1 GBP = 102.00 INR                       

BREAKING NEWS

'കാറുകെട്ടിപ്പുഴ'

Britishmalayali
റോയ് സ്റ്റീഫന്‍

വേനല്‍ സൂര്യന്റെ ചൂടസഹ്യമാവുമ്പോള്‍ വിണ്ടുണങ്ങിക്കരയുവാനൊരുങ്ങുന്ന ഭൂമിയെ തഴുകി ആശ്വസിപ്പിക്കുവാന്‍ ഇടതിങ്ങിയ കരിമേഘങ്ങളുടെ അകമ്പടിയോടെ ഭൂഖണ്ഡങ്ങള്‍ താണ്ടി അറബിക്കടലോരം ചേര്‍ന്ന് വായുദേവനെത്തുമ്പോള്‍ വടക്കോട്ട് പിന്‍വാങ്ങുന്ന ആദിത്യനെ പൂര്‍ണ്ണശോഭയില്‍  വീണ്ടും കണ്ടുകിട്ടുവാന്‍ വര്‍ഷകാലം പൊലിയുവോളം  കാത്തിരിക്കണം. അഗാധനീലിമയേറിയ മഹാസമുദ്രങ്ങളിലെ ലവണാംശമധികമുള്ള  ജലകണങ്ങള്‍ വാനമേഖങ്ങളിലേറി തുമ്പിക്കൈ വണ്ണത്തില്‍ ശുദ്ധജലമായി ഭൂമിയില്‍ പതിക്കുമ്പോള്‍ വീണ്ടും തളിരിടുന്നു പുതുജീവനുകളങ്ങോളമിങ്ങോളം. പുതുമഴയില്‍ ഭൂമി പുളകിതയാകുമ്പോള്‍ മണ്ണ് പളുങ്കുപോലെ ഉയിര്‍ത്തുയരുമ്പോളുതിര്‍ക്കുന്ന നിശ്വാസമെന്നും  ആസ്വാദ്യകരവും. ഉഷ്ണത്തില്‍ പൂത്തുലയുന്ന മാവും പ്ലാവും ചക്കയിലുമെല്ലാത്തിലും അതിമനോഹരിയാണ് ആഞ്ഞിലി മരങ്ങള്‍. അതിലും വിവിധ വര്‍ണങ്ങളില്‍ നിറയുന്ന  ആഞ്ഞിലിപ്പഴങ്ങള്‍. മരത്തില്‍ തന്നെ കിടന്നു വിളയുമ്പോള്‍ അതിമധുരവും രുചിയധികമേറിയതാണെങ്കിലും എത്തിപ്പിടിക്കുവാന്‍ ബുദ്ധിമുട്ടായിരുന്നു. നാവില്‍ നിറയുന്ന വെള്ളത്തുള്ളികള്‍ ആമാശയത്തിലെത്തി ധൈര്യം പകരുമ്പോള്‍ വലിയ മരങ്ങളിലും അനായാസമായി വലിഞ്ഞു കയറുക തന്നെ ചെയ്തിരുന്നു.

'മോനേ എണീക്ക് സ്‌കൂളില്‍ പോവാന്‍ നേരമായി ' വല്യമ്മയുടെ പതിവ് വിളി കേട്ടുതന്നെയാണ് ഇന്നും പാപ്പായി ഉണര്‍ന്നത്. എന്നത്തേതുംപോലെ സുന്ദര പുലര്‍ക്കാല സ്വപ്നങ്ങളെ ഭംഗപ്പെടുത്തുന്ന ഇത്തിരി കനപ്പിച്ചിട്ടാണെങ്കിലും സ്‌നേഹമസൃണമായ വിളി. സാവധാനം കണ്ണുതുറന്നെങ്കിലും പുതപ്പ് മൂടിയതിനാല്‍ ഇരുട്ടില്‍ തന്നെ കുറച്ചുനേരം കൂടെ കിടന്നു. എന്തായിരുന്നു ഇന്നത്തെ സ്വപ്നം, ഓര്‍ത്തെടുക്കുവാന്‍ സാധിക്കുന്നില്ലെങ്കിലും മാധുര്യമുള്ളത് തന്നെ, വെളിച്ചം കുറഞ്ഞ കുന്നിന്‍ ചെരുവിലൂടെ നടന്നു മേലോട്ട് കയറുമ്പോള്‍  ചെമ്പട്ട് പുതച്ച അസ്തമന സൂര്യന്റെ പ്രഭയില്‍ തെളിഞ്ഞ ആകാശശോഭയില്‍ ആരോ മാടിവിളിക്കുന്നു. നടക്കുകയല്ലായിരുന്നു ആവേശത്തോടെ ഓടുകയായിരുന്നു, എന്നാലും എത്ര ഓടിയിട്ടും എത്തിപ്പിടിക്കുവാന്‍ സാധിച്ചുമില്ല,അപ്പോഴേയ്ക്കും വല്യമ്മച്ചിയുടെ വിളിയെത്തി, സാരമില്ല നാളെ അതിശീഘ്രത്തിലോടണം. വല്യമ്മച്ചി ആനി ആന്റിയോട് ഉച്ചത്തില്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, പതിവുള്ളതായതുകൊണ്ട് കാര്യമാക്കാതെ ഉമിക്കരിപ്പാട്ടയില്‍ പരതി, ഒരുതരി കയ്യില്‍കിട്ടിയതുമായി തിരിഞ്ഞതും ഉപ്പുഭരണിയുമായി വല്യമ്മച്ചി മുന്നില്‍ 'ഇത്തിരി ഉപ്പുകൂട്ടി തേച്ചോളെട മോനെ പല്ലുവേദന മാറിക്കിട്ടും' അപ്പോള്‍ മാത്രമാണ് തലേന്ന് കലശലായ  പല്ലുവേദനയുണ്ടായിരുന്ന കാര്യം ഓര്‍മ്മവന്നത് അപ്പോള്‍ തന്നെ വീണ്ടും വേദനിക്കുന്നതുപോലെ. കൈകൊണ്ട് താനെ തടവുവാനും തുടങ്ങിയപ്പോള്‍ വല്ല്യമ്മച്ചി വീണ്ടും പറഞ്ഞു 'വേദനിക്കും കിടക്കുന്നതിനു മുന്‍പ് ഉപ്പുവെള്ളം കൊള്ളുവാന്‍ പറഞ്ഞപ്പോള്‍ കേട്ടില്ലല്ലോ'. മറുത്തൊന്നും പറയാതെ ഉമിക്കരി കൈ വെള്ളയില്‍ വച്ച്  കല്ലുപ്പും ചേര്‍ത്ത് ഞെരിച്ചു വായിലെല്ലാവശത്തും തിരുമ്മുവാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും വേദനിക്കുതുപോലെ. നേരെ കിണറിന്നരികിലേയ്ക്ക്  നടന്നു. പോകുന്ന വഴി അപ്പാപ്പന്റെ പറമ്പില്‍ നിന്നുമൊരീര്‍ക്കിലികൂടിയെടുത്തു.  അപ്പാപ്പന്റെ പറമ്പില്‍  തൈത്തെങ്ങുകള്‍ ധാരാളമുണ്ടെങ്കിലും പച്ച ഈര്‍ക്കിലി എടുക്കുവാന്‍ അനുവാദമില്ല പകരം ഉണങ്ങിയതു മാത്രം. എന്നാലും പച്ച ഈര്‍ക്കിലി നടുവേ മുറിച്ചുള്ള മയമുള്ള ഭാഗം നാക്കിലുരക്കുമ്പോളുള്ള  സുഖം കിട്ടുവാനായി മറ്റാരും കാണാതെയെടുക്കുന്നതും പതിവാണ്.

ആറാം ക്ളാസില്‍ പഠിക്കുന്ന പാപ്പായി എന്നു വിളിപ്പേരുള്ള ബോബിമോന്‍ ജോസിന് അപ്പനും മറ്റൊരു ദിക്കില്‍ പാര്‍ക്കുന്ന അമ്മയുമുണ്ട്  എന്നാല്‍ നിലവില്‍ അപ്പന്റെ അമ്മയുടെ സംരക്ഷണം മാത്രം. അപ്പന്റെ വിവാഹം കഴിക്കുവാന്‍ മറന്നുപോയ മൂന്നാമത്തെ പെങ്ങളും വല്യമ്മച്ചിയുടെ ഇളയ മകളുമായ  ആനി ആന്റിയും കൂടെ ഉണ്ടെങ്കിലും പാപ്പായിയെന്നും വീട്ടില്‍ അധികപ്പറ്റു മാത്രം. പഠനത്തില്‍ ബഹുകേമനല്ലെങ്കിലും ഒരു വിഷയത്തിലും തോല്‍ക്കാതിരിക്കുവാന്‍ കിണഞ്ഞു ശ്രമിക്കും, പ്രത്യേകിച്ചും ആനി ആന്റിയുടെ കുത്തുവാക്ക് കേള്‍ക്കാതിരിക്കുവാന്‍. എന്തുകൊണ്ടാണ് ആനി ആന്റിക്ക് മാത്രം മൂക്കത്തു ശുണ്ഠിയെന്നെപ്പോഴും ചിന്തിക്കുമെങ്കിലും ഒരിക്കല്‍ തൊമ്മി അപ്പാപ്പനുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ തീരുമാനവുമായി കല്യാണം കഴിക്കാത്തതുകൊണ്ടു തന്നെ അതിന്റെ കാരണം തൊമ്മി അപ്പാപ്പനും. കോളേജ് വാദ്യാരായ തൊമ്മി അപ്പാപ്പന്‍ കുടുംബ സമേതം പട്ടണത്തില്‍ താമസിക്കുന്നു ഒഴിവുള്ളപ്പോഴെല്ലാം വല്യമ്മയെ പരിചരിക്കുവാനെന്ന ഭാവേന എത്തുമെങ്കിലും പണി വല്ല്യമ്മയ്ക്കാണ്. തൊമ്മി അപ്പാപ്പനൊരു കോമളനാണ് അധികമുയരമില്ലെങ്കിലും ചെറിയ കുംഭയോടുകൂടിയ ആവശ്യത്തിന് വണ്ണമുള്ള ശരീരവും, ആണുങ്ങളുടെ അഴകായ കട്ടിമീശയോടൊപ്പം  വിശാലമായ നെറ്റിത്തടങ്ങളുണ്ടെങ്കിലും ഒരു മുടിപോലും പൊഴിഞ്ഞിട്ടില്ല.  ഇത്രയൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ ഇടയ്ക്കുള്ള സന്ദര്‍ശനം പാപ്പായിക്ക് പണിതന്നെയാണ് വീടിനു പുറത്തിറങ്ങുവാന്‍ സമ്മതിക്കില്ല പിന്നെ എപ്പോഴും വായിച്ചുകൊണ്ടിരിക്കുവാനുള്ള ഉത്തരവും. അതിലും സഹിക്കുവാന്‍ വയ്യാത്തത് സിഗററ്റിനുള്ള ഓട്ടമാണ്. പലപ്രാവശ്യമായി ഓരോ പഞ്ഞികെട്ടിയ സിഗരറ്റ് തന്നെ വേണം അത് ഓരോന്നായി പാപ്പായി തന്നെ ദൂരെയുള്ള അങ്ങാടിക്കടയില്‍ നിന്നും നടന്നു പോയി വാങ്ങണം. മടുപ്പാണെങ്കിലും മറുത്ത് പറയാത്തത് അത്രയും നേരം പുസ്തകത്തിന്റെ മുന്‍പിലിരിക്കേണ്ടല്ലോ എന്നുള്ളതോര്‍ത്തുമാത്രമാണ്.

തൊട്ടി സാവധാനം താഴ്ത്തി വെള്ളമെടുക്കുവാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും സൂക്ഷിച്ചു കിണറ്റിലേയ്ക്ക് നോക്കി ഓളങ്ങളില്‍ അനക്കമുണ്ട്, പുഴയില്‍ നിന്നും കിട്ടിയ മൂന്ന് വരാല്‍ മീന്‍ കുഞ്ഞുങ്ങളിപ്പോള്‍ വലുതായിരിക്കണം, നന്നായി വെട്ടി മറിയുന്നുണ്ട്. വാളയോടായിരുന്നു താല്പര്യം, നല്ല രുചിയുള്ള മല്‍സ്യം. അതിലുപരി പനഞ്ഞീന്‍ തേങ്ങാചിരണ്ടിയിട്ടു വറുക്കുമ്പോള്‍ രുചിയേറും. ഒരു കുഴപ്പം മാത്രമല്ല മറ്റെല്ലാ  മല്‍സ്യകുഞ്ഞുങ്ങളെയും ഭക്ഷിക്കും അതിലുപരി പൂര്‍ണ്ണവളര്‍ച്ചയാകുവാന്‍ കൂടുതല്‍ നാളുകള്‍ വേണ്ടി വരും. മുന്‍പൊരിക്കല്‍ ഒരു വാളകുഞ്ഞിനെ നിക്ഷേപിച്ചെങ്കിലും അതിനെത്തുടര്‍ന്നു വന്ന വെള്ളപ്പൊക്കത്തില്‍ ചാടിപ്പോയി. വല്യമ്മച്ചിയുടെ അനുമാനത്തില്‍ അതിന്റെ ഇണവന്നുവിളിച്ചപ്പോള്‍ പോയതാണെന്നാണ്, ഏതായലും സങ്കടമുണ്ടായെങ്കിലും വിശാലമായ പുഴയിലേക്കാണെന്നോര്‍ത്തു ആശ്വസിച്ചു.  പുഴയോരത്ത് വീടുള്ളത് പുഴയുടെ കളകള നാദം ശ്രവിക്കുന്നതിനോടൊപ്പം  വേണ്ടുവോളം നീന്തിതുടിക്കുവാനുള്ള സൗകര്യമാണ്. കാറുകെട്ടിപ്പുഴയ്ക്ക് പലപേരുകള്‍ ഓരോ ദേശങ്ങളിലുമുണ്ടെങ്കിലും പടിഞ്ഞാറേ ചക്രവാളത്തില്‍ കറുത്ത മേഘങ്ങള്‍ ആവരണം ചെയ്യുമ്പോള്‍ പുഴയുടെ കിഴക്കുദിശയില്‍ നിന്നും ആരവമുയരുന്നതിനാലാണ്  ഇവിടെ പുഴയ്ക്ക് കാറുകെട്ടിയെന്ന പേരുനല്‍കിയതെന്നും വല്യമ്മച്ചി പറഞ്ഞതോര്‍മ്മയുണ്ട്. പലനാളുകളില്‍ കാതോര്‍ത്തിരുന്നെങ്കിലും ശ്രവിക്കുവാന്‍ സാധിച്ചില്ല എന്നാല്‍ ഒരിക്കല്‍ പടിഞ്ഞാറു ഭാഗങ്ങളില്‍ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ മിന്നല്‍പിണറുകള്‍ പാഞ്ഞപ്പോള്‍ കിഴക്കുദിശയില്‍ മുഴക്കങ്ങള്‍ ഉദിച്ചത് കേട്ടപ്പോള്‍ കാറുകെട്ടിയ്ക്ക് പകരം കാറുകൊട്ടി എന്നതാണ് കൂടുതല്‍  യോജിച്ചതെന്ന് ചിന്തച്ചിരുന്നു.  പെരുമ്പറ മുഴക്കി ഉറഞ്ഞുതുള്ളുന്ന കരിവര്‍ണ്ണങ്ങളുടെ വരവിനെ മുന്നറിയിക്കുന്ന കാറുകൊട്ടിപ്പുഴ. വിസ്തൃതിയില്‍ വളഞ്ഞൊഴുകുന്ന കാറുകെട്ടിപ്പുഴയൊരു  സുന്ദരിയായിരുന്നു പ്രിയകൂട്ടുകാരി തേച്ചാലിയുടെ ജീവനെടുക്കുന്നതുവരെ.

വീട്ടിലെ വിളിപ്പേരായിരുന്നെങ്കിലും അപൂര്‍വ്വനാമമായിരുന്നു തേച്ചാലിയുടേത്, വീട്ടിലെ ഏഴാമത്തവള്‍ക്ക് മാത്രമീ അസ്വാഭാവികത ലഭിച്ചതിന്റെ കാരണവും അവളുടെ 'അമ്മതന്നെ വിവരിക്കുകയുണ്ടായി. നാലാം ക്ളാസില്‍ പഠിക്കുന്നവേളയിലോരിക്കല്‍ കോരിച്ചൊരിയുന്ന പുതുമഴയുടെ അനുഭൂതിയില്‍ കുടയില്ലാതെ നനഞ്ഞൊലിച്ചു അവളുടെ വീട്ടുവാതില്‍ക്കലെത്തിയപ്പോള്‍ 'പാപ്പായി എടാ മോനെ പുതുമഴ നനഞ്ഞാല്‍ പനിവരും' എന്നുവിളിച്ചുകൊണ്ട് അകത്തേയ്ക്ക് കയറ്റി കൈയ്യിലൊരു തോര്‍ത്തും തന്നിട്ട് വീണ്ടും പറഞ്ഞു 'ശരിക്ക് തോര്‍ത്തിക്കോ'. എന്തോ ആ അമ്മയ്ക്കെന്ന വലിയ ഇഷ്ടമായിരുന്നു ചായയുടെ കൂടെ പലഹാരമായി കൊഴുക്കട്ട പുഴുങ്ങിയതും എടുത്തുവച്ചിട്ടാണ്  തേച്ചാലിയെ വിളിച്ചത്, കൂട്ടത്തില്‍ അവളുടെ ഓമനപ്പേരിന്റെ രഹസ്യവും വെളിപ്പെടുത്തി   ആ അമ്മയുടെ വല്യമ്മയുടെ പേരായിരുന്നുപോലും അതും ചരിത്രതാളുകളിലിടമുള്ള പേര്. അവളുടെ മാമോദീസ വേളയില്‍ തലതൊടാന്‍ വന്നതും ആ അമ്മയായിരുന്നു. പള്ളിയിലെത്തിയപ്പോള്‍ മാത്രമാണ് അങ്ങനെയൊരു പേരു നിര്‍ദ്ദേശിച്ചതുപോലും. ഏതായാലും പാപ്പായിയ്ക്കിഷ്ടാമായിരുന്നു തേച്ചാലിയെയും അവളുടെ ഓമനപ്പേരിനെയും. നീണ്ടു മെലിഞ്ഞ ശരീര പ്രകൃതിയോട് ചേരുന്ന കറുത്ത നീളമുള്ള മുടിയും വിടര്‍ന്ന കണ്ണുകളും.  അധികം സംസാരിക്കാത്ത പ്രകൃതമാണെങ്കിലും നന്നായി ചിരിക്കുവാന്‍ പിശുക്കു കാണിക്കാത്തതിനാല്‍ പ്രസന്നമായ വട്ടമുഖവും മേല്‍നിരയിലെ രണ്ടു പല്ലുകളില്‍ ലേശം മഞ്ഞനിറമുണ്ടായിരുന്നെങ്കിലും അല്‍പം വിടര്‍ന്ന ചെഞ്ചുണ്ടുകളില്‍ മറഞ്ഞിരുന്നു. ചായയും പലഹാരണത്തിനു പുറമെ അവരുടെ വീട്ടില്‍ മാത്രമുള്ള ചെറിയ തേന്‍വരിക്ക മാമ്പഴവും തരുവാന്‍ മറന്നില്ല. നന്നായി പഴുക്കുമ്പോള്‍ വലിച്ചുകുടിക്കുന്ന മാമ്പഴം പക്ഷെ പഴുത്തില്ലെങ്കില്‍ ഉപ്പുകൂട്ടിപ്പോലും കഴിക്കുവാനും കൊള്ളില്ല.

മഴയും മഴക്കാറുകളും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും പുതുജീവനേകുമ്പോള്‍  അവയ്ക്ക് അകമ്പടിയായെത്തുന്ന ഇടിമിന്നലുകള്‍ അനര്‍ഥങ്ങളോടൊപ്പം ജീവിതങ്ങളും കവര്‍ന്നെടുക്കുന്നത് തടുക്കുവാനാകില്ല. പെരുമഴക്കാലങ്ങളുടെ ആരംഭങ്ങളില്‍  കാര്‍മേഘങ്ങളില്‍ മറഞ്ഞിരിക്കുന്ന സംഹാരദൂതനെ തെളിനീര് നിറഞ്ഞ കാറുകെട്ടിപ്പുഴയ്ക്ക് അദൃശ്യമായി നിലകൊള്ളുമ്പോള്‍  പെരുമ്പറ മുഴക്കി മുന്നറിയിപ്പുകൊടുക്കുവാന്‍ സാധിക്കാതെ  വരും. അങ്ങനെയൊരുനാളിലെ സന്ധ്യാവേളയില്‍ ചേച്ചിയോടൊപ്പം പുഴയില്‍ കുളിക്കുവാനെത്തിയ എന്റെ പ്രിയമിത്രത്തിനെയും ആകാശങ്ങളിലെ നിര്‍ദ്ദയായ തീപ്പൊരി കൂട്ടികൊണ്ടുപോയി.  ചേച്ചി തുണി തിരുമ്മിക്കൊണ്ടിരുന്നപ്പോള്‍ പാവം തേച്ചാലി അരയോളം വെള്ളത്തില്‍ കുളിക്കുകയായിരുന്നു. ഭയാനകമായ ശബ്ദത്തോടെ വെള്ളത്തില്‍ പതിച്ച സംഹാരദൂതന്‍ ആദ്യമേ അവളെ കാറുകെട്ടിപ്പുഴയുടെ അഗാധങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി പിന്നീട് അധികം താമസിയാതെ അവളേയും കൂട്ടി വാനമേഖങ്ങളിലൂടെ സഞ്ചരിച്ചു കാണണം. ചേച്ചിയുടെ നിലവിളി കേട്ടോടിയെത്തിയ ഇഷ്ടിക തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലകള്‍ക്കൊടുവില്‍ അവളുടെ ചേതനയറ്റ ശരീരം പുഴയുടെ ആഴങ്ങളില്‍ നിന്നും കണ്ടെടുത്തു. രാത്രിയില്‍ തന്നെ അതിമനോഹരിയായ  മാലാഖയെപ്പോലെ അണിയിച്ചൊരുക്കി ഇരുവശങ്ങളിലും തൂവെള്ള ചിറകുകളുമായി പെട്ടിയില്‍ കിടത്തിയപ്പോഴും മുഖകാന്തി ശമിച്ചിട്ടില്ലായിരുന്നു. പിറ്റേദിവസം ഉച്ചയ്ക്ക് മുന്‍പ് അവളുടെ സ്‌കൂളിലെ എല്ലാകുട്ടികളും അവളെ കാണുവാനെത്തിയപ്പോഴും അവസാനം പള്ളിയിലെ സെമിത്തേരിയില്‍ അടക്കം ചെയ്യുമ്പോളും കരയുവാന്‍ സാധിക്കാതെ മനസ്സ് വിങ്ങിപൊട്ടിക്കൊണ്ടിരിക്കുകയായിരുന്നു.

പെരുമഴക്കാലങ്ങളുടെ ആദ്യദിനങ്ങളിലെല്ലാം തന്നെ അവളുടെ ഓര്‍മ്മകള്‍ തിരിച്ചു വരാറുണ്ട് പിന്നീടൊരിക്കലും ചിരിച്ചു കണ്ടിട്ടില്ലാത്ത അവളുടെ അമ്മച്ചിയുടെ അരികിലെത്തുമ്പോഴൊക്കെ എന്തു സംസാരിക്കണമെന്നറിയാതെ മുഖംതാഴ്ത്തി നടന്നുപോകും. 'പാപ്പായിയെ സ്‌കൂളില്‍ പോവാറായെ' എന്ന വല്യമ്മച്ചിയുടെ വിളിയാണ് തേച്ചാലിയുടെ ഓര്‍മ്മകളില്‍ നിന്നുമുണര്‍ത്തിയത്. വീണ്ടും വെള്ളം കോരിയെടുത്ത് കാലും മുഖവുമെല്ലാം കഴുകി എത്തിയപ്പോള്‍ മരച്ചീനി പുഴുങ്ങിയതും ചാളക്കറിയും ഭാഗ്യം ഇന്നെങ്കിലും പഴങ്കഞ്ഞിയില്‍ നിന്നും മോചനമായി. അടുക്കളയുടെ മൂലയില്‍ ചാരിനിന്ന് ആനി ആന്റിയും കഴിക്കുന്നുണ്ട്. മുഖഭാവം  കണ്ടാലറിയാം വീണ്ടും വല്യമ്മച്ചിയുമായി ശണ്ഠകൂടി.  മഠത്തിലമ്മയാകുവാന്‍ കച്ചകെട്ടിയിറങ്ങിയ ആന്റിയ്ക്ക് പത്താം തരം കടന്നു കൂടുവാന്‍ സാധിക്കാത്തതാണ് പ്രധാന കാരണമെങ്കിലും ആങ്ങളമാരെയാണ് ആന്റി കുറ്റപ്പെടുത്തുന്നത്. ആദ്യകാലങ്ങളില്‍ കന്യകാസ്ത്രീകളുടെ തിരുവസ്ത്രം മോഹിച്ചിരുന്നെങ്കിലും മൂന്നോ നാലോ തവണയെഴുതിയിട്ടും കേറിക്കൂടുവാന്‍ സാധിക്കാതെ വന്നപ്പോള്‍ മഠത്തിന്റെ കുശിനിയില്‍ ശിഷ്ടജീവിതം ചിലവഴിക്കുവാന്‍ തയ്യാറായി. പക്ഷെ അവിടെയും അധികനാള്‍ ചിലവഴിക്കേണ്ടി വന്നില്ല,  മഠത്തിലെ വാഹനമോടിക്കുവാന്‍ തമിഴ് നാട്ടില്‍ നിന്നെത്തിയ ഡ്രൈവറോടൊപ്പം അസമയങ്ങളില്‍ പിടിക്കപ്പെട്ടപ്പോള്‍ ആകെ ഉണ്ടായിരുന്ന ഒരു പെട്ടിയുമായി വീട്ടില്‍ കൊണ്ടാക്കി. നല്ലപ്രായം കഴിഞ്ഞതിനാലും മറ്റാരും മുന്‍കൈയെടുക്കുവാന്‍ തയ്യാറാകാതിരുന്നതിനാലും വിവാഹവും നടന്നില്ല. വല്യമ്മച്ചിയെന്നും പള്ളിയില്‍ പോകുവാന്‍ നിര്‍ബന്ധിക്കുമെങ്കിലും ഞായറാഴച്ചകളിലെ രണ്ടാം കുര്‍ബാനയ്ക്ക് മാത്രമേ പോവുകയുള്ളു. എന്നിരുന്നാലും വല്യമ്മച്ചിയുടെ  കാലശേഷം പഴയതാണെങ്കിലും തറവാട് ആന്റിയ്ക്കുള്ളതാണെന്ന് ഉറപ്പാക്കി.

സ്‌കൂളിലേക്കുള്ള പതിവ് നടത്തത്തില്‍ പാപ്പായിക്ക് സ്ഥിരമായി ചങ്ങാതിമാരില്ലെങ്കിലും മറ്റു സ്‌കൂളുകളിലെയും  ക്ളാസ്സുകളിലുമുള്ള ധാരാളം കുട്ടികളുടെ കൂടെക്കൂടുക പതിവാണ്.  അന്നും പതിവുപോലെ തയ്യാറായി പുസ്തകങ്ങളും ബാഗിലാക്കി നടന്നു. ഉച്ചഭക്ഷണത്തിന് വീട്ടിലെത്താറുള്ളതുകൊണ്ട് വേറെ പൊതിച്ചോറെടുക്കാറില്ല. ഉച്ചസമയങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടമാണ് പതിവ്. വീട്ടില്‍ നിന്നുമിറങ്ങി നടപ്പാതയിലെത്തിയതും എതിരെ വാസന്തിയും അവളുടെ പ്രായമായ അമ്മയും വലിയകെട്ട് തുണികളുമായി വരുന്നു.ഒരാള്‍ക്ക് മാത്രം നടക്കാവുന്ന ഇടവഴിയില്‍ ഒന്ന് ശങ്കിച്ചെങ്കിലും പുറകോട്ടു പോകുവാന്‍ പാപ്പായിക്കായില്ല. കറുപ്പിന് ഏഴഴകെന്ന് ആരോ എഴുതിയത്  അതിസുന്ദരിയായ വാസന്തിയെ കണ്ടിട്ടായിരിക്കണം. ലേശം തടിച്ചിട്ടാണെങ്കിലും കരിവീട്ടിയില്‍ കടഞ്ഞെടുത്ത അംഗംങ്ങളുടെ ഉരുണ്ടുതുളുമ്പുന്ന ആകര്‍ഷണീയത മതിവരാത്തതും. പാപ്പായിയെ കണ്ടതും വാസന്തിയുടെ മുഖത്ത് കുസൃതിയോടെ പുഞ്ചിരിച്ചുകൊണ്ട് നിന്നു ഉടനെ അവളുടെ അമ്മ കാര്‍ത്യായനി മുന്നില്‍ കയറി നടന്നു. ഒഴിഞ്ഞുമാറി നിന്ന പാപ്പായിയെ മുട്ടിഉരുമി കാര്‍ത്യായനി കടന്നുപോയപ്പോള്‍ വാസന്തി അടുത്തു വന്നെന്തോ ചെവിയില്‍ പറഞ്ഞുകൊണ്ട് ചെറുതായി വലതുകൈകൊണ്ട് തള്ളി. അല്‍പം വേച്ചുപോയ പാപ്പായി നിയന്ത്രണം വീണ്ടെടുത്ത് നോക്കുമ്പോള്‍ മുന്നോട്ട് പോയ വാസന്തി തിരിഞ്ഞുനോക്കി മന്ദഹസിച്ചുകൊണ്ട് വീണ്ടും കണ്ണിറുക്കി കാണിച്ചു. എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചുപോയ പാപ്പായി വാസന്തിയുടെ സൗന്ദര്യം ആസ്വദിച്ചു മനസില്‍ പറഞ്ഞു 'തൊമ്മി അപ്പാപ്പനേ കുറ്റം പറയുവാന്‍ സാധിക്കില്ല'. 

പ്രായാധിക്യമുണ്ടെങ്കിലും കാര്‍ത്യായനി കാലങ്ങളായി അവരുടെ കുലത്തൊഴിലായ നാട്ടുകാരുടെ വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്ന തൊഴില്‍ ചെയ്തു ജീവിക്കുന്നു. എല്ലാദിവസവും കഴുകുവാനുള്ള  തുണികള്‍ നിറഞ്ഞ വലിയ കെട്ടുകളുമായി പുഴയിലേയ്ക്കുള്ള യാത്രയും ഈ വഴിയിലൂടെയും. വാസന്തിചേച്ചി അവരുടെ ഇളയ മകളാണ് പഠിക്കുവാന്‍ മിടുക്കിയായിരുന്നെങ്കിലും ആനി ആന്റിയെപ്പോലെ പത്താം തരം ജയിക്കാതെ വന്നപ്പോള്‍ ദൂരെയെവിടെയോ വിവാഹം ചെയ്തയച്ചിരുന്നു പക്ഷെ മുഴുക്കുടിയനും അതിലുപരി മര്‍ദ്ദകനുമായ ഭര്‍ത്താവില്‍ നിന്നകന്ന് ഇപ്പോള്‍ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്.  അമ്മയുടെ ജോലിയില്‍ സഹായിക്കുവാന്‍ ദിവസവും ഈ വഴിക്കുള്ള യാത്രയോട് ആനി ആന്റിയ്ക്ക് എതിര്‍പ്പാണെന്ന് ഈ അടുത്ത നാളുകളില്‍ വാസന്തിയുമായുണ്ടായ വഴക്കുകളില്‍ നിന്നും മനസിലായി. ഈ വഴി വന്നാല്‍ പുഴയുടെ ആഴം കുറവുള്ള ഭാഗത്തുകൂടി മറുവശത്തുള്ള മണല്‍തിട്ടയില്‍ എളുപ്പത്തിലെത്താം എന്നാല്‍ വഴക്കുണ്ടായത് വാസന്തി ചോദിക്കാതെ തൊമ്മി അപ്പാപ്പന്റെ പറമ്പിലെ ചുള്ളിയും തെങ്ങിന്റെ ഉണങ്ങിയ കൊതുമ്പും എടുത്തതു കൊണ്ടാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. വല്യമ്മച്ചിയും കാര്‍ത്യായനിയും തമ്മില്‍ ഏറെനാളായി നല്ല ബന്ധത്തില്‍ തന്നെയാണ്, കാര്‍ത്യായനിയുടെ മരിച്ച ഭര്‍ത്താവ് വീട്ടിലെ പണിക്കാരനായിരുന്നു. വിഷം തീണ്ടി മരണപ്പെടുന്ന നാളുകളില്‍ എല്ലാ സഹായങ്ങളും നല്‍കിയിരുന്നത് വല്യമ്മച്ചിയായിരുന്നു. പ്രത്യുപകാരമായി കാര്‍ത്യായനി ഇപ്പോഴും വല്യമ്മച്ചിയുടെ തുണികളെല്ലാം കഴുകി വൃത്തിയാക്കി നല്‍കാറുണ്ട്. വാസന്തി എപ്പോഴുംതന്നെ വീട്ടില്‍ വരുന്നതും ചിരിച്ചുകൊണ്ട് സംസാരിക്കുന്നത്  കാണുവാനും പാപ്പായി ഒരുപാട് ഇഷ്ടം മാത്രമായിരുന്നു. ഇപ്പോള്‍ അതിലുപരി അവളുടെ സാമീപ്യം പുത്തന്‍ വിചാരങ്ങളിലേയ്ക്ക് നയിക്കുന്നു പെരുവിരലില്‍ നിന്നും ദേഹമാസകലം പടരുന്ന പുതിയ അനുഭൂതികള്‍.

അരമണിക്കൂര്‍ നേരത്തെ സ്‌കൂളിലെത്തിയെങ്കിലും പ്രധാനാധ്യാപകന്‍ വളരെ കര്‍ക്കശക്കാരനായതിനാല്‍ ക്ളാസ് മുറിയില്‍ തന്നെ നിശബ്ദമായി ചിലവഴിക്കുകയെ നിവൃത്തിയുള്ളു. സ്‌കൂളിന്റെ വിശാലമായ മൈതാനം കുട്ടികളുടെ പാദസ്പര്ശനത്തിനായി  ക്ഷമയോടെ കാത്തിരിക്കുന്നത് കാണുമ്പോള്‍ നെടുവീര്‍പ്പെടുക മാത്രമാണ് സാധിച്ചിരുന്നത്. അന്‍പതോളം കുട്ടികളുള്ള ക്ളാസില്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളാണ്. അതുകൊണ്ടു തന്നെ   ആണ്‍കുട്ടികള്‍ തമ്മില്‍ എപ്പൊഴും മത്സരവും, കൗമാരപ്രായത്തിന്റെ തിളപ്പുകളാണെങ്കിലും. ജീവശാസ്ത്രപരമായി യൗവനാരംഭവേളകളില്‍ തന്നെ ആര്‍ത്തവമെത്തിയ പെണ്‍കുട്ടികളോട്  ആണ്‍കുട്ടികള്‍ക്ക് ആകര്‍ഷണീയത സാധാരണമാണെന്ന്  ഡെയ്സി ടീച്ചറിന്റെ പക്ഷം. അതുകൊണ്ട്തന്നെ പെണ്‍കുട്ടികളോടുള്ള പല കുസൃതികളും കണ്ണടയ്ക്കും. പഠിത്തത്തില്‍ അഗ്രഗണ്യരായവര്‍ കുറവായതിനാല്‍ മറ്റു പഠ്യേതര വിഷയങ്ങളിലുള്ള പോരാട്ടങ്ങളിലാണ് പലര്‍ക്കും താല്‍പ്പര്യം. ഉച്ചയ്ക്കുള്ള കബഡി കളിയാണിപ്പോള്‍ എല്ലാവര്‍ക്കും തന്നെ അധിക ആവേശമായി മാറിയിരിക്കുന്നത്. അതുകൊണ്ടു തന്നെ പാപ്പായിയും അരമണിക്കൂറിനുള്ളില്‍ ഉച്ചയാഹാരം കഴിച്ച് തിരിച്ചുവന്നിരിക്കും. ക്ളാസ് ടീച്ചറായ പ്രിയ ഡെയ്സി ടീച്ചറിന്റെ പ്രത്യകതയാണ് എല്ലാ ദിവസവും കൃത്യം  പത്തുമണിയ്ക്ക് തന്നെ ഹാജര്‍ പട്ടികയുമായെത്തിയിരിക്കുമെന്നുള്ളത്. മെലിഞ്ഞ ആകാരമാണെങ്കിലും നല്ല ഉയരമുള്ളതിനാല്‍ പ്രത്യേക ആകര്ഷണീയതയാണ് ഡെയ്സി ടീച്ചര്‍ക്ക്, വിശാലമായ നെറ്റിയില്‍ നിത്യേന വൃത്താകൃതിയിലുള്ള ചുവന്ന പൊട്ട് ടീച്ചറിന്റെ മാത്രം പ്രത്യേകതയും. ഇരുനിറമുള്ള മുഖത്തില്‍ കറുത്തുവളഞ്ഞ പുരികക്കൊടികള്‍ ഭംഗിയേറിയതാണെങ്കിലും ടീച്ചറിന്റെ നിശ്ചയധാര്‍ഷ്ട്യമുള്ള തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവിനെയുമാണ് സൂചിപ്പിച്ചിരുന്നത്.

അന്നേദിവസം ഡെയ്സി ടീച്ചര്‍ ഹാജരെടുക്കുവാനെത്തിയില്ല പകരം പ്രധാനാധ്യാപകന്‍ തന്നെയെത്തി ഹാജരെടുത്തിട്ട് മൗനമായിരുന്നു പഠിക്കുവാനുത്തരവിട്ടു. ഡെയ്സി ടീച്ചറിനെപ്പറ്റി ഒന്നും പറയാതെ പോയപ്പോള്‍ കുട്ടികള്‍ അന്യോന്യം പിറുപിറുക്കുവാന്‍ തുടങ്ങിയെങ്കിലും അദ്ദേഹം ഉടനെ തിരിച്ചുവന്ന് വീണ്ടും മൗനമായിരുന്ന് പഠിക്കുവാനാവശ്യപെട്ടു. പാപ്പായി മലയാളം പുസ്തകമെടുത്തു താളുകള്‍ ഓരോന്നായി മറിക്കുവാന്‍ തുടങ്ങിയതും കൂട്ടുകാരനായ ജോര്‍ജുകുട്ടി ഗൂഢമായി മന്ദഹസിച്ചുകൊണ്ട് പെണ്‍കുട്ടികളിരിക്കുന്ന ഭാഗത്തേയ്ക്ക് നോക്കുവാന്‍ കണ്ണുകാണിച്ചു. സാധാരണയില്‍ കവിഞ്ഞൊന്നും കാണാത്തതുകൊണ്ട് അവന്റെ നേരെ വീണ്ടും നോക്കി ജോര്‍ജുകുട്ടി ചെവിയില്‍ മന്ത്രിച്ചു 'എടാ വെളുത്ത റോസാപ്പൂവ്'  മനസിലാകാതെ അമ്പരന്നിരുന്ന പാപ്പായിയോട് വീണ്ടും 'എടാ പൊട്ടാ ബിന്ദുവിന്റെ തലയിലേയ്ക്ക് നോക്കടാ'. ശരിയാണ്  ബിന്ദുവിന്റെ തലയില്‍ ഇന്ന് ചൂടിയിരിക്കുന്നത് വെളുത്ത റോസാപ്പൂവ് തന്നെയാണ്. പാപ്പായിയുടെ ഉള്ളൊന്നു കാളി വെളുത്ത റോസാപ്പൂവിന്റെ വിശേഷം ഈ മന്ദബുദ്ധി വേറെയാരോടെങ്കിലും വിളമ്പിയോ. വീണ്ടും ഗൂഢമായി മന്ദഹസിച്ചുകൊണ്ടിരുന്ന ജോര്‍ജുകുട്ടിയുടെ മുഖത്തേയ്ക്ക് വിവര്‍ണനായി നോക്കിയിരുന്നപ്പോള്‍ അറിയാതെ രണ്ടു ദിവസം മുന്‍പ് സംഭവിച്ച വെളുത്ത റോസാപ്പൂവുമായുള്ള സംഭവവികാസങ്ങള്‍ ഓര്‍മ്മയില്‍ മിന്നി മറഞ്ഞു. അന്നും പതിവുപോലെ ഉച്ചയ്ക്കുള്ള ആഹാരം കഴിക്കുവനായി വീട്ടിലേക്കോടുകയായിരുന്നു എത്രയും പെട്ടന്ന് മടങ്ങി വന്ന് കബഡി കളിക്കുവാനുള്ള മോഹത്തോടെ.

ഓടിയണച്ച് വീട്ടുവാതില്‍ക്കലെത്തിയപ്പോള്‍ മുന്‍വാതില്‍ പൂട്ടിക്കിടക്കുന്നു, വല്യമ്മച്ചിയും ആനിയാന്റിയും പ്രത്യേകമായി രാവിലെ ഒന്നും സൂചിപ്പിക്കാതിരുന്നത് കൊണ്ട് ഒന്നമ്പരന്നു. ധൈര്യം സംഭരിച്ചു വീടിന്റെ പുറകിലുള്ള അടുക്കളവാതില്‍ ലക്ഷ്യമാക്കി നടന്നു. അടുക്കള വാതിലിനരികിലുള്ള കുളിമുറിയുടെ വാതിലും അടഞ്ഞു കിടക്കുന്നു. ആനിയാന്റി ആയിരിക്കുമെന്ന് കരുതി വിളിക്കുവാന്‍ തുടങ്ങിയതും അകത്തു നിന്നും അടക്കിപ്പിടിച്ച ചിരിയും ജല്‍പനങ്ങളും കേള്‍ക്കുന്നതായി തോന്നലുണ്ടായി. ധൈര്യം സംഭരിച്ചു വീണ്ടും വിളിച്ചു 'ആനി ആന്റിയെനിക്കുടനെ തിരിച്ചു പോണം'. അപ്രതീക്ഷിതമായി ഘനഗംഭീര്യമുള്ള സ്വരത്തില്‍ മറുപടി ലഭിച്ചു 'പാപ്പായി മുന്‍വശത്തേയ്ക്ക് പൊയ്‌ക്കോളൂ ഉടനെ വരാം'.അന്ധാളിച്ചുപോയ പാപ്പായി തൊമ്മി അപ്പാപ്പന്റെ സ്വരം തിരിച്ചറിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നറിയുവാനുള്ള ആകാംഷയും അപ്രദീക്ഷിതമായുള്ള അപ്പാപ്പന്റെ വരവും പാപ്പായി അനങ്ങാതെ  അവിടെത്തന്നെ നിന്നു.

അധികം താമസിയാതെ പഞ്ഞികെട്ടിയ സിഗരറ്റും വലിച്ചുകൊണ്ട് തൊമ്മി അപ്പാപ്പന്‍ കുളിമുറിയുടെ വാതില്‍ തുറന്ന് പുറത്തിറങ്ങി വീണ്ടും വാതിലടച്ചു. പാപ്പായിയുടെ തോളില്‍ കയ്യിട്ട് വീടിന്റെ മുന്‍വശത്തേയ്ക്ക് നടന്നു, പാപ്പായി വീണ്ടും അടഞ്ഞു കിടക്കുന്ന കുളിമുറിയുടെ വാതിലിലേയ്ക്ക് പാളി നോക്കി. അപ്പാപ്പന്‍ പറഞ്ഞു തുടങ്ങി അമ്മച്ചി ആശുപത്രിയില്‍ പോയിരിക്കുകയാണ് കൂട്ടിന് ആനി ആന്റിയും. മുന്‍വാതില്‍ തുറന്നതും പാപ്പായി നേരെ അടുക്കളയിലെത്തി വീണ്ടും കുളിമുറിയുടെ വാതിലിലേയ്ക്ക് നോക്കി, അടഞ്ഞു തന്നെ കിടക്കുന്നു. സാവധാനം ചോറും കറികളും പാത്രത്തിലേയ്ക്ക് എടുക്കുവാന്‍ തുടങ്ങിയപ്പോള്‍ കുളിമുറിയുടെ വാതില്‍ സാവധാനം തുറന്നു വാസന്തി പുറത്തേയ്ക്ക് വന്നു.  വീണ്ടുമൊന്നുകൂടി ചുറ്റും നോക്കിയിട്ട് കുനിഞ്ഞു ഉടുത്തിരുന്ന മുണ്ടുകൊണ്ട് മുഖവും പിന്നീട് തുടയും അമര്‍ത്തി തുടച്ചു കൊണ്ട് മുന്നോട്ടു നടക്കുവാനാഞ്ഞതും പാപ്പായിയുടെ കൈയ്യില്‍ നിന്നും പാത്രം താഴെവീണു. ശബ്ദം കേട്ട വാസന്തി ഒന്നു തിരഞ്ഞു നോക്കി പാപ്പായിയെ കണ്ടതും പുഞ്ചിരിച്ചിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ കാറുകെട്ടിപ്പുഴയെ ലക്ഷ്യമാക്കി നടന്നു. അപ്പോള്‍ വാസന്തിയുടെ അഴിഞ്ഞുകിടന്ന നീണ്ടമുടിയിഴകള്‍ക്കിടയില്‍ ഇതളുകള്‍ പൊഴിഞ്ഞ ഒരു വെളുത്ത റോസാപ്പൂ  പറ്റിച്ചേര്‍ന്നു കിടക്കുന്നു. 'ബോബി എന്താണ് പകല്‍ക്കിനാവ് കാണുകയാണോ' പ്രധാനാധ്യാപകന്റെ ഉച്ചത്തിലുള്ള ശബ്ദത്തോടൊപ്പം ഒരു ചോക്ക് കഷണവും നെറ്റിയില്‍ പതിച്ചപ്പോള്‍  ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ജോര്‍ജുകുട്ടിയെ ദയനീയമായി നോക്കിക്കൊണ്ട് ആല്‍മഗതമുതിര്‍ന്നു 'എടാ ദ്രോഹി വേറെയാരോടും പറയരുതെന്ന് പറഞ്ഞതല്ലേടാ'. അവന്‍ അപ്പോഴും കള്ളച്ചിരിയോടുകൂടി കയ്യിലിരുന്ന പുസ്തകത്തിലേയ്ക്ക് നോക്കി ഇരിക്കുകയായിരുന്നു.

ആദ്യത്തെ പീരീഡ് കഴിഞ്ഞപ്പോള്‍ തന്നെ ഡെയ്സി ടീച്ചറിന്റെ അസാന്നിദ്ധ്യത്തിന്റെ വിവരങ്ങള്‍  സ്‌കൂളിലെല്ലായിടത്തും പരന്നു. സ്ഥിരംയാത്രചെയ്യുന്ന ബസ്സിനപകടം പിണഞ്ഞു കാറുകെട്ടിപ്പുഴയുടെ  കുറുകെയുള്ള പാലത്തിനരുകിലെത്തിയപ്പോളാണ് സംഭവിച്ചത്.  ടയര്‍പൊട്ടിയെങ്കിലും ബലവത്തായ കൈവരികള്‍ താങ്ങിയതിനാല്‍ പുഴയില്‍ വീഴാതെ തട്ടിനിന്നു പക്ഷെ എല്ലാ യാത്രക്കാര്‍ക്കും തന്നെ പരുക്കുകളുണ്ട്. വിവരമറിഞ്ഞയുടന്‍ പ്രധാനാധ്യാപകരുള്‍പ്പെടുന്ന സംഘം ടീച്ചറെക്കാണുവാന്‍ ആശുപത്രിയിലേയ്ക്ക് തിരിച്ചു.  ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലങ്ങളില്‍ തടികൊണ്ടും തകിടുകൊണ്ടും പണിതീര്‍ത്ത പഴയപാലത്തിന്റെ തൂണുകള്‍ക്കിപ്പോഴും ബലമുണ്ടെങ്കിലും മേല്‍ഭാഗങ്ങള്‍ ദൃവിച്ചിരുന്നു. ഓരോ അപകടങ്ങളുണ്ടാവുമ്പോഴും നാട്ടുകാര്‍ പ്രതിഷേധസൂചകമായി വഴിമദ്ധ്യത്തില്‍ വാഴനട്ടിരുന്നെങ്കിലും പുതിയ പാലം പണിയുവാനുള്ള നടപടികൊളൊന്നും തന്നെ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല.   എല്ലാവര്‍ഷവും അറ്റകുറ്റപ്പണികള്‍ നടത്തുമായിരുന്നെങ്കിലും അനുയോജ്യമല്ലാത്ത മിശ്രിതങ്ങള്‍ ചേര്‍ത്തിരുന്നതിനാല്‍ വീണ്ടും തകരാറിലാവുക പതിവ് പല്ലവിയാണ്. ഇടവേളയില്‍  ജോര്‍ജുകുട്ടിയുടെ തോളത്ത് കൈയിട്ടുകൊണ്ട് കാലുപിടിക്കുക തന്നെ ചെയ്തു 'മോനെ വേറെ ആരോടും പറയരുത്, മറ്റുള്ളവരറിഞ്ഞാല്‍ അപ്പാപ്പന് മനസിലാകും സംഭവം ലീക്കായത് പാപ്പായിലൂടെ തന്നെയാണെന്ന്' തല്‍കാലത്തേക്ക് മൗനം പാലിക്കുവാന്‍ കാറുകെട്ടിപ്പുഴയില്‍ നീന്തലു പഠിക്കുവാന്‍ സഹായിക്കണമെന്നുള്ള നിബന്ധനയും അംഗീകരിക്കേണ്ടി വന്നു.


മദ്ധ്യാഹ്നത്തിനുള്ള ഒരു മണിക്കൂര്‍ നീണ്ട ഭക്ഷണവേളകളാണ് സ്‌കൂളിലുള്ള കുട്ടികളെല്ലാവരും തന്നെ ആസ്വദിക്കുന്നത്. അധ്യാപകരുടെ കര്‍ശനമായ നിരീക്ഷണങ്ങളില്ലാതെ കുട്ടികള്‍ പൂര്‍ണ്ണമായും സ്വന്തന്ത്രരായി    അവരുടെ മാത്രം ലോകത്തില്‍ വിഹരിക്കുന്ന സമയം. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുമായി ഭക്ഷണം പങ്കുവയ്ക്കുവാന്‍ തുടങ്ങി സ്‌കൂളിനടുത്തുള്ള പെട്ടിക്കടകളില്‍ നിന്നും നാരങ്ങാ മിഠായി തൊട്ട് കോല്‍ ഐസ്‌ക്രീം വരെ കഴിക്കുവാനുള്ള സമയത്തോടൊപ്പം ഇഷ്ടപ്പെട്ട വിനോദങ്ങളിലും പങ്കെടുക്കുവാനുള്ള അവസരങ്ങള്‍.  ഭക്ഷണപൊതികളുമായെത്തുന്ന കുറച്ചു കുട്ടികള്‍ ശാന്തമായി ഒഴുകുന്ന കാറുകെട്ടിപ്പുഴയുടെ സൗന്ദര്യമാസ്വദിക്കുവാനും പഞ്ചസാര മണല്‍ മൂടിയ തീരങ്ങളിരുന്ന് ആഹാരത്തോടൊപ്പം സ്വകാര്യങ്ങള്‍ പങ്കുവയ്ക്കുന്നതും സാധാരണ കാഴ്ചതന്നെയാണ്. ഭൂരിഭാഗം കുട്ടികളും പൊതിച്ചോറുമായെത്തുമ്പോള്‍ പാപ്പായിയെപ്പോലെ സ്‌കൂളിന്റെ സമീപത്ത് താമസിക്കുന്ന കുട്ടികളെല്ലാവരും മദ്ധ്യാഹ്ന ഭോജനത്തിനുള്ള മണിമുഴങ്ങുമ്പോള്‍ തന്നെ വീടുകളിലേക്കുള്ള ഓട്ടത്തിലായിരിക്കും.

പാപ്പായിക്കാണെങ്കില്‍ തിരികെയെത്തി കബഡികളിയിലും പങ്കെടുക്കണം, താമസിച്ചാല്‍ ടീമിലിടം ലഭിക്കില്ല. അന്നും പതിവുപോലെ വീട്ടിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചതും ചാറ്റല്‍ മഴ പെയ്യുവാന്‍ തുടങ്ങി. അപ്രതീക്ഷമായെത്തിയ മഴയുടെ സുഖം നുകരുവാന്‍ തന്നെ തീരുമാനിച്ചു, സ്‌കൂള്‍ കവാടം കടന്നു മറ്റുകുട്ടികളേക്കാള്‍ മുന്നിലെത്തിയപ്പോള്‍ നടത്തത്തിന് വേഗം കൂട്ടി. മഴ വീണ്ടുമിത്തിരി കനത്തപ്പോള്‍ ഇടയ്ക്ക് തണല്‍മരങ്ങളുടെ കീഴില്‍ അഭയം തേടി. നഷ്ടപെട്ട സമയം വീണ്ടെടുക്കുവാനായി ഓട്ടത്തിന്റെ വേഗതയും കൂട്ടി. പ്രധാന വഴിയില്‍ നിന്നും വീട്ടിലേയ്ക്കുള്ള നടപ്പാത തിരിയുന്നിടത്തെത്തിയതും കല്ലില്‍ തട്ടി താഴേയ്ക്ക് പതിച്ചു. കൈകുത്തി വീണതിനാല്‍ മുഖം നിലത്തുരഞ്ഞില്ല എങ്കിലും വലതുകൈമുട്ടില്‍ ചോരപൊടിയുവാന്‍ തുടങ്ങി, അതിലുപരി മഴവെള്ളത്തില്‍ ദേഹമാസകലം ചെളിപറ്റി. ചാടിയെണീറ്റു ചുറ്റും നോക്കി ഭാഗ്യത്തിനാരും കണ്ടില്ല. ജീവിതത്തില്‍ ആദ്യത്തെ വീഴ്ച്ചയല്ലാത്തതുകൊണ്ടും സ്‌കൂളിലെത്തി കബഡികളിയില്‍ പങ്കെടുക്കേണ്ടതുകൊണ്ടും വീട്ടിലേയ്ക്ക് വീണ്ടും കുതിച്ചു. കാല്‍മുട്ടും ചെറുതായി വേദനിക്കുന്നുവാന്‍ തുടങ്ങിയെങ്കിലും കാര്യമാക്കാതെ വീണ്ടും ഓടുവാന്‍ തുടങ്ങി. വീടിനോടടുത്തപ്പോള്‍ ആനിയാന്റിയുടെ കലിപ്പുകേറിയ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു. ദേഹമാസകലം ചെളിയുമായെത്തിയാല്‍ കിട്ടുന്ന ശാസന സഹിക്കുവാന്‍ സാധിക്കില്ല ചിലപ്പോള്‍ പുറത്തു നില്‍ക്കേണ്ടി വരും.  പിന്നെ മറ്റൊന്നും ചിന്തിക്കാതെ നേരെ കിണറിന്റെ ഭാഗത്തേയ്ക്ക് പാഞ്ഞു. കാല്‍മുട്ടുകളിലെ വേദനയും അസ്വസ്ഥമായ മനസും കൂടി കലര്‍ന്നപ്പോള്‍  ശരീരത്തിന്റെ നിയന്ത്രണം തന്നെ കൈമോശം വന്നു. കിണറിന്റെ അരഭിത്തിയിലിരുന്ന വെള്ളം കോരുന്ന തൊട്ടി ലക്ഷ്യമാക്കി കൈനീട്ടിയെങ്കിലും ഓട്ടത്തിന്റെ ആക്കത്തില്‍ കൈതട്ടി തൊട്ടി കിണറിനുള്ളിലേയ്ക് പതിഞ്ഞു. വീണുകൊണ്ടിരുന്ന തൊട്ടിയെ എത്തിപ്പിടിക്കുവാന്‍ ആഞ്ഞതും അമിതവേഗത്തിലായിരുന്ന ശരീരത്തിന്  തടയുവാന്‍ കഴിയാതെ സന്തുലിത നഷ്ടപെട്ട കാലുകള്‍ നിലത്തുനിന്നുമുയര്‍ന്നു പൊങ്ങി. എന്തുസംഭവിക്കുന്നു എന്ന് തിരിച്ചറിയുന്നതിന് മുന്‍പ് അല്പനേരത്തേയ്ക്ക് ശൂന്യാകാശത്ത് പറന്നതിനുശേഷം തൊട്ടിയുടെ പിറകെ വെള്ളത്തില്‍ പതിച്ചു.

പുഴയോരത്തെ കിണറായിരുന്നതിനാല്‍ അധികമാഴമില്ലായിരുന്നു എന്നാല്‍ ആവശ്യത്തിന് വെള്ളവുമുണ്ടായിരുന്നതിനാലും പരുക്കൊന്നും പറ്റാതെ മുട്ടോളം വെള്ളത്തില്‍ തന്നെ പെട്ടെന്ന് എണീറ്റ് നില്‍ക്കുവാന്‍ സാധിച്ചു. സ്ഥലകാലബോധം വന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. തൊട്ടി കിണറ്റിലേയ്ക്ക് വീണപ്പോള്‍ കയറില്‍ പിടിച്ചതാണ് പക്ഷെ താഴോട്ട് പതിച്ചപ്പോള്‍ കയറും വീണും ഏതായാലും തൊട്ടിയോടൊപ്പം കയറും വെള്ളത്തില്‍ തന്നെ കിടപ്പുണ്ട്. ഭാഗ്യത്തിന് കിണറിന്റെ വക്കിലെങ്ങും ഇടിക്കാതെ നേരെ വെള്ളത്തില്‍ തന്നെ വീണു. വശങ്ങളിലുള്ള പച്ചച്ചെടികളിലും പിടുത്തം കിട്ടിയില്ല അതില്‍  രണ്ടുമൂന്നെണ്ണം താഴെ ഇളകി വെള്ളത്തിലും വീണു. പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ വല്യമ്മച്ചിയെ നീട്ടി വിളിച്ചു മറുപടി ലഭിക്കാതെ വന്നപ്പോള്‍ ആനി ആന്റിയെയും വിളിച്ചു. പിന്നെയും മറുപടി ലഭിക്കാതെ വന്നപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ടു. കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്തു തല്‍ക്കാലം ദാഹമകറ്റി വീണ്ടുമൊരിക്കല്‍ കൂടി മുകളിലേയ്ക്ക് നോക്കി കാതോര്‍ത്തു ഇല്ല ഒന്നും കേള്‍ക്കുന്നില്ല. കൂടുതലൊന്നും ചിന്തിക്കാതെ പതുക്കെ കിണറിന്റെ വട്ടത്തിലുള്ള വളയത്തില്‍ പിടിച്ചുനോക്കി നല്ല ഉറപ്പുണ്ട് പതുക്കെ ഓരോ വളയത്തിലും കൈകാലുകള്‍ മാറി മാറി പിടിച്ചു മുകളിലേയ്ക്ക് കയറുവാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ വഴുക്കുന്നുണ്ടായിരുന്നെങ്കിലും പ്രയാസപ്പെട്ടു ഓരോ വളയങ്ങളിലും പിടിച്ചു മുകളിലെത്തി ചുറ്റും നോക്കി പിന്നെയും ആരെയും കാണാനില്ല. കിണറിന് പുറത്ത് കുറച്ചു നേരം കൂടെ ഇരുന്ന് ശ്വാസമെടുത്തു  ഒരു ദീര്‍ഘനിശ്വാസവും ഉതിര്‍ത്തു ഉള്ളില്‍ നിന്നുമുണ്ടായ മനസിന്റെ വിങ്ങലുകള്‍ കടിച്ചമര്‍ത്തിയെങ്കിലും രണ്ടുതുള്ളി കണ്ണുനീര്‍ ഇറ്റുവീണു. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ഒന്നുകൂടി തുടച്ചിട്ട് ആരോടും ഒരു പരിഭവവും പ്രകടിപ്പിക്കാതെ വീണ്ടുമൊന്നു ശുദ്ധിയാകുവാന്‍ കാറുകെട്ടിപ്പുഴ ലക്ഷ്യമാക്കി നടന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam