1 GBP = 93.50 INR                       

BREAKING NEWS

സെലിബ്രിറ്റിയാകാന്‍ ഒരു ദിനം മതിയാകും; ലാലേട്ടനും മമ്മൂക്കയും വര്‍ഷങ്ങള്‍ കൊണ്ട് നേടിയ താരപദവി 10 വയസുകാരി സൗപര്‍ണിക നേടിയത് വെറും നാലു വര്‍ഷത്തിനുള്ളില്‍; ബ്രിട്ടീഷ് ജനത അറിയുന്ന ഏറ്റവും പ്രശസ്തയായ യുകെ മലയാളി പെണ്‍കുട്ടി മനസ് തുറക്കുമ്പോള്‍ അഴിയുന്നത് കൊച്ചു കൊച്ചു രഹസ്യങ്ങള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ചാനലും യുട്യൂബും എല്ലാം ഇളകിമറിയുന്ന കാലത്തു അല്‍പം ഭാഗ്യം കൂടെയുണ്ടെങ്കില്‍ സെലിബ്രിറ്റിയാകാന്‍ ഒരൊറ്റ ദിവസം മതിയാകും. അതിനാല്‍ തന്നെ കാലം അതിനൊരു പേരുമിട്ടു, വൈറല്‍ ആകുക. ഈ പുത്തന്‍ പ്രതിഭാസത്തിനു പ്രത്യേകിച്ച് പ്രതിഭ ഒന്നും ആവശ്യമില്ല, എന്തു കാണിച്ചും വൈറല്‍ ആകാം എന്നതാണ് ഇപ്പോള്‍ ട്രെന്റ്. എന്നാല്‍ താരം എന്നൊരാളെ വിശേഷിപ്പിക്കണമെങ്കില്‍ വൈറല്‍ ആയതു കൊണ്ട് കഴിയില്ല, അതിനു പ്രതിഭയും പ്രസിദ്ധിയും ബുദ്ധിയും മഹാഭാഗ്യവും എല്ലാം ഒത്തിണങ്ങി എത്തണം. യുകെ മലയാളികള്‍ ഇപ്പോള്‍ അത്തരം ഒരു താരോദയത്തിന്റെ സാക്ഷികളായി മാറിയിരിക്കുകയാണ്. മിനിഞ്ഞാന്ന് രാത്രി 8.20നു ജനലക്ഷങ്ങള്‍ കാഴ്ചക്കാരായുള്ള ഐടിവിയുടെ ബ്രിട്ടന്‍ ഗോട്ട് ടാലന്റ് മിനി സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ആദ്യമായി അനേകായിരം മലയാളികളും ടിവിയ്ക്കു മുന്നിലെത്തി. സൗപര്‍ണിക നായര്‍ എന്ന വെറും പത്തു വയസുകാരിയുടെ പ്രകടനം കാണാന്‍. 

ഈ റിയാലിറ്റി ഷോയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മലയാളി പ്രകടനം എന്നതും ആകാംക്ഷക്ക് കാരണമായി. ലോക്ഡൗണ്‍ പ്രയാസം ഒക്കെ മറന്നു ബ്രിട്ടീഷ് ജനത ഇന്നലെ മലയാളി പെണ്‍കുട്ടി സൗപര്‍ണികയുടെ പാട്ടു മതിമറന്ന് ആഘോഷിച്ചപ്പോള്‍ ബ്രിട്ടീഷ് മലയാളിക്കും അതില്‍ ചെറിയൊരു പങ്കിന്റെ അവകാശം സന്തോഷത്തോടെ പങ്കിടാനുണ്ട്. നാലു വര്ഷം മുന്‍പ് ഇന്ത്യന്‍ സ്വതന്ത്ര്യ ദിനത്തില്‍ സൗ എന്ന് ഇപ്പോള്‍ ബ്രിട്ടീഷുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സൗപര്‍ണിക പാടിയ വന്ദേമാതരം ഗാനം ആദ്യമായി വായനക്കാരില്‍ എത്തിച്ചത് ബ്രിട്ടീഷ് മലയാളിയാണ്. അന്ന് രണ്ടു ലക്ഷം കാഴ്ച്ചക്കാരെ സ്വന്തമാക്കിയ ആ വിഡിയോ ഇപ്പോള്‍ രണ്ടര മില്യണ്‍ ആളുകളില്‍ എത്തിക്കഴിഞ്ഞു.

ഇന്നലെ ബ്രിട്ടന്‍ ഗോട്ട് ടാലന്റ് പ്രകടനത്തിന് ശേഷം ലോകത്തിന്റെ പല ഭാഗത്തു നിന്നും അച്ഛന്‍ ബിനു നായരുടെയും 'അമ്മ രഞ്ജിതയുടെയും ഫോണില്‍ ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞു കേട്ട് നമ്പര്‍ സംഘടിപ്പിച്ചവരും എല്ലാം നിരന്തരം വിളിച്ചു കൊണ്ടേയിരിക്കുകയാണ്, സന്തോഷം പങ്കിടാന്‍. ബിജിടിയിലെ പ്രകടനത്തിന് ശേഷം സൗപര്‍ണികയുടെ വാക്കുകള്‍ ആദ്യമായി എത്തുന്നതും ബ്രിട്ടീഷ് മലയാളി വായനക്കാരിലേക്കാണ്. മറ്റൊരു മാധ്യമവും പ്രസിദ്ധപ്പെടുത്തും മുന്‍പ് സൗപര്‍ണികയെ വായനക്കാരില്‍ എത്തിക്കുക എന്ന സന്തോഷമാണ് ഇന്ന് ബ്രിട്ടീഷ് മലയാളി വായനക്കാരുമായി പങ്കിടുന്നത്. സൗപര്‍ണികയുടെ വാക്കുകളിലൂടെ:

സൗപര്‍ണികക്ക് ഇപ്പോള്‍ എത്രത്തോളം സന്തോഷമുണ്ട്?
(തന്റെ സന്തോഷം എത്ര വലുതാണ് എന്ന് സത്യത്തില്‍ പറയാന്‍ സൗപര്‍ണികയ്ക്കു കഴിയുന്നില്ല, കാരണം അത്രയും വലിയ സന്തോഷമാണ് ഈ കൊച്ചുമിടുക്കിക്ക്. സാധാരണ കുട്ടികള്‍ പറയുന്ന ഒരു തകര്‍പ്പന്‍ മറുപടിയാണ് ഈ ചോദ്യത്തിന്റെ ഉത്തരമായി കിട്ടിയത്) വണ്‍ മില്യണ്‍ ടൈംസ് മില്യണ്‍ സന്തോഷം. പിന്നെയും മില്യണ്‍ സന്തോഷം (മില്യന്റെ പല കണക്കുകള്‍ സൗ പറഞ്ഞുകൊണ്ടേയിരുന്നു)

കൂട്ടുകാരായ പാട്ടുകാരോടും മറ്റു മലയാളി കുട്ടികളോടും ഒക്കെ ഇപ്പോള്‍ എന്താണ് പറയാന്‍ ഉള്ളത്?
(ചോദ്യകര്‍ത്താവിന്റെ ഉത്തരം മുട്ടിച്ച മറുപടിയാണ് സൗപര്‍ണിക നല്‍കിയത്, തികച്ചും ദാര്‍ശനിക ഭാവത്തോടെ) കുട്ടിയായ ഞാന്‍ എങ്ങനെയാണു കുട്ടികളോട് മെസേജ് പറയുക. ഒരു കുട്ടി മറ്റൊരു കുട്ടിയോട് മെസേജ് പറയാന്‍ പാടുണ്ടോ? 

മക്കന്റൈന്‍ ഷോയിലും ബ്രിട്ടന്‍ ഗോട്ട് ടാലന്റിലും പങ്കെടുത്തപ്പോള്‍ അച്ഛന്‍ എന്ത് സമ്മാനം നല്‍കി?
(അച്ഛനെക്കാള്‍ വലിയ സമ്മാനം ഇല്ലെന്ന വ്യംഗ്യാ സൂചനയോടെ ഈ ചോദ്യത്തിനും മറുപടി വന്നു) എനിക്ക് സമ്മാനം ഒന്നും കിട്ടിയില്ല, പക്ഷെ എനിക്ക് ഇപ്പോള്‍ തന്നെ കുറെ കളിപ്പാട്ടം ഉണ്ടല്ലോ. അതിനാല്‍ ഇപ്പോ വേറെ ഒന്നും വേണ്ടാ.
എന്നാലും ഡിസ്നി ലാന്‍ഡിലോ മറ്റോ ഒക്കെ പോയി ഒന്ന് അടിച്ചു പൊളിക്കണ്ടേ? 
(ചൊടിപ്പിക്കാന്‍ ചോദിച്ചതിന് സൗപര്‍ണിക ഉള്ളു തുറന്നാണ് ഉത്തരം നല്‍കുന്നത്) ഡിസ്നി ലാന്‍ഡില്‍ പോകാന്‍ കുഴപ്പം ഇല്ല. പക്ഷെ എനിക്ക് അതിനേക്കാള്‍ ഇഷ്ടം സ്‌കോട്‌ലന്‍ഡ് ആണ്. പിന്നെ ഇന്ത്യയില്‍ പോകാനും ഇഷ്ടമാണ്. അവിടെ നല്ല രസമാണ്. 

എന്താണ് സ്‌കോട്‌ലന്‍ഡ് ഇത്ര ആവേശം കൊള്ളിക്കുന്നത്?
ഞാന്‍ ഇതുവരെ അഞ്ചു പ്രാവശ്യം സ്‌കോട്‌ലന്‍ഡ് കണ്ടു കഴിഞ്ഞു. ഇനിയും ഒത്തിരി കാണാന്‍ ഉണ്ട്. എനിക്ക് അവിടുത്തെ കടല്‍ തീരവും കാടും മലയും കുന്നും ഒക്കെ ഇഷ്ടമാണ്. ഇഷ്ടം പോലെ വന ഭംഗിയും ആസ്വദിക്കാം. എപ്പോള്‍ പോയാലും നല്ല രസമാണ്. നല്ല നിശബ്ദതയും. 

അപ്പോള്‍ വലുതായാല്‍ സ്‌കോട്‌ലന്‍ഡില്‍ ആയിരിക്കുമോ താമസം?
(ഒരു നിമിഷം വൈകാതെ മറുപടി എത്തി) അതെ സ്‌കോട്‌ലന്‍ഡില്‍ ആണ് എനിക്ക് താമസിക്കാന്‍ ഇഷ്ടം. അച്ഛനെയും അമ്മയെയും കൊണ്ട് അങ്ങോട്ട് പോകും. 

തന്നെ ഇഷ്ടപ്പെടുന്നവരോടും പാട്ടൊക്കെ കേട്ട് ആസ്വദിക്കുന്നവരോടും ഒക്കെ നന്ദി പറഞ്ഞാണ് 'സൗ' ഫോണ്‍ അച്ഛനു കൈമാറിയത്. കഴിഞ്ഞ നാലു വര്‍ഷമായി സൗ എന്ന് ഇംഗ്ലീഷുകാര്‍ വിളിക്കുന്ന സൗപര്‍ണിക നടത്തുന്ന നിരന്തര സാധനയാണ് ഒടുക്കം ഈ മിടുക്കിയെ മക്കൈന്റൈന്‍ ബിഗ് ഷോയിലും ഇപ്പോള്‍ ബ്രിട്ടന്‍ ഗോട്ട് ടാലന്റിലും എത്തിച്ചതെന്ന് വ്യക്തം. മലയാളികള്‍ക്കിടയില്‍ സൗപര്‍ണിക അത്ര പരിചിത അല്ലെങ്കിലും പുറത്തിറങ്ങിയാല്‍ ഇംഗ്ലീഷുകാര്‍ ഈ മിടുക്കിയെ കൊതിയോടും കൗതുകത്തോടുമാണ് നോക്കുക.

സ്വകാര്യത ബ്രിട്ടീഷ് ജീവിത രീതിയുടെ ഭാഗം ആയതിനാല്‍ ഹോട്ടലിലോ മറ്റോ കണ്ടാല്‍ പ്രത്യേകിച്ചും പ്രായമുള്ളവര്‍ ചുമ്മാ നോക്കിയിരിക്കും. ചിലപ്പോള്‍ പയ്യെ അടുത്ത് വന്നു വളരെ സ്വകാര്യമായി ടിവിയില്‍ കണ്ട പാട്ടുകാരി കുട്ടി ആണല്ലോ എന്നൊക്കെ പറഞ്ഞു പോകും. സൗപര്‍ണിക താമസിക്കുന്ന ബറിയിലെ ചന്തയില്‍ സ്ഥിരം സന്ദര്‍ശകരാണ് ബിനുവും കുടുംബവും. ഇവിടെ എത്തുന്നവര്‍ക്കെല്ലാം സൗ ഇപ്പോള്‍ വീട്ടിലെ കുട്ടിയെ പോലെ പരിചയക്കാരിയാണ്. കടകളിലോ പെട്രോള്‍ സ്റ്റേഷനിലോ ഒകെ ചെന്നാലും സ്ഥിതി വ്യത്യസ്ഥമല്ല.

ടിവിയില്‍ എത്തും മുന്‍പ് ബ്രിട്ടനിലെ ഒട്ടെറെ സംഗീത വിരുന്നുകളില്‍ പാട്ടുമായി എത്തിയതോടേയാണ് നാട്ടുകാര്‍ സൗപര്‍ണികയുടെ കൗതുകമുള്ള മുഖം മനസ്സില്‍ കൊത്തിയെടുത്തത്. കിഴക്കന്‍ ഇംഗ്ലണ്ടിലെ പ്രധാന സംഗീത മേളയായ കോള്‍ചെസ്റ്റര്‍ ഫെസ്റ്റില്‍ സിംഗര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. ബ്രിട്ടനിലെ രണ്ടാമത്തെ ക്രിസ്മസ് മേളയെന്നു സംഘാടകര്‍ അവകാശപ്പെടുന്ന ബറി ഫെയറില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഓപ്പണിങ് സെറിമണിയില്‍ അരമണിക്കൂര്‍ എങ്കിലും സൗപര്‍ണിക പാടണം എന്നത് സംഘാടകര്‍ക്കും നാട്ടുകാര്‍ക്കും നിര്‍ബന്ധമാണ്. സൗപര്‍ണികയുടെ പാട്ടുകേള്‍ക്കാന്‍ മാത്രം ഈ ഫെസ്റ്റിവലില്‍ എത്തുന്നത് അനേകം പേരാണ്. ഇതോടെയാണ് സൗപര്‍ണികയ്ക്കു സെലിബ്രിറ്റിയല്ല, താരം എന്ന പദവിയാണ് കൂടുതല്‍ ഇണങ്ങുന്നത് എന്ന് പറയാന്‍ കാരണമാകുന്നതും.

ദി ഗ്രേറ്റര്‍ ഷോ മാന്‍ എന്ന ചിത്രത്തിലെ ഇംഗ്ലീഷ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത നെവര്‍ ഇനഫ് എന്ന ഗാനം പാടിയാണ് സൗപര്‍ണിക ബ്രിട്ടീഷ് ഹൃദയങ്ങള്‍ കീഴടക്കിയത്. ലോറല്‍ ആള്‍റെഡിന്റെ മനോഹര ശബ്ദത്തില്‍ പിറന്ന ഈ പാട്ടു ബ്രിട്ടീഷുകാര്‍ അത്രമേല്‍ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന എഡിഷന്‍ രംഗമാണ് ശനിയാഴ്ച വൈകിട്ട് പ്രേക്ഷകരെ തേടിയെത്തിയത്. അടുത്തത് സെമി ഫൈനലിന്റെ ലൈവ് പെര്‍ഫോര്‍മന്‍സ് വേദിയാണ് സൗപര്‍ണികയെ കാത്തിരിക്കുന്നത്. എന്നാല്‍ ലോകം ഒട്ടാകെ കോവിഡിന്റെ പേരില്‍ അനിശ്ചിതം നിലനില്‍ക്കുന്നതിനാല്‍ ബ്രിട്ടന്‍ ഗോട്ട് ടാലന്റിന്റെ ഈ വര്‍ഷത്തെ ഭാവിയും തുലാസിലാണ്. ഷോ മുടങ്ങിയാല്‍ വലിയൊരു അവസരം ആയിരിക്കും സൗപര്‍ണികക്കും അതുവഴി യുകെ മലയാളി സമൂഹത്തിനും നഷ്ടമാകുക.

കാന്‍സര്‍ ഗവേഷണം അടക്കം തിരക്ക് പിടിച്ച ഡോക്ടറായ ബിനുവാണ് പാട്ടിന്റെ കാര്യത്തില്‍ സൗപര്‍ണികയുടെ ആദ്യ ഗുരു എങ്കിലും ഇപ്പോള്‍ ആ റോള്‍ ഏറ്റെടുക്കുന്നത് അമ്മ രഞ്ജിതയാണ്. പാട്ടുമായി സജീവമാകുമ്പോള്‍ കാര്യമായൊന്നും സ്‌കൂള്‍ പഠന ദിനങ്ങള്‍ നഷ്ടമാകുന്നില്ല എന്നാണ് ഇരുവരും പറയുന്നത്. മോളുടെ പാട്ടിന്റെ പേരില്‍ തങ്ങള്‍ക്ക് അധികമൊന്നും അലയേണ്ടി വന്നിട്ടില്ലെന്നും ഭാഗ്യവശാല്‍ അവസരങ്ങള്‍ തേടി എത്തുക ആയിരുന്നു എന്നുമാണ് ബിനു പറയുന്നത്. അത്രവലിയ അറിയപ്പെടുന്ന ഗുരുനാഥരോന്നുമല്ല സൗപര്‍ണികയെ പാട്ടു പഠിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജന്മ സിദ്ധിയാല്‍ സൗപര്‍ണിക ഇംഗ്ലീഷ് സംഗീതത്തെ മെരുക്കുന്നു എന്നതാകും കൂടുതല്‍ സത്യവും.

നല്ല തെളി മലയാളം തന്നെ പറയുന്ന സൗ തന്നെയാണ് വീട്ടില്‍ മലയാളം മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നതിലും മുന്നില്‍ നില്‍ക്കുന്നത്. മലയാളം പറയുക മാത്രമല്ല, സൂപ്പര്‍ ഫാസ്റ്റ് വേഗമായതിനാല്‍ ശ്രദ്ധിച്ചു നിന്നില്ലെങ്കില്‍ വീണ്ടും ചോദിക്കേണ്ടി വരും, അത്ര അനായാസമാണ് ഈ മിടുക്കിയുടെ മലയാളം. യുകെയില്‍ വളര്‍ന്ന കുട്ടിയല്ലേ മലയാളം അറിയില്ലായിരിക്കും എന്ന് കരുതി സൗപര്‍ണികയെ കണ്ടാല്‍ ഇംഗ്ലീഷില്‍ ചോദിയ്ക്കാന്‍ നില്‍ക്കേണ്ടാ, ധൈര്യമായി ചോദിക്കാം, മോളെ സുഖമല്ലേ എന്ന്. പിന്നെ വിശേഷങ്ങളുടെ സുവര്‍ണ വിരിയിട്ട ജാലകം തന്നെയാകും ഈ പാട്ടുകാരി നിങ്ങള്‍ക്കായി തുറന്നിടുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category