1 GBP = 92.50 INR                       

BREAKING NEWS

ലോക്ഡൗണില്‍ യുകെ മലയാളികള്‍ മക്കളുമായി സമയം കളയാന്‍ മാര്‍ഗം തേടുമ്പോള്‍ നാല്‍പതോളം കുടുംബങ്ങള്‍ക്ക് തിരക്കോടു തിരക്ക്; സ്‌കൂള്‍ തുറക്കാത്തതൊന്നും തങ്ങള്‍ക്കു വിഷയം അല്ലാ... മിസാകുന്നത് കൂട്ടുകാരെ മാത്രമെന്നും ഒരുപറ്റം മലയാളി കുട്ടികള്‍; മലയാളം പറഞ്ഞു പഠിച്ചും ചപ്പാത്തിയും അപ്പവും ഉപ്പുമാവുമൊക്കെ ഉണ്ടാക്കിയും അവസരം മുതലാക്കുന്നതു 70ലേറെ മലയാളി കുട്ടികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ലോക്ക്ഡൗണില്‍ രണ്ടു മാസമായി കഴിയുന്ന യുകെയിലെ മലയാളി കുഞ്ഞുങ്ങളെ എങ്ങനെ മാനേജ് ചെയ്യും എന്നറിയാതെ പ്രയാസപ്പെടുകയാണ് മിക്ക മാതാപിതാക്കളും. ചെയ്യാവുന്ന കാര്യങ്ങള്‍ ഒക്കെ പലരും ചെയ്തു കഴിഞ്ഞു. തുടക്കത്തിലേ ആവേശവുമായി പാട്ടും കളിയും ടിക്ക് ടോക്കും എല്ലാം കുട്ടികള്‍ക്ക് തന്നെ ബോറായി തുടങ്ങി. ഇതോടെ ഇനിയെന്ത് എന്ന ആശങ്കയിലാണ് മിക്ക മാതാപിതാക്കളും. എന്നാല്‍ ലോക്ക്ഡൗണിലെ സമയം ഒട്ടും തികയുന്നില്ല എന്ന പരാതി പറയും വിധം തിരക്കിലാണ് കവന്‍ട്രിയിലെ 40 ഓളം കുടുംബങ്ങള്‍. കഴിഞ്ഞ ഒരു മാസമായി നടക്കുന്ന കവന്‍ട്രി കേരള സ്‌കൂളിലെ ഓണ്‍ ലൈന്‍ പഠനമാണ് 56 കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സദാ തിരക്കിലാക്കുന്നത്. ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ സ്‌കൂള്‍ പ്രവര്‍ത്തനം നിലച്ചത് വഴി കഴിഞ്ഞ മൂന്നു വര്‍ഷമായി നടക്കുന്ന മലയാള പഠനത്തിന് ചിലവഴിച്ച സമയം പാഴായി പോകുമോ എന്ന ആശങ്കയാണ് സ്‌കൂള്‍ മാനേജ്മെന്റിനെ ഓണ്‍ലൈന്‍ പഠനം എന്ന ആശയത്തില്‍ എത്തിച്ചത്. 

യുകെയില്‍ ലോക്ക് ഡൗണില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ മലയാള പഠനം ആരംഭിച്ച ഏക വിദ്യാലയവും കേരള സ്‌കൂളാണ്. കേരള സര്‍ക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കേരള സ്‌കൂള്‍ യുകെയിലെ മിഷന്റെ മേഖല കേന്ദ്രവും കൂടിയാണ്. ലോക്ക്ഡൗണില്‍ വിദേശത്തു മറ്റെവിടെ എങ്കിലും ഓണ്‍ലൈന്‍ സേവനം നല്‍കി മലയാളം മിഷന്റെ പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ അപൂര്‍വ നേട്ടവുമായാണ് കേരള സ്‌കൂളിന്റെ കുതിപ്പ് എന്ന് മാനേജ്മെന്റ് ബോര്‍ഡ് വ്യക്തമാക്കി. മാതാപിതാക്കളെ പോലെ തന്നെ അധ്യാപകരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഒരേവിധം സജീവമായതോടെയാണ് തുടക്കത്തിലേ വാട്‌സ്ആപ് പഠന രീതിയും ഈ ആഴ്ച മുതല്‍ സൂം വിഡിയോ വഴി ഉള്ള പഠനവും ആരംഭകനായതെന്ന് ഓണ്‍ലൈന്‍ ക്ലാസ് മുറികളുടെ പ്രവര്‍ത്തനം ക്രോഡീകരിക്കുന്ന മലയാളം മിഷന്‍ സെക്രട്ടറി കൂടിയായ എബ്രഹാം കുര്യനും സ്‌കൂള്‍ അസിസ്റ്റന്റ് ഹെഡ് ടീച്ചറുമായി ഷിന്‍സണ്‍ മാത്യുവും അറിയിച്ചു. 

മലയാളം മിഷന്‍ പാഠ്യപദ്ധതിയായ കണിക്കൊന്ന പഠനം പൂര്‍ത്തിയാക്കിയ സമയത്താണ് കേരള സ്‌കൂളിനും ലോക്ക്ഡൗണില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നത്. ആ സമയത്തു സ്‌കൂളിലെ വാര്‍ഷിക പരീക്ഷ നടത്തി പാതിയോളം കുട്ടികളെ മലയാളം മിഷന്റെ ഡിപ്ലോമ പരീക്ഷ എഴുതിക്കാന്‍ ഉള്ള ശ്രമം സജീവമായി നടക്കുക ആയിരുന്നു. പാതിയിലേറെ കുട്ടികളും അടുത്ത പാഠ്യ പദ്ധതിയിലേക്ക് കടക്കാന്‍ തയ്യാറായതിനാല്‍ ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ പരീക്ഷ എന്ന നിലയില്‍ ഓണ്‍ലൈനില്‍ കണിക്കൊന്ന പഠനത്തിന് ശ്രദ്ധ കൂടുതല്‍ നല്‍കുക ആണെന്ന് ഹെഡ് ടീച്ചര്‍ കെ ആര്‍ ഷൈജുമോന്‍ വ്യക്തമാക്കി.

ഇന്നലെ മുതല്‍ ആരംഭിച്ച സൂം ഓണ്‍ ലൈന്‍ ക്ലാസില്‍ എത്തിയ കുട്ടികള്‍ വളരെ രസകരമായ അനുഭവങ്ങളാണ് പങ്കുവച്ചത്. ഒരുപക്ഷെ യുകെയിലെ മലയാളി മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കുറിച്ച് കരുതുന്നതിന്റെ മറുവശം ആകാം കുട്ടികളുടെ മനസ്സില്‍ എന്ന് വ്യക്തമാക്കുന്നതായിരുന്നു ഏവരുടെയും അനുഭവം പങ്കുവയ്ക്കല്‍. ഓരോ കുട്ടിയോടും വ്യക്തിപരമായി അവര്‍ പഠിക്കുന്ന സ്‌കൂളില്‍ പോകാന്‍ കഴിയാത്തതില്‍ വിഷമം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഏവര്‍ക്കും പറയാനുള്ളത് തങ്ങള്‍ക്കു സ്‌കൂള്‍ മിസ് ചെയ്യുന്നില്ല എന്നാണ്. 

ജിസിഎസ്ഇ പരീക്ഷക്ക് തയ്യാറെടുക്കുന്ന ചില കുട്ടികള്‍ മാത്രമാണ് പരീക്ഷ എഴുതാന്‍ ആഗ്രഹിച്ചിരുന്നത് നടക്കാതെ പോയ സങ്കടം പങ്കുവച്ചത്. എന്നാല്‍ എല്ലാവര്‍ക്കും കൂട്ടുകാരെ കാണാതിരിക്കുന്നതില്‍ സങ്കടവും ഉണ്ട്. സ്‌കൂള്‍ തുറന്നാല്‍ ഒട്ടും കോവിഡ് ഭീതിയില്ലാതെ ക്ലാസില്‍ പോകാന്‍ തയ്യാറാണ് ഏവരും. ചിലരാകട്ടെ ലോക്ക്ഡൗണ്‍ കാലത്തു മലയാളം പഠനം കഴിഞ്ഞാല്‍ അടുക്കള പണിയിലും വീട്ടുജോലിയിലും ഒക്കെ സഹായവുമായി ഓടി നടക്കുകയാണ്. ചപ്പാത്തിയും അപ്പവും ഉപ്പുമാവും ചോറു വയ്ക്കാനും ഒക്കെ പഠിച്ചവര്‍ ഏറെയാണ്. ലോക്ക്ഡൗണ്‍ എങ്ങനെ ഗുണകരമായ അനുഭവമാക്കി മാറ്റം എന്നതില്‍ കുട്ടികളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രചോദനം നല്‍കാന്‍ ഉള്ള പദ്ധതികളും കേരള സ്‌കൂള്‍ ആവിഷ്‌ക്കരിക്കുകയാണ്. 
തുടക്കത്തില്‍ ക്ലാസുകള്‍ സജീവമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും അഞ്ചു ക്ലാസുകളില്‍ രണ്ടെണ്ണത്തില്‍ നൂറു ശതമാനം പഠനവും ക്ലാസ് വര്‍ക്കുകളും ആദ്യ ആഴ്ചയില്‍ തന്നെ നേടാനായപ്പോള്‍ ആവേശമായി. തുടര്‍ന്നുള്ള ആഴ്ചകളില്‍ മറ്റു ക്ലാസുകളും ഒപ്പത്തിനൊപ്പം എത്താന്‍ മത്സരമായി. ഇതോടെ കഴിഞ്ഞ മൂന്നു ആഴ്ചകളായി എല്ലാ ക്ലാസിലും നൂറു ശതമാനം കുട്ടികള്‍ പങ്കാളികള്‍ ആകുന്ന അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് കേരള സ്‌കൂള്‍ സമ്മാനിക്കുന്നത്. ഇതോടെ പണി കിട്ടിയത് മാതാപിതാക്കള്‍ക്കാണ്. സാധാരണ ക്ലാസ് മുറികളില്‍ അധ്യാപകര്‍ ചെയ്യിച്ചിരുന്ന ജോലികള്‍ മാതാപിതാക്കള്‍ ഏറ്റെടുക്കേണ്ടി വന്നു.

മാതാപിതാക്കളുടെ മുന്നില്‍ ഉഴപ്പാന്‍ ശ്രമിച്ചവരെ തേടി അധ്യാപകരുടെയും സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുടെയും വിളികള്‍ എത്തി തുടങ്ങിയപ്പോള്‍ മടി മാറ്റി എഴുത്തും വായനയും പറഞ്ഞ സമയത്തു ഓണ്‍ ലൈന്‍ ക്ലാസ് മുറികളില്‍ എത്തിക്കാതെ വഴിയില്ലെന്നായി. മടികാട്ടുന്നവരുടെ എണ്ണം ക്ലാസ് മുറികളില്‍ പരസ്യമായി തുടങ്ങിയതോടെ മാതാപിതാക്കള്‍ക്കും ടെന്‍ഷന്‍. തന്റെ കുട്ടി കാരണം ക്ലാസിനു നൂറു ശതമാനം സ്‌കോര്‍ നഷ്ടമാകരുതെന്ന ചിന്തയായി ഏവര്‍ക്കും. കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന കുട്ടികള്‍ക്കും ക്ലാസിനും എല്ലാം സമ്മാനങ്ങള്‍ വാഗ്ദനം ചെയ്യപ്പെട്ടതോടെ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ അല്ല മുന്നില്‍ നില്‍ക്കാന്‍ തന്നെയാണ് ഓരോ കുട്ടിയും മാതാപിതാക്കളും വാശി കാട്ടുന്നത്.
ഇതോടെ അധ്യാപകര്‍ നല്‍കുന്ന ക്ലാസ് വര്‍ക്കുകള്‍ കൂടാതെ പാട്ടും സല്ലാപവും വര്‍ത്തമാനങ്ങളും ഒക്കെ ആയി ക്ലാസ് മുറികള്‍ സജീവമാണ്. ഇതോടെയാണ് ലോക്ക്ഡൗണ്‍ കാലം ഈ കുടുംബങ്ങളെ സജീവമാക്കി മാറ്റിയിരിക്കുന്നത്. ഇതിനിടയില്‍  കേരള സ്‌കൂള്‍ ഓണ്‍ ലൈന്‍ പ്രവര്‍ത്തനം തുടങ്ങിയതറിഞ്ഞു യുകെയുടെ പല ഭാഗത്തു നിന്നും ഫോണ്‍ കോളുകളും സജീവമായി. എന്നാല്‍ ലോക്ക്ഡൗണ്‍ തീരുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അതേപടി റെഗുലര്‍ ക്ലാസ് മുറികളിലേക്ക് മാറും എന്നതിനാല്‍ പരിസര പ്രദേശത്തിന് വെളിയില്‍ ഉള്ളവര്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തങ്ങള്‍ എന്ന് സ്‌കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കുന്നു. ഒടുവില്‍ സമ്മര്‍ദ്ദം ശക്തമായതോടെ കവന്‍ട്രിയിലെ കുട്ടികള്‍ക്കായി ആറാമത് ഒരു ക്ലാസ് റൂം കൂടി സജ്ജമാക്കിയിരിക്കുകയാണ്. പത്തു പേര്‍ക്കാണ് പ്രവേശനം നിശ്ചയിച്ചിരുന്നതെങ്കിലും പതിന്നാലു പേരാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇതോടെ 70 കുട്ടികളുമായാണ് ഈ ആഴ്ച മുതല്‍ കേരള സ്‌കൂളിന്റെ പഠന സഞ്ചാരമെന്നു സ്‌കൂള്‍ ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍ അറിയിച്ചു. 
സ്‌കൂള്‍ മാനേജ്മെന്റിന് ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍, ഹെഡ് ടീച്ചര്‍ കെ ആര്‍ ഷൈജുമോന്‍, ഷിന്‍സണ്‍ മാത്യു, എബ്രഹാം കുര്യന്‍, ഡോ. ജിനു കുര്യാക്കോസ്, ലാലു സ്‌കറിയ, ഹരീഷ് പാലാ, ലിയോ ഇമ്മാനുവല്‍, സിബിയ ബിപിന്‍, സുമില്‍ രാജ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. അധ്യാപക നിരയില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ കൂടാതെ ഷൈനി മോഹനന്‍, ഷിജി ജോഷി, മാത്യു വര്‍ഗീസ്, റെജി യോഹന്നാന്‍, പ്രിയ രാജേഷ്, ബ്ലെസി ബീറ്റജ്, ആശാ ആചാരി, എന്നിവരാണ് സ്‌കൂളിന്റെ നട്ടെല്ലായി നിലനില്‍ക്കുന്നത്. മരതകം, മാണിക്യം, മയില്‍പ്പീലി, മന്ദാരം, മഞ്ചാടി, മഴവില്‍ എന്നിങ്ങനെ ആറു ക്ലാസുകളിലായി 70 കുട്ടികളാണ് കേരള സ്‌കൂളില്‍ മലയാളം പഠിച്ചു മുന്നേറുന്നത്. 

സ്‌കൂള്‍ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 07746487711 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category