1 GBP = 94.00 INR                       

BREAKING NEWS

അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ സൈനിക, നയതന്ത്ര തലങ്ങളില്‍ ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ നടക്കുന്നു; പ്രശ്നം പരിഹരിക്കാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്; അതിന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംവിധാനങ്ങളുമുണ്ട്; ട്രംപിന്റെ മധ്യസ്ഥത ഓഫര്‍ തള്ളി ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്; ചൈനയുമായുള്ള പ്രധാന തര്‍ക്കത്തിന് ഇടയാക്കിയത് ദുബ്രുക്കില്‍ നിന്ന് ദൗലത് ബേഗ് ഓള്‍ഡിയിലേക്കുള്ള ഇന്ത്യന്‍ റോഡ് നിര്‍മ്മാണം; സമുദ്രനിരപ്പില്‍നിന്ന് 15,000 അടി ഉയരത്തിലുള്ള റിന്‍ചെന്‍ പാലവും തര്‍ക്കവിഷയമായി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം അതിര്‍ത്തിയില്‍ മൂര്‍ച്ഛിക്കുമ്പോഴും മധ്യസ്ഥത ഓഫറുമായുള്ള അമേരിക്കയുടെ രംഗപ്രവേശനം ഇരുരാജ്യങ്ങളുടെയു വിദേശകാര്യ വക്താക്കള്‍ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ നിലപാട് തുറന്നു പറഞ്ഞുകൊണ്ട് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തി. അതിര്‍ത്തി വിഷയം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര തലങ്ങളില്‍ പരസ്പരം സംസാരിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. നിയന്ത്രണരേഖയില്‍ ചൈനയുമായി തര്‍ക്കം തുടരുന്നതിനിടയില്‍ ഇതാദ്യമായാണ് ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രി വിഷയത്തില്‍ അഭിപ്രായം പറയുന്നത്.

പ്രശ്നം പരിഹരിക്കാനാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതെന്ന് രാജ്നാഥ് സിങ് വാര്‍ത്താ ചാനലായ ആജ് തക്കിനോട് പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംവിധാനങ്ങളുണ്ടെന്നും അത് നടക്കുന്നതിനാല്‍ വിഷയത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കേണ്ട ആവശ്യമില്ലെന്നും രാജ്നാഥ് സിങ് അടിവരയിട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് എസ്പറുമായുള്ള സംഭാഷണത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതായി രാജ്‌നാഥ് സിങ് പറഞ്ഞു. ' ഇരു രാജ്യങ്ങളും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇതിനകം ഒരു സംവിധാനം ഉണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സൈനിക, നയതന്ത്ര സംഭാഷണത്തിലൂടെ അത് പരിഹരിക്കപ്പെടും. ആ സംവിധാനം നിലവിലുണ്ട്, സംഭാഷണം നടക്കുന്നു.'- രാജ്നാഥ് സിങ് പറഞ്ഞു.

സമാനമായ രീതിയില്‍ ബീജിംഗില്‍നിന്നുള്ള പ്രസ്താവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി. 'എല്ലാ അയല്‍ക്കാരുമായും നല്ല ബന്ധം പുലര്‍ത്തണമെന്ന ഇന്ത്യയുടെ നയം വളരെ വ്യക്തമാണ്. ഇത് ദീര്‍ഘകാലമായുള്ള ശ്രമവുമാണ്. പക്ഷേ ചിലപ്പോള്‍, ചൈനയുമായി ഇപ്പോള്‍ സംഭവിച്ച പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുന്നു. മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ''- അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഇന്ത്യ നിരസിച്ചതിന് പിന്നാലെയാണ് ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിലും മധ്യസ്ഥ ശ്രമം നടത്താന്‍ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചത്. അതിര്‍ത്തി തര്‍ക്കം സമാധാനപരമായി പരിഹരിക്കുന്നതിന് ചൈനയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന നയതന്ത്ര ചാരുതയോടെയുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ ഓഫര്‍ തള്ളി കൊണ്ടുള്ള ചൈനയുടെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് പ്രത്യേകമായ സംവിധാനം നിലനില്‍ക്കുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു. ഇരുരാജ്യങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നതിനും സജ്ജീകരണങ്ങള്‍ ഉണ്ട്. ചര്‍ച്ചകളിലൂടെ ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാജ്യം പ്രാപ്തമാണെന്നും ചൈന അറിയിച്ചു. ഇതിന് മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും അമേരിക്കയെ ഉദ്ദേശിച്ച് ചൈന വ്യക്തമാക്കി.

അതേസമയം ഇന്ത്യ ചൈന തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ട്രംപിന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നിരുന്നു. മോദിയും ട്രംപുമായി അടുത്തിടെ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് നിലവില്‍ രൂക്ഷമായിരിക്കുന്നത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു.

മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞിരുന്നു. കോവിഡ് കാലത്തിന് ശേഷം രൂപം കൊണ്ട പ്രത്യേക സാഹചര്യമാണ് ഇപ്പോഴത്തെ സംഘര്‍ഷ ഘട്ടത്തിലേക്ക് രാജ്യത്തെ എത്തിച്ചത്.

പാന്‍ഗോങ്ങി തടാകത്തിനു സമീപത്തെ പ്രശ്‌നത്തിനു ശേഷം തെക്ക് ഡെംചോക് മേഖലയിലും പാന്‍ഗോങ് തടാകത്തിന്റെ കിഴക്കന്‍ തീരത്ത് ഫിന്‍ഗേഴ്‌സ് മേഖലയിലും ചൈനീസ് സൈനികരുടെ കടന്നുകയറ്റുമുണ്ടായി. ഗാല്‍വന്‍ നദീതടത്തിലും ഗോഗ്ര പോസ്റ്റിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറി. പടിഞ്ഞാറ് ദൗലത് ബേഗ് ഓള്‍ഡി മേഖലയിലും ചൈനീസ് നീക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ദൗലത് ബേഗ് ഓള്‍ഡിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍ ലാന്‍ഡിങ് ഗ്രൗണ്ട് ഉണ്ട്. മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് അവശ്യവസ്തുക്കള്‍ സി-130 ഹെര്‍കുലീസ് വിമാനത്തില്‍ എത്തിക്കുന്നത് ഇവിടെയാണ്. ഇവിടുത്തെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ് ഈ വ്യോമകേന്ദ്രം. ശൈത്യകാലത്ത് വന്‍ മഞ്ഞുവീഴ്ചയില്‍ റോഡുകള്‍ തടസപ്പെടുമ്പോള്‍ പ്രത്യേകിച്ച്. അതിവേഗത്തില്‍ മേഖലയിലേക്ക് വെടിക്കോപ്പുകള്‍ എത്തിക്കാനും ഈ എയര്‍സ്ട്രിപ് സഹായകരമാണ്.

തെക്കുഭാഗത്തുള്ള ദുബ്രുക്കില്‍നിന്ന് ദൗലത് ബേഗ് ഓള്‍ഡിയിലേക്ക് ഇന്ത്യ റോഡ് നിര്‍മ്മിച്ചതാണ് ചൈനയുടെ നീരസത്തിന്റെ പ്രധാനകാരണം എന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയായ റോഡ്, മേഖലയിലെ ഇന്ത്യന്‍ നീക്കങ്ങള്‍ക്കു കരുത്തു പകരും. ഇവിടെ ചൈനയുടെ റോഡ് നിര്‍മ്മാണങ്ങളുമായി കിടപിടിക്കാന്‍ കഴിയാതിരുന്ന ഇന്ത്യ, നിര്‍ണായകമായ പാത നിര്‍മ്മിച്ചത് ചൈനയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കോള്‍ ചെവാങ് റിന്‍ചെന്‍ പാലം ഉദ്ഘാടനം ചെയ്തിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 15,000 അടി ഉയരത്തില്‍ ഏതു കാലാവസ്ഥയിലും സജ്ജമായ പാലമാണു നിര്‍മ്മിച്ചിരിക്കുന്നത്. ചൈനീസ് അധികൃതര്‍ ഏറെ ഗൗരവത്തോടെയാണ് ഈ നിര്‍മ്മാണവും വിലയിരുത്തിയത്. ലഡാക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിയന്ത്രണരേഖയില്‍നിന്ന് അധികം ദൂരത്തല്ലാത്ത ഷയോക്ക് നദിക്കു സമാന്തരമായാണ് ഈ റോഡ് പോകുന്നത്.

സമാനമായി യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കു സമീപത്തു കൂടി റോഡ് പോകുന്നത് ഗാല്‍വന്‍ നദീ തടത്തിലാണ്. ഈ നദി ഷയോക്കിലാണു ചേരുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗാല്‍വന്‍ നദീ തടത്തില്‍ ചൈന വന്‍തോതില്‍ കടന്നുകയറ്റം നടത്തിയിട്ടുണ്ട്. എത്ര ചൈനീസ് സൈനികര്‍ എത്തിയിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. ഗാല്‍വന്‍ നദീ തടത്തിനു സമീപത്തുള്ള റോഡിനരികില്‍ ചൈനീസ് ടെന്‍ഡുകളുടെ സാന്നിധ്യം ഉറപ്പിച്ച് സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഈ മേഖലയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് 3-4 കിലോമീറ്റര്‍ വരെ ചൈനീസ് സൈന്യം കടന്നുകയറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പാന്‍ഗോങ് തടാകത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ഫിംഗര്‍ 5-നും എട്ടിനുമിടയിലും വന്‍തോതില്‍ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്.

ഗാല്‍വന്‍ നദീതടത്തിനു തെക്കുകിഴക്കായാണ് നിയന്ത്രണ രേഖയ്ക്കു സമീപം ഗോഗ്ര ഇന്ത്യന്‍ പോസ്റ്റ്. ഈ പോസ്റ്റിനു സമീപത്താണ് നിലവില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ എത്തിക്കൊണ്ടിരിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. മേഖലയിലേക്കു ടാങ്കുകള്‍ ഉള്‍പ്പെടെ ചൈന എത്തിച്ചിട്ടുണ്ടോയെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ലഡാക്കിന്റെ ഏറ്റവും തെക്കുഭാഗത്ത് തര്‍ക്കം നിലനില്‍ക്കുന്നത് ഡെംചോക് മേഖലയിലാണ്. ഇവിടെ ചൈന അതിശക്തമായ സൈനിക ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category