1 GBP = 95.60 INR                       

BREAKING NEWS

ഇന്ന് യുകെ മലയാളികള്‍ ആടിപ്പാടി ആഘോഷമാക്കേണ്ടിയിരുന്ന ഉത്സവദിനം; താര സാന്നിധ്യം ഉറപ്പാക്കിയിരുന്ന പത്താം അവാര്‍ഡ് നൈറ്റിനെ പാതി വഴിയില്‍ തടഞ്ഞത് കൊവിഡ്; അജുവും സോണിയും ബിജുവും ഉള്‍പ്പെടെയുള്ളവര്‍ ആശയോടെ കാത്തിരുന്ന ദിനം ഇന്ന് കടന്നു പോകുമ്പോള്‍ വീണ്ടും അവാര്‍ഡ് നൈറ്റ് തങ്ങള്‍ക്കു തന്നെ വേണമെന്ന് നോര്‍വിച്ച് മലയാളികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കൊവിഡ് എത്തിയില്ലായിരുന്നു എങ്കില്‍ ഇന്ന് ബ്രിട്ടനിലെ മലയാളിക്ക് ആടിപ്പാടാനും ഉല്ലസിക്കാനും ലഭിക്കുന്ന അപൂര്‍വ്വ ദിനങ്ങളില്‍ ഒന്നിന്റെ പിറവി ആയേനെ. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി മുടക്കമില്ലാതെ ബ്രിട്ടന്റെ വിവിധ നഗരങ്ങളില്‍ തനി മലയാളി ഉത്സവക്കാഴ്ചയായി വിരുന്നെത്തിക്കൊണ്ടിരുന്ന ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് ഇന്ന് നോര്‍വിച്ചില്‍ എത്തുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ തകൃതിയായി മുന്നേറുമ്പോഴാണ് കൊവിഡ് ബ്രിട്ടനേയും പിടിച്ചുലയ്ക്കും എന്ന് ഉറപ്പാകുന്നത്. ഇതോടെ കാലതാമസം കൂടാതെ സംഘാടക സമിതി ഏറെ പ്രതീക്ഷയോടെ തങ്ങളുടെ നാട്ടില്‍ എത്തുന്ന വിരുന്ന് മനസില്ലാ മനസോടെ തന്നെ വേണ്ടെന്നു വയ്ക്കുക ആയിരുന്നു.

കഴിഞ്ഞ തവണ കവന്‍ട്രിയിലെ മലയാളികള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും അവാര്‍ഡ് നൈറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹര മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ കരണമായപ്പോള്‍ അതിനേക്കാള്‍ വെല്ലും വിധം തന്നെ അവാര്‍ഡ് നിശ യാഥാര്‍ഥ്യമാക്കും എന്ന ഉറപ്പോടെയാണ് നാട്ടുകാരുടെ പ്രതിനിധികളായി നോര്‍വിച്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അജു ജേക്കബും മികച്ച സംഘാടകനായ സോണി ജോസഫും ഷോര്‍ട്ട് ഫിലിം സംവിധാനം അടക്കം കലാമേഖലയില്‍ തിളങ്ങിയിട്ടുള്ള ബിജു അഗസ്റ്റിനും ഒത്തുചേര്‍ന്നത്. എന്നാല്‍ ലോകമെങ്ങും, ഒളിമ്പിക്‌സ് അടക്കം ഈ വര്‍ഷം ആഘോഷങ്ങളും ചടങ്ങുകളും ഒന്നും നടക്കില്ലെന്നു വ്യക്തമായപ്പോള്‍ ആ വഴിക്കു തന്നെ നീങ്ങുക ആയിരുന്നു ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് സംഘാടക സമിതിയും. 

മാസങ്ങള്‍ നീണ്ട ഒരുക്കങ്ങളും ആയി ഓരോ വര്‍ഷവും വിരുന്നെത്തുന്ന ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് ഇത്തവണയും ഫെബ്രുവരിയില്‍ തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. കലാഭവന്‍ നൈസ്, ചിത്രാലക്ഷ്മി തുടങ്ങിയ യുകെയിലെ പ്രഗത്ഭരായ നര്‍ത്തകരുടെ സാന്നിധ്യം ഓരോ വര്‍ഷവും ഉറപ്പാക്കുന്ന അവാര്‍ഡ് നൈറ്റില്‍ ഇത്തവണ അവരെ കൂടാതെ ലണ്ടനില്‍ നിന്നുള്ള രഞ്ജിത ചൊവല്ലൂര്‍, ഐശ്വര്യ എബിന്‍, റീഡിങ്ങിലെ മഞ്ജു സുനില്‍, നോട്ടിന്‍ഹാമിലെ ദീപ നായര്‍ തുടങ്ങി പല പ്രഗത്ഭ നര്‍ത്തകരുടെ സാന്നിധ്യവും പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്.
ഇതിനൊപ്പം കേരളത്തില്‍ നിന്നും നാട്യ വിരുന്നുമായി യുകെ ടൂര്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമാതാരവും നര്‍ത്തകിയുമായ പാരീസ് ലക്ഷ്മി, ഭര്‍ത്താവും കഥകളി നടനുമായ പള്ളിപ്പുറം സുനില്‍ എന്നിവരും അവാര്‍ഡ് നൈറ്റിന്റെ ഭാഗം ആകേണ്ടതായിരുന്നു. ഇതുകൂടാതെ സര്‍പ്രൈസ് ആയി പത്താം അവാര്‍ഡ് നൈറ്റിനെ മനോഹരമാക്കാന്‍ യുകെയില്‍ എത്താന്‍ ഏതാനും അറിയപ്പെടുന്ന താരങ്ങളുടെ സമ്മതം കൂടി ലഭ്യമായിരുന്നതാണ്. ഈ ഒരുക്കങ്ങള്‍ എല്ലാം നഷ്ട ബോധമായി മാറുകയാണ് സംഘാടക സമിതിയ്ക്ക്. 

എന്നാല്‍ യഥാര്‍ത്ഥ നഷ്ടം യുകെ മലയാളികള്‍ക്കിടയിലെ പ്രതിഭകള്‍ക്കാണ്. സമൂഹത്തില്‍ പ്രചോദനമായി മാറുന്ന വാര്‍ത്ത താരത്തെ കണ്ടെത്താന്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള അഞ്ചു പേരെയാണ് ഓരോ വര്‍ഷവും ബ്രിട്ടീഷ് മലയാളി അവതരിപ്പിക്കാറുള്ളത്. ഇത്തവണ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്ന മേഖലയാണ് വാര്‍ത്ത താരം അവാര്‍ഡ് ലിസ്റ്റ്. ഏറ്റവും മികച്ച അഞ്ചു പേരുടെ ലിസ്റ്റും പ്രസിദ്ധപ്പെടുത്താന്‍ തയ്യാറെടുക്കവെയാണ് കൊവിഡ് കടന്നു വരുന്നത്.

ഇതിനൊപ്പം അഞ്ചു യുവ പ്രതിഭകളും അഞ്ചു മികച്ച നഴ്‌സുമാരും അടങ്ങുന്ന അവാര്‍ഡ് ജേതാക്കളെ തേടിയുള്ള പൂര്‍ണ പട്ടിക വായനക്കാരുടെ കൈകളില്‍ എത്തും മുന്‍പ് തന്നെ അവാര്‍ഡ് നിശ വേണ്ടെന്നു വയ്ക്കാന്‍ തീരുമാനമായി. ഇതോടെ ഇവര്‍ ആരൊക്കെയെന്ന് യുകെ മലയാളി സമൂഹത്തെ അറിയിക്കാന്‍ ഉള്ള അവസരവും നഷ്ടമായി. ഇനി ഒരിക്കലും ഈ മൂന്ന് വിഭാഗത്തിലെയും പതിനഞ്ചു പേരില്‍ ആര്‍ക്കെങ്കിലും വീണ്ടും ഒരവസരം ലഭിക്കുമോ എന്നുറപ്പില്ല. 
കാരണം, ഓരോ വര്‍ഷവും അവാര്‍ഡ് പട്ടിക തയ്യാറാക്കുന്നത് ബ്രിട്ടിഷ് മലയാളിയില്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ 2019ല്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ 15 പേരെ തിരിച്ചറിയാനും ആദരിക്കാനുമുള്ള അവസരം കൂടിയാണ് യുകെ മലയാളികള്‍ക്ക് നഷ്ടമാകുന്നത്. അടുത്ത വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കുമ്പോള്‍ മത്സരാര്‍ത്ഥികള്‍ എത്തുക ഈ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കിയാകും. അതിനാല്‍ ഒരു വര്‍ഷത്തെ മികവുറ്റ വ്യക്തിത്വങ്ങളാണ് അവാര്‍ഡ് നൈറ്റിന്റെ ചരിത്രത്തില്‍ നിന്നും പടിയിറക്കപ്പെടുന്നതും.

നോര്‍വിച്ചുകാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നാട്ടിലേക്കു ആദ്യം വിരുന്നെത്തുന്ന ദേശീയ പ്രാധാന്യമുള്ള ഒരു ചടങ്ങാണ് താല്‍ക്കാലികമായി നഷ്ടമായിരിക്കുന്നത്. മാത്രമല്ല അടുത്ത വര്‍ഷത്തേക്കുള്ള അവാര്‍ഡ് നൈറ്റിന്റെ വേദി സംബന്ധിച്ചും ഏറെക്കുറെ ധാരണ എത്തിയ നിലയ്ക്ക് വീണ്ടും നോര്‍വിച്ചിന് തന്നെ അവസരം നല്‍കണമെന്ന സംഘാടക സമിതിയുടെ ആവശ്യവും ബ്രിട്ടീഷ് മലയാളിക്ക് പരിഗണിക്കേണ്ടതുണ്ട്. കാരണം അത്രയും ആവേശത്തോടെയാണ് നോര്‍വിച്ച് മലയാളികള്‍ അവാര്‍ഡ് നൈറ്റിനായി കാത്തിരുന്നതും, തങ്ങളെ ഏല്‍പ്പിച്ച ജോലികള്‍ ഏറ്റെടുത്തതും. മുന്‍ വര്‍ഷങ്ങളില്‍ മറ്റു നഗരങ്ങള്‍ കാട്ടിയ സ്‌നേഹത്തേക്കാള്‍ ഒരു പടി മുന്നിലായിരിക്കണം തങ്ങളുടെ ആതിഥേയത്വം എന്ന വാശി അസോസിയേഷന്‍ പ്രസിഡന്റ് അജു ജേക്കബ് തന്നെ മുന്നോട്ടു വച്ചപ്പോള്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘാടക നിര അതിനെ ഒറ്റക്കെട്ടായി പിന്താങ്ങി അത്ഭുതപ്പെടുത്തുക ആയിരുന്നു.

മുന്‍ നിശ്ചയ പ്രകാരം ഇന്ന് അവാര്‍ഡ് നൈറ്റ് നടന്നിരുന്നെങ്കില്‍ പത്താം വര്‍ഷത്തിന്റെ പകിട്ടും ഓജസും മനസിലേറ്റിയായേനെ കാണികള്‍ വീടുകളിലേക്ക് മടങ്ങുമായിരുന്നത്. അവാര്‍ഡ് നൈറ്റ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ നോര്‍വിച്ചും ഗ്രേറ്റ് യാര്‍മൗത്തും അടങ്ങുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കുടുംബമായി എത്തി ഏതാനും ദിവസം ഉല്ലസിക്കാന്‍ ഉള്ള പ്ലാന്‍ തയാറാക്കി ഹോട്ടലുകള്‍ വരെ ബുക്ക് ചെയ്ത അനവധി കുടുംബങ്ങള്‍ ഉണ്ട്. കാരണം അവാര്‍ഡ് നൈറ്റുകള്‍ ഒരിക്കലും സമയ നഷ്ടം ഉണ്ടാകൂന്ന പരിപാടി അല്ലെന്നും ജീവിതത്തില്‍ ഓര്‍ത്തു വയ്ക്കാന്‍ ഉള്ള സുന്ദര കാഴ്ചകള്‍ സമ്മാനിച്ചാണ് ഓരോ അവാര്‍ഡ് നൈറ്റും വിടവാങ്ങുന്നത് എന്നും തിരിച്ചറിയുന്നവരാണ് ബ്രിട്ടീഷ് മലയാളി വായനക്കാര്‍. 

അവാര്‍ഡ് നൈറ്റിനായി തയ്യാറായ സംഘാടക നിര  
നോര്‍വിച്ചിലെ ഏവര്‍ക്കും സുപരിചിതനും സ്വീകാര്യനും എന്ന നിലയില്‍ വര്‍ഷങ്ങളായി സാമൂഹ്യ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വൈദികന്‍ ജോമോന്‍ പുന്നൂസ് തന്നെ രക്ഷാധികാരിയായി പൂര്‍ണമായും നാട്ടുകാരുടെ മേല്‍നോട്ടത്തില്‍ ഉള്ള സംഘാടക സമിതിയാണ് അവാര്‍ഡ് നൈറ്റിനായി പ്രവര്‍ത്തനം തുടങ്ങിയത്. യുകെയിലെ ക്‌നാനായ യാക്കോബൈറ്റ് വിശ്വാസികളുടെ ആദ്യ കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കൂട്ടായ്മകള്‍ സാധ്യമായതില്‍ ഫാ. ജോമോന്‍ ഏറ്റെടുത്ത നേതൃത്വം വിസ്മയാവഹമാണ്. നോര്‍വിച്ച് മലയാളികളെ സ്‌നേഹച്ചരടില്‍ ബന്ധിപ്പിക്കുന്ന പ്രാദേശിക മലയാളി കൂട്ടായ്മയുടെ പ്രസിഡന്റ് അജു ജേക്കബ് തന്നെ അവാര്‍ഡ് നൈറ്റിന്റെ ചെയര്‍മാന്‍ ആയും രംഗത്ത് വന്നു എന്നത് പ്രത്യേകതയാണ്.
രണ്ടു പതിറ്റാണ്ടായി നോര്‍വിച്ചിലെ മലയാളി സാന്നിധ്യമായ അജു ജേക്കബ് യുകെയില്‍ അറിയപ്പെടുന്ന മലയാളി ഷെഫ് ആയി മാറിയിരിക്കുകയാണ്. യുകെ മലയാളികള്‍ ഹൃദയപൂര്‍വം സ്വീകരിച്ച ഒട്ടേറെ ടെലിഫിലിമുകളുടെ സംവിധായകനായ ബിജു അഗസ്റ്റിനാണ് ഇത്തവണ ഇവന്റ് ഡയറക്ടറുടെ റോളില്‍ അവാര്‍ഡ് നിശക്ക് പൂര്‍ണത നല്‍കാന്‍ തയ്യാറായത്. എന്തിനും ഏതിനും മേല്‍നോട്ടം വഹിക്കാന്‍ ഒരാള്‍ കൂടി ഉണ്ടാകുന്നു എന്നത് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ആള്‍ ഇന്‍ ആള്‍ പദവിയില്‍ അവാര്‍ഡ് നൈറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെയും ചുമതല ഏറ്റെടുക്കുന്നത് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ജനറല്‍ കണ്‍വീനറുടെ റോളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായത് സോണി ജോസഫാണ്. 

ഇവരോടൊപ്പം 15 അംഗങ്ങള്‍ നേതൃത്വം ഏറ്റെടുത്തു വിവിധ സബ് കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാണ് അവാര്‍ഡ് നൈറ്റ് യാഥാര്‍ഥ്യമാകുക. അവാര്‍ഡ് നിശയിലെ ഏറ്റവും പ്രധാനമായ മൂന്നു കാറ്റഗറിയിലെയും അവാര്‍ഡ് വിതരണം കുറ്റമറ്റ ചുമതലയില്‍ ഏറ്റെടുക്കാന്‍ തയ്യാറായത് ആന്‍സി ജ്യോതിയും അനിത ജെറീഷും അടങ്ങുന്ന ടീമാണ്.

ജനപ്രിയമായ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന ചുമതല നിയന്ത്രിക്കാനാണ് ഇവര്‍ തയ്യാറായത്. നോര്‍വിച്ചിലും ഗ്രേറ്റ് യാര്‍മോത്തിലും ഒക്കെ സംഘടനാ മികവുമായി എത്തിയിട്ടുള്ള ആന്‍സി ചുറുചുറുക്കോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും വിലമതിക്കപ്പെട്ടിട്ടുണ്ട്. സീനിയര്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന അനിത ഔദ്യോഗിക രംഗത്തും മികവു കാട്ടിയിട്ടുണ്ട്. 
അവാര്‍ഡ് നൈറ്റിന്റെ ജീവനും താളവുമായ കലാവിരുന്നുകള്‍ കാണികള്‍ക്കു മുന്നില്‍ എത്തിക്കുക എന്ന റോള്‍ നിര്‍വഹിക്കാന്‍ മുന്നോട്ടു വന്നത് ലെനി ബിജുവാണ്. ഫാഷന്‍, മോഡലിംഗ് രംഗത്തെ കൗതുകത്തോടെ നിരീക്ഷിക്കുന്ന ലെനി തന്റെ കൃത്യതയും സൂക്ഷ്മതയും ഉള്ള ശൈലിയില്‍ അവാര്‍ഡ് നൈറ്റിനെ അവിസ്മരണീയമാക്കാന്‍ ബിജു അഗസ്റ്റിനൊപ്പം ചേരുമ്പോള്‍ പഴുതില്ലാത്ത ടീം പ്ലാനിങ്ങാണ് യാഥാര്‍ഥ്യമാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

യുകെയിലെ ഏറ്റവും പ്രശസ്തമായ ലൈറ്റ് ആന്‍ഡ് സൗണ്ട് സംഘം അവാര്‍ഡ് നൈറ്റിനെ ആര്‍ക്കും പരാതിപറയാന്‍ കഴിയാത്ത അനുഭവമാക്കി മാറ്റുമ്പോള്‍ അവര്‍ക്കൊപ്പം പ്രോഗ്രാം ടീമുമായി സാങ്കേതിക സഹകരണം ഉറപ്പാക്കുന്നത് സിബി യോഹന്നാന്റെ കീഴിലുള്ള ടീം ആയിരിക്കുമെന്നും നിശ്ചയിക്കപ്പെട്ടതാണ്. സിനിമയിലും പ്രൊഫഷണല്‍ നാടക രംഗത്തും അനേക വര്‍ഷം സജീവമായിട്ടുള്ള സിബി കാഴ്ചയില്‍ സൗമ്യതയുടെ ആള്‍ രൂപം ആണെങ്കിലും ജോലി ചെയ്ത സ്ഥാപനം സാമ്പത്തിക പരാധീനതയില്‍ അടച്ചു പൂട്ടാനൊരുങ്ങിയപ്പോള്‍ അതേറ്റെടുത്തു വിജയിപ്പിച്ച സംരംഭക പ്രതിഭ കൂടിയാണ്. അങ്ങനെയൊരാള്‍ക്കു സാങ്കേതിക മികവോടെ അവാര്‍ഡ് നൈറ്റിനെ ചലിപ്പിക്കാന്‍ കഴിയും എന്നാണ് സംഘാടക സമിതി നല്‍കിയ പ്രതീക്ഷ.

നാനാദിക്കില്‍ നിന്നും അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തുന്ന പുരസ്‌കാര ജേതാക്കള്‍ക്കും കലാകാരന്മാര്‍ക്കും കാണികള്‍ക്കുമെല്ലാം ആദ്യ സഹായവുമായി എത്താന്‍ തയ്യാറെടുത്തതു ജൈമോന്‍ നേതൃത്വം നല്‍കുന്ന ടീം ആയിരുന്നു. പുഞ്ചിരിക്കുന്ന മുഖവുമായി അല്ലാതെ കാണാന്‍ കഴിയാത്ത ജൈമോന്‍ അവാര്‍ഡ് നൈറ്റിന് വേണ്ടി ഏറ്റെടുത്ത ജോലിയും അദ്ദേഹത്തിന്റെ വ്യക്തിത്വവുമായി ഏറെ ഇണങ്ങുന്നതാണ് എന്നും പരിഗണിക്കപ്പെട്ടിരുന്നു. തങ്ങളുടെ നാട്ടിലേക്ക് എത്തുന്ന മുഴുവന്‍ വിരുന്നുകാരെയും സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഉള്ള ടീമിന് ചുക്കാന്‍ പിടിക്കാന്‍ തയ്യാറായത് രാജു ചവറ ആയിരുന്നു.
മണിക്കൂറുകള്‍ യാത്ര ചെയ്തു എത്തുന്ന പ്രധാന അതിഥികള്‍ക്കും മറ്റും നോര്‍വിച്ചിന്റെ സ്‌നേഹം പകരുക എന്ന റോള്‍ ആണ് ഈ ഏറ്റുമാനൂര്‍ക്കാരന്‍ ഏറ്റെടുത്തത്. ഇതോടൊപ്പം അവാര്‍ഡ് വേദിയിലും സദസ്സിലും ആവശ്യമായ ഏതു സഹായത്തിനും ഓടിയെത്താന്‍ തയ്യാറായി ഹാള്‍ മാനേജ്മെന്റ് സംഘവും രൂപം നല്‍കിയിരുന്നു. ഇവര്‍ക്കായി നേതൃനിരയില്‍ നില്‍ക്കാന്‍ എഴുത്തുകാരന്‍ കൂടിയായ സിറിയക് കടവില്‍ചിറയാണ് രംഗത്തുണ്ടായിരുന്നത്.

വിദേശികള്‍ അടക്കമുള്ള അതിഥികളെ സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രോട്ടോകോള്‍ മാനേജ്മെന്റ് ചുമതല നോര്‍വിച്ചില്‍ സുപരിചിതയായ ഡോ. മിനി നെല്‍സന്റെയും വിന്‍സി റെയ്സന്റെയും കീഴിലായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്. സീറോ മലബാര്‍ സഭ ഫോറത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന ഡോക്ടര്‍ മിനിക്ക് അതിഥി സത്കരണം ഏറെ ഇഷ്ടമുള്ള കാര്യം കൂടിയാണ്. സീനിയര്‍ നഴ്‌സ് ആയി പ്രവര്‍ത്തിക്കുന്ന വിന്‍സി കാര്യക്ഷമതയോടെ മറുവാക്കാണ് എന്ന് ഒരേമനസോടെ നോര്‍വിച്ചുകാര് പറയും. ഹാള്‍ ഉള്‍പ്പടെ വേദിയും സമീപമുള്ള ഭക്ഷണശാലയും അടക്കമുള്ള ഇടങ്ങളില്‍ അഥിതികളുടെയും കാണികളുടെയും അടക്കം സുരക്ഷാ ക്രമീകരണ ചുമതല ഏറ്റെടുത്തത് പ്രിന്‍സ് ഫ്രാന്‍സിസും ടീമും ആയിരുന്നു.
ഇവരോടൊപ്പം ഏറ്റവും പ്രധാനമായ ഭക്ഷണശാലയുടെ നിയന്ത്രണം ഏറ്റെടുത്തത് ജോജോ എക്കാനും ബ്രയാന്‍ വര്‍ഗീസും ചേര്‍ന്നാണ്. പലപ്പോഴും അവാര്‍ഡ് നൈറ്റില്‍ ഭക്ഷണം സംബന്ധിച്ച പരാതികള്‍ മാത്രം ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ ഏറ്റവും മികച്ച ഭക്ഷണശാലയാകും നോര്‍വിചിലേത് എന്ന ഉറപ്പാണ് ഈ ചെറുപ്പക്കാര്‍ നല്‍കിയത്. ഇത്തവണ അവാര്‍ഡ് നൈറ്റിന്റെ ഹൈലൈറ്റായി ചേര്‍ന്ന് നില്‍ക്കാന്‍ ഭക്ഷണ ശാലയും ഉണ്ടാകും എന്ന ജോജോയുടെയും ബ്രയാന്റെയും ഉറപ്പു കൂടി ചേര്‍ന്നപ്പോള്‍ യുകെ മലയാളികളുടെ ഉത്സവം എന്നറിയപ്പെടുന്ന ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ ഏറ്റവും പ്രൗഢമായ എപ്പിസോഡാണ് നോര്‍വിച്ചില്‍ പൂത്തിറങ്ങാന്‍ തയ്യാറായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category