അണക്കെട്ട് തകര്‍ന്നാലുള്ള ഭീകരാവസ്ഥ എന്താണെന്ന് കാണണോ? അമേരിക്കയിലെ മിഷിഗനില്‍ അണക്കെട്ട് തകര്‍ന്നതിന്റെ ആകാശദൃശ്യങ്ങള്‍ പകര്‍ത്തി പൈലറ്റ്: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ കണ്ടത് പത്ത് ലക്ഷത്തിലധികം ആളുകള്‍
മിഷിഗന്‍: മുല്ലപ്പെരിയാല്‍ അണക്കെട്ട് ഇപ്പോള്‍ പൊട്ടും എന്ന് നമ്മള് ഇടക്കിടെ കേള്‍ക്കാറുണ്ട്. എന്നാല്‍ അണക്കെട്ട് പൊട്ടിയാലുള്ള അപകടകരമായ അവസ്ഥ നമ്മള് പറയുന്ന ആ വാക്കുകള്‍ക്കും ഒരുപാട് മേലെ ആണെന്ന കാര്യം ആരെങ്കിലും ചിന്തിക്കാറുണ്ടോ? അണക്കെട്ട് പൊട്ടിയാലുള്ള ഭീകരാവസ്ഥ എന്താണെന്ന് അമേരിക്കയില്‍ നിന്നും പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഒരു പൈലറ്റ്.
യുഎസിലെ മിഷിഗനില്‍ അണക്കെട്ട് തകര്‍ന്നതിനു പിന്നാലെ തടാകത്തില്‍ നിന്നു വെള്ളം പ്രവഹിക്കുന്നതിന്റെ ആകാശദൃശ്യങ്ങളാണ് പൈലറ്റ് പകര്‍ത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് കനത്ത മഴയെ തുടര്‍ന്നു ടിറ്റബാവസി നദിക്കു കുറുകെയുള്ള ഏദന്‍വില്ല അണക്കെട്ട് തകര്‍ന്നത്. ഇതിനു പിന്നാലെ സാന്‍ഡോര്‍ഡ് അണക്കെട്ടും കവിഞ്ഞൊഴുകി. ഇതോടെ മിഷിഗനിലെ മിഡ്ലാന്റിലെ ചില ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്.
പൈലറ്റായ മിഡ്ലാന്റ് സ്വദേശി റയാന് കലെറ്റോ ആണ് ഏദന്‍വില്ല അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നു വിക്സോം തടാകത്തില്‍ നിന്നു സാന്‍ഫോര്‍ഡ് തടാകത്തിലേക്ക് വെള്ളം കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങള്‍ ചെറുവിമാനത്തിലിരുന്ന് പകര്‍ത്തിയത്. വെള്ളപ്പാച്ചിലിന്റെ ഭീകര ദൃശ്യങ്ങള്‍ റയാന് കലെറ്റോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ഇതു പിന്നീട് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിനോടകം പത്തു ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. 20,000ത്തോളം ആളുകള്‍ ഷെയര്‍ ചെയ്തു.