1 GBP = 94.00 INR                       

BREAKING NEWS

സൂരജ് ഉത്രയെ കൊല്ലും എന്ന് വിശ്വസിക്കാത്തതിനാല്‍ മകനെ തള്ളിപ്പറയില്ല; സൂരജ് പാമ്പിനെ വാങ്ങി എന്നുപോലും വിശ്വസിക്കില്ല; സൂരജ് ഉത്രയെ കൊന്നെങ്കില്‍ അവനെ കോടതി ശിക്ഷിക്കട്ടെ; കുറ്റവാളിയാണെങ്കില്‍ പൊലീസ് കോടതിക്ക് മുന്നില്‍ തെളിയിക്കട്ടെ; മകന്‍ ചെയ്തത് എന്തായാലും അത് കോടതിക്ക് വിട്ടുകൊടുക്കുന്നെന്നു സൂരജിന്റെ അമ്മ രേണുക മറുനാടനോട്; ഉത്ര വധക്കേസില്‍ കുരുക്ക് മുറുകവേ താന്‍ ഒളിവില്‍ അല്ലെന്ന് വ്യക്തമാക്കി രേണുക; ഊരാന്‍ കഴിയാത്ത കുരുക്കില്‍ പെടുമ്പോഴും സൂരജിന്റെ കുടുംബം പ്രതീക്ഷയില്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ഉത്രാ വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിനെതിരെ കുരുക്ക് മുറുകവേ സൂരജിന്റെ കുടുംബം നിലപാടില്‍ മാറ്റം വരുത്തുന്നു. നിയമത്തിന്റെ കരങ്ങള്‍ സൂരജിന്റെ നേര്‍ക്ക് മാത്രമല്ല കുടുംബത്തിന്റെ നേര്‍ക്ക് കൂടി വരുന്ന സാഹചര്യത്തിലാണ് ഈ മനംമാറ്റം. സൂരജ് പ്രതിയല്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന കുടുംബം അയയുകയാണ്. സൂരജ് കുറ്റം ചെയ്തെങ്കില്‍ സൂരജ് ഉത്രയെ കൊന്നെങ്കില്‍ അവനെ കോടതി ശിക്ഷിക്കട്ടെയെന്നു സൂരജിന്റെ അമ്മ രേണുക മറുനാടനോട് പറഞ്ഞു.

സൂരജ് കുറ്റം ചെയ്തുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ കോടതി അവനെ ശിക്ഷിക്കട്ടെ. ഉത്രയെ എന്തിനു കൊന്നുവെന്നും പാമ്പിനെ ഉപയോഗിച്ച് ഉത്രയെ വകവരുത്താന്‍ എങ്ങിനെയൊക്കെ ശ്രമിച്ചുവെന്നും പൊലീസിനോട് സൂരജ് വ്യക്തമാക്കിയിരിക്കെയാണ് മുന്‍ നിലപാടില്‍ നിന്നും കുടുംബം മാറുന്നതായി സൂചനകള്‍ വരുന്നത്. മകന്‍ പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊന്നതിന്റെ വിശദാംശങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിക്കഴിഞ്ഞു. മകന്‍ കുറ്റവാളിയെന്നു വ്യക്തമായിട്ടും എന്തുകൊണ്ട് മകനെ തള്ളിപ്പറയാത്ത നിലപാട് സ്വീകരിക്കുന്നുവെന്ന മറുനാടന്റെ ചോദ്യത്തിനു മറുപടിയായാണ് രേണുക ഈ രീതിയില്‍ മറുപടി നല്‍കിയത്.

എല്ലാം കോടതി തെളിയിക്കട്ടെ. കോടതി മുന്നിലുണ്ടല്ലോ. കോടതിയില്‍ തെളിയുകയാണെങ്കില്‍ അതിന്റെ നടപടി അങ്ങനെ പോകട്ടെ. സൂരജ് ഉത്രയെ കൊല്ലും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഒരിക്കലും വിശ്വസിക്കില്ല. ഇപ്പോഴും വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ സൂരജിനെ തള്ളിപ്പറയില്ല. എന്റെ മകന്‍ ആ രീതിയിലുള്ള പയ്യനല്ല. അതുകൊണ്ട് സൂരജ് നിരപരാധിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ നാട്ടിലെ ജനങ്ങളുണ്ട്. അടൂര്‍-പറക്കോട്ടേ ജനങ്ങള്‍. ആരും സൂരജ് കൊലപാതകിയാണെന്ന് വിശ്വസിക്കുന്നില്ല. സൂരജിനെക്കുറിച്ച് തിരക്കിയപ്പോള്‍ അങ്ങനെ ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല-അമ്മ പറയുന്നു.

സൂരജ് പാമ്പിനെ വാങ്ങിയതായി പാമ്പുപിടുത്തക്കാരന്‍ സുരേഷ് തന്നെ മൊഴി നല്‍കുകയും അത് പൊലീസിനോട് സമ്മതിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനു അത് ഞങ്ങള്‍ വിശ്വസിക്കുന്നില്ല എന്നായിരുന്നു രേണുകയുടെ മറുപടി. ഇനി സൂരജ് തെറ്റ് ചെയ്തെങ്കില്‍ കോടതിയും നിയമങ്ങളും ഒക്കെയുണ്ടല്ലോ തെറ്റ് ചെയ്തെങ്കില്‍ കോടതി ശിക്ഷിക്കട്ടെ. പായസത്തില്‍ ഉറക്കുഗുളിക കലര്‍ത്തി ഉത്രയ്ക്ക് നല്‍കി എന്ന് സൂരജ് തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ മനുഷ്യന് എന്തൊക്കെയാണ് പറയാന്‍ കഴിയുന്നത്.. എന്തൊക്കെ കഥകള്‍ ഇതിന്റെ ഭാഗമായി വന്നു. പറയാത്ത എന്ത് കാര്യമാണ് വാര്‍ത്തയായി പ്രചരിച്ചത് എന്ന് ചോദിച്ചപ്പോള്‍ എല്ലാം വന്നു കഴിഞ്ഞില്ലേ ഇനി ഇപ്പോള്‍ അതെക്കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യം-രേണുക പറയുന്നു.

ഊരാന്‍ കഴിയാത്ത കുരുക്കിലേക്ക് തങ്ങള്‍ അകപ്പെട്ടു കഴിഞ്ഞു എന്ന് വ്യക്തമായതായി രേണുകയുടെ വാക്കുകള്‍ തെളിയിക്കുന്നു. സൂരജ് ഇതുവരെ സ്വന്തം കുടുംബത്തിനു എതിരായി മൊഴി നല്‍കിയിട്ടില്ല. ഇതിലാണ് തങ്ങള്‍ രക്ഷപ്പെട്ടു നില്‍ക്കുന്നത് എന്നും കുടുംബത്തിനു അറിയാം. ഇപ്പോള്‍ കുരുക്കുകള്‍ തങ്ങള്‍ക്ക് നേരെ കൂടി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് കുടുംബത്തിന്റെ പുനര്‍വിചിന്തനം കൂടി വരുന്നത്. സൂരജിന് മാത്രമല്ല ഈ കേസില്‍ സംശയാസ്പദമായി നില്‍ക്കുന്ന കുടുംബത്തിനു കൂടി നിയമസഹായം വേണമെന്ന നിലപാടിലാണ് കുടുംബം. ഉത്രയുടെ വധത്തില്‍ സംശയാസ്പദമായി നിലകൊള്ളവേ കുടുംബവും നിയമവഴികളെക്കുറിച്ച് ആലോചിക്കുകയും നിയമത്തിന്റെ പഴുതുകള്‍ തേടുകയുമാണ്. പൊലീസിനു മുന്നില്‍ എല്ലാം ഏറ്റുപറഞ്ഞശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലും ഉത്രയുടെ മാതാപിതാക്കള്‍ക്ക് മുന്നിലും കുറ്റം നിഷേധിക്കുകയാണ് സൂരജും.

സൂരജിന് പാമ്പുകളെ കൈമാറി കൂട്ടുപ്രതിയായി സുരേഷ് മാപ്പ് സാക്ഷിയാകാന്‍ സമ്മതം മൂളിയതോടെ സൂരജിന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഏറെക്കൂറെ അവസാനിക്കുകയാണ്. ഇതേസമയം തന്നെയാണ് സൂരജിനെതിരെ സുഹൃത്ത് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയും. കസ്റ്റഡിയില്‍ ആകുന്നതിനു തലേദിവസം സൂരജ് കാര്യങ്ങള്‍ തന്നോട് പറഞ്ഞിരുന്നതായാണ് സുഹൃത്ത് വെളിപ്പെടുത്തിയത്. പാമ്പിനെ വാങ്ങിയതും കൃത്യം നടത്തിയതും താനാണെന്ന് സൂരജ് പറഞ്ഞതായാണ് മൊഴി. ഈ മൊഴിയും സൂരജിനെതിരെയുള്ള നിര്‍ണ്ണായക തെളിവായി മാറും. നിയമത്തിന്റെ പഴുതുകളും അന്വേഷണത്തിലെ പിഴവുകളും മാത്രമാണ് ഇനി സൂരജിനു തുണയാകാന്‍ പോകുന്നത്. ഇത് മനസിലാക്കി തന്നെയാണ് കുടുംബവും നിയമത്തില്‍ വിശ്വസിക്കാനും നിയമവഴി തേടി ഇറങ്ങാനുമുള്ള ആലോചനകള്‍ നടത്തുന്നത്. കേസില്‍ വാവ സുരേഷില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഉത്രയുടേതുകൊലപാതകം തന്നെയെന്നാണ് വാവാ സുരേഷ് മൊഴി നല്‍കിയത്. പാമ്പിനെ കൈകാര്യം ചെയ്യാന്‍ വിദഗ്ധനാണ് പ്രതി സൂരജെന്നാണ് വാവ പറഞ്ഞത്. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ചായിരുന്നു മൊഴിയെടുപ്പ് നടന്നത്

ഭര്‍തൃഗൃഹത്തില്‍ ഗാര്‍ഹിക പീഡനം നടന്നതിനെ തുടര്‍ന്ന് സൂരജിന്റെ മാതാപിതാക്കള്‍ക്കെതിരേയും സഹോദരിക്കെതിരേയും കേസെടുക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ദ്ദേശം പൊലീസിനു കൈമാറിയിട്ടുണ്ട്. സ്ത്രീധനപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. ഏഴു ദിവസത്തിനകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതും മാതാപിതാക്കള്‍ക്ക് കുരുക്കായും മാറും. ഭര്‍തൃഗൃഹത്തില്‍ വലിയ പീഡനം ഉത്രക്ക് നേരിടേണ്ടി വന്നിരുന്നെന്നു പിതാവ് വിജയസേനന്‍ പറഞ്ഞിരുന്നു. വിവാഹ മോചനത്തിലേക്കു കാര്യങ്ങളെത്തുമോയെന്നു ഭയന്നാണു സൂരജ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായത്.

ഉത്ര വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി: എ. അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഉത്രയുടെ വീട്ടിലെത്തി മാതാപിതാക്കളില്‍നിന്നും സഹോദരനില്‍നിന്നും മൊഴിയെടുത്തിട്ടുണ്ട്. മൂന്നു മണിക്കൂറോളം തെളിവെടുപ്പു നടത്തിയ പൊലീസ് സംഘം ഉത്ര മരിച്ച ദിവസം സൂരജ് സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിവാഹ സമയത്ത് ഉത്രയുടെ വീട്ടുകാര്‍ സൂരജിന് വാങ്ങിക്കൊടുത്ത കാറാണിത്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ജി മോഹന്‍രാജിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്പി ഹരിശങ്കര്‍ ഡിജിപിക്ക് കത്തുനല്‍കിയിട്ടുണ്ട്. കേസില്‍ ഉടന്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നാണ് പൊലീസ് ആവശ്യം.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category