1 GBP = 98.30INR                       

BREAKING NEWS

വ്യക്തികളിലെ നല്ല പെരുമാറ്റത്തേക്കാള്‍ അനുകരിക്കപ്പെടുന്നത് മോശമായ പെരുമാറ്റങ്ങളാണ്, പകര്‍ച്ചവ്യാധിയെപ്പോലെ മറ്റുള്ളവരിലേയ്ക്ക് പടര്‍ന്നു പിടിക്കുന്നതും ഈ മോശമായ പെരുമാറ്റങ്ങള്‍ തന്നെ

Britishmalayali
റോയ് സ്റ്റീഫന്‍

മൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം വ്യക്തികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും തങ്ങള്‍ ചെയ്യാത്ത കുറ്റങ്ങള്‍ക്കായി മറ്റുള്ളവരുടെ മുന്‍പില്‍ അപഹാസ്യരായിട്ടുണ്ട് ചില അവസരങ്ങളില്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും വ്യക്തികളുടെയും സമൂഹത്തിന്റെയും നന്മയ്ക്കും ഉന്നമനത്തിനായിട്ടുള്ള സാമൂഹിക സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആല്‍മാര്‍ത്ഥതയുള്ള വ്യക്തികള്‍ക്ക്. കൂടുതലും പരോക്ഷമായിട്ടാണെങ്കിലും അതായത് അവരുടെ അസാന്യധ്യത്തിലാണെങ്കിലും  ചില അവസരങ്ങളില്‍ നേരിട്ടും ക്രൂശിക്കപ്പെടാറുണ്ട്. മനസാക്ഷിക്ക് വിരുദ്ധമായി വളരെ നിര്‍ദ്ദയമായി അവരോട്  ആക്രോശിച്ചു സംസാരിക്കുകയും പേരെടുത്ത് പറഞ്ഞുകൊണ്ട് ലജ്ജിപ്പിക്കുകയും പലപ്പോഴും മറ്റുള്ളവരുടെ മുന്‍പില്‍ ആവഗണിക്കുകയും അതായത് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാതിരിക്കുകയും ചെയ്യുന്നുണ്ട്.  ഇങ്ങനെയുള്ള വ്യക്തിഹത്യകള്‍ കേള്‍ക്കുന്നവര്‍ അതായത് യഥാര്‍ത്ഥ സംഭവവികാസങ്ങളുടെ പൊരുളും സത്യാവസ്ഥകളും നേരിട്ട് അറിവില്ലാത്തവരായ വ്യക്തികള്‍ക്ക് പൊതുവെ അസ്വാഭാവികത  അനുഭവപ്പെടുമെങ്കിലും സംശയനിവാരണത്തിന് മുതിരാറില്ല. എന്നാല്‍ അറിയാതെയാണെങ്കിലും അപഹാസ്യരാക്കപ്പെട്ട വ്യക്തികളോട് മാനസികമായെങ്കിലും വെറുപ്പും വിധ്വെഷവും ഉടലെടുക്കുകയും പിന്നീട്  അവരുമായി ഇടപഴുകുമ്പോഴെല്ലാം അകലങ്ങള്‍ പാലിക്കുവാന്‍ ശ്രമിക്കുകയും ചെയ്യും. നന്മതിന്മകള്‍ തിരിച്ചറിയുവാനുള്ള കഴിവില്ലായ്മ മൂലമല്ലെങ്കിലും ഓരോരുത്തരുമറിയാതെ രൂപപ്പെടുന്ന മുന്‍വിധികളിലൂടെ അവരറിയാതെ അവര്‍ നയിക്കപ്പെടുകയാണ്. മറ്റു വ്യക്തികളോടുള്ള മനോഭാവത്തിന്റെ അടിസ്ഥാനം എപ്പോഴും ഓരോരുത്തരുടെയും വിദ്യാഭ്യാസ നിലവാരങ്ങള്‍ക്കനുസൃതമാണെങ്കില്‍ കൂടെയും അവരുടെ നിലവിലുള്ള സാമൂഹിക സാംസ്‌കാരിക ചുറ്റുപാടുകളും വ്യക്തികളും അവരുടെ  ചിന്തകളെ സ്വാധീനിക്കും.

മറ്റുള്ളവരെ വ്യക്തിഹത്യയും  അകാരണമായി അപമാനിക്കുകയും ചെയ്യുന്നവര്‍ ചരിത്രത്തിലുടനീളം എല്ലാ സംസ്‌കാരങ്ങളിലും സമൂഹങ്ങളിലും കാണുവാന്‍ സാധിക്കും. മനുഷ്യരുടെ  ജീവിത മേഖലകളില്‍ വിവിധ ഭാവങ്ങളിലും രൂപങ്ങളിലാണെങ്കിലും മനഃശാസ്ത്രത്തില്‍ ഇതിനുള്ള അടിസ്ഥാന കാരണം ഒന്ന് മാത്രമാണ്, അവരോരുത്തരുടേയും 'പേടി'. തങ്ങളോരുത്തരുടേയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും മറ്റൊരാള്‍ വിലങ്ങുതടിയാകുമെന്നുള്ള അകാരണമായ ഭയം. മനുഷ്യരുള്‍പ്പെടുന്ന ലോകത്തിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും പേടിയുണ്ട് പക്ഷെ അവയോരോന്നും വ്യത്യസ്തമായിട്ടാണ് പ്രതികരിക്കുന്നത്. തത്ത്വത്തില്‍ മറ്റുള്ളവരെ അകാരണമായി പീഡിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭീരുക്കള്‍ മാത്രമാണ്. അങ്ങനെയുള്ള വ്യക്തികള്‍ക്ക് ജീവിതത്തില്‍ ഒരു കാര്യത്തിലും തീരുമാനങ്ങളെടുക്കുവാന്‍ കഴിവില്ലാത്തവരാണ്. ജീവിതത്തിന്റെ ഒരു മേഖലകളിലും ആത്മവിശ്വാസം ലെവലേശമില്ലാത്ത വ്യക്തിത്വങ്ങള്‍. ഒരു പരിധിവരെ സ്വന്തം ബലഹീനതകളും കെടുകാര്യസ്ഥതകളും  മറച്ചുവയ്ക്കുവാന്‍  മറ്റുള്ളവരെ കരുവാക്കുകയാണ് ചെയ്യുന്നത്.  അതായത് അവരോരുത്തരുടെയും ഭീരുത്വം അവര്‍ സ്വന്തമായി തിരിച്ചറിയുന്നതുകൊണ്ട്  മറ്റുള്ളവരില്‍ അനാവശ്യമായ ഭയം സൃഷ്ടിച്ച് അവര്‍ തന്നെ ആ ഭയത്തോട് സ്വയം പോരാടുകയാണ് ചെയ്യുന്നത്. ഒരോ സമൂഹങ്ങളിലും കൂട്ടായ്മകളിലും ഇങ്ങനെയുള്ള വ്യക്തികളുണ്ട് അവര്‍ അകാരണമായി അനിശ്ചിതത്ത്വം ഉളവാക്കിയെടുക്കുന്നതിലൂടെ  അവരോരുത്തരുടേയും ഉള്ളിലുള്ള അനിശ്ചിതത്ത്വങ്ങള്‍ മൂടി വയ്ക്കുവാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം തന്നെ തങ്ങളുടെ കഴിവുകേടുകള്‍ മറ്റുള്ളവര്‍ ചോദ്യം ചെയ്യാതിരിക്കുവാനും തങ്ങള്‍ക്ക് സാദ്ധ്യമല്ലാത്ത ലക്ഷ്യങ്ങള്‍ മറ്റുള്ളവര്‍ നേടിയെടുക്കുവാതിരിക്കുവാനുമുള്ള മുന്‍കരുതലുകള്‍. 

അന്യായമായി പ്രവര്‍ത്തിക്കുന്നവരും സമൂഹത്തിലും സംഘടനകളിലും അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കുന്നവരും അവരുടെ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ മനസിലാക്കുവാന്‍ സാധിക്കും.  സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വ്യക്തികള്‍ സമൂഹത്തിനും സംഘടനകള്‍ക്കും ഒരുകാലത്തും മുതല്‍ക്കൂട്ടാവുന്നുമില്ല. പക്ഷെ അതിലും വേദനാജനകമായ വസ്തുത അന്യായം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ കഴിവില്ലാതെ നോക്കുകുത്തികളായി നില്‍ക്കുന്ന സമൂഹത്തിലെ മറ്റു വ്യക്തികളാണ്. സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന അനീതി കണ്‍മുന്‍പില്‍ കാണുമ്പോഴും  മനസിലാവുമ്പോഴും ചെറുവിരല്‍ പോലുമനക്കുവാന്‍ കഴിവില്ലാതെ നില്‍ക്കുന്ന തികച്ചും നിസംഗതരായ വ്യക്തികള്‍. മൗനം പാലിക്കുന്നതിലൂടെ അവരോരുത്തരും അന്യായം പ്രവര്‍ത്തിക്കുന്നവരെ അനുകൂലിക്കുകയാണ്.  പലര്‍ക്കും അവരുടേതായ പ്രത്യക സാഹചര്യങ്ങളുണ്ടാവും ചിലപ്പോള്‍ ധൈര്യമില്ലായ്മയാകാം എന്നാല്‍ അനീതി കാണുമ്പോള്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നതും അനീതി ചെയ്യുന്നതിന് തുല്യമാണ്. സമൂഹങ്ങളിലും സംഘടനകളിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള വ്യക്തികള്‍ ഈ ലോകത്തില്‍ വളരെ കുറവാണ്. അതിലും കുറച്ച് വ്യക്തികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുവാന്‍ സമയമുള്ളവരും താല്പര്യപ്പെട്ട് മുന്നോട്ടു വരുന്നതും. അങ്ങനെയുള്ള അവസരങ്ങളില്‍ സമൂഹത്തിന്റെ ഒഴിയാ ബാധകളായ വ്യക്തികളില്‍ നിന്നും സംരക്ഷണവും സഹായവും നല്‍കേണ്ടത് നിസ്സംഗരായി നില്‍ക്കുന്ന  തിരിച്ചറിവുള്ള  വ്യക്തികളാണ്. 

സമൂഹത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികള്‍ നിരന്തരം അനുഭവിക്കുന്ന ഒരു വസ്തുതയാണ് 'വ്യക്തികളിലെ മോശമായ പെരുമാറ്റങ്ങള്‍  നല്ല പെരുമാറ്റത്തേക്കാള്‍ കൂടുതല്‍ അനുകരിക്കപ്പെടുന്നത്, അതോടൊപ്പം പകര്‍ച്ചവ്യാധിയെപ്പോലെ മറ്റുള്ളവരിലേയ്ക്ക് എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്നതും' ഉദാഹരണത്തിനായി സാധാരണ ഒരു പൊതുചടങ്ങ് നടക്കുന്ന സദസിലേയ്ക്ക് കയറിച്ചെല്ലുമ്പോള്‍ അരങ്ങില്‍ വളരെ മനോഹരമായ കലാവിരുന്ന് നടക്കുന്നുണ്ടെങ്കിലും സദസ്യരുടെ ഇടയില്‍ ഒരു മോശം പെരുമാറ്റം നടക്കുന്നുണ്ടെങ്കില്‍ സ്വാഭാവികമായും എല്ലാവരുടെയും ശ്രദ്ധ കലാവിരുന്നിനേക്കാള്‍ മോശം പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളിലേയ്ക്കായിരിക്കും. ചില അവസരങ്ങളില്‍ മനുഷ്യരിലെ ആന്തരികമായ പ്രതിരോധചിന്താഗതികളായിരിക്കാം ഈ പ്രവണതയുടെ മൂലകാരണമെങ്കില്‍ കൂടിയും ക്ഷണിക നേരത്തേയ്ക്കാണെങ്കിലും വ്യക്തികളുടെ ശ്രദ്ധ വ്യതിചലിക്കപ്പെട്ടു. അതോടൊപ്പം ഭംഗിയേറിയ കലാവിരുന്നിനേക്കാള്‍ ദീര്‍ഘകാലത്തേയ്ക്ക് മനുഷ്യരുടെ മനസ്സില്‍ കൂടുതല്‍ പതിഞ്ഞിരിക്കുവാന്‍ സാധ്യതയുള്ളതും പ്രതീക്ഷിക്കാതിരുന്ന മോശമായ സംഭവവികാസങ്ങളായിരിക്കും. സമൂഹത്തില്‍ അക്രമാസക്തരാവുന്ന വ്യക്തികളുമായി ഇടപഴുകുന്നതും അവരെ നേരിടുന്നതും തങ്ങളുടെ ഉയര്‍ന്ന പദവിക്ക് യോജിച്ചതല്ലാത്തതുകൊണ്ട് പലരും ഒഴിവാക്കി വിടുകയാണ് ചെയ്യുന്നത്.  പക്ഷെ തികച്ചും സ്വാര്‍ത്ഥമതിക്കാരായ ഇത്തരം വ്യക്തികള്‍ അവരുടെ വിജയമായി കരുതുകയാണ് പതിവ്. അതിനാല്‍ തന്നെ ഇങ്ങനെയുള്ള വ്യക്തികളില്‍ നിന്നും അവരുടെ സാമൂഹിക വിരുദ്ധതയില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനു പകരം നേരിടുക തന്നെ വേണം. അതിനാവശ്യം ഇങ്ങനെയുള്ള വ്യക്തികളെക്കുറിച്ചുള്ള അറിവ് നേടുകയെന്നത്  തന്നെയാണ്.

ആദ്യമേ സൂചിപ്പിച്ചതുപോലെ സമൂഹീകാന്തരീക്ഷം അലങ്കോലമാക്കുന്ന വ്യക്തികളെല്ലാം തന്നെ പ്രാഥമികമായും പേടിത്തൊണ്ടന്മാരാണ്. അതുകൊണ്ടു തന്നെ സമൂഹത്തിലും പൊതുചടങ്ങുകളിലും അവരുടെ സാന്നിദ്ധ്യവും മേല്‍ക്കോയ്മയും ഉറപ്പാക്കുവാനുള്ള പരിശ്രമങ്ങള്‍ മാത്രമാണ് അവരുടെ താല്‍കാലിക ഉദ്യമങ്ങളെല്ലാം. ഇങ്ങനെയുള്ള വ്യക്തികള്‍ കൂടുതലും ഏതെങ്കിലും തരത്തിലുള്ള ലക്ഷ്യബോദ്ധ്യമുള്ളവരോ പ്രത്യേക താല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുന്നവരുമല്ല മറിച്ച് സമൂഹത്തില്‍ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക. കഥയില്ലാത്ത വ്യക്തികളെന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നവരാണിവര്‍ അല്ലെങ്കില്‍ സമൂഹത്തില്‍ അറിയപ്പെടുന്നവര്‍. എന്നാല്‍ സഹകരണ മനോഭാവമുള്ളവരും അതുകൊണ്ടു തന്നെ  ഏതെങ്കിലുമൊരു അപ്രധാനമായ ജോലിയേല്‍പ്പിക്കുകയാണ് ഇക്കൂട്ടരെ പ്രായോഗികമായി നേരിടുവാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗം. എന്നാല്‍ ഇക്കൂട്ടത്തില്‍ ചിലര്‍  വ്യക്തികളെ തിരഞ്ഞുപിടിച്ചു തേജോവധം ചെയ്യുവാന്‍ ശ്രമിക്കുകയും ചെയ്യും. പലകാരണങ്ങളുണ്ടെങ്കിലും അവിടെയും പ്രധാനമായും മറ്റുള്ളവരുടെ മുന്‍പില്‍ തങ്ങളുടെ പ്രഭാവം നഷ്ടപ്പെടുമെന്നുള്ള പേടിയാണ്. അതുകൊണ്ടുതന്നെ പൊതുവേദികളിലും നേരിട്ടും ശല്യപെടുത്തികൊണ്ടിരിക്കും, ഇവിടെയും അനുനയനം തന്നെയാണ് ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗമെങ്കിലും ചില അവസരങ്ങളില്‍ ഇവരുടെ പുറകില്‍ നിന്ന് ചരട് വലിക്കുന്ന ദുഷ്ടവ്യക്തികളുണ്ടാവും.  കഥയില്ലാത്തതും സ്വന്തമായ ലക്ഷ്യബോധ്യവുമില്ലാത്ത വ്യക്തികളെ സ്വാധീനിക്കുവാന്‍ എളുപ്പമായതുകൊണ്ട് അത്യാഗ്രഹികളും അധികാരമോഹികളുമായ വ്യക്തികള്‍ ഇവരെ ദുരുപയോഗം ചെയ്യുന്നതാണ്. ഇവിടെയും വ്യക്തിപ്രഭാവങ്ങള്‍ തമ്മിലുള്ള  വൈരുദ്ധ്യമാണ് വളരെ കരുതലോടെ മാത്രം നേരിടേണ്ട സ്ഥിതിവിശേഷമാണ്. സാഹചര്യം ശരിക്കും മനസിലാക്കുവാന്‍ ശ്രമിക്കുകയും  പരിസ്ഥിതികള്‍ അനുകൂലമാണെങ്കില്‍ മാത്രം നേരിടുക അതല്ലെങ്കില്‍ പിന്‍വലിയുന്നതായിരിക്കും ഏറ്റവും ഉചിതമായ നടപടി. ആയുസ്സും ആരോഗ്യവും സല്‍പ്പേരും നിലനില്‍ക്കുന്നിടത്തോളം പ്രവര്‍ത്തിക്കുവാന്‍ ധാരാളം അവസരങ്ങള്‍ വന്നുകൊണ്ടിരിക്കും.

സ്വാര്‍ത്ഥതാല്പര്യക്കാരായ വ്യക്തികള്‍ ഒരിക്കല്‍പോലും അവരുടെ ചെയ്തികളുടെയും അതിനെത്തുടര്‍ന്നുള്ള വരുംവരായ്കകളുടെയും  ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല. എല്ലായ്‌പ്പോഴും മറ്റുള്ളവരെ പഴിചാരുക മാത്രമാണ് ചെയ്യുന്നത്. പ്രത്യേകിച്ചും അവരുടെ കൊള്ളരുതായ്മകളും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ ചെയ്യിച്ചതാണെന്ന് വാദഗതി ഉയര്‍ത്തികൊണ്ടിരിക്കും. അവരുടെ കാഴ്ചപ്പാടുകളില്‍ അവര്‍ ചെയ്യുന്നത് മാത്രമാണ് എപ്പോഴും ശരിയും, അവരുടെ ചിന്താഗതികളില്‍ അവസരത്തിനൊത്ത് അവര്‍ പ്രതികരിച്ചതിനാല്‍ അവര്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ മാതൃകയാണ്. വിപുലമായ ക്ഷേമ പദ്ധതികളൊന്നും ഉള്‍കൊള്ളുവാനുള്ള മാനസിക വളര്‍ച്ചയില്ലാത്ത വ്യക്തികളാണിവര്‍.  എന്നാല്‍ എല്ലായ്‌പ്പോഴും നഷ്ടം പൊതുസമൂഹത്തിനും മറ്റുള്ളവര്‍ക്കുവേണ്ടി ആല്‍മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാനിറങ്ങുന്ന വ്യക്തികള്‍ക്കുമാണ്. താല്‍ക്കാലികമായെങ്കിലും സമൂഹ നന്മയ്ക്കായി വിഭാവനം ചെയ്ത പദ്ധതികള്‍ക്ക് കാലതാമസം നേരിടുകയാണ് ചില അവസരങ്ങളില്‍  എന്നെന്നേയ്ക്കുമായി മുടങ്ങിപ്പോവുകയും ചെയ്യും.  സാമൂഹിക വിരുദ്ധത പ്രകടിപ്പിക്കുന്ന വ്യക്തികള്‍ കാഴ്ച്ചയ്ക്ക് സ്വാഭാവികത പ്രതിഫലിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ മാനസിക രോഗികളാണ്. ജനിക്കുമ്പോള്‍ മുതലുള്ള കാലഘട്ടങ്ങളിലെവിടെയോ കുടുംബാംഗങ്ങളുള്‍പ്പെടുന്ന  മറ്റു വ്യക്തികളാല്‍ പീഡിപ്പിക്കപ്പെട്ടവര്‍. കാലാകാലങ്ങളായി അവരുടെ ഉണങ്ങാത്ത മാനസിക മുറിവുകള്‍ മറ്റുള്ളവരോടുള്ള വിധ്വേഷമായി സമൂഹത്തില്‍ പ്രകടിപ്പിക്കുന്നു. ഇവിടെയും വിവേകവും ബുദ്ധിയുമുള്ള വ്യക്തികള്‍ വരും വരായ്കകള്‍ തിരിച്ചറിഞ്ഞു തന്നെ പ്രവര്‍ത്തിക്കണം. സാമൂഹിക വിരുദ്ധരോട് അതെ നാണയത്തില്‍ എളുപ്പത്തില്‍ മറുപടി പറയുവാന്‍ സാധിക്കും പക്ഷെ നഷ്ടം ആല്‍മാര്‍ത്ഥയേറെയുള്ളവര്‍ക്കാണ്, കാരണം അവര്‍ക്ക് നുണ പറയുവാന്‍ അറിയില്ല പറഞ്ഞാലും എളുപ്പം പിടിക്കപ്പെടും. നിയമത്തിന്റെ മുന്‍പില്‍ അറിഞ്ഞും അറിയാതെയും ചെയ്യുന്ന തെറ്റുകള്‍ ശിക്ഷിക്കപ്പെടാവുന്ന തെറ്റുകള്‍ മാത്രമാണ്. അതുകൊണ്ട് ചില അവസരങ്ങളില്‍ മറ്റുള്ളവര്‍ ഭീരുത്വമാണെന്ന് മുദ്രകുത്തിയാലും ബുദ്ധിപരമായി സംയമനം പാലിക്കുക തന്നെ വേണം, പ്രത്യേകിച്ചും നിയമസംവിധാനങ്ങളെ വിലയ്ക്കെടുക്കുവാന്‍ സാധിക്കാത്ത വികസിത രാജ്യങ്ങളില്‍ ജീവിക്കുമ്പോള്‍.

സമൂഹത്തിന്റെ തീരാകളങ്കമായി മാറിയിരിക്കുന്ന  വ്യക്തികളുടെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മൂലവും സഭ്യമല്ലാത്ത സംസാര ശൈലികള്‍ മൂലവും ഊര്‍ജ്ജസ്വലരായ പല പ്രമുഖ വ്യക്തികളും സാമൂഹിക പ്രവര്‍ത്തനങ്ങളും സംഘടനാ  പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്. മനോരോഗികളായ സാമൂഹികവിരുദ്ധര്‍ക്ക് നഷ്ടപ്പെടുവാനൊന്നുമില്ല എന്നാല്‍ സമൂഹത്തിനാണ് നഷ്ടങ്ങളേറെയും, ആല്‍മാര്‍ത്ഥതയുള്ള സന്നദ്ധപ്രവര്‍ത്തകരുടെ വിലയേറിയ പ്രവര്‍ത്തനങ്ങളും അതിന്റെ ഗുണങ്ങളും. മനുഷ്യരെന്നും സാമൂഹിക ജീവികളാണ് അവരുടെ ബാഹ്യമായ ശാരീരിക രൂപവും ജീവിത രീതികളും പ്രവര്‍ത്തനരീതികളും അവരോരുത്തരെയും എളുപ്പത്തില്‍ തിരിച്ചറിയുവാനുള്ള ഉപാധികള്‍ മാത്രമായാണ് കാണേണ്ടത്, തരംതിരിക്കുവാനുള്ള കുറുക്കു വഴികളായല്ല. സാമൂഹിക സാംസ്‌കാരിക സംഘടനകളടങ്ങുന്ന മനുഷ്യന്റെ എല്ലാ പ്രവര്‍ത്തന മേഖലകളും എല്ലാവരുടെയും മനോരഞ്ജനത്തിനുള്ള വേദികളും സാമൂഹിക ഉദ്ധാരണത്തിനുള്ള ഉപാധികളും മാത്രമാണ്. അവിടങ്ങളിലെല്ലാം കുത്തിത്തിരുപ്പുകളും കുപ്രചാരണങ്ങളും നടത്തുന്ന സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അതിലേയ്ക്കായി കൂട്ടായ പ്രവര്‍ത്തനം നടത്തുക തന്നെ ചെയ്യണം, ഇനിയും സമൂഹത്തില്‍ നിസംഗതരായി വര്‍ത്തിക്കാതെ പ്രതികൂലതകളെ സധൈര്യം നേരിടുന്ന കര്‍മ്മനിരതരായ വ്യക്തികളായി മാറിയെങ്കില്‍ മാത്രമേ സാമൂഹിക വിരുദ്ധരെ തോല്പിക്കുവാന്‍ സാധിക്കുകയുള്ളു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category