പാസില്ലാ യാത്ര രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ മാത്രം; രാത്രി ഏഴിന് ശേഷമുള്ള അന്തര്‍ ജില്ലാ യാത്രയ്ക്ക് പൊലീസ് പാസ് കൂടിയേ തീരൂ; മാസ്കും സാനിറ്റൈസറും നിര്‍ബന്ധം; സര്‍ക്കാര്‍ ജീവനക്കാരുടെ യാത്രകള്‍ക്ക് ഔദ്യോഗിക കാര്‍ഡ് കൈയില്‍ കരുതിയാല്‍ മതി; ബ്രേക്ക് ദി ചെയിന്‍ ക്യാമ്പെയിനും ലംഘിക്കരുത്; ഇളവുകള്‍ക്കിടയിലും ലോക്ഡൗണ്‍ കാലത്ത് കേസുകള്‍ക്ക് സാധ്യത ഏറെ
കൊച്ചി: വൈകിട്ട് ഏഴിന് ശേഷമുള്ള അന്തര്‍ ജില്ലാ യാത്രയ്ക്ക് പാസ് കൂടിയേ തീരൂ. ഇല്ലെങ്കില്‍ ലോക് ഡൗണ്‍ കേസും അറസ്റ്റും നിയമ നടപടിയും ഉറപ്പ്. ഇപ്പോള്‍ ഏതു ജില്ലയിലേക്ക് യാത്രചെയ്യാനും പാസിന്റെ ആവശ്യമില്ല. എന്നാല്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയായിരിക്കണം യാത്ര. ഇതിനുശേഷമാണെങ്കില് പാസ് വേണം. മെഡിക്കല്‍ ആവശ്യത്തിനുമാത്രമേ കിട്ടൂ. എന്നാല്‍, കണ്ടെയ്ന്മെന്റ് മേഖലകളിലേക്ക് പകലും യാത്രാനുവാദമില്ല.
വൈകീട്ട് ഏഴിനുശേഷമുള്ള യാത്രയ്ക്ക് പൊലീസിന്റെ പാസിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. അനുമതി കിട്ടിയാല്‍ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേക്ക് മറ്റൊരു ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പൊലീസ് പരിശോധനയില്‍ കാണിക്കാം. യാത്രയില്‍ തിരിച്ചറിയല്‍ രേഖ കൂടി കൈയില്‍ കരുതണം. ഇല്ലാത്ത പക്ഷം ലോക് ഡൗണ്‍ കേസ് ഉറപ്പാണ്. സ്റ്റേഷനില്‍ അപേക്ഷിച്ചും പാസ് നേടാം. കാറില്‍ ഡ്രൈവര്‍ക്കും പരമാവധി രണ്ടുപേര്‍ക്കുമാണ് യാത്ര ചെയ്യാവുന്നത്.
അപേക്ഷകന്റെ പേര്, വിലാസം, ജനനത്തീയതി, കൂടെയുള്ള യാത്രക്കാരുടെ പേര്, യാത്രചെയ്യുന്ന ദിവസവും സമയവും, തിരികെ യാത്ര ചെയ്യുന്നെങ്കില്‍ ഈ വിവരങ്ങള്‍, വാഹനനമ്പര്‍, ഏതുതരം വാഹനം, ഡ്രൈവറുടെ പേര്, ഫോണ്‍ നമ്പര്‍, ഏത് ജില്ലയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്, ഏത് ജില്ലയിലേക്കാണ് യാത്ര, അപേക്ഷ നല്കുന്ന പൊലീസ് സ്റ്റേഷന് എന്നിവയാണ് അപേക്ഷയില്‍ നല്‍കേണ്ട വിവരങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാരെയും അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവരെയും പാസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ തിരിച്ചറിയല്‍കാര്‍ഡ് കാണിച്ചാല്‍മതി. ഇവര്‍ക്കും രാത്രി യാത്രയാകാം.
മാസ്ക് ഉപയോഗം കര്‍ശനമാക്കും.ഇതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. സ്പെഷ്യല്‍ ഫോഴ്സ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മാസ്ക് ഉപയോഗിക്കാത്തവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ നിയമനടപടികള്‍ കര്‍ശനമാക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിന്റെ ഭാഗമായ എസ് എം എസ് (സോപ്പ് / സാനിറ്റൈസര്‍ മാസ്ക്, സോഷ്യല്‍ ഡിസ്റ്റന്‍സ്) കര്‍ശനമായി പാലിക്കണം.
മെയ് അവസാനം വരെ ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും രോഗവ്യാപനം എത്ര കണ്ട് തടയാനാവുമെന്നതില്‍ ആശങ്കയുണ്ട്. കര്‍ശനമായ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതുകൊണ്ട് മാത്രമാണ് കൊറോണ വ്യാപനം തടഞ്ഞത്. ഇതുവരെ പാലിച്ച സകല നിയന്ത്രണങ്ങളുടെയും ഫലം തന്നെയാണ് കേരളത്തില്‍ കൊറോണ പകര്‍ച്ച തടയാനായി എന്നത്. ഈ സാഹചര്യത്തില്‍ നിയന്ത്രിത അളവില്‍ ലോക് ഡൗണ്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് ഇന്നലെ എറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഒരു മരണവും ഉണ്ടായി. ഇന്നലെ 42 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്കാണ് നെഗറ്റീവായത്. 732 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 216 പേര് ഇപ്പോല്‍ ചികിത്സയിലുണ്ട്. കണ്ണൂര്‍ 12, കാസര്‍ഗോഡ് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം പത്തനംതിട്ട വയനാട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. 28 ഹോട്ട്സ്പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 21 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 17 പേരും ഇന്ന് രോഗം സ്ഥരീകരിച്ചവരില്‍പെടുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞ്.
ഇന്നത്തെ രോഗബാധിതരുടെ കണക്ക് കൊവിഡ് പ്രതിരോധത്തില്‍ നാം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഇതിലുമധികം ആളുകള്‍ ഇനിയും വരും ഒരു കേരളീയന്റെ മുന്നിലും നമ്മുടെ വാതില്‍ അടഞ്ഞു കിടക്കില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണത്തിലെ ഇളവുകള്‍ ആഘോഷിക്കാനുള്ളതല്ല ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ഈ ഇളവുകള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.