1 GBP = 93.00 INR                       

BREAKING NEWS

ലോകത്തില്‍ ഏറ്റവും അധികം സന്ദര്‍ശകരെത്തുന്ന നഗരങ്ങളില്‍ ഒന്നായ ദുബായ് തകര്‍ച്ചയുടേ വക്കിലേക്ക്; വരുമാനത്തിന്റെ 11% നല്‍കുന്ന വിനോദസഞ്ചാര മേഖല ഈ വര്‍ഷത്തെ ആദ്യമൂന്ന് പാദങ്ങളിലും പ്രവര്‍ത്തിക്കാതിരിക്കുന്നത് നഷ്ടത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കും; പ്രതിസന്ധി നേരിടുന്ന നിര്‍മ്മാണമേഖലയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടം; റിയല്‍ എസ്റ്റേറ്റ് മേഖലയുടെയും നട്ടെല്ലൊടിയുന്നു; എണ്ണവിലയിലെ ഇടിവും കൊറോണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ദുബായ് എന്ന നഗരത്തിന്റെ കഥ, ഒപ്പം യുഎഇയുടേയും

Britishmalayali
kz´wteJI³

കേന്ദ്രീകൃതമായി ആസൂത്രണം ചെയ്യപ്പെട്ട സ്വതന്ത്രവിപണിയായ ദുബായിയുടെ സമ്പദ്ഘടന കെട്ടിപ്പടുത്തത് എണ്ണപ്പണത്തില്‍ തന്നെയാണ്. എന്നാല്‍ ഇന്ന് മൊത്തം അഭ്യന്തര ഉദ്പാദനത്തിന്റെ (ജി ഡി പി) കേവലം 5% മാത്രമാണ് എണ്ണപ്പണം. 1970 കളിലും 80 കളിലും സുപ്രധാനമായ ഒരു വാണിജ്യകേന്ദ്രമായി ദുബായ് ഉയര്‍ന്നു. ഏകദേശം 90 കള്‍ വരെ നിലനിന്നിരുന്ന സ്വര്‍ണ്ണത്തിന്റെ സ്വതന്ത്രവിപണി ലോകത്തിന്റെ പല രാജ്യങ്ങളില്‍ നിന്നുമുള്ള സ്വര്‍ണ്ണക്കച്ചവടക്കാരെ ആകര്‍ഷിച്ചിരുന്നു. സ്വര്‍ണ്ണം ഇറക്കുമതിക്ക് നിയന്ത്രണമുള്ള രാജ്യങ്ങളിലേക്കുള്ള സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രവും ദുബായ് ആയിരുന്നു.

ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ തന്നെ സാമ്പത്തിക രംഗത്ത് വൈവിധ്യം കൊണ്ടുവരുവാന്‍ ദുബായ് ശ്രമിച്ചിരുന്നു. ടൂറിസം മേഖലയിലായിരുന്നു പ്രധാനമായും ശ്രദ്ധയൂന്നിയത്. ഇതിനോടനുബന്ധിച്ച്, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, കെട്ടിടനിര്‍മ്മാണം തുടങ്ങിയ മേഖലകളും പുഷ്ടിപ്രാപിച്ചുവന്നു. ഐ. ടി, ഫിനാന്‍സ് എന്നിവയാണ് പിന്നീട് ഇവിടെ വികാസം പ്രാപിച്ച രണ്ട് മേഖലകള്‍.

റിയല്‍ എസ്റ്റേറ്റ് മേഖല
എണ്ണപ്പണത്തില്‍ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയെ ദിശമാറ്റുവാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം ആശ്രയിച്ചത് വിനോദ സഞ്ചാര മേഖലയേയാണ്. അതിന്റെ ഭാഗമായി നിരവധി ഹോട്ടലുകള്‍, മാളുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ ഉയര്‍ന്നു വന്നു. ഇത് റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഒരു പുത്തന്‍ ഉണര്‍വ്വുണ്ടാക്കി. അംബരചുംബികളും, കൃത്രിമ ദ്വീപുകളുമൊക്കെയായി ദുബായുടെ റിയല്‍ എസ്റ്റേറ്റ് മേഖല പുഷ്ടിപ്പെട്ടു വരുകയായിരുന്നു.

ഇതുമാത്രമല്ല, അതീവ ബുദ്ധിപരമായ നീക്കത്തിലൂടെ വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ ഐ ടി പാര്‍ക്കുകള്‍, ബയോടെക്നോളജി പാര്‍ക്കുകള്‍, ഫാര്‍മസ്യുട്ടിക്കല്‍ എസ്റ്റേറ്റ്, ജെനെടിക് റിസര്‍ച്ച് എസ്റ്റേറ്റുകള്‍ തുടങ്ങി വിവിധ മേഖലകളിലും ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖല കൈകടത്തി. ഇതിന്റെ തണലില്‍ വളര്‍ന്ന് വന്ന കെട്ടിടനിര്‍മ്മാണ മേഖല അവിദഗ്ദരായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് തൊഴില്‍ ഉറപ്പാക്കിയത്. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ അവിദഗ്ദ തൊഴിലാളികളുടെ ചോരയും നീരും ഊറ്റിയാണ് ഇവിടെ കെട്ടിട നിര്‍മ്മാണ മേഖല വളര്‍ന്ന് പന്തലിച്ചത്.

ഈ അടിസ്ഥാന സൗകര്യ വികസനം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം ദുബായിലേക്ക് ഒഴുകുവാന്‍ കാരണമായി. ഇറാനില്‍ നിന്നു മാത്രം 2000 ങളില്‍ ഏകദേശം 200 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ദുബായിലുണ്ടായത്. ഈ കാലയളവില്‍ ഇറാനുമായുള്ള വ്യാപാരവും വര്‍ദ്ധിച്ചു. 2000 ത്തില്‍ ആരംഭിച്ച ഈ വളര്‍ച്ച അതിന്റെ ഔന്നത്യത്തില്‍ എത്തിയത് 2008 ല്‍ ആയിരുന്നു. ഇടയ്ക്കൊരു തളര്‍ച്ച അനുഭവപ്പെട്ടെങ്കിലും 2013 വരെ ഈ നില തുടര്‍ന്നു.

2014 മുതല്‍ ഈ മേഖലയില്‍ ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കൊണ്ടുവന്നു. കെട്ടിട കൈമാറ്റ നികുതി 2% ഉണ്ടായിരുന്നത് 4% ആക്കി ഉയര്‍ത്തി. മാത്രമല്ല, ദുബായിയില്‍ വസ്തു വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ക്ക് രാജ്യത്ത് ശക്തമായ സാന്നിദ്ധ്യം വേണമെന്ന നിയമം കൊണ്ടുവന്നു. മാത്രമല്ല, ഈ കമ്പനികള്‍ വേറെ കമ്പനികളുടെ ഉടമസ്ഥതയില്‍ ആകരുത്, ഒരു വ്യക്തിയുടേയോ ഒരു കൂട്ടം വ്യക്തികളുടേയോ ഉടമസ്ഥതയില്‍ ഉള്ളതായിരിക്കണം എന്നുള്ള നിബന്ധനയും കൊണ്ടുവന്നു. ഈ രംഗത്തെ ഊഹക്കച്ചവടം അവസാനിപ്പിക്കുവാനായിരുന്നു ഈ നടപടികള്‍.

വിനോദ സഞ്ചാര മേഖല
റിയല്‍ എസ്റ്റേറ്റ് പോലെത്തന്നെ ദുബായിയുടെ സമ്പദ്ഘടനയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന മറ്റൊരു മേഖലയാണ് വിനോദ സഞ്ചാര മേഖല. ലോകത്ത് ഏറ്റവുമധികം വിനോദ സഞ്ചാരികളെത്തുന്ന നഗരങ്ങളില്‍ ഒന്നാണ് ഇന്നത്തെ ദുബായ്. 2019 ജനുവരി മുതല്‍ ജൂണ്‍ വരെ ഏകദേശം 8.36 സഞ്ചാരികളാണ് ദുബായ് സന്ദര്‍ശിച്ചത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യാക്കാര്‍ ആയിരുന്നു. 2017 ല്‍ ഒരു ദിവസം വിനോദ സഞ്ചാരികള്‍ ദുബായില്‍ ചെലവഴിച്ചത് 29.70 മില്ല്യണ്‍ ഡോളറായിരുന്നെങ്കില്‍ 2018 ല്‍ അത് 30.82 ഡോളറായി ഉയര്‍ന്നു. ദുബായില്‍ എത്തുന്ന മൊത്തം വിനോദസഞ്ചാരികളില്‍ നിന്നുള്ള ഒരു ദിവസത്തെ വരുമാനമാണിത്.

അല്‍ ഫഹിദി കോട്ട, ഹട്ടാ പൈതൃക ഗ്രാമം തുടങ്ങിയ പൈതൃകങ്ങള്‍ക്കൊപ്പം ആധുനിക തീം പാര്‍ക്കുകളും സാഹസിക ടൂറിസത്തിനുള്ള ഇടങ്ങളും. ദുബായിലുണ്ട്. ലോകത്തിലെ ഏറ്റവും വിലകൂടിയ കുതിരപ്പന്തയമായ ദുബായ് വേള്‍ഡ് കപ്പ്, ദുബായ് ക്ലാസിക് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ്, ദുബായ് ഇന്റര്‍നാഷണല്‍ റാലി തുടങ്ങി കായികപ്രേമികളെ ആകര്‍ഷിക്കാനുള്ള നിരവധി സാഹചര്യങ്ങളും ദുബായിലുണ്ട്.ഇത് കൂടാതെയാണ് അത്യാധുനിക ചികിത്സ ഉറപ്പാക്കുന്ന മെഡിക്കല്‍ ടൂറിസം.ലോകത്തിലേതന്നെ ഏറ്റവും വലിയ ഷോപ്പിംഗ് ഹബ്ബുകളില്‍ ഒന്നായ ദുബായ്, ഷോപ്പിംഗ് ശീലമാക്കിയവര്‍ക്കും പ്രിയപ്പെട്ട ഇടമാണ്.

ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ദുബായിലെത്തിക്കുവാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത് ദുബായ് മുന്നോട്ട് പോയത്. 2013ല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച ദുബായ് ടൂറിസം സ്ട്രാറ്റജി 2020 അതിന്റെ ഭാഗമായിരുന്നു. 2020 ഓടെ പ്രതിവര്‍ഷം 20 ദശലക്ഷം സന്ദര്‍ശകരെ ദുബായില്‍ എത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശം. ലോകത്തിലെ വിനോദ സഞ്ചാരികളുടെയും ബിസിനസ്സ് യാത്രകള്‍ നടത്തുന്നവരുടെയും ആദ്യ പരിഗണന ദുബായിക്കായിരിക്കണം എന്ന രീതിയിലായിരുന്നു ആസൂത്രണം. പിന്നീട് 2018-ല്‍ ഈ പദ്ധതി നവീകരിച്ച് 2022 -ല്‍ 21-23 ദശലക്ഷം സന്ദര്‍ശകരേയും 2025 -ക് 23-25 ദശലക്ഷം സന്ദര്‍ശകരേയും എത്തിക്കുക എന്ന ലക്ഷ്യം വച്ചു.

2009-ലെ സാമ്പത്തിക പ്രതിസന്ധി
എണ്ണപ്പണം അടിസ്ഥാനമാക്കിയാണ് ദുബായുടെ സമ്പദ്ഘടന കെട്ടിപ്പടുത്തതെങ്കിലും 2019 ആയപ്പോഴേക്കും മൊത്തം സമ്പദ് വ്യവസ്ഥയില്‍ എണ്ണപ്പണത്തിന്റെ പങ്ക് 6% മാത്രമായി കുറഞ്ഞിരുന്നു. മാത്രമല്ല, യു എ ഇ യുടെ എണ്ണ പ്രകൃതിവാതക സമ്പത്തില്‍ ദുബായുടെ പങ്ക് വെറും 2% മാത്രമായി കുറയുകയും ചെയ്തിരുന്നു. റിയല്‍ എസ്റ്റേറ്റും കെട്ടിടനിര്‍മ്മാണവും സമ്പദ് വ്യവസ്ഥയുടെ 22.6% കൈയ്യാളുവാന്‍ തുടങ്ങിയിരുന്നു. വ്യാപാരം 15%, സാമ്പത്തിക സേവന മേഖല 11% എന്നിങ്ങനെയായിരുന്നു മറ്റ് മേഖലകളുടെ സംഭാവന.

കൃത്രിമമായി ഉണ്ടാക്കിയ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വാങ്ങിയ വായ്പ തിരിച്ചുനല്‍കാനുണ്ടായ കാലതാമസമാണ് ഈ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്. അഗോളതലത്തില്‍ തന്നെ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഉപോത്പന്നമായിരുന്നു ഇതെന്നാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തിയത്. ഏതായാലും ഇത് കനത്ത ആഘാതമാണ് ഈ മേഖലയില്‍ ഉണ്ടാക്കിയത്. ചില വസ്തുക്കള്‍ക്ക് 64% വരെ വിലയിടിഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ ദുരന്തം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാത്രമായി ഒതുങ്ങി നിന്നില്ലെന്നതാണ് വാസ്തവം. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഓഹരിക്കമ്പോളവും കുത്തനെ ഇടിഞ്ഞു. ലോകത്തിലെ സമ്പദ്ഘടനകളില്‍ ഏറ്റവുമധികം ലോലമായ സമ്പദ്ഘടനകളിലൊന്നാണ് ദുബായിയുടേതെന്ന് ഈ സംഭവം തെളിയിച്ചു.

തകര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയും കൊറോണയുടെ ആക്രമണവും
2009-ലെ തകര്‍ച്ചയില്‍ നിന്നും പൂര്‍ണ്ണമായും കരകയറുവാന്‍ ദുബായിക്കായിരുന്നില്ല, പ്രത്യേകിച്ച് സമ്പദ്ഘടനയില്‍ സ്വാധീനം ചെലുത്തുന്ന റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക്. 2014 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ വസ്തുക്കാള്‍ക്ക് വില ഏകദേശം 30% വരെ കുറഞ്ഞു എന്നാണ് കണക്കാക്കപ്പെടുന്നത്. അതുപോലെ ലഭ്യമായ ഹോട്ടലുകളിലെ ഒരു മുറിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ 25% ത്തിന്റെ കുറവും വന്നു. കഴിഞ്ഞ വര്‍ഷം ദുബായുടെ സാമ്പത്തിക വളര്‍ച്ച് 1.94% മാത്രമായിരുന്നു. 2009 ലെ ഇരുണ്ട ദിനങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും സാവധാനത്തിലുള്ള വളര്‍ച്ചയായിരുന്നു അത്.

പുറമേ ദൃശ്യമായില്ലെങ്കിലും ദുബായിയുടെ സമ്പദ്ഘടന മെല്ലേ തകര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. അല്ലെങ്കില്‍, 2009 ലെ തകര്‍ച്ച്ക്ക് ശേഷം സ്ഥിരതയാര്‍ന്ന ഒരു വളര്‍ച്ച രേഖപ്പെടുത്താന്‍ ദുബായിക്കായില്ല. 2019 ല്‍ ദുബായിയുടെ സോവറിന്‍ ഡെബ്റ്റ് ജി ഡി പി യുടെ 110% ആയിരുന്നു. ഐ എം എഫ് ന്റെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഡെബ്റ്റ്-ടു-ജിഡിപി അനുപാതങ്ങളിലൊന്ന്.

ഈ പശ്ചാത്തലത്തില്‍ വേണം ദുബായിയില്‍ കോവിഡ് ബാധ ഉണ്ടാക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം പരിശോധിക്കുവാന്‍. നഗരത്തിലെ ബിസിനസ്സ് സ്ഥാപനങ്ങളി എഴുപത് ശതമാനവും സാമ്പത്തിക ബുദ്ധിമുട്ടില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ഒരുപക്ഷെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരിക തന്നെ ചെയ്യും എന്ന് ഭയക്കുന്ന ഒരവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ദുബായിയില്‍ ലോക്ക്ഡൗണ്‍ ഉണ്ടാക്കിയ പ്രതിസന്ധികളുടെ ആഴം അറിയുവാന്‍ ദുബായി ചേമ്പര്‍ ഓഫ് കോമേഴ്സ്, രാജ്യത്തെ ബിസിനസ്സുകാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോര്‍ട്ട് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുറത്തുവന്നത്.

മഹാവ്യാധിയുടെ വ്യാപനം തടയുവാന്‍ എടുത്ത നടപടികള്‍ ജനങ്ങളെ വീടുകള്‍ക്കുള്ളില്‍ അടച്ചിട്ടു. അത്യാവശ്യ സാധനങ്ങളുടെ വിപണനമല്ലാതെ വിപണി തീര്‍ത്തും ഉറങ്ങുകയായിരുന്നു. വലിയൊരു വ്യാപാരം പ്രതീക്ഷിച്ചിരുന്ന ഈദ് വിപണിയും ലോക്ക്ഡൗണില്‍ മുങ്ങിപ്പോയി. കോവിഡിന്റെ രണ്ടാം വരവിന്റെ ഭീഷണി ഇപ്പോഴും ദുബായ്ക്ക് മീതെയുണ്ട്. ഇത് ലോക്ക്ഡൗണ്‍ ഇനിയും നീട്ടിക്കൊണ്ടുപോകുമോ എന്ന ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. . ഏപ്രില്‍ 16 നും 22 നും ഇടയില്‍ നടന്ന സര്‍വ്വേയില്‍ പങ്കെടുത്ത 1,228 സി ഇ ഒ മാരില്‍ ഭൂരിഭാവം പേരും ഈ ആശങ്ക പങ്കുവച്ചു.

എണ്ണവിപണിയെ ആശ്രയിക്കാനാകാതെ ദുബായ്
പടുത്തുയര്‍ത്തിയത് എണ്ണപ്പണത്തിനു മേലാണെങ്കിലും ഇന്ന് എണ്ണയില്‍ നിന്നുള്ള വരുമാനം കൊണ്ടുമാത്രം നടത്തിക്കൊണ്ടുപോകാനാകാത്തതാണ് ദുബായ് എന്ന നഗരം. മാത്രമല്ല, യുഎഇയുടെ തലസ്ഥാനമായ അബുദാബിയെപ്പോലെ വലിയ എണ്ണശേഖരമൊന്നും ദുബായിക്കില്ല. മൊത്തം സമ്പദ്ഘടനയുടെ 5% മാത്രമാണ് എണ്ണപ്പണം ഉള്ളത് എന്നതോര്‍ക്കണം. അന്ന് എണ്ണപ്പണത്തെ മാത്രം ആശ്രയിക്കാതിരിക്കാനായി കെട്ടിപ്പടുത്ത മേഖലകളാണ് ഇന്ന് ദുബായിയുടെ പ്രധാന വരുമാന സ്രോതസ്സ്. ഈ മേഖലകളാണ് ഇന്ന് ഏറെ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നത്. മാത്രമല്ല, കുറയുന്ന എണ്ണവിലയും അതിന്റേതായ ഒരു പങ്ക് ഈ പ്രതിസന്ധിയില്‍ വഹിക്കുന്നുണ്ട്.

തകരുന്ന വിനോദ സഞ്ചാരമേഖല
ഒരു തരത്തില്‍ പറഞ്ഞാല്‍ ദുബായിയുടെ സാമ്പത്തികാഭിവൃദ്ധി പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടായ പുരോഗതി മുതല്‍, വിവിധ മേഖലകളിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കാനായത് വരെ വിനോദ സഞ്ചാര സൗകര്യം വര്‍ദ്ധിപ്പിച്ചുകൊണ്ട് സന്ദര്‍ശകരെ ആകര്‍ഷിച്ചതുവഴിയായിരുന്നു. ഈ മേഖലയാണ് ഇന്ന് അതീവ ഗുരുതര പ്രതിസന്ധിയില്‍ ആയത്.

ഈ വര്‍ഷത്തിന്റെ മൂന്ന് പാദങ്ങളോളം അടഞ്ഞുകിടക്കേണ്ടിവരും ഈ മേഖലക്ക് എന്നാണ് സൂചന. ഇത് ഈ മേഖലയില്‍ വരുത്താന്‍ പോകുന്ന നഷ്ടം ചില്ലറയൊന്നുമല്ല. ഇവിടെ എത്തുന്ന സന്ദര്‍ശകരെ മുഖ്യമായും ആശ്രയിക്കുന്ന വ്യോമയാന മേഖല, ഹോസ്പിറ്റാലിറ്റി സെക്ടര്‍, ചില്ലറ വിപണന മേഖല തുടങ്ങി നിരവധി മേഖലകള്‍ ഇതുമൂലം ബുദ്ധിമുട്ടിലാകും. അതിനേ തുടര്‍ന്നുള്ള തൊഴില്‍ നഷ്ടം, വരുമാന നഷ്ടം തുടങ്ങിയവ റിയല്‍ എസ്റ്റേറ്റ് - കെട്ടിട നിര്‍മ്മാണ മേഖലകളേയും വിപരീതമായി ബാധിക്കും.

തകരുന്ന സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ 408മില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് ഇതിനകം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വയം പ്രശ്നങ്ങളില്‍ ഉഴലുകയാണെങ്കിലും 27 ബില്ല്യണ്‍ ഡോളറിന്റെ സഹായം അബുദാബിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ 70 ബില്ല്യണ്‍ ഡോളറിന്റെ കടാശ്വാസ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാലും ഇതുകൊണ്ടൊന്നും സാമ്പത്തിക നില പഴയപടി ആക്കുവാന്‍ കഴിയില്ലെന്നാണ് ബിസിനസ്സ് രംഗത്തുള്ളവര്‍ പറയുന്നത്. കോവിഡ് ബാധമുല്ലം 2020 ല്‍ ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ച 2008-2009 ലേതിനേക്കാള്‍ ഭീകരമായിരിക്കും എന്ന് സാമ്പത്തിക വിദഗ്ദരും പറഞ്ഞിട്ടുണ്ട്.

സാമ്പത്തിക തകര്‍ച്ചയും തൊഴില്‍ നഷ്ടവും
2008-2009 കാലഘട്ടത്തിലേതിനേക്കാള്‍ ഭീകരമായിരിക്കും 2020-ല്‍ കൊറോണ മൂലമുള്ള സമ്പത്തിക നഷ്ടം എന്നാണ് ഐ എം എഫ് പറയുന്നത്. മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ പൊതുവേ കനത്ത സാമ്പത്തിക മാന്ദ്യം പ്രവചിച്ചിട്ടുണ്ട്. ഇത്തരം ഒരു അവസ്ഥയില്‍ നിരവധി ബിസിനസ്സ് സ്ഥാപനങ്ങളായിരിക്കും പൂട്ടിപ്പോവുക. അല്ലാത്ത സ്ഥാപനങ്ങളില്‍ തന്നെ ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തേണ്ടിവരും.

യു എ ഇ യില്‍നിന്നും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്േ്രടഷന്‍ സൗകര്യം എര്‍പ്പെടുത്തി കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 1,50,000 ഇന്ത്യാക്കാര്‍ അതില്‍ റെജിസ്ട്രര്‍ ചെയ്തു എന്നുള്ളത് വരാനുള്ള നാളുകളുടെ ഭീകരത വിളിച്ചോതുന്നു. ഇവരില്‍ 40% പേരും പ്രത്യേക നൈപുണ്യം ആവശ്യമില്ലാത്ത തൊഴില്‍ മേഖലകളില്‍ ജോലിചെയ്തിരുന്ന തൊഴിലാളികളാണ്. ഇതില്‍ 25% പേര്‍ക്കും ജോലി നഷ്ടപ്പെട്ടതിനാല്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടിവന്നത്.

കെട്ടിട നിര്‍മ്മാണ മേഖലയിലാണ് അവിദഗ്ദ തൊഴിലാളികള്‍ ഏറെ ജോലിചെയ്യുന്നത്. ഈ മേഖലയുടെ തകര്‍ച്ച രണ്ടുവിധത്തിലാണ് തൊഴില്‍ നഷ്ടത്തിന് കാരണമാകുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന തൊഴില്‍ നഷ്ടം ഒരു ഭാഗത്ത് ഉണ്ടാകുമ്പോള്‍, ചെലവു ചുരുക്കലിന്റെ ഭാഗമായി ഈ മേഖലയില്‍ നടത്തുന്ന ഓട്ടോമേഷനും നിരവധി തൊഴില്‍ നഷ്ടത്തിന് കാരണമാകും. ഇത്തരം തൊഴിലിടങ്ങളില്‍, യന്ത്രസാമഗ്രികള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയതോടെ കയറ്റിറക്ക് തൊഴിലാളികളുടെ സാദ്ധ്യത കുറഞ്ഞത് നാം കണ്ടതാണ്. കോണ്‍ക്രീറ്റ് മിക്സര്‍ പോലെയുള്ളവ വീണ്ടും തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്തി. ആ പ്രവണത ഇനിയും തുടരുമ്പോള്‍ അനവധി പേര്‍ക്ക് ഇനിയും തൊഴില്‍ നഷ്ടപ്പെടും.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ ഏറ്റവും അധികം ജോലിചെയ്യുന്ന മറ്റു രണ്ട് മേഖലകളാണ് ഹോസ്പിറ്റാലിറ്റി മേഖലയും ചില്ലറ വില്പന മേഖലയും. പൂര്‍ണ്ണമായും ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ആശ്രയിച്ച് കഴിയുന്ന ഈ രണ്ട് മേഖലകളും, വിനോദ സഞ്ചാരമേഖല തകര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ നിലനില്പില്ലാതെയാകും. ഇവിടെയും ജോലി നഷ്ടപ്പെടുന്നത് ആയിരങ്ങള്‍ക്കായിരിക്കും. പുതിയ പാക്കേജുകള്‍ കൊണ്ടൊന്നും ഈ മേഖലകളെ ഉണര്‍ത്താവുമെന്ന വിശ്വാസം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്നില്ലാതെയായിരിക്കുന്നു. യുഎഇ ആകമാനം 64% പേരാണ് തൊഴില്‍ നഷ്ടമോ ശമ്പളം വെട്ടിച്ചുരുക്കുന്ന നടപടിയോ അഭിമുഖീകരിക്കാന്‍ പോകുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്.

ഉള്ള തൊഴില്‍ നഷ്ടപ്പെടുകയും മറ്റൊന്ന് ലഭിക്കാന്‍ സാധ്യത തീരെയില്ലാതെയാവുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇന്ന് യു എ ഇയിലെ വിദേശ തൊഴിലാളികള്‍ക്ക് മുന്നിലുള്ളത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുമ്പോള്‍ വിദേശികളെയായിരിക്കണം ആദ്യം പിരിച്ചുവിടേണ്ടതെന്ന നിലപാട് പല രാജ്യങ്ങളും സ്വീകരിച്ചതോടെ വിദേശികളുടെ പ്രശ്നം കൂടുതല്‍ ഗുരുതരമായി. ഇന്ത്യാ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യം കൂടിയാണിത്. കാരണം ഏറ്റവും അധികം കുടിയേറ്റ തൊഴിലാളികളുള്ളത് ഈ രാജ്യങ്ങളില്‍ നിന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category