1 GBP = 92.40 INR                       

BREAKING NEWS

2018ലെ മഹാപ്രളയത്തില്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടത് കുട ചൂടി ആശങ്കയുടെ മുഖവുമായി അണ്ടാവില്‍! 2020ല്‍ അപ്രതീക്ഷിതമായി വെള്ളം നിറഞ്ഞപ്പോള്‍ രക്ഷിക്കാനെത്തിയത് അഗ്‌നിശമന സേനയുടെ റബ്ബര്‍ ബോട്ടും; ഭയാശങ്കയൊന്നുമില്ലാതെ അയല്‍പക്കത്തുള്ളവരുമായി മാസ്‌ക് ധരിച്ച് കോവിഡുകാലത്തെ രക്ഷപ്പെടല്‍; കുണ്ടമണ്‍കടവിലെ വീട്ടില്‍ വെള്ളം കയറിയപ്പോള്‍ മല്ലികാ സുകുമാരനെ സുരക്ഷിത സ്ഥാനത്തെത്തിച്ചത് ഫയര്‍ഫോഴ്സ്; പൃഥ്വിരാജിന്റേും ഇന്ദ്രജിത്തിന്റേയും അമ്മയുടെ വീട്ടില്‍ വീണ്ടും പ്രളയമെത്തിയപ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇത്തവണയും വെള്ളപ്പൊക്കത്തില്‍ നടി മല്ലികാ സുകുമാരന്‍ കുടുങ്ങി. ജോര്‍ദ്ദാനില്‍ ആട് ജീവിതത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നെത്തിയ മകന്‍ പൃഥ്വി രാജ് ക്വാറന്റൈനിലാണ്. ഇതിനിടെയാണ് മല്ലികാ സുകുമാരന്റെ പ്രളയത്തിലെ ഒഴുപ്പിക്കല്‍ വീണ്ടും വാര്‍ത്തയാകുന്നത്. രണ്ട് കൊല്ലം മുമ്പ് അണ്ടാവില്‍ കയറി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന മല്ലികയുടെ ഫോട്ടോ വൈറലായിരുന്നു. ഇത്തവണ അതുണ്ടായില്ല. പകരം രക്ഷാ പ്രവര്‍ത്തകരുടെ സഹായത്തോടെ രക്ഷ നേടി. തിരുവനന്തപുരത്തെ കുണ്ടമണ്‍കടവിലെ വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നടി മല്ലികാ സുകുമാരന്‍ ബന്ധുവീട്ടിലേക്ക് മാറി. കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളിലാണ് കരമനയാറ്റില്‍നിന്ന് വെള്ളം കയറിയത്.

തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ റബ്ബര്‍ബോട്ട് കൊണ്ടുവന്ന് വീടുകളിലുള്ളവരെ കരയിലേക്ക് മാറ്റി. ജവഹര്‍നഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് നടി മാറിയത്. 2018- ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെത്തുടര്‍ന്ന് മല്ലികാ സുകുമാരന്‍ ഉള്‍പ്പടെയുള്ളവരെ മാറ്റിയിരുന്നു. ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാന്‍ കാരണമായതെന്ന് മല്ലികാസുകുമാരന്‍ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാര്‍ക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. വീടിനുപിറകിലെ കനാല്‍ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മൂന്നുവര്‍ഷമായി നടപടിയുണ്ടായില്ലെന്നും മല്ലിക പറഞ്ഞു മാതൃഭൂമിയാണ് മല്ലികാ സുകുമാരന്റെ 2020ലെ രക്ഷപ്പെടല്‍ ചിത്രം പ്രസിദ്ധീകരിച്ചത്. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

പൃഥ്വിരാജ് ഇന്നലെയാണ് ജോര്‍ദ്ദാനില്‍ നിന്നെത്തിയത്. ആടു ജീവിതത്തിന്റെ ഷൂട്ടിംഗിന് പോയി കൊറോണ ലോക് ഡൗണില്‍ കുടുങ്ങിയതാണ് പൃഥ്വി. കൊച്ചിയില്‍ വിമാനം ഇറങ്ങി തന്റെ കാറില്‍ നേരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കാണ് പൃഥ്വി പോയത്. മകന്‍ എത്തിയ ദിവസം തന്നെയാണ് അമ്മയും വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയത്. കരമനയാറ്റിന്റെ തീരത്ത് താമസിക്കുന്നവരെല്ലാം ഇപ്പോള്‍ തിരുവനന്തപുരത്ത് ആശങ്കയിലാണ്. അരുവിക്കര ഡാമും മറ്റും തുറന്നു വിട്ടപ്പോള്‍ മില്ലക രണ്ടാമതും പ്രളയത്തില്‍ കുടുങ്ങി. മല്ലികയുടെ മൂത്ത മകന്‍ ഇന്ദ്രജിത്താണ്. ഇന്ദ്രജിത്തും കൊച്ചിയിലാണ് കുടുംബത്തോടൊപ്പം താമസം.

2018ലെ മഹാപ്രളയത്തിലായിരുന്നു മല്ലികയുടെ ആദ്യ ഒഴിപ്പിക്കല്‍. അന്ന് പ്രളയത്തിനിടെയിലെ രക്ഷപ്പെടലിലെ ഫോട്ടോയുമായി ചേര്‍ത്ത് ലംബോര്‍ഗനിയുമായി ബന്ധപ്പെട്ട ട്രോളുകള്‍ മല്ലികാ സുകുമാരനെ എല്ലാ വിധത്തിലും അപമാനിക്കുന്നതായിരുന്നു. എല്ലാം പരിധികളും വിട്ട പരിഹാസങ്ങള്‍. പരിധി വിട്ടെന്ന് മനസ്സിലായതോടെ ട്രോളുകാര്‍ പിന്മാറി. അപ്പോഴേക്കും അണ്ടാവില്‍ പൃഥ്വി രാജിന്റെ അമ്മ രക്ഷപ്പെടുന്ന ഫോട്ടോ വൈറലായിരുന്നു. മല്ലികയെ തേടി നിരവധി ഫോണ്‍ കോളുകളാണ് എത്തിയത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുമ്പോഴാണ് മല്ലികാ സുകുമാരനെ കളിയാക്കിയതെന്ന പൊതു വികാരവും സജീവമായി. എന്നാല്‍ അന്ന് സംഭവിച്ചത് അത്ര വലിയ സംഭവമല്ലായിരുന്നെന്നും ഫോട്ടോയില്‍ കാണുന്നത്ര ഭീകര അന്തരീക്ഷമൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നും മല്ലിക പറയുന്നു.

2018ലെ രക്ഷപ്പെടല്‍ മല്ലിക വിവരിച്ചത് ഇങ്ങനെ
2018ല്‍ വീട്ടിലെ പോണ്ടില്‍ നിന്നാണ് കുണ്ടമണ്‍ കടവിലെ മല്ലികയുടെ വീട്ടില്‍ വെള്ളം കയറിയതെന്നായിരുന്നു വാര്‍ത്ത. വീടിന് മുമ്പില്‍ നിര്‍ത്തിയിരുന്ന കാറില്‍ കയറാനാണ് അണ്ടാവിന്റെ സഹായം തേടിയതെ്. എന്ന് സംഭവിച്ചത് മല്ലികാ സുകുമാരന്‍ തന്നെ പറഞ്ഞിരുന്നു. 'എല്ലാവരും ക്ഷമിക്കണം. ഇന്നലെ രാത്രി 12 മണിക്ക് അമേരിക്ക മുതല്‍ തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാന്‍ വയ്യ. ഞങ്ങടെ വീട്ടില്‍ വെള്ളം കയറിയത് പ്രളയ വെള്ളമല്ല. ഞങ്ങളുടെ റോഡിലൊക്കെ നിറച്ചും വെള്ളമായി. എന്റെ കാര്‍ പോര്‍ട്ടിക്കോയില്‍ വരെ വന്നു. റോഡില്‍ നിന്ന് കുറച്ച് പൊങ്ങിയാണ് വീട്. ഞങ്ങള്‍ക്ക് വീടിനകത്തൊരു വാട്ടര്‍ ബോഡിയുണ്ട്. കുറച്ച് മീനൊക്കെയുണ്ട്. മക്കളും കൊച്ചുമക്കളും ഓണത്തിനു വരുമെന്നു പറഞ്ഞപ്പോള്‍ ഞാനതിന്റെ വെള്ളമൊക്കെ വറ്റിച്ച് കഴുകിയിട്ടു. അല്ലെങ്കില്‍ കൊച്ചുമക്കളെല്ലാം കൂടി സ്വിമ്മിങ് പൂളാണെന്നും പറഞ്ഞ് മീനിന്റെ കൂടെ കിടന്ന് ചാടും. അതിന്റെ സൈഡില്‍ ഓട പോലെ ഒരു സാധനമുണ്ട്. മുമ്പിലെ കനാല് നിറഞ്ഞതിന്റെ പ്രഷറായിരിക്കാം. ആ ഓട പോലത്തെ സാധനത്തിലൂടെ അകത്തോട്ട് വെള്ളം കയറാന്‍ തുടങ്ങി. ചെളികലര്‍ന്ന വെള്ളം. പിന്നെ അത് നിറഞ്ഞ് റൂമിലൊക്കെ വന്നു. ഇപ്പോള്‍ അതൊക്കെ മാറി'.

'ഞാന്‍ കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാല്‍, വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാന്‍ വയ്യ. അപ്പോള്‍ നേരെ മുമ്പിലെ വീട്ടില്‍ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ചെമ്പില്‍ കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കയറി. ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. ഞാനാ കാറിലെത്താന്‍ വേണ്ടി ഇതില്‍ കയറിയിരുന്നപ്പോള്‍ ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. സത്യം പറഞ്ഞാല്‍ ഇരിക്കപ്പൊറുതിയില്ല. എന്നാല്‍ അതിനപ്പുറത്തൊക്കെ മക്കളേ എടാ മോനേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. അവരുടെ ഒന്നും വിഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. ക്ലീനിങൊക്കെ കഴിഞ്ഞു.'
'ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാന്‍ എഴുതി അയച്ചു കാണും. അത്ര തന്നെ ഫോണ്‍ കോള്‍സും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാന്‍ കൈ വയ്യ'. അന്വേഷിച്ചവരോടൊക്കെ സ്നേഹവും നന്ദിയുമുണ്ട്. എന്നാലും ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി. ദൂരെ ഇരിക്കുന്നവര്‍ പേടിച്ച് പോയി ഇതൊക്കെ കണ്ടിട്ട്.'മല്ലികാ സുകുമാരന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. റോഡ് മോശമായതിനാല്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കാര്‍ വീട്ടിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ലെന്ന മല്ലിക സുകുമാരന്റെ മുന്‍ പ്രസ്താവന വരെ എടുത്ത് പ്രയോഗിച്ചായിരുന്നു പലരും മല്ലികയെ ട്രോളിയത്.

ലംബോര്‍ഗിനിയിലും ട്രോളര്‍മാരോട് പരിഭവിച്ചില്ല
മകന്‍ പൃഥ്വിരാജ് ലംബോര്‍ഗിനി സ്വന്മാക്കിയെങ്കിലും അത് വീട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ മല്ലിക സുകുമാരനു നേരെ ട്രോളുകളുടെ പെരുമഴയായിരുന്നു അന്നും ഉണ്ടായത്. ഇതോടെ വിഷയം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. ഇതില്‍ മല്ലിക സുകുമാരനെ വിമര്‍ശിച്ച് പലരീതിയിലുള്ള ട്രോളുകളും വന്നിരുന്നു. വിഷയത്തില്‍ അന്നൊന്നും പ്രതികരിച്ചില്ലെങ്കിലും പിന്നീട് ഒരു ചാനല്‍ പരിപാടിക്കിടെ മല്ലിക വിഷയത്തില്‍ പ്രതികരിച്ചിരിച്ചിരുന്നു.

ലംബോര്‍ഗിനി കാറിന്റെ ഉടമ ഞാനല്ല. അതെന്റെ മകന്‍ വാങ്ങിയ കാറാണ്. മകന്‍ കാര്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അവനും അവന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ഉള്ളതാണ്. ലംബോര്‍ഗിനിയെക്കുറിച്ച് സംസാരിച്ചത് സോഷ്യല്‍മീഡിയ വന്‍ ചര്‍ച്ചാവിഷയമാക്കി. അതുകൊണ്ട് ഞാന്‍ വലിയ താരവുമായി. - ഇതായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം. ട്രോളുകള്‍ വരുന്നകാര്യം ആദ്യം അറിയിച്ചതും പൃഥ്വിയാണെന്നും മല്ലിക പറഞ്ഞിരുന്നു.. ട്രോള്‍ വന്ന കാര്യം ആദ്യം എന്നെ അറിയിച്ചത് പൃഥ്വിയും ഇന്ദ്രജിത്തുമാണ്. ഞാന്‍ ലംബോര്‍ഗിനി വാങ്ങിയ കാര്യം അമ്മ പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് വന്നതെന്ന് പൃഥ്വി പറഞ്ഞു. 'ഓ പൊങ്ങച്ചമാണെങ്കില്‍ പൊങ്ങച്ചം. അമ്മ തന്നെയല്ലെ പറഞ്ഞത്, വഴിയേ പോയവരല്ലല്ലോ' എന്ന് ഞാനും മറുപടി നല്‍കി. പക്ഷേ ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് ഞാന്‍ കരുതിയില്ല.

എന്തെങ്കിലും സീരിയലും കണ്ട് സീരിയലില്‍ അഭിനയിച്ചും ഇടയ്ക്ക് ദോഹയില്‍ പോയും സമയം കഴിച്ചുപോവുകയായിരുന്നു ഞാന്‍. ഇതോടെ എന്നെ പെട്ടെന്ന് എല്ലാവരും ചേര്‍ന്ന് സൂപ്പര്‍താരമാക്കി. 'അടുത്ത കാലത്ത് പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങി. ചേച്ചി ആ വണ്ടി ഇവിടെ വന്നോ, ചേച്ചി കണ്ടോ, അതില്‍ കേറി യാത്ര ചെയ്‌തോ' എന്നാണ് അഭിമുഖം ചെയ്തയാള്‍ എന്നോട് ചോദിച്ചത്. ഞാന്‍ വണ്ടി കണ്ടു, യാത്ര ചെയ്തില്ല. റോഡ് പ്രശ്‌നമായതിനാല്‍ തിരുവനന്തപുരത്തുകൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാണ് ഞാന്‍ പറഞ്ഞത്. ഇതോടെയാണ് ട്രോള്‍ തുടങ്ങിയത്. ശരിക്കും എനിക്ക് ട്രോളര്‍മാരോട് സ്‌നേഹമുണ്ട്. ഞാന്‍ താരമായെങ്കിലും എനിക്ക് ഒരപേക്ഷയുണ്ട്. സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കെതിരെ അവര്‍ ശബ്ദിക്കണം. അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആള്‍ക്കാരുടെ നേര്‍ക്കല്ല. എന്നെ ട്രോളിയതില്‍ പ്രശ്‌നമില്ല. എനിക്ക് പ്രായമായി. ഇതൊക്കെ കേള്‍ക്കാനും വായിക്കാനും എനിക്ക് ഇഷ്ടമാണ്.
ട്രോള്‍ കണ്ട് നിരവധിപ്പേര്‍ മെസേജ് ചെയ്തു. സിനിമാക്കാര്‍ക്ക് ഫാന്‍സ് ഉണ്ട്, രാഷ്ട്രീയക്കാര്‍ക്ക് അവരുടേതായ കുറേ അണികള്‍ കാണും. പക്ഷേ ഇതൊന്നും ഇല്ലാതെ, ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഒരമ്മ ജനത്തിനെ കൊണ്ട് ട്രോളുകാര്‍ക്കെതിരെ പ്രതികരിപ്പിച്ച ആദ്യത്തെ താരമാണ് മല്ലിക ചേച്ചി എന്നാണ് എല്ലാവരും പറഞ്ഞത്. - മല്ലിക സുകുമാരന്‍ അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ഫോട്ടോ കടപ്പാട്-മാതൃഭൂമി

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category