1 GBP = 94.80 INR                       

BREAKING NEWS

സ്‌കൂളില്‍ നിന്നും കിട്ടുന്ന കഞ്ഞിക്കും പയറിനുമായി മാത്രം ശനിയും ഞായറും ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിച്ച നാളുകള്‍; പശയിടാനെന്ന വ്യാജേന വാങ്ങിയ കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു കുടിച്ച ദിവസങ്ങള്‍; പ്രീ ഡിഗ്രി പരീക്ഷയുടെ സമയത്ത് ശരീരത്തിലുണ്ടായ ദുര്‍ഗന്ധം വമിപ്പിക്കുന്ന വലിയ വൃണങ്ങള്‍; അച്ഛനെന്ന പേടി സ്വപ്നം: ജീവിത യാതനകള്‍ താണ്ടിയ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Britishmalayali
kz´wteJI³

രുടെയും മനസ് സങ്കടവും ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയിലേക്കിറങ്ങി ചെല്ലുമ്പോഴുള്ള ഭയവും നിറയ്ക്കും മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാല്‍. സമാനതകളില്ലാത്ത ദുരിതമാണ് കുട്ടിക്കാലത്ത് മീര ന്നെ യുവതിക്ക് അനുഭവിക്കേണ്ടി വന്നത്. നിസ്സാര കാര്യങ്ങള്‍ക്ക് തൂങ്ങി മരിക്കുന്ന യുവത്വത്തിന് മാതൃകയാകുകയാണ് തീച്ചൂളയില്‍ വെന്ത മീരയുടെ ജീവിതാനുഭവങ്ങള്‍. എത്രമാത്രം ധൈര്യം വേണം കുഞ്ഞുങ്ങളെ മരിക്കാന്‍, അത്രയൊന്നും വേണ്ട ജീവിച്ചിരിക്കാന്‍ എന്ന വരിയോടെയാണ് മീര തന്റെ ജീവിതം പറഞ്ഞ് അവസാനിപ്പിക്കുന്നത്.


കുറിപ്പ് വായിക്കാം.
തോല്‍ക്കാന്‍ എനിക്ക് സൗകര്യം ഇല്ലായിരുന്നു.
#never_settle

#Rome_was_not_built_in_a_day

# NP Nisa യുടെ പോസ്റ്റ് ഓര്‍മ്മിപ്പിച്ചത് ??
ഒരിക്കല്‍ എഴുതിയത് വീണ്ടും ഓര്‍ക്കുന്നു. ഓരോ നിമിഷവും. എട്ടാം ക്ലാസ്സില്‍ ആണ് ഞാന്‍ സ്‌കൂള്‍ മാറുന്നത്.പുതിയൊരിടത്തേയ്ക്ക് പഠനം തുടരാന്‍ ആകുമോ അതോടെ നിന്നുപോകുമോ എന്നറിയാത്ത ഒരു പറിച്ചു നടീല്‍. സാഹചര്യങ്ങള്‍ അത്ര അവ്യക്തമായ ദിവസങ്ങളില്‍ എനിക്ക് നഷ്ടമായേക്കാവുന്ന ഉച്ചക്കഞ്ഞിയെക്കുറിച്ചായിരുന്നു എന്റെ സങ്കടം മുഴുവന്‍.പഠിക്കാന്‍ അത്ര മോശമല്ലാതിരുന്നിട്ടും ഉച്ചക്ക് ഒരുനേരം കഴിക്കാവുന്ന ചൂടുള്ള കഞ്ഞിയും പയറും എന്റെ മനസ്സിനെയും ശരീരത്തെയും തണുപ്പിച്ചുകൊണ്ടിരുന്നു.അതിനായി മാത്രം ശനിയും ഞായറും ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിച്ച നാളുകള്‍.. എല്ലാ വെള്ളിയാഴ്ചയും ദുഃഖവെള്ളികള്‍.പ്രഭാത ഭക്ഷണമില്ലാതെ,മുട്ടുവരെ മുടിയുണ്ടായിരുന്ന ഞാന്‍ ഇരുവശവും കെട്ടാന്‍ ചുവന്ന റിബണ്‍ ഇല്ലാതെ,പച്ചപ്പ് വിടാത്തതിനാല്‍ വെയിലുകായുന്ന ചന്ദന നിറമുള്ള ഷര്‍ട്ടും മെറൂണ്‍ പാവാടയും നോക്കി തളര്‍ന്നിരുന്ന ദിവസങ്ങള്‍.അപമാനിതയായി ക്ലാസിനു വെളിയിലോ ബഞ്ചിനു പുറത്തോ നില്‍ക്കേണ്ടി വരുമെന്ന ഭയത്തിനെ അതിജീവിക്കാന്‍ പ്രാപ്തി തരുന്ന അദ്ധ്യാപകര്‍ അന്നുണ്ടായിരുന്നു എന്ന് തോന്നുന്നു.

അഞ്ചാം ക്ലാസ്സില്‍ നൃത്തം പഠിക്കാന്‍ അന്ന് പതിനഞ്ചു രൂപയ്ക്ക് സാധിക്കില്ലാത്ത ഞാന്‍ പലപ്പോഴും ക്ലാസ് റൂമിന് പുറത്തു ആവേശത്തോടെ നോക്കിനില്‍ക്കുമായിരുന്നു.അങ്ങനെ ഒരുപാടു ദിവസം,വീട്ടില്‍ പോലും പോകാന്‍ മറന്നു നൃത്തം നോക്കി നിന്ന കുട്ടിയെ അന്ന് സുകുമാരന്‍ സാര്‍ സ്വന്തം കാശ് നല്‍കി ജില്ല കലോത്സവം വരെ എത്തിച്ചു.ഇന്നും ആ ചിലങ്ക ഒരു ഊര്‍ജ്ജമായി ഞാന്‍ കൊണ്ട് നടക്കുന്നു,നൃത്തവും.

ഒറ്റ ബുക്കില്‍ തന്നെ എല്ലാ വിഷയങ്ങളുടെ നോട്ട്സും എഴുതുമായിരുന്ന,പേജുകള്‍ ഒക്കെ ഒത്തിരി പേരുടെ വിരലുകള്‍ തൊട്ടു കീറിയ,എലിയും ഉറുമ്പും കടിച്ച പലകൈമറിഞ്ഞു വന്ന ടെക്സ്റ്റ് ബുക്കുകളില്‍ പ്രധാന ഭാഗങ്ങള്‍ ഗൃഹപാഠം ചെയ്യാന്‍ കിട്ടാതെ ദ്രവിച്ചിരുന്നതിനാല്‍ ചൂരല്‍ കഷായം കുടിച്ചു വയറു നിറഞ്ഞു നിന്ന ദിവസങ്ങള്‍... അപ്പോഴൊന്നും ഒന്ന് മറിഞ്ഞു വീഴാന്‍ പോലും ഭയമായിരുന്നിടതാണ് ഇന്ന് മൂന്നും നാലും നിലകളില്‍ നിന്ന് ജീവനെ തന്നെ കുട്ടികള്‍ എറിഞ്ഞു കളയുന്നത്.ജീവിച്ചിരിക്കുക എന്ന ഉള്‍കിടിലത്തെ ,അപമാനത്തെ അഭിമുഖീകരിക്കാന്‍ ആകുന്നില്ല അവര്‍ക്ക്.

പത്തില്‍ പഠിക്കുമ്പോള്‍ താമസിക്കാന്‍ താല്ക്കാലികമായി ഞങ്ങള്‍ക്ക് ഒരു എരിത്തില്‍ കിട്ടി(പശുവിനെ വളര്‍ത്തുന്ന ഒരു മുറിയുള്ള ഇടം)ആദ്യമൊന്നും കറണ്ട് ഉണ്ടായിരുന്നില്ല.എപ്പോള്‍ വേണേലും അണഞ്ഞു പോകാവുന്ന മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെട്ടത്തില്‍ പെറുക്കിയെടുത്ത ലേബര്‍ ഇന്ത്യ താളുകളില്‍ എന്റെ ഉറക്ക ക്ഷീണം കണ്ണില്‍ നിന്നും തുള്ളികളായി അടര്‍ന്നു വീണു. പൊതുവേ കുതിര്‍ന്ന കടലാസുകള്‍ വീണ്ടും നേര്‍ത്തു. കാലുകള്‍ വട്ടച്ചരുവത്തില്‍ മുക്കിവച്ചു നനഞ്ഞു പോയ ദിവസങ്ങളില്‍ കട്ടന്‍ കാപ്പിയെ സ്വപ്നം കണ്ട് അറിയാതെ ഉറങ്ങിപ്പോയി.കൃത്യമായി ഹാജര്‍ ഇല്ലാത്ത,സ്വപ്നാടകയെപ്പോലെ നടക്കുന്ന ഞാന്‍ എങ്ങനെ നോക്കിയാലും വിജയിക്കില്ല എന്ന ചിന്ത. വിശപ്പും,ഉറക്കവും,വസ്ത്രവും,അരക്ഷിതാവസ്ഥയും ഉലച്ചുലഞ്ഞു പോയ നീര്‍ക്കോലിപ്പെണ്ണ് .ആഹാരത്തിനായി പലയിടങ്ങളിലും കാത്തു നിന്നിരുന്നു... പശയിടാനെന്ന വ്യാജേന വാങ്ങിയ കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു കുടിച്ച ദിവസങ്ങള്‍.. വിശന്നു വിശന്നു തളര്‍ന്നു വീണുപോയ നിരവധി വഴികള്‍..ഉടമസ്ഥന്റെ വീടിന്റെ പിന്നിലെ വാതില്‍ തുറന്നാല്‍ മാത്രം പ്രഭാത കൃത്യങ്ങള്‍ നടക്കും എന്ന അവസ്ഥയില്‍ കടിച്ചു പിടിച്ചു സ്‌കൂളില്‍ പോയി കാര്യം സാധിച്ചിരുന്നു.എങ്കിലും കിടക്കാന്‍ ഇടവും ഇടയ്ക്കിടെ ആഹാരവും തന്നതിന് ആ സ്നേഹം ഇന്നും നിലനില്‍ക്കുന്നു.അദ്ധ്വാനം തോല്‍പ്പിച്ചില്ല ഞാന്‍ ഹൈ ഫസ്റ്റ് ക്ലാസ്സില്‍ പരീക്ഷ പാസ്സായി.

അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും അദ്ധ്യാപകരില്‍ കണ്ടിരുന്ന കാലത്തിനു ഇന്നെത്തെ അക്കാഡമിക് ക്വാളിഫിക്കേഷന്‍ മാത്രം നോക്കി സര്‍ട്ടിഫിക്കറ്റിന്റെ കനവും തൂക്കവും കൊണ്ട് അദ്ധ്യാപകരാകുന്നവര്‍ മാറ്റം വരുത്തി.ആറ്റിറ്റിയൂട് ,കുട്ടികളോടുള്ള പ്രായം തരം തിരിച്ച് അവര്‍ക്കുള്ള ഉചിതമായ ശിക്ഷാ രീതികള്‍ ,നല്ല മനോഭാവം,ആത്മധൈര്യം ഇതൊക്കെ നല്‍കുന്ന ഒരു ട്രെയിനിങ് വേണ്ടിയിരിക്കുന്നു.അത്രത്തോളം അനുഭവ പരിചയമൊന്നും ഉയര്‍ന്ന ശതമാനം മാര്‍ക്കുവാങ്ങി വരുന്നവര്‍ക്ക് ഉണ്ടാകുമോ എന്നതാണ് അതിനു കാരണം.പന്ത്രണ്ടു വര്‍ഷത്തോളം ഇതേ വേഷം അണിഞ്ഞിരുന്ന ഒരാള്‍ എന്ന നിലയില്‍ കുറച്ചെങ്കിലും കുഞ്ഞുങ്ങളെ അറിയാന്‍ സാധിച്ചിട്ടുണ്ട്.തുറന്നു പറയാനും പങ്കു വയ്ക്കാനും സാധിക്കുന്ന സ്നേഹത്തിന്റെ ഇടങ്ങളായിരുന്നല്ലോ അവിടം.

പ്രീ ഡിഗ്രി രണ്ടാം വര്‍ഷ പരീക്ഷയുടെ സമയത്ത് എനിക്ക് ശരീരം മുഴുവന്‍ ഒരുതരം വൃണം വന്നു പഴുത്തു.ചിക്കന്‍ പോക്സ് ആണോ വസൂരി ആണോ എന്നൊന്നും ആര്‍കും അറിയാത്ത ദുര്‍ഗന്ധം വമിപ്പിക്കുന്ന വലിയ പൊള്ളലുകള്‍. പൊട്ടുകയും പഴുക്കുകയും ചെയ്യുന്നതിനു മുകളില്‍ നിമിഷങ്ങള്‍ കൊണ്ട് ഒട്ടിപ്പിടിക്കുന്ന വസ്ത്രങ്ങള്‍.വലിച്ചിളക്കുമ്പോള്‍ നൊന്തു നിലവിളിക്കുന്ന എന്നെ നിസ്സഹായതയോടെ നോക്കി നില്‍ക്കുന്ന അമ്മ.ദിവസങ്ങളോളം ശരീരവും മനസും തളര്‍ന്നു കിടന്നു.എങ്കിലും പകരില്ല എന്ന് ഡോക്ടര്‍ ഉറപ്പു പറഞ്ഞതിനാല്‍ പരീക്ഷാഹാളില്‍ ഞാന്‍ എത്തി.ഇടയ്ക്കിടെ അടര്‍ത്തിമാറ്റിയിട്ടില്ലെങ്കില്‍ ചേര്‍ന്ന്പോകുന്ന ഉടുപ്പുമായി ചെന്ന എന്നെ റൂമിന്റെ ഒരു മൂലയില്‍ ഒറ്റക്കിരുത്തി.ദുര്‍ഗന്ധമാണോ കുട്ടികള്‍ തുറിച്ചു നോക്കുന്നു.ഏറ്റവും ഭയപ്പെടുന്ന ഇഷ്ടമല്ലാത്ത സ്ടാടിസ്റ്റിക്സ് ടീച്ചര്‍ അന്നെനിക്ക് ഒട്ടും പ്രതീക്ഷിക്കാതെ ആത്മ ബലം നല്‍കി. ഒറ്റപെടലിന്റെ മുറിവില്‍ കരഞ്ഞുകൊണ്ട് ഞാന്‍ അന്ന് വീട്ടിലെത്തി......പ്രീഡിഗ്രി ക്ലാസ് മാര്‍ക്കോടെ ജയിച്ചു.

ഇടയ്ക്കിടെ വരുമായിരുന്ന അച്ഛനെന്ന ഭയം അമ്മയുടെ കൈകാലുകളിലും നെഞ്ചത്തും ഹൃദയത്തിലുമേറ്റ വലിയ ക്ഷതങ്ങളായി വീണ്ടും പേടിപ്പെടുത്തിക്കൊണ്ടേയിരുന്നു. കത്തിപ്പോകുന്ന വസ്ത്രങ്ങളും ഉടഞ്ഞു ചിതറുന്ന ഭക്ഷണവും വലിച്ചിഴയ്ക്കപ്പെട്ട മുറ്റവും രാത്രികളും ആ സങ്കല്‍പ്പത്തെത്തന്നെ ഇല്ലാതാക്കിക്കളഞ്ഞു.അപ്പോഴും നീണ്ടു നിവര്‍ന്നു നില്‍ക്കുന്ന ജീവിതം എന്നെ നോക്കി ചിരിച്ചു..ജീവിച്ചിരിക്കുക എന്നത് അത്യാവശ്യമാണ്..അതെ. ഓര്‍മ്മകളുടെ സുഖമുള്ള നോവിനായി വലിയ വടുക്കള്‍ മരുന്നിട്ട് മായ്ക്കാതെ ഇന്നും ഒപ്പം കൊണ്ടു നടക്കുന്നു ഞാന്‍...

കൊല്ലം ശ്രീനാരായണ കോളേജില്‍ ആദ്യത്തെ ചടട കാമ്പിനു ചേരുന്നത് സത്യമായും സേവന മനോഭാവം കൊണ്ടല്ലായിരുന്നു.അനിയത്തിയെ അപ്പോഴൊക്കെ ഏതെങ്കിലും ബാലിക സദനങ്ങളിലോ വീടുകളിലോ സുരക്ഷിതയായി നിര്‍ത്തിയിരുന്നു.അവള്‍ 545 മാര്‍ക്കില്‍ അപ്പോഴേയ്ക്കും പത്താം തരം കഴിഞ്ഞിരുന്നു.ഒരു പെണ്‍കുട്ടിയുടെ ചെറുത്തു നില്‍പ്പിന്റെ ഒടുവിലെ ശക്തിയും ചോര്‍ന്നു പോകുന്ന പരിതസ്ഥിതികള്‍. അപ്പോഴേക്കും കടം,പലിശക്കാര്‍,നിലനില്‍പ്പ്,എല്ലാം മടുത്തു. സമാന്തരമായി പോകുന്ന പാളങ്ങള്ള്‍, മൂര്‍ച്ച കൂടിയ ഒരു ബ്ലേഡ്, കുടുക്കിട്ടു നില്‍ക്കുന്ന വട്ടക്കയര്‍ ഒക്കെയെന്നെ കയ്യാട്ടി വിളിച്ചുകൊണ്ടിരുന്നു.

ഇടതു കൈത്തണ്ടയില്‍ രണ്ടു കൊച്ചു ചുവന്ന പാളങ്ങള്‍ തീര്‍ത്തുകൊണ്ട് ജീവിതമെന്ന സമരത്തോട് തോല്‍വി സമ്മതിച്ചു ഞാന്‍. വേദനയും വലിയ തുന്നലുകളുമായി ആ ശ്രമം പരാജയപ്പെട്ടു. വീണ്ടും കൂനന്റെ കുരുപോലെ വന്ന അസ്ഥാനത്തെ പ്രണയമെന്ന പര്‍വവും എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. മടുത്തു മടുത്തു ഉറങ്ങാനായി ആര്‍ത്തിയോടെ വിഴുങ്ങിയ പത്തു വട്ട ഗുളികകള്‍, ഒടുവില്‍ മൂക്കിലും വായിലും വലിയ ട്യൂബുകളും സൂചിയും കത്തിയും ഏല്‍പ്പിച്ച മുറിവുകളോടെയും ജനറല്‍ ആശുപത്രിയുടെ അത്യാഹിത മുറിയില്‍ ചോദ്യ ചിഹ്നം പോലെ ഞാന്‍ ചുരുണ്ടു കിടന്നു.

ഓക്സിജന്‍ ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്ന് വലിയ ആവശ്യത്തിന് മുന്നില്‍ വണ്ടിക്കൂലിയോ ആളോ ഒന്നുമില്ലാതെ പകച്ചു നിന്ന എന്റെ അമ്മയുടെ കരച്ചില്‍. എങ്കില്‍ അവിടെ കിടന്നവള്‍ മരിച്ചോട്ടെ എന്ന് തീരുമാനിക്കേണ്ടി വരുന്ന ഭീകരമായ മാനസികാവസ്ഥ.... അത് അത്രത്തോളമൊന്നും ലാഭകരമല്ലാത്ത ഒരു അവസ്ഥയാണ് ആത്മഹത്യ എന്നോ ഇനി ഒരിക്കലും മരണത്തെ ആവേശത്തോടെ നോക്കാതിരിക്കാനോ ഉള്ള മരുന്നെന്നില്‍ നിറച്ചു.ആ നാണക്കേടില്‍ ഒളിച്ചോടാന്‍ എനിക്ക് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പത്തു ദിവസത്തെ ക്യാമ്പ് മതിയാരുന്നു. പക്ഷെ അവിടം കൊണ്ട് കാര്യങ്ങള്‍ മാറി മറിഞ്ഞു.

പെട്ടെന്നുണ്ടായ ആത്മവിശ്വാസം മറ്റൊരാളാക്കിയ ഞാന്‍ പ്രതികരിക്കുന്ന രീതിയിലെ ശൈത്യ ഭാവം, എന്നെ നഷ്ടമായേക്കാമെന്ന ഭയം ഒടുവില്‍ മെന്റല്‍ ഹെല്‍ത്ത് ECHS എന്ന് പച്ച നിറത്തിലെഴുതിയ മുറികളുടെ അഴികള്‍ക്കുള്ളിള്‍ നാളുകള്‍ എന്റെ വലിയ മൗനത്തെ തളച്ചിട്ടു. ഏകാന്തതയുടെ കൊടും തടവ്...വിവാഹവും പ്രണയവും പലായനവും ചേര്‍ത്ത് വീണ്ടുമെത്രയോ വര്‍ഷങ്ങള്‍ കൊടും തടവ് തീര്‍ത്ത ഓര്‍മ്മകള്‍. ജീവിക്കാനുള്ള ആവേശം കൂടിവന്നു...

മീ ടൂ ഹാഷ് ടാഗുകള്‍ നിറയുന്ന സ്‌ക്രീനുകളില്‍ നിന്ന് എന്താണ് ഓര്‍മകളില്‍ ചികഞ്ഞെടുക്കുക, അട്ടിയിട്ടു മൂടിയ ശവക്കുഴികളില്‍ നിന്ന് ശൈശവ ബാല്യത്തിന്റെ വൃത്തികെട്ട ചില സ്പര്‍ശനങ്ങളെ കിതപ്പോടെ മാന്തിയെടുക്കാന്‍ ആകില്ലാതതിനാല്‍ ഐക്യദാര്‍ഢ്യം അന്നവിടെ വഴിമുട്ടിനിന്നു. പീടോഫീലിയ, ചൈല്‍ഡ് അബ്യുസ്മെന്റ് എന്ന രോഗത്തിന്റെ പരിണിത ഫലങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ നിന്ന് രക്ഷപെടാണോ പ്രതിരോധിക്കാനോ ആകാതെ ഇല്ലാതാകുന്ന കുഞ്ഞുങ്ങള്‍ ദിവസങ്ങളോളം ചങ്കുലച്ചു.അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളിയും പകച്ചുപോകുന്ന നിമിഷങ്ങള്‍ പകര്‍ത്തിയെഴുതിയവര്‍ക്ക് മുഖപുസ്തകം പ്രതികരണം കൊടുത്തു..ബാക്കിയായവര്‍ നോവിന്റെ നാളെണ്ണി ഇപ്പോഴും കഴിയുന്നു.വായനയും സംഗീതവും വേദനയ്ക്കുള്ള നല്ല ഒറ്റമൂലികള്‍ ആണെന്ന് തിരിച്ചറിഞ്ഞു. അന്ന്തൊട്ടിന്നുവരെ കരയാതിരിക്കാനുള്ള സമവാക്യങ്ങള്‍ ചേര്‍ത്തെടുത്തു നടന്നു.വിശപ്പെന്ന അവസ്ഥയില്‍ ഒരാളും എന്റെ മുന്നിലൂടെ പോകാന്‍ അനുവദിച്ചിട്ടില്ല. ജീവിക്കുക ജീവിക്കുക ജീവിക്കുക. അപമാനവും വിശപ്പും ദാരിദ്ര്യവും ഇല്ലാതാക്കുന്നവര്‍ ദിവസങ്ങളോളം ഉറക്കം കെടുത്തുന്നു.എത്രമാത്രം ധൈര്യം വേണം കുഞ്ഞുങ്ങളെ മരിക്കാന്‍...അത്രേമൊന്നും വേണ്ട ജീവിച്ചിരിക്കാന്‍... .നിങ്ങള്‍ക്കായി ഏതേലും കൈകള്‍,ഇടങ്ങള്‍,വാക്കുകള്‍ എവിടെയെങ്കിലും നീട്ടിയിരിപ്പുണ്ടാകില്ലേ....ഇത്ര മനോഹരമായ ജന്മമാണിത് എന്ന് തിരിച്ചറിയാനുള്ള സമയം കിട്ടുന്നില്ലല്ലോ....ദാരിദ്ര്യം കൊണ്ട് കത്തിയോ പൊട്ടിത്തെറിച്ചോ തീരാതിരിക്കാനാകുന്നില്ലെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല എങ്കില്‍ എന്തിനാണ് നിയമങ്ങള്‍ ? നമ്മളും...
മീര

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category