1 GBP = 93.20 INR                       

BREAKING NEWS

നീണ്ട 40 ദിവസം ഐസിയുവും വെന്റിലേറ്ററുമായി ജീവനു വേണ്ടി പൊരുതിയ 34കാരനായ എബിന്‍ ഒടുവില്‍ ചിരിക്കുന്ന മുഖവുമായി വീട്ടിലെത്തി; ജീവനും മരണത്തിനും ഇടയില്‍ കിടന്ന എബിനെ മരണത്തിനു വിട്ടു കൊടുക്കാതെ കാവലിരുന്നത് മലയാളി നഴ്സുമാര്‍; ജോലി ഷിഫ്റ്റും ക്രമീകരിച്ചു മലയാളികള്‍ കൈകോര്‍ത്തു നല്‍കിയ സ്‌നേഹ കരുതല്‍ എബിന്റെ ഹൃദയതാളമായി മാറുമ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ജീവനും മരണത്തിനും ഇടയിലൂടെ കയറിയിറങ്ങിയ നീണ്ട 40 നാളുകള്‍. യുകെയില്‍ കോവിഡുമായി ഏറ്റവും നീണ്ടകാലത്തെ പോരാട്ടം നടത്തിയ മലയാളി എന്ന നിലയിലാണ് എബിന്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സാധാരണ വെന്റിലേറ്റര്‍ വഴിയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഒരു ഘട്ടത്തില്‍ ആശങ്ക ഉയര്‍ന്നപ്പോള്‍ എക്മോ വെന്റിലേറ്റര്‍ വേണ്ടി വരുമായിരുന്ന സാഹചര്യത്തില്‍ കണ്ണിമ ചിമ്മാതെ രാവും പകലും കാവലിരുന്ന മലയാളിയുടെ സഹോദര്യമാണ് ഇപ്പോള്‍ എബിന്റെ ജീവന്‍ നിലനിര്‍ത്താന്‍ പ്രധാന കാരണമായി പറയാവുന്നത്.

കാരണം അത്രയും കഠിനമായ അവസ്ഥയിലൂടെ കടന്നു പോയ ഈ 34കാരനായ യുവാവ് കോവിഡ് രോഗിയാണെന്ന ആശങ്ക ഒന്നും ഇല്ലാതെ സഹപ്രവര്‍ത്തകര്‍ കൂടെ നിന്ന് കരുതലോടെ സംരക്ഷിക്കാന്‍ ഡ്യൂട്ടിയിലുള്ളവരെ പരസ്പരം മാറ്റിയും മറ്റും സദാ സമയം ഒരു മലയാളി എങ്കിലും കൂടെ ഉണ്ടാകണമെന്ന ചിന്തയും എബിന് മരണത്തെയും കോവിഡിനെയും തോല്‍പ്പിക്കാന്‍ തുണയായി. എബിന്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന ഹാരോ ഹോസ്പിറ്റലില്‍ നിന്നും ഹെയര്‍ഫീല്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി വന്നപ്പോഴും ഈ കരുതലിനു തെല്ലും കുറവുണ്ടായിരുന്നില്ല എന്നത് മാത്രമല്ല കൂടുതല്‍ സ്‌നേഹത്തോടെ താങ്ങായി നിന്നത് ആ ആശുപത്രിയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആണെന്നും എബിന്റെ സുഹൃത്തുക്കള്‍ പറയുന്നു. 

കോവിഡ് സംഹാര താണ്ഡവം ആടിത്തുടങ്ങിയ ഏപ്രില്‍ തുടക്കത്തിലാണ് ബെഡ് മാനേജ്മെന്റ് നഴ്‌സായ എബിനു വൈറസ് ആക്രമണം ഉണ്ടായത്. ആ സമയത്ത് ഓരോ രോഗിയോടും ഒപ്പം ബെഡ് തയ്യാറാക്കുന്ന ജോലിയില്‍ എബിന് സമയം ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. കോവിഡ് സെല്ലില്‍ എത്തുന്ന രോഗിയെ വാര്‍ഡിലോ ഐസിയു ബെഡിലോ എത്തിക്കുന്ന സമയം വരെ കൂടെ നിന്നതിലൂടെ ശരീരത്തില്‍ എത്തിയ വൈറസ് ലോഡ് ആയിരിക്കാം എബിന്റെ സ്ഥിതി അങ്ങേയറ്റം വഷളാക്കിയതെന്നാണ് ഇപ്പോള്‍ കരുത്താവുന്നത്. കാരണം എബിനൊപ്പം ഇതേ ആശുപത്രിയില്‍ ജോലി ചെയ്ത മിക്ക മലയാളി നഴ്സുമാര്‍ക്കും കോവിഡ് രോഗം പടര്‍ന്നെങ്കിലും അവരില്‍ ഭൂരിഭാഗവും രണ്ടാഴ്ചകൊണ്ട് സാധാരണ നിലയിലേക്ക് മടങ്ങുക ആയിരുന്നു. 

എന്നാല്‍ എബിന് ഇത് സാധിക്കാതെ പോയതിനു വൈറല്‍ ലോഡ് എന്ന കാരണമാണ് ഇപ്പോള്‍ കൂടെ ജോലി ചെയ്തിരുന്നവരും മറ്റും കാരണമായി പറയുന്നത്. കാരണം പൂര്‍ണ ആരോഗ്യമുള്ള വെറും 34കാരനായ യുവാവിനെ കോവിഡ് ഇത്തരത്തില്‍ ആക്രമിക്കാന്‍ മറ്റു കാരണം കണ്ടെത്താന്‍ കഴിയുന്നില്ല. ഏപ്രില്‍ മാസം രണ്ടിന് കോവിഡ് തിരിച്ചറിഞ്ഞ ഉടന്‍ രണ്ടു മണിക്കൂറിനുള്ളില്‍ കുടുംബത്തെ രോഗ ബാധയില്‍ നിന്നും രക്ഷിക്കാന്‍ ഹീത്രൂവിലെ ഹോളിഡേയ് ഇന്‍ ഹോട്ടലിലേക്ക് മാറിയ എബിന്‍ നാലു നാള്‍ കഴിഞ്ഞപ്പോള്‍ അവശനായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. കൂടെ ജോലി ചെയ്തിരുന്ന മറ്റുള്ളവരെ പോലെ എളുപ്പത്തില്‍ രോഗത്തില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തെറ്റിച്ചാണ് എബിന്‍ തുടര്‍ന്ന് കോവിഡിന്റെ ശക്തമായ ആക്രമണത്തില്‍ തളരുന്നതും വെന്റിലേറ്ററിലേക്ക് മാറുന്നതും. 

ഇതിനു മുന്‍പ് ക്രോയ്‌ഡോണിലേ ജ്യോതി കേശവന്‍, കാന്റര്‍ബെറിയിലെ ജോജോ, സൗത്താംപ്ടണിലെ ജോഷി എന്നിവരൊക്കെ ഐതിഹാസികമായ വിധത്തില്‍ കോവിഡിനെ തോല്‍പ്പിച്ചു മടങ്ങി വന്നവര്‍ ആണെങ്കിലും അവരെയൊക്കെ മറികടക്കും വിധം നീണ്ട നാല്‍പതു ദിനങ്ങളാണ് എബിന് മരണമോ ജീവിതമോ എന്ന് നിശ്ചയം ഇല്ലാതെ ഐസിയുവില്‍ അടക്കം കഴിയേണ്ടി വന്നത്. ഉറ്റ സുഹൃത്തുക്കള്‍ ഒക്കെ തണല്‍ പോലെ നിന്നിട്ടും ഒരു ഘട്ടത്തില്‍ അവരുടെ പ്രതീക്ഷകളും ഭയാനകമായ ഒരു വാര്‍ത്ത കേള്‍ക്കേണ്ടി വരുമോ എന്ന ആശങ്കക്ക് വഴി മാറിയിരുന്നു. ആ ഘട്ടത്തില്‍ പരസ്പരം എബിനെ കുറിച്ച് സംസാരിക്കാതിരിക്കാന്‍ ശ്രമിച്ച അവര്‍ ഓരോരുത്തരും അവനു ലഭിക്കുന്ന പരിചരണത്തില്‍ ഒരു കുറവും ഉണ്ടാകാതെ നോക്കുന്നതില്‍ വിജയിക്കുക ആയിരുന്നു.

ആ ശ്രദ്ധയും കരുതലുമാണിപ്പോള്‍ എബിനെ പ്രിയപ്പെട്ടവരുടെ അടുക്കല്‍ മടക്കി എത്തിച്ചിരിക്കുന്നതും. ആകെ 40 ദിവസത്തെ ആശുപത്രി വാസത്തില്‍ രണ്ടു നാള്‍ ഹില്ലിങ്ടന്‍ ആശുപത്രിയിലും ഒരാഴ്ച സ്വന്തം ജോലി സ്ഥലമായ നോര്‍ത്ത് വിക് പാര്‍ക്കിലുമായിരുന്നു എബിന്‍. രോഗം കലശലായതോടെ നീണ്ട 30 നാള്‍ ഹയര്‍ഫീല്‍ഡ് ആശുപത്രിയില്‍ കഴിഞ്ഞാണ് ഇദ്ദേഹം ഒരു യോദ്ധാവിനെ പോലെ ജീവിതത്തിലേക്ക് പുഞ്ചിരിയോടെ മടങ്ങിയിരിക്കുന്നത്. തങ്ങളുടെ സ്‌നേഹവും കരുതലും ഇനിയും കൂടെയുണ്ട് എന്ന് വ്യക്തമാക്കിയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ''വെല്‍ക്കം ഹോം എബിന്‍ ''എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്കുള്ള വഴിയില്‍ കാത്തു നിന്നത്. പൂര്‍ണ ആരോഗ്യത്തോടെ ആരുടേയും കൈപോലും പിടിക്കാതെ എബിന്‍ ആംബുലന്‍സില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ സന്തോഷത്തോടെ ഇരുകയ്യും കൊട്ടി വരവേല്‍ക്കാന്‍ ഒരു നാട് ഒന്നാകെ എബിന്റെ വീടിനു മുന്നില്‍ എത്തിയിരുന്നു. ഇപ്പോള്‍ കോവിഡ് അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി എന്‍എച്ച്എസ് ഉയര്‍ത്തുന്നതും എബിനെ പോലെയുള്ളവരുടെ ജീവിതത്തിലേക്കുള്ള മടങ്ങി വരവാണ്. 

ഒരു ഘട്ടത്തില്‍ എബിന്‍ ജീവനു വേണ്ടി പൊരുതുമ്പോള്‍ വീട്ടില്‍ ഭാര്യയും കോവിഡ് രോഗിയായി മാറുക ആയിരുന്നു. മൂന്നു വയസുള്ള കുഞ്ഞ് ഏയ്ഡനുമായി കടുത്ത സംഘര്‍ഷം നേരിട്ടാണ് ആ ദിവസങ്ങളില്‍ എബിന്റെ ഭാര്യ പ്രീതി ജോസ് കഴിഞ്ഞത്. മൂന്നാഴ്ച വീട്ടില്‍ കുഞ്ഞുമായി കഴിഞ്ഞു പ്രീതി രോഗവിമുക്തി നേടുകയും ചെയ്തു. ആറു വര്‍ഷം മുന്‍പ് കണ്ണൂര്‍ സ്വദേശിയായ എബിന്‍ ഹാറോവിലെ നോര്‍ത്ത് വിക് പാര്‍ക്ക് ഹോസ്പിറ്റലില്‍ നഴ്‌സ് ആയതുമുതല്‍ സ്‌നേഹവും ചിരിയുമായി മാത്രം കണ്ടിട്ടുള്ള തങ്ങളുടെ പ്രിയ കൂട്ടുകാരന്‍ കോവിഡുമായി പൊരുതി തോല്‍ക്കും എന്നത് സങ്കല്‍പ്പിക്കാന്‍ പോലും ഈ പ്രദേശത്തെ ഒരു മലയാളിക്കും സാധിക്കുമായിരുന്നില്ല. അതിനാല്‍ തന്നെ അവര്‍ എബിന് വേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമല്ല തങ്ങളാല്‍ കഴിയുന്ന മുഴുവന്‍ വിധത്തിലും ആവശ്യമായ പരിചരണം ലഭിക്കുന്നു എന്നുറപ്പാക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ ഒരു കോവിഡ് രോഗിക്കായി യുകെയില്‍ മലയാളികള്‍ ഒന്നിച്ചു കൈകോര്‍ത്തിട്ടുണ്ടാകുമോ എന്ന് സംശയമാണ്. ഹാരോ ട്രസ്റ്റിലെ ശക്തമായ മലയാളി സാന്നിധ്യം ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല സമീപ പ്രദേശത്തെ മുഴുവന്‍ മലയാളികള്‍ക്കും സ്‌നേഹസാന്ത്വനം ആയി മാറുകയാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ആയിരത്തോളം മലയാളികള്‍ എങ്കിലും ഇവിടെ മാത്രമായി എത്തിയത് ആപത് ഘട്ടത്തില്‍ കരുത്തും കരുതലും ആയി മാറാന്‍ ആണെന്നും തിരിച്ചറിയുകയാണ് ഹാറോവിലെ യുവ മലയാളി സമൂഹം. ചെറുപ്പക്കാര്‍ക്ക് പഴയ തലമുറയെ പോലെ സാമൂഹിക ബന്ധം ഇല്ലെന്ന പരാതിയൊക്കെ ഹാറോവിലെ ചെറുപ്പക്കാരായ മലയാളികള്‍ തിരുത്തിക്കുറിക്കുകയുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category