1 GBP = 92.50 INR                       

BREAKING NEWS

ഗര്‍ഭിണിയായ യുവതിയെ ആലപ്പുഴയില്‍ നിന്നും ഹരിപ്പാട് എത്തിച്ചതിന് ശിവസേനയുടെ ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടത് 3,900 രൂപ; പിപിഇ കിറ്റിന്റെ തുകയായ 800 രൂപയും ആംബുലന്‍സ് അണുവിമുക്തമാക്കുന്നതിനുള്ള തുകയായ 600 രൂപയും ചേര്‍ത്തെന്നും വിശദീകരണം; തര്‍ക്കത്തിനൊടുവില്‍ നല്‍കേണ്ടി വന്നത് 3,600 രൂപയും; 32 കിലോമീറ്ററോളം ദൂരം ഓടിയതിന് അമിത തുക ഈടാക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

Britishmalayali
ആര്‍ പീയൂഷ്

ആലപ്പുഴ: മുംബൈയില്‍ നിന്നും തിരികെ നാട്ടിലെത്തിയ കുടുംബത്തെ വീട്ടിലെത്തിച്ച ശിവസേനയുടെ ആംബുലന്‍സ് ഡ്രൈവര്‍ അധിക ചാര്‍ജ്ജ് ഈടാക്കിയതായി ആരോപണം. ഹരിപ്പാട് കാരിച്ചാല്‍ സ്വദേശികളായ കുടുംബത്തിന്റെ പക്കല്‍ നിന്നാണ് അധിക തുക ഈടാക്കിയത്. ഇവരുടെ സഹോദരന്‍ ഫേസ്ബുക്കിലാണ് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.

കഴിഞ്ഞ 27 നാണ് കുടുംബം മുംബൈയില്‍ നിന്നും കൊച്ചിയില്‍ ട്രെയിന്‍ മാര്‍ഗ്ഗം എത്തിയത്. മൂന്ന് മാസത്തോളമായി കോവിഡ് പശ്ചാത്തലത്തില്‍ മുംബൈയില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഗര്‍ഭിണിയായ യുവതിയുണ്ടായിരുന്നതിനാല്‍ ഇവര്‍ പ്രത്യേക പാസ് എടുത്ത് നാട്ടിലേക്ക് വരികയായിരുന്നു. കൊച്ചിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയില്‍ ആലപ്പുഴ എത്തിയ ഇവര്‍ ഹരിപ്പാട് നിന്നും ശിവസേനയുടെ ആംബുലന്‍സ് വിളിച്ചു വരുത്തുകയായിരുന്നു. ഗര്‍ഭിണിയായ ഭാര്യയുണ്ടായിരുന്നതിനാലാണ് ആംബുലന്‍സ് വിളിച്ചതെന്ന് കുംടുംബം പറയുന്നു. പുലര്‍ച്ചെ ഒന്നരമണിയോടെ ഇവരെ ഹരിപ്പാട് കാരിച്ചാലിലെ വീട്ടില്‍ എത്തിച്ചു. പിന്നീട് വണ്ടി വാടക ചോദിച്ചപ്പോഴാണ് കുടുംബം ഞെട്ടിയത്. 3,900 രൂപയാണ് ആലപ്പുഴയില്‍ നിന്നും ഹരിപ്പാട് എത്താന്‍ ഡ്രൈവര്‍ ചോദിച്ചത്. അധിക തുകയാണ് ഇതെന്ന് കുടുംബനാഥന്‍ പറഞ്ഞപ്പോള്‍ പി.പി.ഇ കിറ്റിന്റെതുകയായ 800 രൂപയും ആംബുലന്‍സ് അണുവിമുക്തമാക്കുന്നതിനുള്ള തുകയായ 600 രൂപയും ചേര്‍ത്താണ് ഇത്രയും തുക എന്നാണ് മറുപടി പറഞ്ഞത്. ഏറെ തര്‍ക്കത്തിനൊടുവില്‍ 3,600 രൂപ വാങ്ങി ആംബുലന്‍സ് ഡ്രൈവര്‍ മടങ്ങുകയും ചെയ്തു.

പിറ്റേ ദിവസം ഇക്കാര്യം അറിഞ്ഞ സഹോദരനാണ് ആംബുലന്‍സ് ഡ്രൈവര്‍ അധിക ചാര്‍ജ്ജ് ഈടാക്കിയ സംഭവം സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടത്. എന്റെ അനുജനും അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയും രണ്ടു വയസ്സുള്ള കുഞ്ഞും ഏറെ ബുദ്ധിമുട്ടിയാണ് നാട്ടിലെത്തിയത്. ഗര്‍ഭിണിയായ ഭാര്യക്ക് അസ്വസ്ഥതകള്‍ ഉള്ളതിനാലാണ് ആംംബുലന്‍സ് വിളിക്കാന്‍ തീരുമാനിച്ചത്. ജീവകാരുണ്യം പ്രവര്‍ത്തനം ഏറ്റവും കുറഞ്ഞ നിരക്കില്‍ നടത്തുന്ന ആംബുലന്‍സ് ആയതിനാലാണ് ശിവസേനയുടെ ആംബുലന്‍സ് വിളിച്ചത്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സഹോദരന്റെ പക്കല്‍ നിന്നും പിടിപറിച്ചാണ് ആംബുലന്‍സ് ഡ്രൈവര്‍ പണം വാങ്ങിയതെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ജോണ്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. ഇത് പാവങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും ശിവസേന എന്ന സംഘടന അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സോഷ്യല്‍ മീഡിയയില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. കേവലം 32 കിലോമീറ്ററോളം മാത്രം ദൂരമുള്ളപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ കൊള്ള നടത്തിയത് തന്നെയാണ് എന്നാണ് ഉയരുന്ന വിമര്‍ശനം. ആംബുലന്‍സ് ഡ്രൈവര്‍മാരും ഇക്കാര്യത്തില്‍ വിമര്‍നവുമായി രംഗത്തെത്തിയിട്ടുണ്ട്. അങ്ങേയറ്റം പോയാല്‍ 2000 രൂപ വരെയാണ് ഈ ഘട്ടത്തില്‍ വാങ്ങുക എന്നാണ് അവര്‍ പറയുന്നത്. അതേ സമയം ആംബുലന്‍സ് വാടകയായി 2000 രുപയും ബാക്കി വാഹനം ശുചിയാക്കുന്നതിനും താന്‍ ധരിച്ചിരുന്ന പി.പി.ഇ കിറ്റിന്റെ ചാര്‍ജ്ജുമാണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പ്രതികരിച്ചു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞു.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;

'ഇതോ ജീവകാരുണ്യം
രണ്ടു ദിവസം മുന്‍പ് (27/05/2020 ) എന്റെ അനിയന് ഉണ്ടായ ഒരു അനുഭവം ആണ് ഇതെഴുതാന്‍ കാരണം. മുംബയില്‍ നിന്ന് മൂന്നു മാസം കോറണ്‍ഡയിനില്‍ കഴിഞ്ഞിരുന്ന അനിയനും കുടുംബവും ആലപ്പുഴയില്‍ സുഖമായി എത്തി. ഹരിപ്പാടുനിന്ന് ഒരു ആമ്പുലന്‍സ് ആലപ്പുഴ K SRTC സ്റ്റാന്‍ഡില്‍ എത്തി അവരെ ഹരിപ്പാട് കാരിച്ചാല്‍ വീട്ടില്‍ എത്തിച്ചു. 5 മാസം ഗര്‍ഭിണിയായ അനിയത്തിയും 2 വയസ്സുള്ള കുഞ്ഞുമായി രാത്രിയില്‍ വന്നിറങ്ങിയ അവരോട് കഴുത്തറപ്പന്‍ ചാര്‍ജു ചോദിച്ചതിന്റെ പൊരുള്‍ഇതുവരെയും മനസ്സിലാകുന്നില്ല. ഈ ആമ്പുലന്‍സിനെ പറ്റി തിരക്കിയപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനം ഏറ്റവും കുറഞ്ഞ നിരക്കില്‍ ചെയ്യുന്ന ആമ്പുലന്‍സ് എന്ന് കണ്ടു. ആലപ്പുഴയില്‍ നിന്നും ഹരിപ്പാടിന് 3600 ചോദിച്ചു മേടിച്ചു.എന്നിട്ട് ഞാനിട്ടെക്കുന്ന കോട്ടിന് 800 ആകും വണ്ടി വൃത്തിയാക്കുന്നതിന് 600 ആകും എന്നു കുറെ കണക്കും പറഞ്ഞു. ജോലി ഇല്ലാതെ വീട്ടില്‍ കോറണ്‍ഡയിന്‍ കിടക്കാന്‍ വന്ന അനിയനും കുടുംബവും 1500 പ്രതീക്ഷിച്ചു. 3600 പകല്‍ കൊള്ളയല്ലേ . ഈ റേറ്റിനെപ്പറ്റി അറിയാവുന്നവര്‍ ഒന്നു പറഞ്ഞു തരണം . ഇതു പാവങ്ങളോട് കാണിക്കുന്ന അനീതിയല്ലെ . ഒരു നിവര്‍ത്തിയും ഇല്ലാത്ത കുടുംബമാണ്. ഇതാണോ ജീവകാരുണ്യം. സംഘടന അറിഞ്ഞിട്ടാണോ ഇതൊക്കെ ചെയ്യുന്നത്'

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category