ആലുവ മണപ്പുറത്ത് സ്ഥാപിച്ചിരുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ ഷൂട്ടിങ് സൈറ്റ് ഒരു സംഘം ക്രിമിനലുകള്‍ തല്ലിത്തകര്‍ത്തിരിക്കുകയാണ്. അതൊരുപള്ളിയുടെ താല്‍ക്കാലിക രൂപമായിരുന്നതിനാല്‍ സമീപത്തുള്ള ശിവക്ഷേത്രത്തിലെത്തുന്ന വിശ്വാസികളുടെ മകവികാരം വൃണപ്പെടും എന്ന് പറഞ്ഞു കൊണ്ടാണ് ഹിന്ദു സംരക്ഷകരുടെ വേഷം കെട്ടിക്കൊണ്ട് ചില ഗുണ്ടകളും ക്രിമിനലുകളും ചേര്‍ന്ന് അത് പൊളിച്ചു നീക്കിയത്.
ആ താത്കാലിക പള്ളി അമ്പലത്തിന്റേയും പഞ്ചായത്തിന്റേയും മറ്റ് വകുപ്പുകളുടേയും അനുമതിയോട് കൂടിയാണ് അവിടെ കെട്ടിയുയര്‍ത്തിയത്. ഏതാണ്ട് 40 ലക്ഷം രൂപയോളം മുടക്കിയാണ് അങ്ങനെയൊരു താത്കാലിക പള്ളി അവര്‍ അവിടെ തീര്‍ത്തത്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം ഷൂട്ടിങ് നിര്‍ത്തിവയ്ക്കേണ്ടി വന്നതുകൊണ്ട് ആ താത്കാലിക പള്ളി അവിടെ നിലനിര്‍ത്തുകയായിരുന്നു. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് വേണ്ടി ഒരു സംഘം കാപാലികര്‍ ഒരുമിച്ച് കൂടിയത് പോലെ ഹിന്ദു സംരക്ഷക വേഷം ധരിച്ച ചില ക്രിമിനലുകള്‍ താത്ാലിക പള്ളി പൊളിച്ച് നീക്കുകയായിരുന്നു.
എന്നിട്ട് അവര്‍ ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് ഹിന്ദുവിന്റെ സംസ്കാരം സംരക്ഷിച്ചവര്‍ക്ക് അഭിവാദ്യവും അര്‍പ്പിച്ചു. രാഷ്ട്രീയ ബജറംഗദള്‍ എന്നാണത്രേ ആ സംഘടനയുടെ പേര്. ഒപ്പം എ.എച്ച്.പി എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി എന്ന പേരില്‍ ഹരി പാലോട് എന്നൊരു ക്രിമിനല്‍ കുറ്റം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കാനുള്ളത് ഒരു നിമിഷം പോലും കളയാതെ ഈ ഹരി പാലോട് എന്ന ക്രിമിനലിനേയും രാഷ്ട്രീയ ബജറംഗ് ദള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നതും എ.എച്ച്.പി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സകല ക്രിമിനലുകളേയും അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കണം എന്നാണ്. പൊളിച്ച് കളഞ്ഞത് ഒരു പള്ളിയായതുകൊണ്ടല്ല. അത് പള്ളിയല്ല. സിനിമ ഷൂട്ടിങിന് വേണ്ടിയുള്ള താത്കാലിക സംവിധാനമാണ്. അത് പൊളിച്ച് കളഞ്ഞതുകൊണ്ട് ഒരു ക്രിസ്ത്യാനിയുടേയും വികാരം വൃണപ്പെടുകയുമില്ല. എന്നാല്‍ ഒരു സിനിമാ ഷൂട്ടിങ് സൈറ്റിനെ നിയമവിരുദ്ധമായി ഒരുപള്ളിയാണെന്ന് വ്യാഖ്യാനിച്ച് ഇവിടെ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ഒരു സംഘം ക്രിമിനലുകള്‍ അത് പൊളിച്ച് കളഞ്ഞാല്‍ അതിനര്‍ത്ഥം അവര്‍ ബോധപൂര്‍വം കലാപത്തിന് ശ്രമിച്ചു എന്നത് തന്നെയാണ്.
അതുകൊണ്ട് ഒരു വിശ്വാസിയുടേയും വികാരം പൊട്ടിയൊലിച്ചില്ലെങ്കിലും അത് നടത്തിയവരേയും അത് പൊളിക്കാന്‍ നേതൃത്വം നല്കിയവരേയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുക തന്നെ വേണം. ഇവറ്റകള് ഈ നാടിനെ ഉത്തരേന്ത്യയെ പോലെ കരുതുന്നെങ്കില്‍ അവര്‍ക്ക് മറുപടി കൊടുത്തേ മതിയാകു. പിണറായി വിജയന് ഭരിക്കുമ്പോള്‍ ഇത്തരം ക്രിമിനലുകള്‍ അഴിഞ്ഞാടാന്‍ അനുവദിച്ച് കൂടാ. ഈ വിഷയത്തില്‍ ഏറ്റവും വലിയ ഉത്തരവാദിത്തം കാത്ത് സൂക്ഷിക്കേണ്ടത് ഇവിടുത്തെ സംഘപരിവാര്‍ സംഘടനകളാണ്. ബി.ജെപിയും ആര്.എസ്.എസും ബജറംഗ്ദളും അടങ്ങിയ സംഘടനകള്‍.
നിര്‍ഭാഗ്യവശാല്‍ പേരിന് വേണ്ടി തല്ലിക്കൂട്ടിയുണ്ടാക്കിയ ഈ കടലാസ് സംഘടന ചെയ്ത ക്രിമിനല്‍ കുറ്റത്തിന്റെ പേരുദോഷം ഉണ്ടാകുന്നത് സംഘപരിവാര്‍ സംഘടനകള്‍ക്കാണ്. ബജറംഗ്ദളും രാഷ്ട്രീയ ബജറംഗ് ദളും തമ്മില്‍ ഒരു ബന്ധവുമില്ലായെന്ന് എ.എച്ച്.പി യും വി.എച്ച.പിയും തമ്മില്‍ ഒരു ബന്ധവുമില്ലായെന്നും സംഘപരിവാര്‍ സംഘടനകളുമായി ഈ സംഘടനയ്ക്ക് ഒരു ബന്ധവുമില്ലായെന്നും അറിയാവുന്നത് സംഘപരിവാറുകാര്‍ മാത്രമാണ്.