുഷ്യര്‍ ബോധപൂര്‍വ്വമല്ലാതെ ബ്ലോക്ക് ചെയ്തു കളഞ്ഞു. വൈറല്‍ ആകാനായി ഒന്നും വിട്ടു കൊടുക്കാന്‍ സുമയും അവളുടെ ആളും ഒരിക്കലും തയ്യാറായില്ല. അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് ലൈക്കും കമന്റും കൂടുതല്‍ കിട്ടുന്ന ഒരു പോസ്റ്റിടാന്‍ രാജീവും കൂട്ടാക്കിയില്ല. ഇമേജിനെക്കുറിച്ച് അയാളുടെ ബോധതലങ്ങളുടെ വിസ്തീര്‍ണ്ണം കൂടുന്ന കാലമായിരുന്നു.

സുമയുടെ കല്യാണ ശേഷം രാജീവ് പുതിയ വീട്ടിലോട്ടുമാറി. അതിനു ശേഷമാണ് സീമയുടെ കല്യാണം കഴിഞ്ഞത്. സീമ ഒരു സാധാരണ 'പെണ്ണായിപ്പോയി' എന്ന് സ്ഥലത്തെ സാധാരണക്കാര്‍ സംസാരിച്ചു. അക്കാലത്തും ഇടയ്ക്കിടെ സര്‍ക്കാര്‍ ഫ്രീ റേഷന്‍ കൊടുക്കുകയും കര്‍ഷകര്‍ കറന്ന പാല്‍ ഒഴുക്കിക്കളയുകയും ചെയ്തു. അത്തരം വാര്‍ത്തകള്‍ കൃഷ്ണനോട് രാജീവ് പറയാറുണ്ടായിരുന്നില്ല.

കുറേക്കാലം വായനയും എഴുത്തും സംഗീതവുമായി വീട്ടില്‍ ഒറ്റക്കു കഴിയാന്‍ രാജീവ് തീരുമാനിച്ചു. ഭക്ഷണം സ്വയം പാകം ചെയ്യും. പ്രിയപ്പെട്ട വാഹനം മഹൈന്ദ്ര താര്‍. അയാളുടെ ഫേസ്ബുക്ക് പ്രോഫൈല്‍ വളരെ മൂല്യത്തോടെ വളര്‍ന്നു. സാമൂഹിക സേവന പരിപാടികള്‍ അയാളെക്കൊണ്ടു കൂടി പറയിപ്പിച്ചാല്‍ റീച്ച് കൂടുമെന്നു സംഘടനകള്‍ പോലും മനസ്സിലാക്കി. അയാളുടെ കറുത്ത താര്‍ ഒരു ഐക്കോണിക് വാഹനമായി. 

എല്ലാത്തരത്തിലും മെച്ചപ്പെട്ട സാഹചര്യങ്ങളിലുള്ള അവിവാഹിതനായ ചെറുപ്പക്കാരനോട് പ്രണയം തോന്നുന്നവര്‍ ഏറെയുണ്ടാവാം. അതു മനസിലാക്കാന്‍ ക്രയോജനിക് സങ്കേതമൊന്നും വേണ്ട. ചില പ്രണയങ്ങള്‍ അയാള്‍ ആസ്വദിച്ചു. ഒരേ നേരം പല പ്രണയങ്ങള്‍ നിലനിറുത്തി. ഒരോ പ്രണയത്തിനും ഓരോ അര്‍ത്ഥ തലങ്ങളായിരുന്നു. എല്ലാ അര്‍ത്ഥങ്ങളും കൂടെ ഒരു പ്രണയത്തില്‍ ഇട്ടുവയ്ക്കാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല. അതിനെ രാജീവ് പ്രാക്ടിക്കാലിറ്റി എന്ന ഇംഗ്ലീഷു വാക്കു കൊണ്ടു ചുരുക്കി നിറുത്തി.

ചിറ്റപ്പനും കുഞ്ഞമ്മയും സുമയും സീമയും അളിയന്മാരും കല്യാണം കഴിക്കുവാന്‍ അയാളെ നിര്‍ബന്ധിച്ചു. എല്ലാം സ്‌നേഹപൂര്‍വ്വം അയാള്‍ നിരസിച്ചു. ഒരല്‍പ്പം സാഹിത്യം കലര്‍ത്തി അയാള്‍ പറഞ്ഞു.

'ജന്മങ്ങള്‍ താണ്ടി എന്റെ രാധയെന്നെ തേടി വരും. അന്നവളെ കെട്ടാന്‍ സഹായിച്ചാല്‍ മതി. അപ്പോള്‍ ആരും  എതിര്‍ക്കരുത് '

ഒരിക്കല്‍ സുമ പറഞ്ഞു. 

'മൂപ്പരുമായി മിണ്ടീം പറഞ്ഞും മൂപ്പരായോ രാജീ, നീ ?'

അങ്ങനെയിരിക്കെയാണ് നന്ദിനിയുമായി രാജീവ് അടുക്കുന്നത്.

ഫേസ്ബുക്കിലൂടെ തുടങ്ങിയ ഒരു സൗഹൃദം.

'എന്റെ കൃഷ്ണാ' എന്നു വിളിച്ചു കൊണ്ടാണ് നന്ദിനി ചാറ്റ് വിന്‍ഡോയിലൂടെ സംസാരിച്ചു തുടങ്ങിയത്. പരിചയം വളര്‍ന്നു.

കൃഷ്ണകൃപാസാഗരത്തിന്റെ യുഗയുഗാന്തര പ്രസക്തിയെക്കുറിച്ച് അവര്‍ ദീര്‍ഘനേരം സംസാരിക്കുക പതിവായി.

നന്ദിനിയില്‍ രാജീവ് രാധയെ കണ്ടെത്തി. നന്ദിനി തന്നെ കൃഷ്ണനായി കാണുന്നത് അയാളറിഞ്ഞിരുന്നു.

പൊതുവേയുള്ള ഒരല്‍പ്പം അന്തര്‍മുഖത്വം പലതും തുറന്നു പറയാനയാളെ അനുവദിച്ചില്ല. നന്ദിനി എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു. യമുനയെക്കുറിച്ചും ഗോവര്‍ദ്ധനത്തെക്കുറിച്ചും ഗോക്കളെങ്ങറിച്ചും മഞ്ഞത്തുകിലിനെക്കുറിച്ചുമൊക്കെയവള്‍ വാചാലയായി. യമുനാതീരങ്ങളില്‍ അനാഥരായി അലയുന്ന ഗോപികമാരെക്കുറിച്ചവള്‍ വ്യാകുലപ്പെട്ടു.

രാജീവിന്റെ ഏറ്റവും നല്ല കോമ്പോസിഷനുകളില്‍ രണ്ടെണ്ണം നന്ദിനിക്ക് സമര്‍പ്പിച്ചു കൊണ്ടുള്ളതാണ്. അവളുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ ആ പുസ്തകങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്ന് രണ്ടു പുസ്തകങ്ങളുടെ സമര്‍പ്പണക്കുറിപ്പില്‍ അയാള്‍ പറഞ്ഞു. നന്ദിനി ആരാണെന്നൊന്നും പ്രസാധകര്‍ ചോദിച്ചതൊന്നുമില്ല.

വീണ്ടുമൊരിക്കല്‍ കല്യാണത്തെക്കുറിച്ച് കുഞ്ഞമ്മ പറഞ്ഞപ്പോള്‍ രാജീവ് മറുപടി കൊടുത്തു:

'രാധയെന്നെ കണ്ടെത്തി. ഞാന്‍ നന്ദിനിയെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു. '

കുഞ്ഞമ്മയും ചിറ്റപ്പനും ആദ്യം സന്തോഷിച്ചു. പിന്നെ അത്ഭുതപ്പെട്ടു. പിന്നെയവര്‍ ആശ്വസിച്ചു.

'എവിടെയാണ്? എന്തു ചെയ്യുന്നു?'

'ഞാന്‍ പറയാം. ഈയാഴ്ച കഴിഞ്ഞ് ഞാനൊന്നവളെച്ചെന്നു കാണും. അതിനു ശേഷം നിങ്ങള്‍ക്ക് വിശദ വിവരങ്ങള്‍ പറഞ്ഞു തരാം '

ഇവാലുവേഷന്‍ നടത്താനും ഉപദേശങ്ങള്‍ കൊടുക്കാനുമുള്ള ഒരവസരമാണ് രാജീവ് പെട്ടെന്നടച്ചുകളഞ്ഞത്. കുഞ്ഞമ്മയും ചിറ്റപ്പനും സുമയേയും സീമയേയും വിളിച്ചു വിവരം പറഞ്ഞു. ചേമ്പിന്റെ ഇടയിലെ കള പറിക്കാന്‍ പോകുന്ന വഴിക്കാണ് അവര്‍ മക്കളോട് സംസാരിച്ചത്. 

സുമയും സീമയും തമ്മില്‍ രാജീവിന്റെ രാധയെക്കുറിച്ചു വാഗ്വാദങ്ങള്‍ ഉണ്ടാവുകയും അവരുടെ ഭര്‍ത്താക്കന്മാര്‍ ഇടപെടുകയും ചെയ്തു. സുമയുടെ ഭര്‍ത്താവാണ് ആ ബഹളം അവസാനിപ്പിച്ചത്. രാജീവ് അവന്റെ രാധയെക്കണ്ടുവരുന്നവരെ അടങ്ങിയിരിക്കാന്‍ അയാള്‍ ശക്തമായി ഉപദേശിച്ചു. അത് ഫലിച്ചു. സുമയുടെ ഭര്‍ത്താവ് 99 പേരുള്ള ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ ചീഫ് അഡ്മിനാണ്. അങ്ങനെയാണ് അയാള്‍ക്ക് പീപ്പിള്‍ മാനേജ്‌മെന്റ് സ്‌കില്‍ കിട്ടിയത്. 

ഇതിനിടയില്‍ രാജീവ് നന്ദിനിയെക്കാണാന്‍ അനുവാദം ചോദിച്ചു. അവര്‍ സമ്മതിച്ചു. ശനിയാഴ്ച വൈകിട്ട് സസ്യ കഴിഞ്ഞ് വന്നാല്‍ പോരേ എന്ന് രാജീവ് ചോദിച്ചു. ഉച്ചക്കേ പോന്നോളൂ എന്നാണവര്‍ മറുപടി പറഞ്ഞത്. തങ്ങള്‍ രണ്ടാളും മാത്രമായി കുറേ നേരം സംസാരിച്ചിരിക്കാന്‍ പറ്റുമോയെന്നു രാജീവ് ചോദിച്ചു. താനാ വീട്ടില്‍ ഒറ്റയ്ക്കാണെന്നാണവള്‍ മറുപടി പറഞ്ഞത്. മാത്രമല്ല അപേക്ഷാ സ്വരത്തില്‍ മറ്റൊരു കാര്യം കൂടി അവള്‍ ആശ്യപ്പെട്ടു.

'എന്റെ കണ്ണാ ... നീയാ ഓടക്കുഴല്‍ കൊണ്ടുവരണം. ആ മുള മുരളി. നിനക്കു വേണ്ടി ഞാന്‍ ഫ്‌ലൂട്ട് വായിക്കും. ജയദേവ ഗീതികളില്‍ ഒന്ന്. കൊണ്ടു വരില്ലേ? '

രാജീവ് സമ്മതിച്ചു.

അയാള്‍ യാത്രയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 5 മണിക്കൂര്‍ ഡ്രൈവുണ്ട് നന്ദിനിയുടെ ഇടത്തേക്ക്. അതൊറ്റക്ക് ചെയ്യാന്‍ അയാള്‍ തീരുമാനിച്ചിരുന്നു. 4 റെഡ് ബുള്‍ നേരത്തേ വാങ്ങി. റൊമാന്‍സ് എന്ന ഷോപ്പില്‍ നിന്ന് മയില്‍പ്പീലി കൊണ്ടുണ്ടാക്കിയ ഒരു ഡ്രീം കാച്ചര്‍, ഒരു സാറ്റിന്‍ ഹാര്‍ട്ട്, ഒരു പട്ടുതൂവാല തുടങ്ങിയ സാധനങ്ങള്‍ നന്ദിനിക്ക് സമ്മാനമായി അയാള്‍ വാങ്ങി വച്ചു. 

ഇംപോര്‍ട്ട് ചെയ്ത പോര്‍ട്ട് ഒരു കുപ്പി വാങ്ങി. ഓണ്‍ലൈന്‍ സേറ്റാറുകളില്‍ പരതി sildenafil ആക്ടീവ് ഇന്‍ ഗ്രേഡിയന്റായ ഗുളികകള്‍ വാങ്ങി വച്ചു. 

രണ്ടു ദിവസം അയാള്‍ ഫസ്റ്റ് ഡേറ്റിംഗ് എന്ന വിഷയത്തിന്മേലുള്ള ഇംഗ്ലീഷ് ലേഖനങ്ങള്‍ വായിക്കുകയും ഡേറ്റിംഗ് ഡ്രഗ്‌സ് ഉണ്ടാക്കുന്ന പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തു.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് രാജീവ് നന്ദിനിയുടെ വീട്ടിലെത്തി. വീട്ടുമതിലിനുള്ളില്‍ ഒരാല്‍മരവും ചോട്ടിലൊരു കൃത്രിമ അരുവിയും. റൊമാന്റിക് ആയ ലാന്‍ഡ് സ്‌കേപ്പിംഗ്. ഒരു  കളിമണ്‍ കൃഷ്ണനുമുണ്ടായിരുന്നു അവിടെ.

നന്ദിനിക്ക് രാജീവ് കരുതിയതിനേക്കാള്‍ അഞ്ചാറു വയസ് പ്രായക്കൂടുതലുണ്ടെന്നു തോന്നി. തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ആളാണവരെന്ന് രാജീവിന് നേരത്തേ അറിയാമായിരുന്നു. എന്നാലും അത്രയ്ക്ക് പ്രായക്കൂടുതല്‍ അയാള്‍ പ്രതീക്ഷിച്ചിരുന്നതുമില്ല. 

നന്ദിനി ഓടി വന്ന് രാജീവിനെ കെട്ടിപ്പിടിച്ചു. അന്നേരം പുറത്ത് ആലിന്‍ കൊമ്പില്‍ കാറ്റനങ്ങി.

'എന്റെ കണ്ണാ... പടത്തില്‍ കണ്ടതിനേക്കാള്‍ എത്ര സുന്ദരന്‍. കുരുത്തം കെട്ടവന്‍. '

രാജീവിന്റെ ഗിഫ്റ്റ് ബാഗ് നന്ദിനി തുറന്നു നോക്കി. 

' പോര്‍ട്ട്. നല്ല സെലക്ഷന്‍. കടുത്ത നിറവും മധുരവും '

രണ്ടു വൈന്‍ ഗ്ലാസുകളില്‍ അവര്‍ തന്നെ പോര്‍ട്ട് പകര്‍ന്നെടുത്തു. ഒന്നവര്‍ രാജീവിന് കൊടുത്തു.

കുടിച്ചു ഗ്ലാസ്സുകളൊഴിയുവോളം അവര്‍ പലതും സംസാരിച്ചിരുന്നു.

' വാ ഊണു കഴിക്കാം. നല്ല ബീഫും കപ്പയും ഉണ്ടാക്കി വച്ചിട്ടുണ്ട്. '

ഒന്നും കഴിക്കാന്‍ തോന്നുന്നില്ലെന്ന് രാജീവ് പറഞ്ഞു.

'എന്നാ വാ. ഇവിടെ എന്റെ മടീല്‍ വന്നു കിടക്ക്. ഞാനൊരു സമ്മാനം തരാം എന്റെ കണ്ണന് '

രാജീവിന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. 

അയാള്‍ നന്ദിനിയുടെ മടീല്‍ തലവച്ചു കിടന്നു.

ഒരു ചെറിയ പാത്രത്തില്‍ പഞ്ചസാര ചേര്‍ത്ത് വച്ചിരുന്ന വെണ്ണ ചെറിയ കരണ്ടി കൊണ്ട് കോരി, നന്ദിനി രാജീവിന്റെ വായിലേക്ക് പകര്‍ന്നു.

' എത്ര വളര്‍ന്നാലും അമ്മയ്ക്ക് കണ്ണന്‍. കുട്ടി തന്നെയാ. കള്ളത്തിരുമാലി.'

അന്നേരം ആലിന്‍ കൊമ്പില്‍ കാറ്റു കനത്തു.

ഞായറാഴ്ച ഉച്ചക്ക് ചിറ്റപ്പനും കുഞ്ഞമ്മയും കാര്യങ്ങള്‍ തെരക്കി.

'മീരയാണ് കുഞ്ഞേ! രാധയല്ല. എനിക്കു തെറ്റി'

രാജീവ് ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അവന്റെ കുഞ്ഞമ്മയെ അവന്‍ 'കുഞ്ഞ' എന്നാണു വിളിച്ചിരുന്നത്. 

ആ രാത്രി രാജീവ് അവന്റെ അമ്മയെ സ്വപനം കണ്ടു. അരുന്ധതി മരിച്ച ശേഷം രാജീവ് അവരെ ആദ്യമായിട്ടാണ് സ്വപനം കണ്ടത്.

കാലം കുറേക്കൂടിക്കഴിഞ്ഞു.

രാജീവിന്റെയും ഭാര്യയുടെയും ജീവിതം സംതൃപ്തമാണ്. 

ഇടക്കിടക്ക്, രാധിക, രാജീവിന്റെ ഭാര്യ, വീട്ടിലെ കൃഷ്ണ വിഗ്രഹത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ട്.

രാജീവിന് വല്ലപ്പോഴും വരുന്ന എപ്പിലെപ്റ്റിക് ഫിറ്റ്‌സ് പുര്‍ണ്ണമായും മാറ്റിത്തരണേയെന്നാണ് രാധികയുടെ പ്രാര്‍ത്ഥന.

കൃഷ്ണന് യാതൊരു ഭാവമാറ്റവുമില്ല.

അയാളൊന്നും കേള്‍ക്കുന്നുണ്ടാവില്ല. 

കള്ളത്തിരുമാലി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam