1 GBP = 92.50 INR                       

BREAKING NEWS

ടോം ജോസിന്റെ വിരമിക്കലോടെ രാജു നാരായണ സ്വാമിക്ക് മുമ്പില്‍ വാതില്‍ തുറക്കാന്‍ ഐഎഎസ് തലത്തില്‍ ചര്‍ച്ച സജീവം; സര്‍ക്കാരുമായി യോജിച്ചു പോകാന്‍ തയ്യാറെങ്കില്‍ പുറത്തു നില്‍ക്കുന്ന മുതിര്‍ന്ന ഐഎഎസുകാരന് ഉടന്‍ നിയമനം; രാജു നാരായണ സ്വാമിക്കായി സര്‍ക്കാര്‍ കണ്ടു വച്ചിരിക്കുന്നത് കെടിഡിഎഫ്സി എം ഡി സ്ഥാനം; നിയമ നടപടികള്‍ അവസാനിപ്പിച്ച് മടങ്ങിയെത്താന്‍ തീരുമാനിച്ചാല്‍ ശ്രീലേഖയ്ക്ക് പകരക്കാരനായി എത്തുക രാജുനാരായണ സ്വാമി തന്നെ

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ടോം ജോസ് ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ രാജു നാരായണ സ്വാമിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള ചര്‍ച്ചകളും ഐ എ എസ് തലത്തില്‍ സജീവമാകുന്നു. പ്രശ്ന പരിഹാരത്തിന് രാജു നാരായണ സ്വാമി തയ്യാറായാല്‍ അദ്ദേഹത്തിന് എതിരായ അച്ചടക്ക നടപടികള്‍ അവസാനിപ്പിക്കും. ഇതുമായി ബന്ധപ്പെ നിയമ നടപടികള്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പിന്‍വലിക്കുകയും വേണം. രാജു നാരായണ സ്വാമിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കടുംപിടത്തമില്ല. രാജു നാരായണ സ്വാമി സര്‍വ്വീസില്‍ തിരച്ചെത്താനുള്ള സാധ്യതയാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങളും നല്‍കുന്നത്. ടോം ജോസുമായി രാജു നാരായണ സ്വാമിക്ക് ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് തനിക്ക് നീതി കിട്ടാത്തതിന് കാരണമെന്ന് രാജു നാരായണ സ്വാമിയും തുറന്നു പറഞ്ഞിരുന്നു.

കെടിഡിഎഫ്സി എംഡിയായി രാജു നാരായണസ്വാമിയെ നിയമിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുവെന്നാണ് സൂചന. കെടിഡിഎഫ്സി സിഎംഡിയായിരുന്ന ആര്‍.ശ്രീലേഖ ഡിജിപി പദവി ലഭിച്ചതോടെ അഗ്നിശമന സേന മേധാവിയായി നിയമിതയായിട്ടുണ്ട്. ശ്രീലേഖയുടെ ഒഴിവിലാണ് രാജു നാരായണ സ്വാമിയെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്. ദീര്‍ഘ നാളായി രാജു നാരായണസ്വാമി സര്‍വീസിലില്ല. തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു പലവട്ടം രാജു നാരായണസ്വാമിക്ക് സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. കേന്ദ്ര സര്‍വീസിലും-സംസ്ഥാന സര്‍വീസിലും ഇല്ലാത്ത അവസ്ഥയിലാണ് സ്വാമിയുടെ അവസ്ഥ. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് 2019 മാര്‍ച്ചില്‍ രാജുനാരായണ സ്വാമിയെ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു.

ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിപ്പിച്ചതായും സേവനത്തില്‍നിന്ന് വിടുതല്‍ നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കത്തുകള്‍ നല്‍കി ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍വീസില്‍ നിന്നും അകന്നു നില്‍ക്കാനാണോ എന്ന് സ്വാമിയുടെ തീരുമാനമെന്നും സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. ഒരു പോസ്റ്റിലും ഇല്ലാത്ത സ്വാമിയുടെ അവസ്ഥ മനസിലാക്കി സ്വാമിയെ കെടിഡിഎഫ്സി സിഎംഡിയായി നിയമിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. കെടിഡിഎഫ്സി സിഎംഡി പദവിയില്‍ നിന്ന് ശ്രീലേഖ ഒഴിഞ്ഞതോടെ ഇപ്പോള്‍ ജനറല്‍ മാനേജര്‍ക്ക് ആണ് ചുമതല കൈമാറിയിരിക്കുന്നത്. ധനവകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്ന സുരേഷ് ആണ് എപ്പോള്‍ കെടിഡിഎഫ്സി ജനറല്‍ മാനേജര്‍. പുതിയ സിഎംഡി എത്തുന്നവരെ ജനറല്‍ മാനേജര്‍ക്ക് ആണ് സിഎംഡി ചുമതല നല്‍കിയിരിക്കുന്നത്.

ദീര്‍ഘനാളായി സര്‍വീസില്‍ ഇല്ലാത്തതിനാല്‍ എത്രയും വേഗം ജോയിന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാമിയുടെ പ്രശ്നം സര്‍ക്കാരിനു മുന്നില്‍ തലവേദനയായി നിലനില്‍ക്കെയാണ് സിഎംഡി പദവി നല്‍കി സ്വാമിയെ ഇവിടെ പ്രതിഷ്ടിക്കാനുള്ള തീരുമാനവും അണിയറയില്‍ ഒരുങ്ങുന്നത്. സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ സ്വാമി തയ്യാറായിട്ടില്ല. പകരം എന്തുകൊണ്ട് സര്‍വീസില്‍ ജോയിന്‍ ചെയ്യുന്നില്ല എന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനു കത്ത് നല്‍കുകയാണ് സ്വാമി ചെയ്തത്. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റിയ നടപടിക്കെതിരെ കോടതിയിലും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും കേസ് ഉള്ളതിനാലാണ് സര്‍വീസിലേക്കു തിരികെ പ്രവേശിക്കാത്തതെന്നാണ് രാജു നാരായണ നല്‍കിയ കത്തില്‍ പറയുന്നത്. .

ഈ കത്ത് തലവേദനയായതോടെയാണ് ഈ കത്തിലെ കാരണങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ സമിതിയെ വെച്ചത്. പുതിയ ചീഫ് സെക്രട്ടറിയായ നിയമിതനായ ഡോ. ബിശ്വാസ് മേത്ത ഐഎഎസിന്റെ നേതൃത്വത്തിലാണ് സമിതിയുള്ളത്. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയ്ക്ക് സര്‍ക്കാര്‍ സമിതിയുടെ ചുമതല നല്‍കിയത്. വനം വന്യജീവി വകുപ്പ് അഡീ.ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, കൃഷിവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിങ്, ധനകാര്യ അഡീ. ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരാണ് സമിതി അംഗങ്ങള്‍. ഈ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ജോലിക്കു ഹാജരാകുന്നില്ലെങ്കില്‍ പിരിച്ചുവിടണമെന്നു കേന്ദ്രത്തിനു ശുപാര്‍ശ നല്‍കുന്നതിനു സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതിനാല്‍ സമിതി റിപ്പോര്‍ട്ട് ആണ് സ്വാമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിനിടയില്‍ തന്നെയാണ് കെടിഡിഎഫ്സി സിഎംഡിയാക്കാനുള്ള ശ്രമം നടക്കുന്നത്.

വന്‍ പ്രതിസന്ധിയിലാണ് കെ.ടി.ഡി.എഫ്.സി നിലവില്‍ മുന്നോട്ടു പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കെടിഡിഎഫ്സി നേരിടുന്നത്. കെഎസ്ആര്‍ടിസിക്ക് നല്‍കിയ വായ്പകളുടെ അടവുകള്‍ തെറ്റിയതോടെയാണ് ഈ സാമ്പത്തിക സ്ഥാപനത്തിന്റെ താളം തെറ്റാന്‍ തുടങ്ങിയത്. രാജശ്രീ അജിത്ത് എംഡിയായിരിക്കെ ഒട്ടനവധി അഴിമതികള്‍ നടത്തി സ്ഥാപനത്തിനു ചീത്തപ്പേര് വരുത്തുകയും ചെയ്തു. രാജശ്രീ അജിത്ത് എംഡിയായിരിക്കെ വന്‍ അഴിമതിയാണ് കെടിഡിഎഫ്സിയില്‍ നടന്നത്. വിവിധ അഴിമതിക്കേസുകള്‍ ഇതുമായി ബന്ധപ്പെട്ടു രാജശ്രീ അജിത്ത് നേരിടുന്നുമുണ്ട്. ക്രമവിരുദ്ധമായി സ്വന്തം പേരിലും ഭര്‍ത്താവ് പി.എസ്.അജിത് കുമാറിന്റെ പേരിലും വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തെന്നാണു വിജിലന്‍സ് കണ്ടെത്തല്‍. 76.92 ലക്ഷം രൂപയുടെ അനധികൃത വായ്പ എടുത്തതായാണ് കണ്ടെത്തിയത്. ഭര്‍ത്താവ് ബിസിനസ് ആവശ്യങ്ങള്‍ക്കായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുത്തിരുന്നു. തിരിച്ചടവില്ലാതെ കിടന്ന ഈ വായ്പകള്‍ രാജശ്രീ എംഡിയായിരുന്ന കാലഘട്ടത്തില്‍ കെടിഡിഎഫ്സിയില്‍ നിന്നു പണം നല്‍കി തീര്‍ത്തുവെന്നാണു വിജിലന്‍സ് റിപ്പോര്‍ട്ട്.

കെഎസ്ആര്‍ടിസി കണ്‍സോര്‍ഷ്യത്തില്‍ നിന്നും ലഭിച്ച 700 കോടി രൂപ ജയരാജനും കമ്പനി സെക്രട്ടറിയും നിമ്മി റെച്ചല്‍ മാത്യുവും കൂടി ചേര്‍ന്ന് യെസ് ബാങ്ക് എന്ന സ്വകാര്യ ബാങ്കില്‍ വളരെ ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും വിവാദമായി. ഇതിന്റെ പേരില്‍ ഗവര്‍ണര്‍ക്ക് പരാതിയും വന്നിരുന്നു. അന്ന് ജനറല്‍ മാനേജര്‍ ആയിരുന്ന ജയരാജനും കമ്പനി സെക്രട്ടറിയും നിമ്മി റെച്ചല്‍ മാത്യുവും കൂടി ചേര്‍ന്നാണ് ഈ ഇടപാടുകള്‍ നടത്തിയത് എന്നാണ് ഗവര്‍ണര്‍ക്ക് വന്ന പരാതിയില്‍ പറഞ്ഞത്. ഈ തുക ഘട്ടം ഘട്ടമായി തിരികെ എടുത്തു എന്നാണ് കമ്പനി സെക്രട്ടറി പിന്നീട് മറുനാടനോട് വെളിപ്പെടുത്തിയത്. ഈ നിക്ഷേപവും വിവാദമായിരുന്നു. പിന്നീടും ഒട്ടുവളരെ വിവാദങ്ങളും അഴിമതി ആരോപണങ്ങളും കെടിഡിഎഫ്സിക്ക് നേരെ ഉയര്‍ന്നു.

കെ.എസ്.ആര്‍.ടി.സിയെ സമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 1996-ലാണ് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ അഥവാ കെ.ടി.ഡി.എഫ്.സി രൂപീകരിച്ചത്. 50 കോടി രൂപയുടെ മൂലധനത്തോടെ ആരംഭിച്ച സ്ഥാപനം പിന്നീട് വളരെ വേഗം ലാഭത്തിലേക്കെത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വാഹനവായ്പയും ഭവനവായ്പയും നല്‍കിയാണ് കെടിഡിഎഫ്സി വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. പക്ഷെ കോടികള്‍ കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കിയപ്പോള്‍ ഇതില്‍ വന്ന തിരിച്ചടവിന്റെ പ്രശ്നങ്ങള്‍ കെടിഡിഎഫ്സിയെ കുടുക്കുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനം നേരിടുന്നത്. സ്ഥാപനം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കെടിഡിഎഫ്‌സി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ധനകാര്യവകുപ്പ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും രാജിവച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category