1 GBP = 95.60 INR                       

BREAKING NEWS

സ്വയം ബലിയായ് തീര്‍ന്ന ശ്രേഷ്ഠ പുരോഹിതന്‍: റവ: ഫാ. ഡോ. ബിജി മര്‍ക്കോസ് ചിരത്തിലാട്ട് - ഒരോര്‍മ്മകുറിപ്പ്

Britishmalayali
ഡീക്കന്‍ ഏലിയാസ് വര്‍ഗീസ് സ്‌കോട്‌ലന്റ്

പിച്ച വയ്ക്കാന്‍ തുടങ്ങിയ മകന്റെ കൈ വിട്ട്  സ്വന്തം പിതാവിന്റെ സ്വര്‍ഗീയ ഭവനത്തില്‍ വേലക്കു വിളിച്ചപ്പോള്‍ ഒന്ന്  യാത്ര പറയാന്‍ പോലും അവകാശം നല്‍കാതെ മടങ്ങിയ ഒരു പിതാവിന്റ കഥയാണിത്. റവ: ഫാ. ഡോ. ബിജി മര്‍ക്കോസ് ചിരത്തിലാട്ട്, പരിചയപ്പെട്ടിട്ടുള്ള ഓരോ മനുഷ്യരുടെയും ഹൃദയത്തില്‍ ഇതുപോലെ നൂറായിരം കഥകള്‍ അവശേഷിക്കുന്നു, ഒന്ന് പറയാന്‍, ഒന്ന് വിതുമ്പാന്‍ ഒരു നൂറായിരം കുഞ്ഞുമാലാഖാമാര്‍, അച്ഛന്റെ പാവക്കുട്ടികള്‍ തങ്ങളുടെ ഓര്‍മ്മച്ചെപ്പുകളുമായി ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അതില്‍ തങ്ങളുടെ ബിജിയച്ചനെ തിരയുകയാണ്.  

നാട്ടിലെ അദ്ധ്യാപക ജോലി അവസാനിപ്പിച്ച് രണ്ടായിരത്തി എട്ടില്‍ ബ്രിട്ടനിലേക്ക് കുടുംബത്തോടൊപ്പം കുടിയേറിയപ്പോള്‍ പാലും തേനും ഒഴുകുന്ന കനാന്‍ ദേശമായിരുന്നു എന്റെ സ്വപ്നം, ഇതുപോലെ ഓരോ മലയാളിക്കും സ്വപ്ന സാഫല്യങ്ങളുടെയും  സ്വപ്നനഷ്ടങ്ങളുടെയും ബാക്കി പത്രമാണ് ഇന്നുള്ള ബ്രിട്ടനിലെ പ്രവാസജീവിതം. നിരാശ ആയിരുന്നു ആദ്യം, പല പല ജോലികള്‍ ചെയ്തു  വേഷങ്ങള്‍ കെട്ടി. നാട്ടില്‍ ഞാന്‍ ലെക്ചറ്റെര്‍ ആയിരുന്നു  ട്രെയിനര്‍ ആയിരുന്നു അതായിരുന്നു ഇതായിരുന്നു ഇമ്മിണി വല്യപുള്ളിയായിരുന്നു എന്നൊക്കെ ജന്മദിന സല്‍ക്കാരങ്ങളിലും മലയാളികളുടെ കൂടിവരവുകളിലും വീരവാദം മുഴക്കും പക്ഷെ കുടുംബം കഴിയണമെങ്കില്‍ ഏഷ്യന്‍ വംശജന്റെ കടയില്‍ ലോഡിറക്കാനും തൂക്കാനും തുടക്കാനും പോകണം. പിന്നെ സെക്യൂരിറ്റി, കച്ചവടക്കാരന്‍ അങ്ങിനെ പലതും, ഒടുവില്‍ മനസ്സിലായി ജീവിതം അങ്ങിനെ അങ്ങ് ഒതുങ്ങിത്തീരും എന്ന്.  എഡിന്‍ബറയില്‍  മാസത്തില്‍ ഒരു കുര്‍ബാന ഉണ്ട്, എല്ലാവരും വിളിക്കും, വരണം, നാട്ടില്‍ ദേവാലയ ശുശ്രുഷകന്‍ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകന്‍ ഒക്കെ ആയിരുന്നല്ലോ പിന്നെ എന്താ കുര്‍ബാനക്ക് വന്നാല്‍? ഡ്യൂട്ടി ആണ്, നൈറ്റ് ഷിഫ്റ്റ് ആയിരുന്നു എന്നൊക്കെ പറഞ്ഞു ഞാന്‍ ഒഴിവാകും, മടിയായിരുന്നു, അടുത്ത കുര്‍ബാന ഒഴിവാക്കാന്‍ കാലേക്കൂട്ടി കാരണം അന്വേഷിക്കും പേരിനു വല്ലപ്പോഴും പോകും അതുമാത്രം. 

രണ്ടായിരത്തി പന്ത്രണ്ടു അവസാനം ഇടവകയില്‍ ഒരു പുതിയ അച്ഛന്‍ വന്നു റവ: ഫാ. ഡോ. ബിജി മര്‍ക്കോസ് ചിരത്തിലാട്ട് ആയിരുന്നു അത്. ചുരുങ്ങിയ കാലം കൊണ്ട് അച്ഛന്‍ എല്ലാവര്ക്കും പ്രിയപ്പെട്ടവനായി. ഞാനും പരിചയപ്പെട്ടു, മദ്ബഹയില്‍ ശുശ്രുഷയ്ക്ക് കൂടി, വളരെപ്പെട്ടെന്ന് അച്ഛനുമായി ഒരു ഹൃദയബന്ധം സംഭവിച്ചു. അതെ, എല്ലാവരോടും വലിയ നാട്യങ്ങളില്ലാതെ ഉച്ചത്തില്‍ സംസാരിച്ചും ചിരിച്ചും പേരെടുത്തു വിളിച്ചും അവരറിയാതെതന്നെ ഹൃദയത്തില്‍ തൊട്ടിരുന്ന ഒരു പുരോഹിതശ്രേഷ്ഠനായിരുന്നു ബിജിയച്ചന്‍. കൂടുതല്‍ അടുത്തപ്പോള്‍ എന്നെ ശാസിക്കാനും ഉപദേശിക്കാനും അവകാശമുള്ള ഒരു ജേഷ്ഠനോ പിതാവോ ഒക്കെ ആയി മാറി അദ്ദേഹം. 

ഒരിക്കല്‍ അച്ഛന്‍ എന്നോട് ചോദിച്ചു ''നീ എന്തിനാണ് നിന്റെ കഴിവുകള്‍ എല്ലാം നശിപ്പിച്ചു ഇങ്ങനെ ജീവിക്കുന്നത്?  സ്വന്തം വില തിരിച്ചറിയാത്തവനാണ് നീ, നിനക്ക് ഇനിയും കഴിയും നീ  ഇവിടെ ഒരു അധ്യാപകനാകണം, പഠിക്കണം'' എന്ന്  ഉപദേശിച്ചു, പിന്നെ  ശാസിച്ചു. ആറു വര്‍ഷത്തെ ബ്രിട്ടനിലെ ജീവിതത്തില്‍ ഒരിക്കല്‍പോലും ഒരു പുസ്തകം വായിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, എന്റെ വായന നഷ്ടപ്പെട്ടിരുന്നു, പഠിപ്പിച്ചിരുന്ന അറിവുകള്‍ നഷ്ടപ്പെട്ടിരുന്നു എനിക്ക്. വീണ്ടും അദ്ധ്യാപകനാകാന്‍ ആഗ്രഹിച്ചാലും ടീച്ചിങ് കൗണ്‍സില്‍ റെജിസ്‌ട്രേഷന്‍ എന്ന വലിയ കടമ്പ, പിന്നെ ബ്രിട്ടനിലെ കൗമാരക്കാരെ പഠിപ്പിക്കുക എന്ന യാഥാര്‍ഥ്യം, അസാധ്യമായ കാര്യങ്ങളെക്കുറിച്ചു പറഞ്ഞു അച്ഛന്‍ വെറുതെ എന്നെ പ്രചോദിപ്പിക്കുന്നു,  ഒരര്‍ത്ഥത്തില്‍ ഒരു കളിയാക്കല്‍ ആയി പോലും എനിക്ക് തോന്നി. ഒടുവില്‍ രണ്ടായിരത്തി പതിനഞ്ചില്‍ മനസില്ലാമനസ്സോടെ ഞാന്‍ സ്‌കോട്‌ലന്‍ഡിലെ ഡണ്‍ഡീ സര്‍വകലാശാലയില്‍ സെക്കണ്ടറി എഡ്യൂക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേഷനു ചേര്‍ന്നപ്പോള്‍ അച്ഛന്റെ  മനസ്സ് ഒരുപാടു സന്തോഷിച്ചു. അച്ഛന്‍ നല്‍കിയ ആത്മവിശ്വാസവും എന്റെ കഠിനാധ്വാനവുമാണ് ഇന്ന് എന്നെ സ്‌കോട്‌ലന്‍ഡിലെ സെക്കണ്ടറി(ഹയര്‍) സര്‍ക്കാര്‍ അധ്യാപകനായി ജോലി ചെയ്യാന്‍ പ്രാപ്തനാക്കിയത്. 

ബിജിയച്ചന്റെ വാക്കുകളും പ്രവര്‍ത്തനങ്ങളും എന്നെ ദേവാലയത്തോടും ആരാധനയോടും വീണ്ടും അടുപ്പിച്ചിരുന്നു. ബാല്യത്തില്‍ ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു സെമിനാരിയില്‍ പോകണം വൈദീകനാകണം എന്നതായിരുന്നു അത്. പക്ഷെ, അവബോധമില്ലാതെ കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ചെന്നുപെട്ടതും പക്വമല്ലാത്ത പ്രായവും ആ മോഹങ്ങളെ ഭസ്മീകരിച്ചിരുന്നു.  ഡണ്‍ഡീ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ അച്ഛനും അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനിയും എന്റെ ഭവനത്തില്‍ വന്നു, സംസാരിച്ചിരുന്നപ്പോള്‍ തിരുമേനി പറഞ്ഞു ''ഏലിയാസിന് ബാല്യത്തില്‍ അങ്ങിനെ ഒരാഗ്രഹമുണ്ടായിരുന്നെങ്കില്‍ ഇനിയും പഠിക്കാമല്ലോ'' ബിജിയച്ചന്റെ അഭിപ്രായം ഉടനെ വന്നു, ''ഏലിയാസ് ആദ്യം സ്‌കോട്‌ലന്‍ഡില്‍ ഒരു ടീച്ചര്‍ ആകട്ടെ തിരുമേനി ബാക്കി നമുക്ക് പിന്നെ ആലോചിക്കാം''. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയുടെ അനുവാദത്തോടെ ദൈവശാസ്ത്ര പഠനം   ആരംഭിച്ചപ്പോള്‍  എന്റെ ഉപദേഷ്ടാവായും മാര്‍ഗ്ഗനിര്‍ദേശകനായും തിരുമേനി ചുമതലപ്പെടുത്തിയത് ബഹുമാനപ്പെട്ട ബിജിയച്ചനെ ആയിരുന്നു എന്നത് യാദൃച്ഛികമല്ല മറിച്ചു ദൈവ നിയോഗമായിരുന്നു. രണ്ടായിരത്തി പത്തൊന്‍പതു ഓഗസ്റ്റ് മാസത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ അനുവാദത്തോടെ ഞാന്‍ ശെമ്മാശ്ശനായി അഭിഷിക്തനായപ്പോള്‍ ഏറ്റവും സന്തോഷിച്ചവരില്‍  ഒരാള്‍ അച്ഛനായിരുന്നു.

''താന്‍ ശുശ്രുഷിച്ച അജഗണങ്ങളുടെ ഹൃദയത്തില്‍ മായാത്ത മുദ്രകള്‍ അവശേഷിപ്പിച്ചാണ് ഫാദര്‍ ബിജി ചിരത്തിലാട്ട് നിത്യതയിലേക്കു യാത്രയായത്. കോട്ടയം ജില്ലയിലെ വാകത്താനം ദേശത്തു ജനനം, ചങ്ങനാശ്ശേരി എസ്. ബി. കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം, ബാംഗ്ലൂര്‍ യുണൈറ്റഡ് തിയളോജിക്കല്‍ സെമിനാരിയില്‍ നിന്ന് ബിരുദവും നേടി കാലം ചെയ്ത പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ ബാവായോടൊപ്പം ദമാസ്‌കസില്‍ പഠനം നടത്തി. പഠനത്തിലും ആരാധനാശുശ്രുഷകാര്യങ്ങളിലും സമര്‍ത്ഥനായ അച്ഛനെ ബാവായുടെ താല്പര്യപ്രകാരം ജര്‍മനിയില്‍ സിറിയക് സ്റ്റഡീസില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും അയച്ചു. 
'പ്രാര്‍ത്ഥനയും ഉപവാസവും സുറിയാനി സഭാ പിതാവായ ബാര്‍ എബ്രായയുടെ വീക്ഷണത്തില്‍' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. ഗൂഗിള്‍ ബുക്‌സില്‍ അച്ഛന്റെ ഗവേഷണ പ്രബന്ധം ഇന്നും അനേക ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകുന്നു. കോട്ടയം ഭദ്രാസനത്തിന്റെ കാലം ചെയ്ത അഭിവന്ദ്യ ഗീവറുഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയില്‍ (പെരുമ്പിള്ളില്‍ തിരുമേനി) നിന്നുമാണ് പ്രീയപ്പെട്ട അച്ഛന്‍ തന്റെ വൈദീക കൈവയ്പ്പ് സ്വീകരിച്ചത്. 

നാട്യങ്ങളില്ലാത്ത, ഭക്തിയുടെ മാസ്മരിക വാക്‌ധോരണികളില്ലാത്ത, അത്ഭുതരോഗശന്തികളുടെ അവകാശവാദങ്ങളില്ലാത്ത ഒരു പച്ചയായ പുരോഹിതന്‍. പക്ഷെ, അച്ഛന്‍ ഒരു അത്ഭുതമായിരുന്നു അനേകര്‍ക്ക് സ്‌നേഹം നല്‍കിയ, ആശ്വാസം നല്‍കിയ യഥാര്‍ത്ഥ മാനസാന്തരത്തിനു തന്റെ അജഗണങ്ങളെ പ്രാപ്തരാക്കാന്‍ കഴിഞ്ഞ പുരോഹിത ശ്രേഷ്ഠന്‍. ബ്രിട്ടനിലെ സണ്‍ഡേസ്‌കൂള്‍ കുട്ടികളായ കുഞ്ഞു മാലാഖമാരുടെ ബിജിയച്ചന്‍. പോര്‍ട്‌സ്മൗത് ക്വീന്‍ അലക്‌സാണ്ട്ര ഹസോപിറ്റലിലെ ചാപ്ലിന്‍ ആയിരുന്ന അച്ഛന്‍ കോവിഡ് രോഗവ്യാപനത്തില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്ള ആളായിരുന്നു, എന്നിട്ടും മരിക്കുന്നതിന് ആറുദിവസം മുമ്പ് വരെയും ഈ ലോകത്തില്‍ നിന്ന് യാത്രയാകുന്ന ഓരോ മനുഷ്യരുടെയും കൂടെയിരുന്നു, അവരെ ആശ്വസിപ്പിച്ചു യാത്രയാക്കി. ഹോസ്പിറ്റലിലെ  ഡോക്ടര്‍മാരോടും നഴ്‌സ്മാരോടും മറ്റെല്ലാ ആരോഗ്യപ്രവര്‍ത്തകരോടും ഒപ്പം നിന്ന് കോവിഡ് എന്ന മഹാമാരിക്കെതിരെ പൊരുതി. പ്രവര്‍ത്തിയും പ്രാര്‍ത്ഥനയും ദൈവത്തിന്റെ പദ്ധതികളിലുള്ള അചഞ്ചലമായ വിശ്വാസവുമായിരുന്നു അച്ഛന്റെ ജീവിതം. സ്‌നേഹിതരും, സഹപ്രവര്‍ത്തകരും യുകെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ അന്തീമോസ് തിരുമേനിയും അച്ഛനോട് തത്കാലത്തേക്ക് ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം എന്ന്പറഞ്ഞപ്പോള്‍ വിശുദ്ധ വേദപുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് അച്ഛന്റെ മറുപടി ഇതായിരുന്നു ''എനിക്ക്ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നതു ലാഭവുമാണ്'' .  തന്നെനൊമ്പരപ്പെടുത്തിയവരോട്, വിമര്‍ശിച്ചിട്ടുള്ളവരോട് വൈരാഗ്യമോ വിദ്വേഷമോ ഒരുവാക്കുകൊണ്ട് പോലും പ്രകടിപ്പിക്കാത്ത, തന്റെ വിശ്വാസത്തില്‍ നിന്ന് വ്യെതിചലിക്കാതെ നിലകൊണ്ട ആചാര്യശ്രേഷ്ഠയിരുന്നു റവ: ഫാ. ഡോ.  ബിജി മര്‍ക്കോസ് ചിരത്തിലാട്ട്. അച്ഛന്റെ വിയോഗം ബ്രിട്ടനിലെ മലയാളി സമൂഹത്തിനു പ്രേത്യേകിച്ചും കുട്ടികള്‍ക്ക് ഭയങ്കരമായാ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. തന്റെ സഹധര്‍മ്മിണിയേയും മൂന്ന്  കുഞ്ഞുങ്ങളെയും താന്‍ സ്‌നേഹിച്ച സഭയെയും സണ്‍ഡേസ്‌കൂള്‍ പ്രസ്ഥാനത്തെയും വിട്ടുപിരിഞ്ഞു അച്ഛന്‍ മടങ്ങുമ്പോള്‍ അത് ദൈവ പദ്ധതി എന്ന് കരുതാന്‍ മാത്രം ആഗ്രഹിക്കുന്നു. പാതിവഴിയില്‍ ശിക്ഷ്യനെ തനിച്ചാക്കി ഗുരു മടങ്ങുമ്പോള്‍ അങ്ങേക്ക് നല്‍കിയ വാക്കുകള്‍ പാലിക്കുമെന്ന് ഉറപ്പുനല്കിക്കൊണ്ടു അങ്ങയുടെ ആത്മാവിന് മുന്‍പില്‍ വിനീതനായി ഞാന്‍. അങ്ങേക്ക് പ്രണാമം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category