1 GBP =93.80 INR                       

BREAKING NEWS

നഴ്‌സുമാരും കെയറര്‍മാരുമടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇനി എന്‍എച്ച്എസ് സര്‍ചാര്‍ജ്ജ് ബാധകമല്ല; ഒഴിയുന്നത് 624 പൗണ്ട് വീതം പിആര്‍ കിട്ടും വരെ പ്രതിവര്‍ഷം അടക്കേണ്ട ബാധ്യത; രണ്ടു കുട്ടികളുള്ള മലയാളി കുടുംബം പ്രതിവര്‍ഷം ലാഭിക്കുന്നത് 2500 പൗണ്ട്

Britishmalayali
kz´wteJI³

ലണ്ടന്‍: യുകെയിലെ പിആര്‍ ലഭിക്കാത്ത മലയാളി നഴ്സുമാര്‍ക്ക് ഇതില്‍ കൂടിയ ഒരു സന്തോഷ വാര്‍ത്ത ഈ അടുത്ത കാലത്തൊന്നും ലഭിച്ചിട്ടുണ്ടാവില്ല. പ്രതിവര്‍ഷം 2500 പൗണ്ട് വരെ രണ്ടു കുട്ടികള്‍ ഒരു കുടുംബത്തിന് ലാഭിക്കാന്‍ പറ്റുന്ന തീരുമാനം ആണ് ഇന്നലെ പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോള്‍ 400 പൗണ്ട് വീതം ഈടാക്കുന്നതും ഒക്ടോബര്‍ മുതല്‍ 624 പൗണ്ടായി ഉയര്‍ത്തുന്നതുമായ എന്‍എച്ച്എസ് സര്‍ച്ചാര്‍ജ്ജ്, നഴ്സുമാര്‍, കെയറര്‍മാര്‍ അടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടെന്നു വച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ വിസയ്ക്കായി മുന്‍കൂര്‍ അടച്ചവരുടെ പണം തിരിച്ചു കിട്ടുമോ എന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല.

എന്‍എച്ച്എസ് ജീവനക്കാരുടെ ക്ഷാമം മൂലം ആദ്യം റിക്രൂട്ട് ചെയ്തു കൊണ്ടുവന്നിരുന്ന നഴ്സിന്റെ സര്‍ച്ചാര്‍ജ്ജ് എന്‍എച്ച്എസ് തന്നെയാണ് അടച്ചിരുന്നത്. എന്നാല്‍ അവരുടെ ഡിപ്പെന്റന്റിനെ കൊണ്ടു വരുമ്പോള്‍ ഈ തുക അടയ്ക്കേണ്ട ബാധ്യത എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഉണ്ടായിരുന്നു. ഇപ്പോഴത്തെ 400 പൗണ്ട് ഒക്ടോബറില്‍ 624 ആക്കും എന്നതു നഴ്സുമാര്‍ക്ക് ഭീഷണിയായിരുന്നു. ഇത്തരം തിരിച്ചടികള്‍ എല്ലാം ഒറ്റയടിക്കു സര്‍ക്കാര്‍ റദ്ദാക്കി രക്ഷകരായതിന്റെ ആവേശത്തിലാണ് മലയാളികള്‍ അടങ്ങിയ യുകെയിലെ നഴ്സിംഗ് സമൂഹം.

നേരത്തേ 2018 നവംബറില്‍ ഈ സര്‍ചാര്‍ജ്ജ് 200 പൗണ്ടില്‍ നിന്നും പൗണ്ടായി ഉയര്‍ത്തിയപ്പോള്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്‍ എച്ച് എസില്‍ ജോലി ചെയ്യുന്ന വിദേശ നഴ്സുമാരെയെങ്കിലും എന്‍ എച്ച് എസ് ചികിത്സ ലഭിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അധിക സര്‍ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോലിനെ നോക്സ് അന്ന് നിരസിച്ചിരുന്നു. പി. ആറോ പൗരത്വമോ ഇല്ലാത്തവര്‍ നിര്‍ബന്ധമായും സര്‍ചാര്‍ജ്ജ് നല്‍കണമെന്നാണ് അന്നവര്‍ പറഞ്ഞത്. ഉടന്‍ തന്നെ ശമ്പളവര്‍ദ്ധനവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇത് നഴ്സുമാര്‍ക്ക് അധിക ബാദ്ധ്യതയാകില്ലെന്നുമായിരുന്നു അന്നവര്‍ പറഞ്ഞത്.
പി ആറോ, പൗരത്വമോ ഇല്ലാത്ത, യൂറോപ്യന്‍ സാമ്പത്തിക മേഖലക്ക് പുറത്തുനിന്നും വരുന്നവര്‍ക്ക്, ബ്രിട്ടനില്‍ ആറ് മാസത്തിലധികം തങ്ങുകയാണെങ്കില്‍ ഈ സര്‍ചാര്‍ജ്ജ് നിര്‍ബന്ധമായും നല്‍കണമെന്ന വ്യവസ്ഥ 2015 ഏപ്രിലിലായിരുന്നു ആവിഷ്‌കരിച്ചത്. ഇമിഗ്രേഷന്‍ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി ഈ നിര്‍ബന്ധിത ചാര്‍ജ്ജു കൂടി ഈടാക്കാന്‍ തുടങ്ങിയതോടെ വിസാ ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. അന്ന് 100 പൗണ്ടായിരുന്നു സര്‍ചാര്‍ജ്ജായി നിശ്ചയിച്ചിരുന്നത്. പിന്നീടത് 200 പൗണ്ടായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. പിന്നീട് 2019 മുതല്‍ക്കാണ് 400 പൗണ്ട് വീതം ഈടാക്കാന്‍ തുടങ്ങിയത്.

ഈ നീക്കത്തിനെതിരെ, എന്‍ എച്ച് എസില്‍ ജോലി ചെയ്യുന്ന നഴ്സുമാരെയെങ്കിലും ഈ സര്‍ചാര്‍ജില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് അന്ന് രംഗത്ത് വന്നിരുന്നു. ഇതിനായി അനേകം പേര്‍ ഒപ്പിട്ട ഒരു അപേക്ഷയും അവര്‍ സമര്‍പ്പിച്ചിരുന്നു. 2015 ന് ശേഷം സര്‍ചാര്‍ജില്‍ 600 മില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടെന്നും ഇംഗ്ലണ്ടില്‍ മാത്രം 4000 നഴ്സുമാരെ അധികമായി നിയമിക്കാനുള്ള പണം ഇതിലൂടെ ലഭിച്ചിട്ടുണ്ടെന്നും അന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ തന്നെ, നഴ്സുമാരെയെങ്കിലും സര്‍ ചാര്‍ജ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു അന്നത്തെ ആവശ്യം.

എന്നാല്‍ കൊറോണയുടെ രൂക്ഷമായ ആക്രമണം സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റം വരുത്താന്‍ ഇപ്പോള്‍ പ്രേരിപ്പിച്ചതായാണ് കണക്കാക്കുന്നത്. ഈ കൊലയാളി വൈറസിനെതിരെയുള്ള യുദ്ധത്തില്‍ ബ്രിട്ടന് താങ്ങും തണലുമായി നിന്നത് വിദേശികളായ എന്‍ എച്ച് എസ് പ്രവര്‍ത്തകരായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വംശീയ ന്യുനപക്ഷങ്ങള്‍ ക്രമാതീതമായി രോഗബാധിതരാകുന്നു എന്നും രോഗത്തിന് കീഴടങ്ങി മരണം വരിക്കുന്നു എന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ആയിരക്കണക്കിന് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടുന്ന ഈ വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായ സമര്‍പ്പണ മനോഭാവത്തോടെയായിരുന്നു ഈ യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ടത്. അത് ബ്രിട്ടനിലെ പലരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

''എന്‍ എച്ച് എസിന് സര്‍ചാര്‍ജ് വാങ്ങുന്നത്, സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാനും അതുവഴി അനേകരുടെ ജീവന്‍ രക്ഷിക്കുവാനുള്ള സേവനങ്ങള്‍ ലഭ്യമാക്കുവാനും വേണ്ടിയാണ്. എന്‍ എച്ച് എസ് ജീവനക്കാര്‍ അവിടെ ചെയ്യുന്നത് അതു തന്നെയാണ്'' സര്‍ചാര്‍ജില്‍ നിന്നും എന്‍ എച്ച് എസ് ജീവനക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിനിടെ പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ഈ മാറ്റം കൊണ്ടുവരുവാനായി നിയമഭേദഗതിക്കുള്ള അപേക്ഷയുമായി മുന്നോട്ട് പോകാനിരുന്ന ലേബര്‍ പാര്‍ട്ടി ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. തന്റെ നിലപാടുകളില്‍ നിന്നും മലക്കം മറിഞ്ഞ് ബോറിസ് ജോണ്‍സണ്‍ തങ്ങളുടെ നിലപാടിനെ പിന്താങ്ങുന്നു എന്നാണ് ലേബര്‍ നേതാവ് ഇതേക്കുറിച്ച് പറഞ്ഞത്.

നിലവില്‍, യൂറോപ്യന്‍ സാമ്പത്തിക മേഖലക്ക് പുറത്തുനിന്നും ആറ് മാസത്തിലധികം ബ്രിട്ടനില്‍ തങ്ങുവാന്‍ എത്തുന്നവരില്‍ നിന്നാണ് സര്‍ ചാര്‍ജ്ജ് ഈടാക്കുന്നത്. അടിമത്തം, മനുഷ്യക്കടത്ത്, പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആശ്രിതര്‍, പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികള്‍ എന്നീ വിഭാഗങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രതിവര്‍ഷം 400 പൗണ്ടാണ് സര്‍ചാര്‍ജ്ജായി ഈടാക്കുന്നത്. ബ്രക്സിറ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ വരുന്ന ജനുവരി മുതല്‍ യൂറോപ്യന്‍ സാമ്പത്തിക മേഖലയിലെ പൗരന്മാര്‍ക്കും ഈ സര്‍ചാര്‍ജ്ജ് ബാധകമാകും. എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും സോഷ്യല്‍ കെയര്‍ പ്രവര്‍ത്തകര്‍ക്കും ഇളവ് നല്‍കുന്നതിലൂടെ ഏകദേശം 90 മില്ല്യണ്‍ പൗണ്ടിന്റെ പ്രതിവര്‍ഷ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category