1 GBP = 93.50 INR                       

BREAKING NEWS

വികസിത രാജ്യങ്ങളില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവുമില്ല മറിച്ച് എല്ലാവരും മനുഷ്യര്‍ മാത്രമാണ്, വംശീയതയും വര്‍ണ്ണവിവേചനങ്ങളുമില്ലാത്ത സാധാരണ മനുഷ്യര്‍

Britishmalayali
റോയ് സ്റ്റീഫന്‍

നുഷ്യന്റെ വിവിധങ്ങളായ മാനസിക വികാരങ്ങളാണ്  വ്യക്തികളെ ഓരോ നിമിഷവും ജീവിക്കുവാനും അന്യോന്യം സഹകരിച്ചു വളരുവാനും പ്രേരിപ്പിക്കുന്നത്. വികാരവിചാരങ്ങളില്ലാത്ത വ്യക്തികള്‍ ചലന ശേഷിയില്ലാത്ത ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും തുല്യമാണ്. ചലന സ്വാതന്ത്ര്യം ഇല്ലാത്തവയെല്ലാം മറ്റുള്ളവയ്ക്ക് ജീവിക്കുവാനുള്ള ഉപകരണങ്ങള്‍ മാത്രമായി ഭൂമിയില്‍ എന്നേയ്ക്കുമായി നിലനില്‍ക്കുന്നു. ജനിക്കുന്ന നേരം തൊട്ട് മരിക്കുന്നതുവരെയുള്ള  മനുഷ്യരിലെ എല്ലാ വികാരവിചാരങ്ങളും വളരെയധികം പ്രധാനപ്പെട്ടവ തന്നെയാണ്. എന്നാല്‍ മൃഗങ്ങളിലും സ്വാഭാവികമായുള്ള വികാരങ്ങളുണ്ടെങ്കിലും പ്രാഥമികാവശ്യങ്ങള്‍ നേടുവാന്‍ മാത്രമാണ് ഉപകാരപ്പെടുന്നത് പക്ഷെ മനുഷ്യരില്‍ എല്ലാറ്റിനുമുപരിയായി അധികമായുള്ളതാണ് യുക്തിബോധ്യവും. നന്മതിന്മകള്‍ വേറിട്ടറിഞ്ഞു സമയോചിതമായി പ്രവര്‍ത്തിക്കുവാനുള്ള വികാരവിചാരങ്ങള്‍. അങ്ങനെയാണെങ്കില്‍ കൂടിയും നിലവിലുള്ള മനുഷ്യ മനസുകളില്‍ പൗരാണികമായ വികാരങ്ങളും ആധുനികമായ യുക്തിചിന്താഗതികളും അനുദിനം പരീക്ഷിക്കപെട്ടുകൊണ്ടിരിക്കുകയുമാണ്. പ്രാചീനകാലങ്ങളില്‍ വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണമായിരുന്നു പ്രാഥമിക ലക്ഷ്യമെന്നതിനാല്‍ ഭയമായിരുന്നു മറ്റു വികാരങ്ങളെക്കാള്‍ അധികമായി എല്ലാ മനുഷ്യരിലും പ്രതിഫലിച്ചിരുന്നത്. എന്നാല്‍ ആധുനിക ലോകത്തില്‍ എല്ലാ അര്‍ത്ഥത്തിലും സ്വാതന്ത്ര്യം പൂര്‍ണ്ണമായപ്പോള്‍ മറ്റു വികാരങ്ങള്‍ ഓരോ മനുഷ്യരിലും അധികമായി പ്രകടിക്കുവാന്‍ തുടങ്ങി. ലോകത്തില്‍ മറ്റു പരോക്ഷമായ ധാരാളം വിപത്തുകള്‍  ജീവനെ പേടിപ്പിക്കുന്നുണ്ടെങ്കിലും മനുഷ്യ മനസുകള്‍ക്ക് ശുഭ പ്രതീക്ഷകള്‍ നല്‍കുന്ന മറ്റു ധാരാളം ഘടകങ്ങളുണ്ട്. സമയോചിതമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിവുള്ള ബുദ്ധിമാനായ ആധുനിക മനുഷ്യന്‍ നൈമിഷികമായ വികാരങ്ങള്‍ക്ക് അടിമപ്പെടാതെ യുക്തിപരമായി ചിന്തിച്ചു മാത്രം പ്രവര്‍ത്തിക്കുന്നതെങ്കിലും ആത്മവിശ്വാസം കുറവുള്ളവര്‍ വിപരീതമായും പ്രവര്‍ത്തിക്കും.

അമിതമായ വിധ്വെഷവും കോപവും വരുത്തുന്ന വിപത്തുകള്‍ വീണ്ടുവിചാരമുള്ള വ്യക്തികള്‍ തിരിച്ചറിയുകയും വീണ്ടും ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യും. പക്ഷെ തിരിച്ചറിവില്ലാത്തവര്‍ വീണ്ടും ആവര്‍ത്തിക്കുകയും സമൂഹത്തിന് ഒന്നടങ്കം അപമാനങ്ങള്‍ വരുത്തുന്നതിന്റെ നേര്‍ചിത്രങ്ങളാണ് നിലവില്‍ അമേരിക്കയില്‍ സംഭവിക്കുന്നത്.  കൊറോണയെ ഫലപ്രദമായി പ്രധിരോധിക്കാതിരുന്നതിനാല്‍ വിലപ്പെട്ട നിരവധി ജീവനുകള്‍ നഷ്ടമായ സമയങ്ങളിലാണ് കൂനിന്മേല്‍ കുരുവെന്നപോലെ വംശീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസുകാരന്‍ കാല്‍മുട്ടിനിടയില്‍ ഞെരിച്ചു കൊന്നു എന്നാരോപിച്ചു മിനിയാപോളിസില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ കലാപങ്ങളായി അമേരിക്കയിലെ മറ്റിടങ്ങളിലേക്കും വ്യാപിച്ചിരുന്നു. വിവിധയിടങ്ങളില്‍ ചെറിയ ജോലിയായ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ജോര്‍ജ് ഫ്‌ളോയിഡിനെ നാല് പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തതിന് ശേഷം ഷര്‍ട്ട് അഴിച്ച് മാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തി കൈയ്യാമം വയ്ക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഫ്ളോയ്ഡിനെ കൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറെക് ചൗവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൊലപാതക്കുറ്റം ആരോപിക്കപ്പെട്ട ചൗവിന്റെ ഭാര്യ ഇയാളില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നു എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇദ്ദേഹത്തിനെതിരെ മുമ്പ് പല അവസരങ്ങളിലായി വിധ്വേഷപരമായി പെരുമാറിയതുള്‍പ്പെടെ 18 പരാതികള്‍ കിട്ടിയിരുന്നതായി മിനിയാപോളിസ് പൊലീസ് തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

പോലീസുകാര്‍ അറിഞ്ഞോ അറിയാതെയെ സംഭവിച്ച മരണം നിലവില്‍ കറുത്ത വശജര്‍ക്കെതിരെയുള്ള  വിധ്വെഷ കൊലപാതകമായി ചിത്രീകരിച്ചുകൊണ്ട് ലോകം മുഴുവനും കലാപങ്ങള്‍ സംഘടിപ്പിക്കുവാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു വിഭാഗം മനുഷ്യര്‍. സാമൂഹിക അനീതിക്കെതിരെ പ്രതിഷേധങ്ങള്‍ ആവശ്യമാണ്, ജനാധിപധ്യ സംവിധാനങ്ങളില്‍ ജനങ്ങളുടെ സ്വാതന്ത്യവും അവകാശവുമാണെന്നും തര്‍ക്കമില്ലാത്ത വസ്തുതയുമാണ്. മനുഷ്യാവകാശങ്ങള്‍ ലെന്‍ഖിക്കപ്പെടുമ്പോള്‍ പൊതുജനങ്ങള്‍ പീഡനത്തിനിരയായവരോടൊപ്പം നില്‍ക്കുന്നു എന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍. സാമൂഹിക ജീവികളായ മനുഷ്യര്‍ തങ്ങളോടൊപ്പം ജീവിക്കുന്ന തങ്ങളെപ്പോലുള്ള മറ്റുള്ളവര്‍ക്ക് നല്‍കുന്ന കരുതലിന്റെ പ്രതീകങ്ങള്‍. ഒരു പരിധിവരെ എത്രയും പെട്ടെന്ന് നീതി സാദ്ധ്യമാക്കി കൊടുക്കുവാനുതകുന്ന ജനകീയമായ പ്രക്ഷോഭ രീതികള്‍. പക്ഷെ ലോകത്തിലുള്ള ഒരു പ്രത്യയ ശാസ്ത്രത്തിലും വ്യവസ്ഥിതികളിലും സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്ന പ്രക്ഷോഭങ്ങളും കലാപങ്ങളും സംഘടിപ്പിക്കുവാന്‍ അനുവദിക്കുന്നില്ല.

അതോടൊപ്പം തന്നെ എല്ലാ വ്യക്തികള്‍ക്കും ഉടമസ്ഥാവകാശമുള്ള പൊതുമുതലുകള്‍ നശിപ്പിക്കുവാനുള്ള അധികാരവുമില്ല. പൊതുജനങ്ങളുടെ ജീവനും സമ്പത്തും സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായവരാണ് പോലീസുകാര്‍, അതിലേക്കാവശ്യമായ പരിശീലനങ്ങളും ലഭിച്ചവര്‍ പക്ഷെ അവരെല്ലാവരും തന്നെ മറ്റുള്ളവരെപ്പോലെ തന്നെ സാധാരണക്കാരായ മനുഷ്യര്‍ മാത്രമാണ്. സമൂഹത്തിലുള്ള മറ്റുള്ളവരെപ്പോലെ തന്നെ ചെയ്യുന്ന ജോലിക്ക് ശമ്പളം വാങ്ങി കുടുംബമായി സന്തോഷത്തോടെ ജീവിക്കുവാന്‍ ശ്രമിക്കുന്നവര്‍. ആരോഗ്യത്തോടെ നിലനില്‍ക്കുമ്പോള്‍ മാത്രമാണ് ഓരോരുത്തര്‍ക്കും സമാധാനമായി ജോലി ചെയ്യുവാനും സ്വന്തം പ്രയത്‌നത്തില്‍ ജീവിക്കുവാനും സാധിക്കുകയുള്ളൂ. മറ്റുള്ള ജോലികളെക്കാള്‍ കൂടുതലായി പോലീസുകാര്‍ അവരുടെ സുരക്ഷ സംരക്ഷിക്കുന്നതില്‍ ശ്രദ്ധാലുക്കളാണ് അതോടൊപ്പം അവര്‍ക്ക് അത്യാവശ്യ വേളകളില്‍ ഉപയോഗിക്കുവാന്‍ സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടൂണ്ട്, ഇതെല്ലാം അവരുടെ ജോലിയുടെ ഭാഗമായിട്ട് മാത്രമാണ് അവരുടെയും മറ്റുള്ളവരുടെയും സംരക്ഷണത്തിനായി മാത്രം. പക്ഷെ ചില അവസരങ്ങളില്‍ അവരില്‍ ചിലര്‍ പ്രകോപിതരായി അനീതി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ നിലവിലുള്ള നിയമവ്യവസ്ഥികള്‍ക്ക് വിട്ടുകൊടുക്കുക. എന്നാല്‍ നിയമം കയ്യിലെടുത്ത് അരാജകത്ത്വം സൃഷ്ടിക്കുവാന്‍ ആരെയും അനുവദിക്കരുത്. 

മനുഷ്യര്‍ വളര്‍ന്ന് ലോകം ചെറുതായപ്പോള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന അനീതികളുടെയും കൊള്ളരുതായ്മകളുടെയും അലയൊലികള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും മുഴങ്ങിക്കൊണ്ടിരിക്കുന്നതില്‍   അത്ഭുതപെടുന്നില്ല. പ്രത്യേകിച്ചും ലോകത്തിന്റെ തന്നെ തലസ്ഥാന നഗരികളിലൊന്നായ ലണ്ടണില്‍. എട്ടര മില്യണ്‍ മനുഷ്യര്‍ ജീവിക്കുന്ന ലണ്ടണില്‍ 44.5 ശതമാനവും വെള്ളക്കാരല്ല പകരം കറുത്ത വര്‍ഗ്ഗക്കാരും ഏഷ്യക്കാരുമുള്‍പ്പെടെ മറ്റുള്ള രാജ്യങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ക്കുന്നവര്‍. എല്ലാ ലോക രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്ളതുകൊണ്ടും മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍തൂക്കമുള്ളതുകോണ്ടും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന പ്രധിഷേധങ്ങളെല്ലാം ലണ്ടണിലും ആവര്‍ത്തിക്കപെടും. ചിലതെല്ലാം ലണ്ടണില്‍ മാത്രമാണ് നടക്കാറുള്ളതും കാരണം മറ്റുള്ള സ്ഥലങ്ങളില്‍ അവിടങ്ങളിലെ ഭരണാധികാരികള്‍ നിര്‍ദ്ദയമായി അടിച്ചമര്‍ത്തുക തന്നെ ചെയ്യും. പക്ഷെ ലണ്ടണില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനാല്‍ പാവപ്പെട്ട പോലീസുകാര്‍ എല്ലായ്‌പ്പോഴും അധിക്ഷേപിക്കപെടുവാനും കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുവാന്‍ വിധിക്കപ്പെട്ടവരാണ്. നിലവിലുള്ള സ്ഥിതിവിശേഷം സാധാരണമല്ലെങ്കിലും  അതായത് കൊറോണയെപ്പേടിച്ച് എല്ലാവരും തന്നെ ജോലി പോലും ചെയ്യാതെ സര്‍ക്കാരിന്റെ ആനുകൂല്യം വാങ്ങി വീട്ടിലിരിക്കുകയാണെങ്കിലും അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ വംശീയമായി കൊലപാതകം ചെയ്തു എന്നാരോപിച്ചു ലണ്ടണില്‍ പ്രതിഷേധ റാലിക്കുപരി കലാപം തന്നെ സൃഷ്ടിക്കുവാന്‍ മടി കാണിക്കുന്നില്ല. അന്നേരവും എന്നാളിലെപ്പോലെ പോലീസുകാര്‍ക്ക് കൈകെട്ടി നോക്കി നില്‍ക്കുവാന്‍ മാത്രമാണ് സാധിക്കുന്നത്. സമാധാനമായി നടക്കേണ്ടിയിരുന്ന ആ  പ്രകടനങ്ങളില്‍ പങ്കെടുത്ത സ്ത്രീ ജനങ്ങള്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ പൊലീസുകാരെ പ്രകോപിപ്പിക്കുവാന്‍ എത്രത്തോളം ശ്രമപ്പെടുന്നുണ്ടെന്നു വീഡിയോച്ചിത്രങ്ങളില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കും. പക്ഷെ ഓരോ പൊലീസുകാരെന്റെയും മനഃസാന്നിധ്യവും യുക്തിബോധ്യവും സ്ഥിതിഗതികള്‍ കൈവിട്ടു പോകാതിരിക്കുന്നതിന് സഹായകമായി.

കാര്യകാരണങ്ങള്‍ ഗ്രഹിക്കാതെയും വീണ്ടു വിചാരമില്ലാതെയും പ്രധിഷേധിക്കുവാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഓരോ  വ്യക്തികള്‍ക്കും അവരുടേതായ പ്രത്യേക ന്യായവാദങ്ങള്‍ നിരത്തുവാനുണ്ടാകും പക്ഷെ ഓരോന്നും ഇഴകീറി പരിശോധിക്കുമ്പോള്‍ കഴമ്പുണ്ടാകുമെന്ന് പറയുവാന്‍ സാധിക്കില്ല. എല്ലാ സമൂഹങ്ങളിലും സംഭവിക്കുന്നത് ഇത് തന്നെയാണ് പ്രത്യേകിച്ചും അധഃകൃതരാണെന്ന് സ്വയം വിശ്വസിച്ചു ജീവിക്കുന്ന വ്യക്തികള്‍ കൂടുതലുള്ള സമൂഹങ്ങളില്‍. മനുഷ്യന്റെ വിവിധങ്ങളായ മാനസിക വികാരങ്ങളാണ്  അവരോരുത്തരെയും ഓരോ നിമിഷവും നയിക്കുന്നതിനാല്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സത്യാവസ്ഥകള്‍ മനസിലാക്കുവാന്‍ ശ്രമിക്കാതെ യാന്ധ്രികമായി പ്രതിരോധത്തില്‍ ആകുവാന്‍ മാത്രമാണ് ശ്രമിക്കുന്നത്. ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തിലേയ്ക്ക് നയിച്ച അവസാന നിമിഷങ്ങളിലെ  വീഡിയോച്ചിത്രങ്ങള്‍ മാത്രമാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ജോര്‍ജ് എന്ന വ്യക്തിയെ ആ സാഹചര്യങ്ങളിലേയ്ക്ക് നയിച്ച സംഭവങ്ങളും ജോര്‍ജിന്റെ പൂര്‍വ്വകാല ജീവിത ചരിത്രങ്ങളും പരിശോധിക്കുവാന്‍ ആരും തയ്യാറാവുന്നില്ല. പകരം ഭൂരിപക്ഷമായ വെളുത്ത വര്‍ഗ്ഗത്തില്‍പെട്ട ഒരു പോലീസുകാരന്‍ ന്യുന പക്ഷമായ കറുത്ത വര്‍ഗ്ഗക്കാരനെ കാലുകൊണ്ട് ഞെരിച്ചു കൊന്നു എന്നുള്ള വാര്‍ത്ത പ്രചരിപ്പിക്കുവാന്‍ മാത്രമാണ് ശ്രമം നടക്കുന്നത്. കലാപങ്ങള്‍ തുടങ്ങിയതിനുശേഷം കണ്ടേസ്സ ഓവന്‍സ് എന്ന് പേരുള്ള കറുത്തവര്‍ഗ്ഗക്കാരിയായ ഒരു പെണ്‍കുട്ടി കൂടുതല്‍ കാര്യങ്ങള്‍ ചൂണ്ടികാട്ടികൊണ്ട് രംഗത്തു വന്നപ്പോള്‍ ആ പെണ്‍കുട്ടിയെ വംശദ്രോഹിയാക്കുവാനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ആ പെണ്‍കുട്ടി പൊതു മാധ്യമങ്ങളില്‍ അറിയപ്പെടാത്ത പല വസ്തുതകളും ചൂണ്ടിക്കാണിക്കുന്നത്, കുറ്റകൃത്യങ്ങളുടെ ലോകത്തു മാത്രം ജീവിച്ചിരുന്ന  ജോര്‍ജ് ഫ്ളോയിഡിനെ. ഇങ്ങനെയുള്ള സ്വകാര്യ വസ്തുതകളും വിവരങ്ങളും പൊതു സമൂഹത്തിന് അറിവില്ലെങ്കിലും പോലീസിനും മറ്റു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അറിവുള്ളതാണ്, അങ്ങനെയുള്ള വ്യക്തികളെ കൈകാര്യം ചെയ്യുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുകയും ചെയ്യുക തന്നെ വേണം.

നിലവിലെ ഈ ആധുനിക യുഗത്തില്‍, വികസിത രാജ്യങ്ങളില്‍, പ്രത്യേകിച്ചും യുകെപോലുള്ള ക്ഷേമരാഷ്ട്രങ്ങളില്‍ ജീവിക്കുന്ന വ്യക്തികള്‍ക്ക് സമൂഹത്തിലുള്ള മറ്റുവ്യക്തികളുടെ സഹായ സഹകരണമില്ലാതെ തങ്ങളുടെ അനുദിന ജീവിതം ജീവിക്കുവാന്‍ സാധിക്കുന്നത് ഭൂരിപക്ഷമായ വെളുത്ത വര്‍ഗ്ഗക്കാരുടെ പൂര്‍വ്വകാല പ്രവര്‍ത്തന മികവുകൊണ്ടു മാത്രമാണ്. എല്ലാ വികസിത രാജ്യങ്ങളിലെയും പൗരന്മാര്‍ കഴിവതും മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാറില്ല അവര്‍ക്ക് സ്വന്തം ജീവിതവും അവര്‍ക്കൊപ്പമുള്ള വ്യക്തികളുടെ ജീവിതവുമാണ് പ്രധാനം. അതോടൊപ്പം ഭൂരിപക്ഷമാണെങ്കിലും അവരെല്ലാവരെയും ഒരേപോലെ പരിഗണിക്കുന്നതുകൊണ്ട് അനീതിയാണെന്ന് പൂര്‍ണ്ണമായി ബോധ്യമാകുമ്പോള്‍ മാത്രമാണ് പ്രതികരിക്കുന്നത്. അതുകൊണ്ടു മാത്രമാണ് വികസിത രാജ്യങ്ങളില്‍ അനാവശ്യമായ സമരങ്ങളും പണിമുടക്കുകളും ഇല്ലാതിരിക്കുന്നത്. എന്നാല്‍ ന്യൂനപക്ഷത്തില്‍ നിന്നുമുള്ള അംഗങ്ങള്‍ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ഒരു കാലത്തും തൃപ്തരല്ല, അതുകൊണ്ടു തന്നെ നിരന്തരം മാനസികമായി വിധ്വെഷവും പേറി  തളര്‍ന്നു ജീവിക്കുന്നവരാണ്. അവരുടെ ജീവിതത്തില്‍ ആത്മവിശ്വാസം ഉണ്ടാവുന്നില്ല അതുകൊണ്ടു തന്നെ അനാവശ്യമായി പ്രതിരോധത്തില്‍ അനുദിനം ജീവിക്കുവാനാണ് ശ്രമിക്കുന്നത്.

ലോകത്തിന്റെ ഏതൊരു കോണുകളില്‍ ജീവിക്കുമ്പോഴും മറ്റുള്ളവരോട് കടപ്പെട്ടു ജീവിക്കുവാന്‍ ആരും ആരെയും നിര്‍ബന്ധിക്കുന്നുമില്ല ആരും പ്രതീഷിക്കുന്നുമില്ല പക്ഷെ അറിവില്ലായ്മയുടെ പേരില്‍ ആരെയും അധിഷേപിക്കുവാനും കുറ്റമാരോപിക്കുവാനും അധികാരവുമില്ല. ഓരോ രാജ്യത്തും മനുഷ്യര്‍ ജനിക്കുന്നത് അവരോരുത്തരുടേയും ആവശ്യപ്രകാരമോ ആഗ്രഹപ്രകാരമോ അല്ല മറിച്ച് എങ്ങനെയോ സംഭവിക്കുന്നു പക്ഷെ ദാനമായി ലഭിച്ച ജീവിതം ഏറ്റവും ഭംഗിയായി ജീവിക്കുന്നതാണ് പരമപ്രധാനമായ വസ്തുതയെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടാതെ യുക്തിപരമായി ചിന്തിക്കുന്ന മനുഷ്യര്‍ തിരിച്ചറിയുന്നുണ്ട്. എല്ലാ വികസിത രാജ്യങ്ങളിലും ഭൂരിപക്ഷവും ന്യൂനപക്ഷവുമില്ല മറിച്ച്  മനുഷ്യര്‍ മാത്രമാണ്, വികാരങ്ങള്‍ക്കുപരി വിവേകങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യര്‍. കോടാനുകോടി വര്‍ഷങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടും മനുഷ്യര്‍ക്ക് ജീവന്റെ വിലയും ജീവിതത്തിന്റെ അര്‍ഥവും ഇനിയും മനസിലായിട്ടില്ല, അതോടൊപ്പം എന്നെങ്കിലും തിരിച്ചറിയുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുവാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല. അറിവില്ലായ്മ മൂലം നൈമിഷികമായിട്ടാണെങ്കിലും ഉടലെടുക്കുന്ന വെറുപ്പും വിധ്വേഷവുമായ ചിന്താഗതികള്‍ സമയോജിതമായി നിയന്ത്രിക്കുവാന്‍ സാധിക്കാതെ വരുമ്പോള്‍ ബന്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ആജീവനാന്ത എല്ലാ ജീവിത മേഖലകളിലും പ്രതിഫലിക്കുകയും ചെയ്യും. അതുണ്ടാവാതിരിക്കണമെങ്കില്‍ വികാരങ്ങള്‍ക്ക് അടിമപ്പെടാതെ വസ്തുതകളെ തിരിച്ചറിയുവാന്‍ ശ്രമിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category